കോറോണക്കാലത്തെ ബ്രാന്‍ഡിംഗ്; ഇതാ നല്ല 4 വഴികള്‍
“Florentina Ariza had kept his answer ready for fifty-three years, seven months and eleven days and nights. 'Forever,' he said.”
- Gabriel García Márquez,Love in the Time of Cholera
വിശ്വസാഹിത്യകാരനായ ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസിന്റെ മഹത്തായ ഈ കൃതി നമുക്ക് നല്‍കുന്നൊരു സന്ദേശമുണ്ട്. ജീവിതത്തില്‍ അസ്ഥിരാവസ്ഥയെ അഭിമുഖീകരിക്കുമ്പോള്‍ ക്ഷമ നിങ്ങളെ, നിങ്ങളുടെ ലക്ഷ്യത്തിലേക്ക് നയിക്കും. ചില സമയങ്ങളില്‍, നമ്മുടെ അന്തിമമായ ലക്ഷ്യത്തിലേക്കെത്താന്‍, ഒരു ചുവട് പിന്നോട്ട് വെക്കേണ്ടതായും വരും. മാര്‍ക്കേസിന്റെ സുപ്രസിദ്ധ നോവലിലെ കേന്ദ്ര കഥാപാത്രത്തെ പോലെ, ബ്രാന്‍ഡിനോട് വിശ്വസ്തതയുള്ള കസ്റ്റമറെ സൃഷ്ടിക്കാന്‍ വേണ്ടി ബ്രാന്‍ഡ് സാരഥി ക്ഷമയോടെ കാത്തിരിക്കേണ്ടി വരും. നിങ്ങള്‍ എന്താണോ, അതിനെ കുറിച്ച് പറയുകയല്ല വേണ്ടത്. പക്ഷേ എല്ലാത്തിനുമൊടുവിലായി നിങ്ങളുടെ കസ്റ്റമര്‍ നിങ്ങളുടെ ബ്രാന്‍ഡുമായി ആത്മബന്ധത്തിലായിട്ടുണ്ടാകും.
മനുഷ്യകുലത്തിന് തന്നെ ഇത് പരീക്ഷണഘട്ടമാണ്. കോവിഡ് 19 എല്ലാ ബ്രാന്‍ഡുകളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഈ ഘട്ടത്തില്‍ ബ്രാന്‍ഡുകള്‍ എന്താണ് ചെയ്യേണ്ടത്? എന്താണ് ചെയ്യരുതാത്തത്?
1. നിശബ്ദമായിരിക്കുക
പരസ്യത്തിലൂടെ നിങ്ങളുടെ ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ വില്‍ക്കാനുള്ള ഉചിതമായ സമയമല്ല ഇത്. ഈ ബുദ്ധിമുട്ടേറിയ ഘട്ടത്തില്‍ ജനങ്ങളുടെ നിത്യജീവിതത്തില്‍ ഉപകാരപ്രദമാകുന്ന വല്ലതും വായിക്കുമെന്നല്ലാതെ മറ്റൊന്നും ജനങ്ങള്‍ ശ്രദ്ധിക്കണമെന്നില്ല. ഉദാഹരണത്തിന് ബാങ്കുകള്‍ അവരുടെ സ്ഥിരനിക്ഷേപത്തിന് ലഭിക്കുന്ന മെച്ചങ്ങളെ കുറിച്ച് പറയുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുക. ആശുപത്രികള്‍ അവയുടെ കിടയറ്റ അടിസ്ഥാന സൗകര്യങ്ങളെയും ഉപകരണങ്ങളെയും കുറിച്ച് പരസ്യം ചെയ്യേണ്ടതില്ല. ഒരു റീറ്റെയ്ല്‍ സ്‌റ്റോര്‍ ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഡിസ്‌കൗണ്ടുകള്‍ നല്‍കാനല്ല ശ്രമിക്കേണ്ടത്. ഇത്തരം കാര്യങ്ങള്‍ ഈ കഷ്ടനാളുകളില്‍ ആരുടെയും ശ്രദ്ധയാകര്‍ഷിക്കില്ലെന്ന് മാത്രമല്ല, മറ്റൊരു കച്ചവട തന്ത്രം എന്നതുപോലെ മാത്രമേ ഉപഭോക്താക്കള്‍ അതിനെ കാണൂ.
