'പപ്പായ സ്‌ട്രോ'യുമായി യുവ സംരംഭകര്‍

ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന നമ്മുടെ സ്‌ട്രോകളില്ലേ. പല നിറത്തിലുള്ള പ്ലാസ്റ്റിക് വില്ലന്മാര്‍. അവര്‍ പതുക്കെ അപ്രത്യക്ഷരാകാന്‍ തുടങ്ങിയിരിക്കുന്നു. പകരം പേപ്പര്‍ സ്‌ട്രോകള്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. എന്നാല്‍ പപ്പായച്ചെടിയുടെ ഇലത്തണ്ടുകൊണ്ട് സ്‌ട്രോയുണ്ടാക്കി ജ്യൂസ് കുടിക്കുന്നതിനെക്കുറിച്ച് ഒന്നു ചിന്തിച്ചു നോക്കൂ. കുട്ടിക്കാലത്ത് നമ്മുടെ സ്‌ട്രോകള്‍ അവയായിരുന്നില്ലേ, പാത്രങ്ങള്‍ കമുകിന്‍ പാളകളും. ഇതാ അത്തരമൊരു ആശയത്തില്‍ നിന്നും 'പപ്പായ സ്‌ട്രോ'കള്‍ നിര്‍മിക്കുന്ന സംരംഭവുമായി മുന്നോട്ട് വന്നിരിക്കുകയാണ് രണ്ട് യുവ മലയാളി സംരംഭകര്‍, ഫാരിഖ് നൗഷാദും പ്രെവിന്‍ ജേക്കബും. പപ്പായ തണ്ടു കൊണ്ട് സ്‌ട്രോയോ? കളി പറയുകയാണോ എന്നു ചോദിക്കണ്ട. ഈ കളിയിലല്‍പ്പം കാര്യമുണ്ട്.

പപ്പായ 'ലവ്'

ഒറ്റത്തവണ പ്ലാസ്റ്റിക് മാലിന്യത്തിലെ പ്രധാന വില്ലനാണ് പ്ലാസ്റ്റിക് സ്‌ട്രോകള്‍. പ്ലാസ്റ്റിക് ഒഴിവാക്കാന്‍ പലരും പേപ്പര്‍ സ്‌ട്രോകളുടെ നിര്‍മാണവുമായി കടന്നുവന്നെങ്കിലും റീസൈക്കിള്‍ഡ് പേപ്പറുകളുയര്‍ത്തുന്ന ആരോഗ്യ പ്രശ്‌നങ്ങളെ ആശങ്കയോടെയാണ് പലരും കാണുന്നത്. ഫ്രഷ് പേപ്പര്‍ സ്‌ട്രോകള്‍ക്കായി മുറിക്കപ്പെടുന്ന മരങ്ങളുടെ കണക്കും വളരെ വലുതാണ്. ഈ പ്രശ്‌നത്തിനൊരു പരിഹാരമാണ് ഈ യുവ സംരംഭകര്‍ ആലോചിച്ചത്. കുട്ടിക്കാലം മുതലേ സുഹൃത്തുക്കളായിരുന്ന ഫാരിഖും പ്രെവിനും ഈസ്റ്റ് ആഫ്രിക്കയിലെ റുവാണ്ടയില്‍ ഓട്ടോമേഷന്‍ എന്‍ജിനിയര്‍മാരായിരുന്നു. വളരെക്കാലമായി ഇരുവരും നാട്ടിലേക്ക് തിരികെയെത്തി എന്തെങ്കിലും വ്യത്യസ്തമായ സംരംഭങ്ങള്‍ തുടങ്ങണമെന്ന് ആഗ്രഹിക്കുകയും ഒരു വര്‍ഷം മുന്‍പ് തിരിച്ചെത്തുകയുമായിരുന്നു. മാലിന്യപ്രശ്‌നങ്ങളും ബദല്‍മാര്‍ഗങ്ങളും ആണ് ഇവര്‍ അന്നു തൊട്ടേ ചിന്തിച്ചിരുന്നതും. അത്തരത്തില്‍ ചെന്നൈയിലെ മാലിന്യപ്രശ്‌നങ്ങള്‍ പഠന വിധേയമാക്കി.

കേരളത്തിലും സ്ഥിതിഗതികള്‍ വ്യത്യസ്തമായിരുന്നില്ല എന്ന് മനസ്സിലായപ്പോഴാണ് ഒറ്റത്തവണ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനുള്ള ബദല്‍ മാര്‍ഗങ്ങള്‍ ആലോചിച്ചു തുടങ്ങിയത്. ഒരിക്കല്‍പ്രെവിന്‍ ജേക്കബ് തന്റെ ജന്മസ്ഥലമായ റാന്നിയിലെ പപ്പായ തോട്ടത്തിലൊരിക്കല്‍ പോയപ്പോഴാണ് പപ്പായ സ്‌ട്രോ എന്ന ആശയം മുളപൊട്ടുന്നത്. പിന്നീട് പപ്പായയുടെ ഇലത്തണ്ടിനെ സ്‌ട്രോ ആക്കി മാറ്റാനുള്ള സാങ്കേതിക വിദ്യയുടെ പിന്നാലെയായിരുന്നു ഇരുവരും. ഇപ്പോള്‍ പപ്പായയില്‍ നിന്നും സ്‌ട്രോ ഉണ്ടാക്കാനുള്ള വിദ്യ ഫാരിഖും പ്രെവിനും നേതൃത്വം നല്‍കുന്ന ഗ്രീനിക് എന്ന കമ്പനിക്ക് സ്വന്തം.

