കുടുംബ ബിസിനസില്‍ പുറത്തു നിന്നൊരാള്‍ ശ്രദ്ധിക്കേണ്ടത് ഈ കാര്യങ്ങള്‍

വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു ഇടത്തരം മെഡിക്കല്‍ കമ്പനിയുടെ മൂന്നാം തലമുറ ഡയറക്ടറാണ് ഷാ. അദ്ദേഹത്തിന്റെ മുത്തച്ഛന്‍ യുപിയിലെ ഒരു ചെറിയ പട്ടണത്തില്‍ ചെറിയ രീതിയില്‍ ആരംഭിച്ച സ്ഥാപനമാണത്. കമ്പനിയുടെ ബോര്‍ഡില്‍ അദ്ദേഹത്തെ കൂടാതെ അച്ഛന്റെ ഇളയ സഹോദരനും, മൂത്ത സഹോദരന്റെ മകനുമാണ് ഉള്ളത്. എല്ലാം കുടുംബാംഗങ്ങള്‍. കമ്പനിയുടെ എതാണ്ടെല്ലാ താക്കോല്‍ സ്ഥാനങ്ങളും അവര്‍ തന്നെയാണ് കൈകാര്യം ചെയ്തിരുന്നത്.

കാലക്രമേണ മധ്യ-ഉത്തരേന്ത്യന്‍ വിപണിയില്‍ അറിയപ്പെടുന്ന ബ്രാന്‍ഡായി അവര്‍ വളര്‍ന്നു. കോവിഡ് കാലയളവിലും അതിനു ശേഷവും ശ്രദ്ധേയമായ വളര്‍ച്ച കൈവരിക്കാന്‍ കമ്പനിക്കായി. പ്രത്യേകിച്ചും ന്യൂട്രാസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളിലും ആധുനിക മാര്‍ക്കറ്റിംഗ് ഔട്ട്ലെറ്റുകളിലും അവര്‍ ശോഭിച്ചു.
വളര്‍ച്ച നിലനിര്‍ത്താന്‍ കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങളെ നിയമിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടെ, ബോര്‍ഡിലേക്ക് അവരുടെ കുടുംബത്തിന് പുറത്തു നിന്ന് ഒരു വിദഗ്ധനെ സ്വതന്ത്ര അംഗമായി നിയമിക്കുക എന്ന ആശയം ഷാ അവതരിപ്പിച്ചു. ആ ആവശ്യം മറ്റ് അംഗങ്ങള്‍ അപ്പോള്‍ത്തന്നെ നിരസിച്ചു.
കുടുംബത്തിന് പുറത്തു നിന്നൊരാളെ ബോര്‍ഡിലേക്ക് കൊണ്ടുവരാന്‍ മതിയായ കാരണമൊന്നുമില്ലെന്ന് അവര്‍ വിലയിരുത്തി.
ലിസ്റ്റ് ചെയ്തിട്ടില്ലാത്ത ബഹുഭൂരിപക്ഷം കുടുംബ ബിസിനസുകളിലും അവരുടെ കമ്പനി ബോര്‍ഡിലേക്ക് കുടുംബത്തിന് പുറത്തുള്ള സ്വതന്ത്ര അംഗത്തെ നിയമിക്കുന്നതിന് എന്താണ് തടസം നില്‍ക്കുന്നത്?
കാരണങ്ങള്‍ വ്യത്യസ്തമാണെങ്കിലും, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിവിധ മേഖലകളിലുള്ള വിവിധ വലിപ്പത്തിലുള്ള കുടുംബ ബിസിനസുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിനാല്‍ ഒരു സ്വതന്ത്ര ബോര്‍ഡ് അംഗത്തിന്റെ നിയനം എങ്ങനെ, എന്തുകൊണ്ട്, എന്ത് എന്നതു സംബന്ധിച്ച് ഒരുള്‍ക്കാഴ്ച ലഭിച്ചിട്ടുണ്ട്. അതാണിവിടെ പങ്കുവെക്കുന്നത്.
അര്‍ത്ഥവത്തായ ഒരു ലക്ഷ്യം ഉണ്ടാകണം
