കാശ് ലാഭിക്കാന്‍ കഴിവുകുറഞ്ഞവരെ വെച്ചാല്‍ ബിസിനസിന് പണി കിട്ടും!

ഏതൊരു സ്ഥാപനത്തിന്റെയും വിജയത്തിന് പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നത് ഉല്‍പ്പാദനക്ഷമതയും പ്രതിബദ്ധതയും കഴിവും ഉള്ള ജീവനക്കാര്‍ ആണ്. ലഭ്യമായ ഉദ്യോഗാര്‍ത്ഥികളില്‍ മികച്ചവരെ തെരഞ്ഞെടുക്കാനും അവരെ നിയമിച്ച് നിലനിര്‍ത്താനും സംരംഭകര്‍ ശ്രമിക്കുമ്പോള്‍ തന്നെ, ജീവനക്കാരില്‍ ചെറിയൊരു ന്യൂനപക്ഷം ഭൂരിപക്ഷം ജീവനക്കാര്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതില്‍ നിന്നും വിഭിന്നമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായി കാണാം.

പഴഞ്ചന്‍ മനോഭാവമുള്ള തൊഴിലുടമകള്‍ പ്രവര്‍ത്തന ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ശരാശരിയോ അതിലും താഴെയോ നിലവാരമുള്ളവരെ ജീവനക്കാരായി നിയമിച്ചെന്നുവരാം. മാത്രമല്ല, ഇത്തരം തൊഴിലുടമകള്‍ തങ്ങളുടെ സ്ഥാപനത്തിലെ ജോലിക്ക് ഏറ്റവും അനുയോജ്യവരെ കണ്ടെത്തി നിയമിക്കുന്നതിന് പകരം ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരുടെ ശുപാര്‍ശ പരിഗണിച്ച് മാത്രം നിയമനം നടത്തുമ്പോള്‍ ജീവനക്കാര്‍ക്ക് വേണ്ട മിനിമം ഗുണങ്ങളോ ടാലന്റോ ഉണ്ടാവണമെന്നില്ല.

ബിസിനസ് മേഖലയില്‍ വിജയം കൈവരിക്കുവാന്‍ ആഗ്രഹിക്കുന്ന എല്ലാ സംരംഭകരും ടാലന്റ് ഉള്ളതും, ഉയര്‍ന്ന ശേഷി ഉള്ളതുമായ ജീവനക്കാരെ നിയമിക്കുവാനും അവരെ നിലനിര്‍ത്തുവാനും ആവശ്യമായ നയങ്ങളും പ്രവര്‍ത്തനങ്ങളും പിന്തുടരേണ്ടത് വിജയകരമായി ദീര്‍ഘകാലത്തേക്ക് ബിസിനസ് നടത്തിക്കൊണ്ടുപോകുവാന്‍ ഒഴിച്ച് കൂടാനാകാത്തതാണ്.
എന്താണ് വ്യത്യാസം?
ഉയര്‍ന്ന പ്രകടനം കാഴ്ചവെയ്ക്കുന്ന ജീവനക്കാരും ഉയര്‍ന്ന ശേഷിയുള്ള ജീവനക്കാരും ഒന്നാണ് എന്ന് പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട്. ഉയര്‍ന്ന ശേഷിയുള്ള എല്ലാ ജീവനക്കാരും ഉയര്‍ന്ന പ്രകടനം കാഴ്ച്ചവയ്ക്കുന്നവര്‍ ആയിരിക്കും. അതെസമയം ഉയര്‍ന്ന പ്രകടനം കാഴ്ച്ചവയ്ക്കുന്ന എല്ലാ ജീവനക്കാരും ഉയര്‍ന്നശേഷി ഉള്ളവര്‍ ആയിരിക്കണമെന്നില്ല. ഉയര്‍ന്ന ശേഷിയുള്ള ജീവനക്കാര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പൊതുവായ ലക്ഷ്യങ്ങള്‍ നേടുന്നതിനു വേണ്ടി നിലകൊള്ളുന്നവര്‍ ആയിരിക്കും. വ്യക്തിഗത നേട്ടങ്ങള്‍ക്കു വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നവര്‍ ആയിരിക്കില്ല അതെസമയം ഉയര്‍ന്ന പ്രകടനം കാഴ്ച്ചവയ്ക്കുന്നവര്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് കൊണ്ട് വ്യക്തിഗത റോള്‍ എന്ന നിലയില്‍ അവരുടെ കടമകള്‍ ചെയ്തു തീര്‍ക്കുവാന്‍ ശ്രമിക്കുന്നവര്‍ ആയിരിക്കും. ഉയര്‍ന്ന പ്രകടനം കാഴ്ച്ചവയ്ക്കുന്നവര്‍ സ്ഥാപനത്തിന്റെ പൊതുലക്ഷ്യങ്ങള്‍ പരിഗണിക്കാറില്ല .
ഉയര്‍ന്ന ശേഷിയുള്ള ജീവനക്കാരുടെ പ്രത്യേകതകള്‍.

