നമുക്ക് ഓര്‍മവെച്ച നാള്‍ മുതലുള്ള കാലമെടുത്താല്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ബിസിനസ് സാഹചര്യങ്ങളിലൂടെയാണ് ഇപ്പോള്‍ നാം കടന്നുപോകുന്നതെന്ന് പറഞ്ഞാല്‍ ഭൂരിഭാഗം സംരംഭകരും എന്നോട് യോജിക്കുമെന്ന് എനിക്കുറപ്പാണ്.
കേരളത്തിലെ ബിസിനസുകള്‍ ചുരുങ്ങുന്ന വിപണിയെയാണ് അഭിമുഖീകരിക്കുന്നതെങ്കില്‍ ഇന്ത്യയിലെ ഇതര ഭാഗങ്ങളിലുള്ളവര്‍ നേരിടുന്നത് ഒരുകൂട്ടം പ്രസ്ഥാനങ്ങള്‍ ഒത്തുചേര്‍ന്ന് വിപണി നിയന്ത്രിക്കുന്ന സാഹചര്യത്തെയാണ്. അവിടെ വിപണി പതുക്കെ വളരുന്നുണ്ടെങ്കിലും എല്ലാ രംഗത്തും അദാനി, അംബാനി, ടാറ്റ പോലുള്ള വമ്പന്മാര്‍ ആധിപത്യം നേടുന്നു.
കഴിഞ്ഞ 30 വര്‍ഷത്തെ സാമ്പത്തിക സാഹചര്യങ്ങളെ പോലെയല്ല ഇപ്പോഴത്തേത്. അതുകൊണ്ട് കഴിഞ്ഞ കാലങ്ങളില്‍ തുടര്‍ന്നുവന്ന നയങ്ങള്‍ ബിസിനസുകാര്‍ ഇപ്പോള്‍ മാറ്റേണ്ടിയിരിക്കുന്നു. എന്നിരുന്നാലും പല ബിസിനസുകാര്‍ക്കും അവര്‍ തുടര്‍ന്നുകൊണ്ടുവരുന്ന രീതിയില്‍ നിന്ന് മാറാന്‍ മാനസികമായി തടസമുണ്ട്. മറ്റനേകം ബിസിനസുകള്‍, നയങ്ങള്‍ മാറ്റുന്നതിന് പകരം, അവര്‍ തുടര്‍ന്നുവരുന്ന നയങ്ങള്‍ പൂര്‍വാധികം ശക്തിയോടെ നടപ്പാക്കാന്‍ തുടങ്ങും.
ബിസിനസിന്റെ സ്റ്റേജ് അഥവാ ഘട്ടം മാറിയിട്ടില്ലെങ്കില്‍, ബിസിനസിന്റെ ആ സ്റ്റേജില്‍ ആ നയം അങ്ങേയറ്റം യോജിച്ചതാണെങ്കില്‍, സാധാരണ ഗതിയില്‍ നയങ്ങള്‍ കൂടുതല്‍ ശക്തമായി നടപ്പാക്കുന്നത് പ്രശ്‌നമുള്ള കാര്യമല്ല.
എന്നാല്‍ ബിസിനസിന്റെ സ്റ്റേജ് മാറിയാല്‍, നിലവിലുള്ള നയങ്ങള്‍ പൂര്‍വാധികം ശക്തിയായി നടപ്പാക്കുന്നത് വലിയൊരു ദുരന്തത്തിലേക്ക് വാതില്‍ തുറക്കും. ബിസിനസിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍ സ്വീകരിക്കേണ്ട നയം മറ്റൊരു ഘട്ടത്തില്‍ സ്വീകരിക്കേണ്ട നയത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കുമെന്നതാണ് ഇതിന് കാരണം.
ബിസിനസിലെ സ്റ്റേജോ,അതെന്താണ്?
ഇനി നമുക്ക് ബിസിനസിലെ സ്റ്റേജ് അഥവാ പ്രത്യേക ഘട്ടം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് നോക്കാം.
വിജയകരമായുള്ള ഒരു ബിസിനസില്‍ ആറ് സ്റ്റേജുകള്‍ അഥവാ ഘട്ടങ്ങളുണ്ടായിരിക്കാമെന്നാണ് എന്റെ വിശ്വാസം. അവ 1. നെഗറ്റീവ് ക്യാഷ്ഫ്‌ളോ 2. നെഗറ്റീവ് പ്രോഫിറ്റ് 3. മോശം ആര്‍.ഒ.സി.ഇ (റിട്ടേണ്‍ ഓണ്‍ ക്യാപ്പിറ്റല്‍ എംപ്ലോയ്ഡ്-നിക്ഷേപത്തിന്മേല്‍ ലഭിക്കുന്ന നേട്ടം), 4. കുറഞ്ഞ വളര്‍ച്ച 5. സ്ഥിരമായ, വൈവിധ്യവല്‍ക്കരണമില്ലാത്ത വളര്‍ച്ച 6. സ്ഥിരമായ വൈവിധ്യവല്‍ക്കരണത്തോട് കൂടിയ വളര്‍ച്ച.