ഒരു പരമ്പരാഗത കുടുംബ ബിസിനസിനെ സംബന്ധിച്ച് അവര്‍ക്കിടയില്‍ ഇടം നല്‍കി രഹസ്യങ്ങള്‍ പങ്കുവെക്കുക എന്നത് വലിയ കാര്യമാണ്. ഈ ആശയം ബോര്‍ഡിനു മുന്നില്‍ അവതരിപ്പിക്കുന്നവര്‍ തന്നെ (കുടുംബ അംഗമോ ഫാമിലി ബിസിനസ് ഫസിലിറ്റേറ്ററോ) എന്തുകൊണ്ട് ആ നിര്‍ദ്ദേശം വെച്ചു എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തണം. ഉദാഹരണത്തിന്, മുകളില്‍ പറഞ്ഞ സംഭവത്തില്‍ ന്യൂട്രാസ്യൂട്ടിക്കല്‍ മേഖലയില്‍ തന്ത്രപരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സഹായിക്കും എന്ന തരത്തില്‍.
സമയവായം ഉണ്ടാക്കുക
ഒരു സ്വതന്ത്ര അംഗത്തിന്റെ ആവശ്യം ഉണ്ടെന്ന കാര്യത്തില്‍ നിലവിലെ ബോര്‍ഡ് അംഗങ്ങള്‍ തമ്മില്‍ സമവായത്തിലെത്തുക എന്നത് പരമപ്രധാനമാണ്. ബോര്‍ഡില്‍ കുടുംബത്തിന് പുറത്തുള്ള ഒരാള്‍ ഉണ്ടാവുക എന്ന ആശയം അംഗീകരിക്കാന്‍ എല്ലാ ബോര്‍ഡ് അംഗങ്ങളും തയാറായിരിക്കണം. ആ വ്യക്തി അദ്ദേഹത്തിന്റെ/അവരുടെ അനുഭവത്തെയും വിഷയ വൈദഗ്ധ്യത്തെയും ഡാറ്റയെയും അടിസ്ഥാനമാക്കി തീരുമാനങ്ങളെടുക്കുന്ന ഒരു നിഷ്പക്ഷ വ്യക്തിയായിരിക്കുമെന്നും മനസിലാക്കണം. അദ്ദേഹത്തെ/അവരെ സംബന്ധിച്ചിടത്തോളം വ്യക്തിയല്ല, സ്ഥാപനമാണ് ലക്ഷ്യം. ബോര്‍ഡിലെ മറ്റൊരംഗത്തെ നിശബ്ദമാക്കാനോ ഒതുക്കാനോ ആയിരിക്കരുത് നിയമനത്തിന്റെ ലക്ഷ്യം.
പ്രാധാന്യമില്ലാത്ത ആളാണെന്ന ഭയം ഉണ്ടാക്കരുത്
മിക്കപ്പോഴും കുടുംബത്തിന് പുറത്തുള്ള ഒരാളെ ബോര്‍ഡില്‍ നിയമിക്കുന്നതിനെ കുടുംബാംഗങ്ങള്‍ എതിര്‍ക്കുന്നത് ബോര്‍ഡില്‍ തങ്ങളുടെ പ്രാധാന്യം നഷ്ടപ്പെടുമോ എന്ന പേടി മൂലമാണ്. ചിലപ്പോഴൊക്കെ പ്രാധാന്യമില്ലെന്ന് സ്വയം തോന്നുകയും ചെയ്യും.
പുറത്തു നിന്നുള്ള വ്യക്തിയോടൊപ്പം ചേര്‍ന്ന് മറ്റു ഡയറക്ടര്‍മാര്‍ തങ്ങളെ പാര്‍ശ്വവല്‍ക്കരിക്കുകയും ഒതുക്കുകയും ചെയ്യുമെന്ന ഭയം കുടുംബത്തിലും ബിസിനസിലും ഭാവിയില്‍ പ്രശ്നങ്ങളുണ്ടാകുന്നതിലേക്ക് നയിക്കും.
കുടുംബത്തിലെ ബോര്‍ഡ് അംഗങ്ങള്‍ അതിനെ കുറിച്ച് കൂട്ടമായി ചര്‍ച്ച ചെയ്യണം.
തുടക്കത്തില്‍, കുടുംബത്തിലെ ബോര്‍ഡ് അംഗങ്ങള്‍ പൂര്‍ണ ബോര്‍ഡ് യോഗത്തിന് മുമ്പ് പ്രത്യേക യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളില്‍ സമയവായത്തിലെത്തണമെന്ന് ചില സന്ദര്‍ഭങ്ങളില്‍ ഞങ്ങള്‍ ഉപദേശിക്കാറുണ്ട്. അങ്ങനെ ചെയ്യുമ്പോള്‍ പുറത്തു നിന്നുള്ള ഒരാളുടെ സാന്നിധ്യത്തിലുള്ള അഭിപ്രായഭിന്നത ഒഴിവാക്കാനാകും.
വസ്തുനിഷ്ഠമായ വിലയിരുത്തല്‍ ഉണ്ടാവണം