1. അവര്‍ അവരുടെ കഴിവിന്റെ അതുല്യതയില്‍ ഉന്നതിയിലേക്കു കുതിക്കുന്നവര്‍ ആണ് .
2. അവര്‍ നേതൃത്വപരമായ അവസരങ്ങള്‍ തേടുന്നവരും, ഏതു സാഹചര്യങ്ങള്‍ ആയാലും പൊരുത്തപ്പെടുന്നവരും ആണ്
3. അവര്‍ സ്വമേധയാ അവരുടെ ജോലികള്‍ ചെയ്തു തീര്‍ക്കുന്നു.
4. അവര്‍ ആജീവനാന്തപഠനത്തിന് പ്രതിജ്ഞാബന്ധരാണ്
5. അവര്‍ നൂതനമായ ആശയങ്ങള്‍ അവതരിപ്പിക്കുന്നു. മുന്‍കൈ എടുത്തു കാര്യങ്ങള്‍ ചെയ്യുന്നു.
6. അവര്‍ ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ വിജയം ആഗ്രഹിക്കുന്നു.
7. അവര്‍ സമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കുമ്പോള്‍ അതിനു കീഴ്‌പ്പെടുന്നില്ല.
8. അവര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നു.
9. അവര്‍ നിഷേധാത്മകത ജോലിയിലേക്ക് എത്തിക്കുന്നില്ല .
10. അവര്‍ സഹപ്രവര്‍ത്തകരെ സഹായിക്കുന്നു.
11. അവര്‍ എല്ലായ്‌പ്പോഴും ശരിയാണ് എന്ന് ഒരിക്കലും ന്യായീകരിക്കുന്നില്ല.
12. അവര്‍ അവരുടെ ജോലിയുടെ പരിധിക്കു പുറത്തു സംഭവിക്കുന്ന സംഭവങ്ങളുടെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കുന്നു
13 ഉയര്‍ന്ന ശേഷിയുള്ള ജീവനക്കാര്‍ അവരുടെ സഹപ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിനെ അംഗീകരിക്കുന്നു
14. അവര്‍ പ്രതികരണങ്ങള്‍ കേള്‍ക്കുവാന്‍ തയ്യാറാകുന്നു.
15. അവര്‍ അവരുടെ കരിയര്‍ ലക്ഷ്യങ്ങള്‍ തുറന്നു പറയുന്നു.
16. അവര്‍ ജോലി സ്ഥലത്തു നല്ല സൗഹൃദം പുലര്‍ത്തുന്നു
17. ഗ്രൂപ്പ് ക്രമീകരണങ്ങളില്‍ അവര്‍ നന്നായി പ്രവര്‍ത്തിക്കുന്നു.
18. അവര്‍ സഹപ്രവര്‍ത്തകരാല്‍ അംഗീകരിക്കപ്പെടുന്നു
19 അവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ സംസ്‌കാരത്തിന് അനുസരിച്ചു ജീവിക്കുന്നു.

ബിസിനസ് സ്ഥാപനത്തിന്റെ വിജയം ആഗ്രഹിക്കുന്ന ഓരോ മാനേജ്‌മെന്റും അവരുടെ സ്ഥാപനത്തില്‍ ഉയര്‍ന്ന ശേഷിയുള്ള ജീവനക്കാരെ നിയമിക്കുവാനും അവരെ നിലനിര്‍ത്തുവാനും പരിപാലിക്കുവാനും പ്രചോദിപ്പിക്കുവാനും വേണ്ട നയങ്ങളും പ്രവര്‍ത്തനങ്ങളും പിന്തുടരേണ്ടതാണ് അത്യാവശ്യമാണ്. കടുത്ത മത്സരമുള്ള ബിസിനസ്സ് മേഖലയില്‍ നിലനില്‍ക്കുന്നതിനും ഭാവിയിലെ ബിസിനസ് നയങ്ങളും, തന്ത്രങ്ങളും ആസൂത്രണം ചെയ്യുന്നതിനും ഓരോ സ്ഥാപനങ്ങളിലും ഉയര്‍ന്ന കഴിവുള്ള ജീവനക്കാരുടെ സാന്നിധ്യം ഒഴിച്ച് കൂടാനാവാത്തതാണ്.

(ലേഖകന്‍ കോസികോര്‍ണര്‍ ഇന്‍വെസ്‌റ്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, വിന്‍കോസ്റ്റ് ഗ്രൂപ്പിന്റെ ജനറല്‍ മാനേജരാണ്)



Biju A Balan
Biju A Balan  

Related Articles

Next Story

Videos

Share it