ചിത്രം ഒന്ന് പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും.പൊതുവേ ബിസിനസുകളുടെ തുടക്കത്തില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നം നെഗറ്റീവ് ക്യാഷ് ഫ്‌ളോയാകും. പിന്നീടത് ക്യാഷ് ഫ്‌ളോ പ്രശ്‌നമായി പരിണമിക്കും. ഈ ഘട്ടത്തില്‍ ക്യാഷ് ഫ്‌ളോ ശരിയാക്കാനുള്ള നയങ്ങള്‍ നടപ്പാക്കിക്കൊണ്ട് കാര്യങ്ങള്‍ നേര്‍വഴിയിലാക്കും. അപ്പോള്‍ നെഗറ്റീവ് പ്രോഫിറ്റ് എന്നത് തലപൊക്കും. പിന്നീട് ബിസിനസുകാര്‍ അത് ശരിയാക്കാനുള്ള കാര്യങ്ങള്‍ ചെയ്ത് ബിസിനസിനെ നെഗറ്റീവ് പ്രോഫിറ്റില്‍ നിന്ന് ലാഭത്തിലേക്ക് കൊണ്ടുവരും. അതിനുശേഷം മറ്റൊരു പ്രധാന പ്രശ്‌നമായ മോശം ആര്‍.ഒ.സി.ഇ (ROCE) റിട്ടേണ്‍ ഓണ്‍ ക്യാപ്പിറ്റല്‍ എംപ്ലോയ്ഡ്-നിക്ഷേപത്തിന്മേല്‍ ലഭിക്കുന്ന നേട്ടം) പൊന്തിവരും. ഏറ്റവും മികച്ച നയങ്ങള്‍ സ്വീകരിച്ചുകൊണ്ട് ഈ പ്രശ്‌നവും പരിഹരിക്കും.
അതിനുശേഷമാകും കുറഞ്ഞ വളര്‍ച്ചാ നിരക്കെന്ന പ്രശ്‌നത്തെ ബിസിനസുകള്‍ അഭിമുഖീകരിക്കുന്നത്. ആ ഘട്ടത്തില്‍ വെച്ച് അത് ശരിയാക്കാനുള്ള വഴികള്‍ നടപ്പാക്കി ബിസിനസുകള്‍ സ്ഥിരമായ വൈവിധ്യമില്ലാത്ത വളര്‍ച്ചാ ഘട്ടത്തിലേക്ക് കടക്കും. ഈ ഘട്ടം പിന്നീട് അടുത്ത പ്രശ്‌നമായി മാറും. അത് മാറ്റാന്‍ വൈവിധ്യവല്‍ക്കരണത്തിന്റെ പാതയിലേക്ക് വഴിമാറി സ്ഥിരമായ, വൈവിധ്യവല്‍ക്കരണത്തോടെയുള്ള വളര്‍ച്ചയുടെ ഘട്ടത്തിലേക്ക് ബിസിനസുകള്‍ കടക്കും. മഹത്തായ ബിസിനസുകളുടെയെല്ലാം ഏറ്റവും മികച്ച അടിത്തറയിതായിരിക്കും.
ഘട്ടം അറിയാതെ നയങ്ങള്‍ നടപ്പാക്കുന്നവര്‍ എന്നാല്‍ ഇപ്പോള്‍ നാം കാണുന്നത് പല ബിസിനസുകളും അത് കടന്നു പോകുന്ന ഘട്ടം അറിയാതെ നയങ്ങള്‍ നടപ്പാക്കി അടച്ചുപൂട്ടലിന്റെ വക്കിലേക്ക് എത്തുന്നതാണ്.
ചിത്രം 2 പരിശോധിച്ചാല്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാകും.
ഇതിന് പ്രധാന കാരണം എന്താണെന്ന് അറിയാമോ? പല സംരംഭകര്‍ക്കും അവരുടെ ബിസിനസിന്റെ സ്റ്റേജ്, ഘട്ടം മാറിയത് മനസിലാക്കാന്‍ പറ്റുന്നില്ല എന്നതാണ്. ഉദാഹരണത്തിന് ഒരു ബിസിനസ് മോശം ആര്‍.ഒ.സി.ഇയില്‍ നിന്ന് നെഗറ്റീവ് പ്രോഫിറ്റിലേക്കാണ് വീണതെങ്കില്‍ അതിന് അനുയോജ്യമായ നയം നടപ്പാക്കിക്കൊണ്ട് വേണം കരകയറാന്‍. ഘട്ടമറിയാതെ നയങ്ങള്‍ നടപ്പാക്കിയാല്‍ ബിസിനസുകള്‍ അടച്ചുപൂട്ടേണ്ടി വരും.