ഒരു സ്വതന്ത്ര ഡയറക്ടര്‍ ബോര്‍ഡ് അംഗം വസ്തുനിഷ്ഠമായാകും തീരുമാനങ്ങളെടുക്കുക. അവര്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. കമ്പനിയുടെ ഓഹരിയുടമകളോടും അഭ്യുദയകാംക്ഷികളോടും തുല്യ ഉത്തരവാദിത്തം കാട്ടുകയാണ് അവരുടെ പ്രധാന കടമ. അതുകൊണ്ടു തന്നെ അവര്‍ നിഷ്പക്ഷരും ആത്യന്തികമായി ഉപഭോക്താക്കള്‍ക്ക് പ്രയോജനകരമായ തീരുമാനങ്ങള്‍ എടുക്കുന്നവരുമാകും.
പിന്‍ഗാമിയെ നിയമിക്കുന്നതില്‍ വിരുദ്ധ താല്‍പ്പര്യങ്ങള്‍ ഒരു വലിയ പ്രശ്നമാകുമ്പോള്‍ പിന്തുടര്‍ച്ചാ പദ്ധതികളിലും ഇത് വലിയ തോതില്‍ ഗുണം ചെയ്യും. പലപ്പോഴും പിന്തുടര്‍ച്ചാവകാശികളെ നിശ്ചയിക്കുമ്പോള്‍ പക്ഷപാതം/മുന്‍വിധി/വീക്ഷണത്തിന്റെ അഭാവം മൂലം മികച്ച ആളുകള്‍ അവഗണിക്കപ്പെടുന്നു.
ജൈവികമായ ഒരു മാറ്റം അനിവാര്യമാണ്
സമയം, ആളുകള്‍, സാങ്കേതികവിദ്യ, ആവശ്യങ്ങള്‍ എന്നിവയ്ക്കൊപ്പം ബിസിനസ് വളരുന്നതിനനുസരിച്ച് ആ ചലനാത്മകതയ്ക്കൊപ്പം നീങ്ങാന്‍ ബോര്‍ഡിനും കഴിയണം.
അതിന് വെല്ലുവിളികളും സങ്കീര്‍ണതകളും നേരിടേണ്ടതുണ്ട്. ബിസിനസ് നിലനില്‍ക്കുന്നതിനും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ഡയറക്ടര്‍ ബോര്‍ഡില്‍ ഒരു മാറ്റം അത്യാവശ്യമാണ്. അത്തരം സമയങ്ങളില്‍ സ്വതന്ത്ര ഡയറക്ടര്‍മാര്‍ ഒരു മുതല്‍ക്കൂട്ട് തന്നെയാണ്.
നിലവിലെ ശേഷിക്കപ്പുറമുള്ള മേഖലകള്‍
സ്വതന്ത്ര ഡയക്ടറുടെ നിയമനക്കാര്യത്തില്‍ സമവായത്തിലെത്തിയാല്‍, ഏത് മേഖലയില്‍ നിയമിക്കണമെന്ന് അംഗങ്ങള്‍ തീരുമാനിക്കേണ്ടതുണ്ട്. നിലവിലെ ഡയറക്ടര്‍മാരുടെ കഴിവുകള്‍ക്കപ്പുറമുള്ള മേഖലകള്‍ ഡയറക്ടര്‍ ബോര്‍ഡ് തേടണം. ചില സന്ദര്‍ഭങ്ങളില്‍ അത്യാധുനിക മേഖലകളിലേക്കാകും ആവശ്യം. എന്നിരുന്നാലും, എല്ലാ ബോര്‍ഡ് അംഗങ്ങളും സമാനമായി ചിന്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
അവര്‍ കൈകാര്യം ചെയ്യുന്ന ബിസിനസില്‍ കഴിവു തെളിയിച്ച വിദഗ്ധനെ തന്നെ, പ്രത്യേകിച്ചും ആദ്യ തവണ കണ്ടെത്തേണ്ടത് നിര്‍ണായകമാണ്. സമാനമായ മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ള സ്വതന്ത്ര ഡയക്ടര്‍ക്ക് കുടുംബത്തില്‍ നിന്നുള്ള ഡയറക്ടര്‍മാരുടെ ചിന്തകളുമായി വേഗത്തില്‍ പൊരുത്തപ്പെടാനാകും. മിക്ക അവസരങ്ങളിലും സമൂലമാറ്റം കൊണ്ടു വരുന്നതോ വ്യത്യസ്തമായതോ ആയ ആശയങ്ങള്‍ വേണ്ടത്ര സ്വീകരിക്കപ്പെടുന്നില്ല. അങ്ങനെ വരുമ്പോള്‍ ഡയറക്ടര്‍ക്ക് താന്‍ തെറ്റായ സ്ഥലത്ത് എത്തിപ്പെട്ടെന്നും സ്ഥാപനത്തിന് മൂല്യവര്‍ധനവ് നല്‍കാന്‍ ആകുന്നില്ലെന്നും തോന്നും.
കുടുംബ ഉടമസ്ഥതയിലും കുടുംബം കൈകാര്യം ചെയ്യുന്നതുമായ ബിസിനസ് സാഹചര്യങ്ങളില്‍ പ്രവര്‍ത്തിച്ച് കഴിവു തെളിയിച്ച സ്വതന്ത്ര ബോര്‍ഡ് അംഗത്തിന് സ്ഥാപനത്തിന് മൂല്യം നല്‍കാനാകും. അവര്‍ക്ക് മറ്റ് ബോര്‍ഡ് അംഗങ്ങളുടെ സ്വീകാര്യതയും നേടിയെടുക്കാനാകും.
ശരിയായ പ്രതീക്ഷകള്‍ വെക്കുക
വ്യക്തതയോടെയുള്ള ഒരു നിയമനം വ്യക്തമായ പ്രതീക്ഷകളിലേക്ക് നയിക്കും. പുറത്തു നിന്നുള്ള അംഗത്തെ കുറിച്ച് വ്യക്തമായ പ്രതീക്ഷ ബോര്‍ഡ് അംഗങ്ങള്‍ക്ക് ഉണ്ടായിരിക്കണം. തുടക്കത്തില്‍ തന്നെ ഇത് പങ്കുവെക്കേണ്ടതുണ്ട്. സ്വതന്ത്ര ഡയറക്ടറുടെ റോള്‍ എന്താണെന്നതായിരിക്കണമെന്നത് തുടക്കത്തില്‍ തന്നെ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഈ മീറ്റിംഗുകളില്‍ കുടുംബത്തിലെ എല്ലാ ബോര്‍ഡ് അംഗങ്ങളും പങ്കെടുത്തിരിക്കണം. ജോലിയുടെ സ്വഭാവം, കാലയളവ്, മീറ്റിംഗ് എപ്പോഴൊക്കെയാണ് നടത്തുക, ബന്ധപ്പെടേണ്ടത് ആരെയാണ് തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കണം.
ബാക്കി കുടുംബാംഗങ്ങള്‍/കുടുംബ ബോര്‍ഡ്/കുടുംബ കൗണ്‍സില്‍ തുടങ്ങിയവരെ ബോര്‍ഡ് ചെയര്‍മാന്‍ സ്വതന്ത്ര ബോര്‍ഡ് അംഗത്തിന്റെ നിയമനം അറിയിച്ചിരിക്കണം. നിയമനത്തെ കുറിച്ച് സ്ഥാപനത്തിന്റെ മുഖ്യ നടത്തിപ്പ് ചുമതലയിലുള്ളയാളും സംക്ഷിപ്ത വിവരണം നല്‍കണം.
കുടംബത്തിന് പുറത്തു നിന്ന് ഒരു സ്വതന്ത്ര ഡയറക്ടറെ നിയമിക്കുന്നത് കുടുംബ ഉടമസ്ഥതയിലുള്ളതും കൈകാര്യം ചെയ്യുന്നതുമായ ബിസിനസിന്റെ വളര്‍ച്ചയുടെ ലക്ഷണമാണ്.
അവര്‍ ബോര്‍ഡിന് പുതിയ കാഴ്ചപ്പാട് കൊണ്ടു വരികയും നല്ല തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കുകയും ചെയ്യും. ഒരു സ്വതന്ത്ര ബോര്‍ഡ് അംഗം കുടുംബ ബോര്‍ഡിലേക്ക് ഫലപ്രദമായ ഭരണ സംവിധാനം കൊണ്ടു വരുന്നു. അതുവഴി സ്ഥാപനത്തെ മൊത്തത്തില്‍ പ്രൊഫഷണലും പുരോഗമനപരവുമാക്കാന്‍ സാധിക്കുന്നു. അതുകൊണ്ട് ഭയത്തിന്റെ മേഖലയില്‍ നിന്ന് പുറത്തു കടന്ന് പുരോഗമനത്തെ ആശ്ലേഷിക്കുക.
(ഗേറ്റ്വേയ്സ് ഗ്ലോബല്‍ എല്‍എല്‍പിയുടെ ലീഡ് പാര്‍ട്ണറും ഫാമിലി ബിസിനസ് കോച്ചുമാണ് ലേഖകന്‍)




M R Rajesh Kumar
M R Rajesh Kumar  

Related Articles

Next Story

Videos

Share it