ഐഡിയ ടു മാര്‍ക്കറ്റ്

പപ്പായ കര്‍ഷകരുമായി ചേര്‍ന്ന് അവര്‍ക്ക്കൂടി സംരംഭകരാകാനുള്ള അവസരമൊരുക്കിയാണ് ഗ്രീനിക്കെന്ന സംരംഭം പ്രവര്‍ത്തിക്കുന്നത്. പപ്പായ മരങ്ങളില്‍ നിന്നും ഉപയോഗ ശൂന്യമായിപോകുന്ന ഇലകളുടെ തണ്ടുകള്‍ ശേഖരിച്ച് അവ വിവിധ സംസ്‌കരണ പ്രവര്‍ത്തനങ്ങളിലൂടെ സ്‌ട്രോ ആക്കി മാറ്റുന്നു. ഇതിനായി കര്‍ഷകര്‍ക്ക് തന്നെ സംരംഭകരാകാനുള്ള അവസരവും ഇവര്‍ ഒരുക്കിയിട്ടുണ്ട്. ഗ്രീനിക് സസ്‌റ്റെനബ്ള്‍ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലൂടെ തങ്ങളുടെ പപ്പായ തണ്ടുകള്‍ ആര്‍ക്കും സ്‌ട്രോകളാക്കി മാറ്റാം. ഇതിനായി ലാഭവിഹിതവും പ്രവര്‍ത്തന രീതിയും വിശദമാക്കുന്ന ബിസിനസ് പ്ലാനും ഇവര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ മാലിന്യമായിപ്പോയേക്കാവുന്ന വിവിധ മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള പഠനത്തിലാണ് ഈ സംരംഭക സുഹൃത്തുക്കള്‍.

കര്‍ഷകര്‍ക്ക് ഒരു അധിക വരുമാനവും ഒപ്പം പ്രകൃതിയോടിണങ്ങിയുള്ള ഉല്‍പ്പാദനവും ഇതാണ് ഗ്രീനിക് ലക്ഷ്യമിടുന്നത്. ഇവരുടെ ഈ ആശയത്തിന് ഐഐഎം കൊല്‍ക്കത്തയില്‍ നടന്ന ടാറ്റ സോഷ്യല്‍ എന്റര്‍പ്രൈസ് ചലഞ്ച് പുരസ്‌കാരവും ലഭിച്ചു. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ മാറ്റുരയ്ക്കുന്ന മത്സരത്തില്‍ കേരളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടത് ഫാരിഖിന്റെയും പ്രെവിന്റെയും പപ്പായ സ്‌ട്രോ ആശയം മാത്രമാണ്. നെയ്യാറ്റിന്‍കരയിലെ കര്‍ഷകരില്‍ നിന്നും ശേഖരിച്ച 1000ത്തോളം പപ്പായ മരങ്ങളില്‍ നിന്നാണ് ഇവര്‍ സ്‌ട്രോ നിര്‍മാണം നടത്തിയത്.

'പപ്പായ തണ്ടിനെ അതേ രീതിയില്‍ നിലനിര്‍ത്തി എന്നാല്‍ സാങ്കേതിക വിദ്യയിലൂടെ ശുദ്ധീകരിച്ച് ആറ് മാസം വരെ കേടുകൂടാതെ നിലനിര്‍ത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. കൂടുതല്‍ ഗവേഷണങ്ങളും ഇത്തരത്തില്‍ നടത്തുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇല്ലാതാകുന്ന കേരളമാണ് തങ്ങള്‍ സ്വപ്‌നം കാണുന്നത്. ഒപ്പം മറ്റുള്ളവര്‍ക്ക് കൂടെ ഉപകാരമുള്ള ബിസിനസും' ഇരുവരും ഒരേ സ്വരത്തില്‍ പറയുന്നു.

പുതുവര്‍ഷത്തോടെ കേരളത്തിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് നിരോധനം വന്നിരിക്കുകയാണ്. പ്രകൃതിയോടിണങ്ങിയ പുത്തന്‍ ഉല്‍പ്പന്നങ്ങളും ഇനി വന്നു തുടങ്ങും, അത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇതാ ഇവര്‍ അവതരിപ്പിച്ച പപ്പായ സ്‌ട്രോ പോലെ.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it