നിങ്ങളെ വിജയത്തില്‍ നിന്ന് പിന്നോട്ടുവലിക്കുന്ന 10 ശീലങ്ങള്‍

ഇത്രത്തോളം കഠിനാദ്ധ്വാനം ചെയ്തിട്ടും ഞാന്‍ എന്തുകൊണ്ട് വിജയിക്കുന്നില്ല? പലരും ചോദിക്കുന്ന ചോദ്യമാണിത്. കഠിനാദ്ധ്വാനമെന്നാല്‍ ഏറെ വൈകിയും ഓഫീസിലിരുന്ന് കഷ്ടപ്പെട്ട് ജോലി ചെയ്യുന്നതാണെന്ന് ചിന്തിക്കുന്നവര്‍ ഏറെയുണ്ട്. പക്ഷെ ജീവിതത്തില്‍ വിജയിക്കുകയാണ് ലക്ഷ്യമെങ്കില്‍ ഈ രീതിയിലുള്ള കഠിനാദ്ധ്വാനം കൊണ്ട് കാര്യമായ പ്രയോജനം ഒന്നുമില്ല. കഠിനാദ്ധ്വാനം എന്നത് ബാഹ്യമായി മാത്രമല്ല, ആന്തരികമായും നടക്കേണ്ട ഒന്നാണ്. നിങ്ങളെ വിജയത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്ന 10 പ്രധാന ശീലങ്ങളെക്കുറിച്ച് പറയുകയാണ് ലോകപ്രശസ്ത പരിശീലകനായ ബ്രിയാന്‍ ട്രേസി.

1. നല്ല സമയത്തിനായി കാത്തിരിക്കുന്നു

എല്ലാം തികഞ്ഞ സമയം ഒരിക്കലും ഉണ്ടാകില്ല. അതിനായി കാത്തിരുന്നാല്‍ അവസരങ്ങള്‍ നിങ്ങളെ വിട്ടുപോകും. കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തേക്കിറങ്ങി വെല്ലുവിളികളെ നേരിടുക.

2. ലക്ഷ്യമുണ്ട്, പക്ഷെ പ്രവര്‍ത്തിക്കുന്നില്ല

എല്ലാവരും ഗോള്‍ ഒക്കെ സെറ്റ് ചെയ്തിട്ടുണ്ടാകും. എന്നാല്‍ ആ ഗോള്‍ സാക്ഷാല്‍ക്കരിക്കുന്നതിനായി നിങ്ങള്‍ ഇന്ന് എന്തുചെയ്തു? കഴിഞ്ഞ മാസം എന്തു ചെയ്തു? ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിനായി നാം റിവേഴ്‌സ് എന്‍ജിനീയറിംഗ് നടത്തണം. അതായത് ഫിനിഷിംഗ് പോയ്ന്റില്‍ നിന്ന് സ്റ്റാര്‍ട്ടിംഗ് പോയ്ന്റിലേക്ക് എത്തണം.

3. തെറ്റായ വാഗ്ദാനങ്ങള്‍ കൊടുക്കുക

പാലിക്കാന്‍ സാധിക്കാത്ത വാഗ്ദാനങ്ങള്‍ നല്‍കുന്നത് നിങ്ങളുടെയും കമ്പനിയുടെയും സല്‍പ്പേരിനെ ബാധിക്കും. നിങ്ങള്‍ ഇന്നത്തെ ദിവസം ആര്‍ക്കെങ്കിലും എന്തെങ്കിലും വാഗ്ദാനം നല്‍കിയിട്ടുണ്ടെങ്കില്‍ അത് മറക്കാതിരിക്കാന്‍ കലണ്ടറിലേക്ക് ചേര്‍ക്കുക.

4. മറ്റുള്ളവരുടെ മേല്‍ പഴിചാരുന്നു

എന്തെങ്കിലും പിഴവ് സംഭവിച്ചാല്‍ സുഹൃത്തുക്കളുടെ സഹപ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളുടെ മേല്‍ പഴിചാരി രക്ഷപെടുന്നത് നല്ല പ്രവണതയല്ല. നാം വിജയിക്കാത്തത് കാരണം മറ്റുള്ളവരാണെന്ന് തോന്നുന്നുണ്ടെങ്കില്‍ നമ്മെ വിജയിപ്പിക്കേണ്ട ചുമതല അവര്‍ക്കാണെന്ന് നാം പറയാതെ പറയുകയാണ്.

5. മാറ്റിവെക്കുക

ചെയ്യാനുള്ള കാര്യങ്ങള്‍ മാറ്റിവെക്കാനുള്ള പ്രവണത നമ്മുടെയെല്ലാം ഉള്ളിലുണ്ട്. ചെയ്യേണ്ട ജോലി പിന്നീട് ചെയ്യാമെന്നു വിചാരിച്ച് മാറ്റിവെക്കുന്ന സാഹചര്യത്തില്‍ നമുക്ക് സന്തോഷം തോന്നും. എന്നാല്‍ പിന്നീട് അത് ചെയ്തുതീര്‍ക്കാത്തത് ഓര്‍ത്ത് നമുക്ക് കുറ്റബോധമുണ്ടാകും. സ്വയം പരാജിതരായി തോന്നാന്‍ അത് കാരണമാക്കും. ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ 'ഫീല്‍ ഗുഡ്' ഘടകമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും.

6. നിങ്ങളെത്തന്നെ സംശയിക്കുന്നു

നിങ്ങളുടെ കഴിവുകളെക്കുറിച്ച് സ്വയം സംശയിക്കുന്നത് വിജയത്തില്‍ നിന്ന് നിങ്ങളെ അകറ്റും. നിങ്ങള്‍ ഇതുവരെ വിജയിച്ചിട്ടില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളെ വിശ്വസിക്കുന്നതിന് പകരം കൂടുതല്‍ സമയം അവിശ്വസിക്കുകയായിരുന്നു എന്നുവേണം മനസിലാക്കാന്‍. നിങ്ങളില്‍ ഏറ്റവും കൂടുതല്‍ വിശ്വാസമര്‍ഹിക്കുന്ന വ്യക്തി നിങ്ങളായിരിക്കണം.

7. മറ്റുള്ളവരെ വെച്ച് താരതമ്യപ്പെടുത്തുന്നു

നിങ്ങളെ മറ്റുള്ളവരെ വെച്ച് സ്വയം താരതമ്യപ്പെടുത്തുമ്പോള്‍ നിങ്ങളുടെ ഒന്നാം അധ്യായവുമായി മറ്റുള്ളവരുടെ 20ാം അധ്യായത്തെയാണ് താരതമ്യപ്പെടുത്തുന്നത്. ഉദാഹരണത്തിന് വാറന്‍ ബഫറ്റുമായി താരതമ്യപ്പെടുത്തിയാല്‍ നിങ്ങള്‍ തുടങ്ങിയിട്ടേയുള്ളു. അദ്ദേഹമാകട്ടെ ഈ നിലയിലെത്താന്‍ നിങ്ങളെക്കാള്‍ ഏറെ വര്‍ഷങ്ങള്‍ അധ്വാനിച്ചു.

8. ആരോഗ്യം നോക്കാത്തത്

വിജയികളായവര്‍ക്ക് അവരുടെ ആരോഗ്യത്തിന്റെ വില നന്നായി അറിയാം. ആരോഗ്യമുണ്ടെങ്കിലേ നിങ്ങള്‍ക്ക് ഉല്‍പ്പാനക്ഷമതയും ഫോക്കസും ഉണ്ടാകൂ. ചുവരില്ലാതെ ചിത്രമെഴുതാനാകില്ലല്ലോ. ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ആരോഗ്യം കരുതുക.

9. പാതിവഴിയില്‍ യാത്ര അവസാനിപ്പിക്കുക

കാര്യങ്ങള്‍ ബുദ്ധിമുട്ടേറുമ്പോള്‍ ലക്ഷ്യത്തിലേക്കുള്ള യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കുന്നവര്‍ എങ്ങനെ വിജയിക്കും? എന്തുവന്നാലും പിന്മാറില്ലെന്ന നിശ്ചയദാര്‍ഢ്യം ഇല്ലാതെ വിജയിക്കാനാകില്ല.

10. പഠിച്ചുകൊണ്ടിരിക്കാത്തത്

സ്‌കൂള്‍, കോളെജ് കാലം കഴിയുമ്പോള്‍ അവസാനിക്കേണ്ടതല്ല പഠനമെന്നത്. വിജയികളായ ആളുകള്‍ തങ്ങളുടെ ജീവിതത്തിലുടനീളം പഠിച്ചുകൊണ്ടിരിക്കുന്നവരാണ്. പുസ്തകങ്ങള്‍ വായിക്കുക, കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കുക തുടങ്ങിയ പല മാര്‍ഗ്ഗങ്ങളിലൂടെയും പുതിയ പുതിയ കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുക.

Binnu Rose Xavier
Binnu Rose Xavier  

Senior Correspondent

Related Articles

Next Story

Videos

Share it