നേരെമറിച്ച് ആശുപത്രികള്‍ക്ക് അവരുടെ പുതിയ വീഡിയോ കണ്‍സള്‍ട്ടേഷന്‍ സൗകര്യത്തെ കുറിച്ച് പരസ്യമാകാം, ബാങ്കുകള്‍ക്ക് അവയുടെ ഡിജിറ്റല്‍ സേവനങ്ങളെ കുറിച്ചും സാമ്പത്തിക പ്രതിസന്ധിയുടെ ഈ ഘട്ടത്തില്‍ ഇടപാടുകാര്‍ക്ക് നല്‍കുന്ന പ്രത്യേക സാമ്പത്തിക സേവനങ്ങളെ കുറിച്ചുമുള്ള പരസ്യങ്ങളാകാം. റീറ്റെയ്ല്‍ ഷോറൂമുകള്‍ക്ക് ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങാനും മാറ്റിവാങ്ങാനുമുള്ള സൗകര്യത്തെ കുറിച്ച് പരസ്യമാകാം. വേണമെങ്കില്‍ ഇപ്പോള്‍ വാങ്ങുന്ന സാധനങ്ങളുടെ തുക കൃത്യമായ മാസത്തവണകളില്‍ തിരിച്ചടയ്ക്കാനുള്ള സൗകര്യത്തെ കുറിച്ച് പരസ്യമാകാം.
2. നിങ്ങളുടെ ഇടപാടുകാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക
ബ്രാന്‍ഡ് ലോയല്‍റ്റി എന്നാല്‍ ഓരോ കസ്റ്റമര്‍ക്കും ഇത് എന്റെ ബ്രാന്‍ഡ് എന്ന വികാരമുണര്‍ത്തുക എന്നതാണ്. ലോഗോയുടെ നിറമോ എംബ്ലമോ അല്ല അതിന് പ്രധാനം. മറിച്ച്, തങ്ങളുടെ വ്യക്തിഗത ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ബ്രാന്‍ഡ് എത്രമാത്രം പങ്കുവഹിയ്ക്കുന്നുവെന്ന കാഴ്ചപ്പാടാണ്; തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഒരു ബ്രാന്‍ഡ് എത്രദൂരം സഞ്ചരിക്കുന്നു എന്നതിനെ കുറിച്ചുള്ള കാഴ്ചപ്പാടാണ്. ഉദാഹരണത്തിന് ഒരു ബാങ്ക് കോവിഡ് 19 ബാധയെ ചെറുക്കാന്‍ സാധ്യമായതെല്ലാം തങ്ങള്‍ ചെയ്തുവെന്ന് പരസ്യം ചെയ്യുകയും എറ്റിഎമ്മുകളില്‍ സാനിറ്റൈസര്‍ വെയ്ക്കാതിരിക്കുകയും ചെയ്താല്‍ ആ ബ്രാന്‍ഡ് തങ്ങളെ കെയര്‍ ചെയ്യുന്നുണ്ടെന്ന് ഉപഭോക്താവിന് തോന്നലുണ്ടാകില്ല.
ഒരു ആശുപത്രി തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് പരസ്യം ചെയ്താല്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നില്ല. എന്നാല്‍ സൗജന്യമായി സാനിറ്റൈസര്‍ നല്‍കിയാല്‍ പൊതുസമൂഹവുമായി ആശുപത്രിയെ ഏറെ ബന്ധിപ്പിക്കാന്‍ അത് ഉപകരിക്കും. റീറ്റെയ്ല്‍ സ്റ്റോര്‍ ഡിസ്‌കൗണ്ട് നല്‍കിയാല്‍ ജനങ്ങള്‍ ഇപ്പോള്‍ അവിടേക്ക് എത്തില്ല. മറിച്ച് പൊതുജനങ്ങള്‍ക്ക് മാസ്‌ക് നല്‍കുന്നതുപോലുള്ള കാര്യങ്ങള്‍ ചെയ്താല്‍ ജനങ്ങളുടെ മനസ്സിലേക്ക് ആ ബ്രാന്‍ഡ് കടന്നെത്തും.
ചുരുക്കി പറഞ്ഞാല്‍ ഈ അവസരം ഉപഭോക്താവിന്റെ ചെവിയില്‍ ചെന്ന് ബഹളമുണ്ടാക്കാനുള്ള വേളയല്ല. മറിച്ച് അവരെ കൂടുതല്‍ കെയര്‍ ചെയ്യാനുള്ള അവസരമാണ്.
3. ക്ഷമയോടെ ഇരിക്കൂ, നിങ്ങളുടെ വായ അടയ്ക്കു:
സര്‍ക്കാര്‍ ഏജന്‍സികളും സര്‍ക്കാര്‍ ഇതര ഏജന്‍സികളും കോവിഡ് 19നെ പ്രതിരോധിക്കാനുള്ള കാര്യങ്ങളെ കുറിച്ച് സന്ദേശങ്ങള്‍ എല്ലാവരിലേക്കുമെത്തിക്കാന്‍ അഹോരാത്രം പ്രയത്‌നിക്കുക്കയാണ്. ഈ അവസ്ഥയില്‍ ബ്രാന്‍ഡുകള്‍ കൂടി അത്തരം സന്ദേശം പ്രചരിപ്പിക്കേണ്ടതില്ല. ബ്രാന്‍ഡിന്റെ ലോഗോ വെച്ച് കോവിഡ് 19നെ പ്രതിരോധിക്കാന്‍ എല്ലാവരും പറയുന്ന കാര്യം വാട്‌സാപ്പിലും മെയ്‌ലിലും ചെന്നാല്‍ നിങ്ങളുടെ ഇടപാടുകാരുടെ നിത്യജീവിതത്തില്‍ ഗുണപരമായ മാറ്റം വരുത്താന്‍ അതുപകരിക്കില്ല. മാത്രമല്ല ഈ സന്ദേശപെരുമഴയില്‍ അത് ഒരു ശല്യവുമാകും. അതുകൊണ്ട് ക്ഷമയോടെ ഇരിക്കുക. വായ അടച്ച് നിശബ്ദമായിരിക്കുക.
ഈ മഹാമാരിയെ ചെറുക്കാന്‍ മറ്റാരും പറയാത്ത കാര്യം നിങ്ങള്‍ക്ക് പറയാനുണ്ടെങ്കില്‍ മാത്രം അത് പറയുക. ഉപകാരമില്ലാത്ത പരസ്യങ്ങള്‍ ചെയ്യാതെ നിങ്ങളുടെ പണവും വിഭവങ്ങളും സൂക്ഷിച്ച് വെയ്ക്കുക. നല്ല സമയത്തിനായി കാത്തിരിക്കുക. ഈ മഹാമാരി ഒഴിഞ്ഞുപോകുമ്പോള്‍ നിങ്ങളുടെ വിശ്വസ്തരായ ഇടപാടുകാര്‍ നിങ്ങളെ തേടി വരുക തന്നെ ചെയ്യും.
4. സവിശേഷ അനുഭവങ്ങള്‍ നല്‍കുക
നിങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മാറ്റി മറിക്കുന്ന സവിശേഷ അനുഭവങ്ങള്‍ നല്‍കാനുള്ള സമയമാണിത്. കഴിഞ്ഞ ദിവസം എന്റെ നാട്ടിലെ ഒരു ത്രീ സ്റ്റാര്‍ ഹോട്ടലിനെ അതിലൂടെ കടന്നുപോകുന്ന ജനങ്ങള്‍ അഭിനന്ദിക്കുന്നത് കാണാനിടയായി. പൊതുവേ ആ നാട്ടില്‍ അത്ര ശ്രദ്ധിക്കപ്പെടാതിരുന്ന ഹോട്ടലായിരുന്നു അത്. അവര്‍ ചെയ്തത് ലളിതമായ ഒരു കാര്യമാണ്. അവരുടെ ഹാന്‍ഡ് വാഷ് സിങ്ക് ഹോട്ടലിന്റെ മതിലില്‍
വഴിയരികിലേക്ക് മാറ്റി സ്ഥാപിച്ചു. യഥേഷ്ടം സോപ്പും വെള്ളവും നല്‍കി. ഒരേ സമയം അഞ്ചു പേര്‍ക്ക് ഇവിടെ കൈകഴുകാനുള്ള സൗകര്യമൊരുക്കി. വലിയ തുക ചെലവിട്ടുള്ള പരസ്യത്തേക്കാള്‍ കൂടുതല്‍ ജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ഈ ഒരു നടപടി സഹായകരമായി. ബ്രാന്‍ഡിനെ കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാടിനെ തന്നെ മാറ്റി മറിക്കാന്‍ ഈ ചെറിയ കാര്യങ്ങള്‍ മതിയാകും.
ബ്രാന്‍ഡ് പറയുന്നതിനേക്കാള്‍ കൂടുതല്‍ അവര്‍ അനുഭവിക്കണം; തങ്ങളെ ഈ ബ്രാന്‍ഡ് വേണ്ട വിധത്തില്‍ പരിഗണിക്കുന്നുണ്ടെന്ന്. ദുഷ്‌കരമായ കാലഘട്ടത്തില്‍ നിങ്ങള്‍ നിങ്ങളുടെ ഉപഭോക്താവുമായി സംവദിക്കുമ്പോള്‍ അവരുടെ വേദനകളില്‍ അല്‍പ്പം ആശ്വാസമേകുന്ന വിധമാകണം അത്. അതും ഒരു ബ്രാന്‍ഡിംഗ് സ്ട്രാറ്റജിയാണ്; ദീര്‍ഘകാലത്തേക്ക് നിങ്ങളുടെ ബ്രാന്‍ഡിന് ഗുണകരമാകുന്ന ഒന്ന്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline