വിജു ജേക്കബിന്റെ 10 വിജയ ചേരുവകള്‍
ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങളുടെ കലവറയായ മലബാറിലേക്ക് സാഹസികരായ ലോക സഞ്ചാരികള്‍ കടലേഴും കടന്ന് വന്നിട്ടുണ്ട്, നൂറ്റാണ്ടുകള്‍ക്ക് മുമ്പേ. ആധുനിക കാലഘട്ടത്തില്‍ ഇന്ത്യന്‍ സ്‌പൈസസിന്റെ സത്തില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കി ഒരു കേരള കമ്പനി ലോക വിപണിയിലേക്ക് തിരികെ ഒരു സഞ്ചാരം നടത്തി.
കോലഞ്ചേരിയില്‍ 1972ല്‍ സ്ഥാപിതമായ സിന്തൈറ്റ്. സി.വി ജേക്കബ് എന്ന പ്രതിഭാശാലിയായ, ക്രാന്തദര്‍ശിയായ സംരംഭകന്‍ തുടക്കമിട്ട ഈ പ്രസ്ഥാനത്തിന്റെ കൈയിലാണ് ഇപ്പോള്‍ ലോക ഒലിയോറെസിന്‍ വിപണിയുടെ 30 ശതമാനത്തിലേറെ!
The Global Supplier of Natural Ingredients എന്ന വിശേഷണത്തിന് എന്തുകൊണ്ടും അര്‍ഹരാണ് സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്. അപരിചിതമായ ലോക വിപണിയിലേക്ക് കടന്നെത്തി സിന്തൈറ്റിന് മാത്രമല്ല, ഇന്ത്യന്‍ ഒലിയോറെസിന്‍ വ്യവസായ മേഖലയ്ക്കു തന്നെ വിലാസമുണ്ടാക്കി കൊടുത്ത ഒരു മാര്‍ക്കറ്റിംഗ് മാന്ത്രികനുണ്ട് ഈ വളര്‍ച്ചയ്ക്ക് പിന്നില്‍; ഇന്ന് സിന്തൈറ്റിന്റെ മാനേജിംഗ് ഡയറക്റ്റര്‍ പദവിയിലിരിക്കുന്ന ഡോ. വിജു ജേക്കബ്.
നെച്ചൂപ്പാടം കുടുംബാംഗമായ സി വി ജേക്കബ് സിന്തൈറ്റ് കെട്ടുറപ്പുള്ള ഒരു കുടുംബ ബിസിനസാണ്. സി വി ജേക്കബ് ചെയര്‍മാന്‍ പദവി അലങ്കരിക്കുമ്പോള്‍ അദ്ദേഹത്തോടൊപ്പം തുടക്കം മുതലേ കൂടെയുള്ള, സഹോദരിയുടെ മകന്‍ ജോര്‍ജ് പോള്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാനാണ്. പിതാവിന്റെ പാത പിന്തുടര്‍ന്നാണ് ഡോ. വിജു ജേക്കബും സഹോദന്‍ അജു ജേക്കബും ബിസിനസിലേക്ക് എത്തുന്നത്.
കുടുംബ ബിസിനസിലേക്ക് 1984ല്‍ കടന്നെത്തിയ ഡോ. വിജു ജേക്കബിന്റെ 37 വര്‍ഷത്തെ കരിയര്‍ കമ്പനിയെ മാത്രമല്ല വളര്‍ത്തിയിരിക്കുന്നത്, ഇന്ത്യന്‍ സേവറി, ഫ്‌ളേവര്‍, പെര്‍ഫ്യൂമറി വിപണിയില്‍ തന്നെ വിപ്ലവകരമായ പല മാറ്റങ്ങള്‍ക്കും ഇദ്ദേഹത്തിന്റെ പല നീക്കങ്ങളും കാരണമായി.
പുതിയ ഉല്‍പ്പന്നങ്ങളിലൂടെയും പുതിയ വിപണികള്‍ കണ്ടെത്തിയും മുന്നേറുന്ന ഡോ. വിജു ജേക്കബ് വ്യത്യസ്തനാകുന്നത് അദ്ദേഹത്തിന്റെ ചില ശൈലികള്‍ കൊണ്ടാണ്. വേറിട്ട ചില കാഴ്ചപ്പാടുകളും വിഭിന്നമായ ചില സ്വഭാവ സവിശേഷതകളും കൊണ്ടാണ്.
അറിയാം, ഡോ. വിജു ജേക്കബിന്റെ ആ വിജയചേരുവകള്‍.
സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ കോലഞ്ചേരിയിലെ ഓഫീസ് സമുച്ചയത്തിലെ 'ഓര്‍ക്കിഡ്' ഹാള്‍. ഒരു വശത്തെ ഭിത്തി ചിത്രങ്ങളിലൂടെയും ചെറുവിവരണങ്ങളിലൂടെയും പറയുന്നത് ഇന്നുവരെയുള്ള സിന്തൈറ്റ് ഇന്‍ഡസ്ട്രീസിന്റെ ചരിത്രം. ''എന്നെ ഇവിടെ സന്ദര്‍ശിക്കാന്‍ വരുന്നവരെ എല്ലാം ഈ ഹാളിലാണ് ഇരുത്തുക. സിന്തൈറ്റിനെ കുറിച്ചുള്ള കഥ ഈ ഭിത്തി തന്നെ അവര്‍ക്ക് പറഞ്ഞുകൊടുക്കും.'' തുറന്ന ചിരിയോടെ ഡോ. വിജു ജേക്കബ് പറയുന്നു. 37 വര്‍ഷം കൊണ്ട് പടിപടിയായി ഉയര്‍ന്നാണ് ഡോ. വിജു ജേക്കബ് സിന്തൈറ്റിന്റെ മാനേജിംഗ് ഡയറക്റ്റര്‍ പദവിയിലെത്തിയത്.
ഇതിനിടയില്‍ കഠിനമായ വെല്ലുവിളികളിലൂടെ കടന്നുപോയി. അസുഖകരമായ സന്ദര്‍ഭങ്ങളെ മുഖാമുഖം കണ്ടു. പക്ഷേ സിന്തൈറ്റ് വളര്‍ന്നുകൊണ്ടേയിരിക്കുന്നു. 1700 കോടി വിറ്റുവരവുള്ള പ്രസ്ഥാനം പുതുമയുള്ള ഉല്‍പ്പന്നങ്ങളുമായാണ് ലോകവിപണിയുടെ മുന്നില്‍ നിലയുറപ്പിച്ചിരിക്കുന്നത്.
ഒരേസമയം വെല്ലുവിളികളും ഉത്തരവാദിത്തങ്ങളും ഏറെയുള്ള പദവിയിലിരിക്കുന്ന ഡോ. വിജു ജേക്കബുമായുള്ള ദീര്‍ഘ സംഭാഷണം തുറന്നുതന്നത് പുതിയ ലോക സാഹചര്യങ്ങളില്‍ വിജയം തേടുന്ന ഒരു ബിസിനസ് സാരഥി തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുടെ ഒരു കലവറയാണ്.
യാത്ര
1984ല്‍ സിന്തൈറ്റില്‍ പ്രവേശിച്ച് ആറുമാസത്തിനുള്ളില്‍ പിതാവ് സി.വി ജേക്കബ് വിജു ജേക്കബിനെ ഓസ്‌ട്രേലിയയിലേക്ക് അയച്ചു. അവിടെ വിപണി കണ്ടെത്തലായിരുന്നു ലക്ഷ്യം. ''ഞാനവിടെ പോയി എന്ത് ചെയ്യുമെന്നായിരുന്നു ആദ്യ ചിന്ത. അവിടെയെത്തി. കസ്റ്റമേഴ്‌സുമായി സംസാരിച്ചു. ഒരു പ്രതിനിധിയെ നിയമിച്ചു. ആദ്യവര്‍ഷം തന്നെ മികച്ച ബിസിനസ് ഓസ്‌ട്രേലിയന്‍ വിപണിയില്‍ ചെയ്തു. യാത്രകളുടെയും വിപണി വിപുലീകരണത്തിന്റെയും തുടക്കം അവിടെ നിന്നാണ്,'' ഡോ. വിജു ജേക്കബ് പറയുന്നു.
കസ്റ്റമറെ കാണാനല്ലാതെ വിജു ജേക്കബ് യാത്ര നടത്തില്ല. ഇതിനകം ഏതാണ്ടെല്ലാ ലോകരാജ്യങ്ങളും സന്ദര്‍ശിച്ചും കഴിഞ്ഞു. ''ഏറ്റവും പുതിയ ടെക്‌നോളജി, പുതിയ ഉല്‍പ്പന്നങ്ങള്‍, വിപണിയിലെ ട്രെന്‍ഡ്, പുതിയ വിപണികളിലെ അവസരങ്ങള്‍ എന്നിവയെല്ലാം അറിയാന്‍ യാത്രയാണ് നല്ല വഴി.
നമ്മുടെ ഉപഭോക്തൃശ്രേണിയില്‍ വരുന്ന പരമാവധി ആളുകളുമായി നേരില്‍ സംസാരിക്കുക. നല്ലൊരു കേള്‍വിക്കാരനായിരിക്കുക. ബന്ധങ്ങള്‍ സ്ഥാപിക്കുക. പുതിയ ഉല്‍പ്പന്നങ്ങളെ സംബന്ധിച്ചുള്ള ആശയരൂപീകരണം മുതല്‍ അതിന്റെ വിപണി കണ്ടെത്തല്‍ വരെയുള്ള ഘട്ടങ്ങളില്‍ ഇതെല്ലാം പ്രത്യക്ഷമായും പരോക്ഷമായും ഏറെ സഹായകരമാകും,'' ഡോ. വിജു പറയുന്നു.
ഉപഭോക്താവിന്റെ ആവശ്യം അവരറിയും മുമ്പേ അറിയുക
മുമ്പ് എല്ലാ രാജ്യങ്ങള്‍ക്കും ഒരു പ്രത്യേക വിഭാഗത്തിലുള്ള ഉപഭോക്താക്കള്‍ക്ക് ഒരേപോലുള്ള ഉല്‍പ്പന്നം നല്‍കിയാല്‍ മതിയായിരുന്നു. ഇന്ന് ഓരോ കസ്റ്റമര്‍ക്കും ആവശ്യങ്ങള്‍ വ്യത്യസ്തമായിരിക്കും. അവരെയെല്ലാം തൃപ്തിപ്പെടുത്താന്‍ ഒരുപോലുള്ള ഉല്‍പ്പന്നമല്ല നല്‍കേണ്ടത്. ''ഒരു റോ മെറ്റീരിയലില്‍ നിന്നു തന്നെ 30-40 വേരിയന്റുകള്‍ ഞങ്ങളുണ്ടാക്കുന്നുണ്ട്. അത്രമാത്രം കസ്റ്റമൈസേഷന്‍ അനിവാര്യമാണ്. ഉപഭോക്താവിന്റെ യഥാര്‍ത്ഥ ആവശ്യം അവരേക്കാള്‍ നന്നായി നാം അറിഞ്ഞ് ഉല്‍പ്പന്നം നല്‍കണം.'' ഡോ. വിജു വ്യക്തമാക്കുന്നു.
ആഴത്തില്‍ പഠിക്കുക
നൂതനമായ ഒരു ഉല്‍പ്പന്നത്തിന്റെ ആശയം ലഭിച്ചു. വിജയകരമായി അത് വികസിപ്പിച്ചും എടുത്തു. പിന്നെ അതിനെ അതിവേഗം വാണിജ്യാടിസ്ഥാനത്തില്‍ വിജയിപ്പിച്ച് വിപണിയിലെത്തിക്കുക എന്നതിനുപരിയായി എല്ലാ വശങ്ങളും സമഗ്രമായി പഠിച്ച് വിലയിരുത്തി കുറ്റമറ്റ രീതിയില്‍ പുറത്തിറക്കുകയാണ് ഡോ. വിജുവിന്റെയും സിന്തൈറ്റിന്റെയും ശൈലി. ''പ്രാഥമിക ഘട്ടത്തില്‍ ഇതുമൂലം ഏറെ സമയനഷ്ടമുണ്ടായേക്കാം. അത് സാരമില്ല.
ഭാവിയിലെ പരാജയസാധ്യതകള്‍ ഒഴിവാക്കാന്‍ ഇത്തരത്തിലുള്ള ആഴത്തിലുള്ള പഠനം അനിവാര്യമാണ്. ഒരു ഉല്‍പ്പന്നം വികസിപ്പിച്ചെടുത്താല്‍ അതിന്റെ വ്യാവസായിക ഉല്‍പ്പാദനത്തിനു വേണ്ട സുസജ്ജമായ സിസ്റ്റം, ടീം എന്നിവയെല്ലാം റെഡിയായാല്‍ മാത്രമേ വിപണിയിലേക്ക് ഉല്‍പ്പന്നം എത്തിച്ചുതുടങ്ങൂ.
സിന്തൈറ്റിന്റെ ഏതൊരു ഉല്‍പ്പന്നവും ടോപ് ക്ലാസ് ആയിരിക്കണമെന്ന നിര്‍ബന്ധമുണ്ട്. അത് ഞങ്ങളുടെ ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്നുണ്ട്. എപ്പോഴും അതുറപ്പാക്കാന്‍ പ്രാഥമിക ഘട്ടത്തില്‍ ആഴത്തിലുള്ള പഠനം നടത്തിയിരിക്കും, സമയനഷ്ടം പരിഗണിക്കാതെ തന്നെ.''
പാഷന്‍ എന്നത് വെറും പാഷനല്ല
പാഷന്‍, അദമ്യമായ അഭിലാഷം, ഏതൊരു സംരംഭകനും ഏറെ പറയുന്ന വാക്ക്. പക്ഷേ ഡോ. വിജു ജേക്കബ് ഈ വാക്കിന് നല്‍കുന്ന നിര്‍വചനം കുറച്ച് വ്യത്യസ്തമാണ്. ''എല്ലാവരും പറയും പാഷനുണ്ടെന്ന്. പക്ഷേ എന്തുകൊണ്ടാണ് പലപ്പോഴും അത് നഷ്ടമാകുന്നത്? ഏത് വിപരീത സാഹചര്യത്തിലും സ്വയം, Come on, I will make it, എന്നു പറയാന്‍ സാധിക്കണം. പാഷന്‍ എന്നതില്‍ ചില ഘടകങ്ങള്‍ കൂടിയുണ്ട്. വെല്ലുവിളികളെ അതിജീവിക്കാനുള്ള ഇച്ഛാശക്തി, തുടരെ തുടരെയുള്ള തിരിച്ചടികളില്‍ പോലും പിടിച്ചുനിന്ന് വീണ്ടും പരിശ്രമിക്കാനുള്ള ക്ഷമ, അച്ചടക്കം എന്നിവയുണ്ടെങ്കില്‍ മാത്രമേ പാഷന്‍ അസ്തമിക്കാതിരിക്കൂ.'' ഡോ. വിജു ജേക്കബ് പറയുന്നു.
ഇന്നവേഷന്‍, പിന്നെ ക്രിയേറ്റിവിറ്റി
അനുകരണം ഡോ. വിജുവിന്റെയോ സിന്തൈറ്റിന്റെയോ ജീവരക്തത്തിലില്ല. നിരീക്ഷണങ്ങളില്‍ നിന്ന്, വിപണിയിലെ ട്രെന്‍ഡില്‍ നിന്ന് നൂതന ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിലാണ് ഡോ. വിജുവിന്റെ ശ്രദ്ധ. എന്തിനെയും ഏറ്റവും ക്രിയാത്മകതയോടെ അവതരിപ്പിക്കാന്‍ മാത്രമാണ് ശ്രമിക്കുന്നതും. മറ്റുള്ളവര്‍ ചെയ്യുന്നത് അനുകരിച്ച് ബിസിനസ് നേടുന്നത് ഡോ. വിജുവിനെ സംബന്ധിച്ച് അനാരോഗ്യകരമായ പ്രവണതയാണ്. ''മൗലികമായി ചിന്തിക്കുക. പുതുമകള്‍ ആവിഷ്‌കരിക്കുക. ചെയ്യുന്ന എന്തിലും ക്രിയാത്മകത കൊണ്ടുവരിക. അതാണ് വ്യത്യസ്തരാകാന്‍ സഹായിക്കുക.''
ഇഴകീറി പരിശോധിക്കൂ, ഇടംവലം ചോദ്യം ചെയ്യൂ
ഒരു കാലത്ത് ഡാഡി (സി.വി ജേക്കബ്)യുടെ മുന്നില്‍ പുതിയ കാര്യവുമായി ചെല്ലാന്‍ ഭയമായിരുന്നു. ഡോ. വിജു ജേക്കബ് പറയുന്നു. ഓരോ പുതിയ കാര്യത്തെ കുറിച്ചു കേള്‍ക്കുമ്പോഴും ഇഴകീറി പരിശോധിച്ച് ചോദ്യങ്ങള്‍ ചോദിക്കും സി.വി ജേക്കബ്. എല്ലാത്തിനും കൃത്യമായ മറുപടി കിട്ടിയാലും ബദല്‍ ഒരു വഴി പറഞ്ഞ് എന്തുകൊണ്ട് അത് സ്വീകരിച്ചില്ലെന്നും ആരായും. ഈ കടമ്പ കടക്കുക പ്രയാസമാണ്.
കാല്‍ക്കുലേറ്ററിനെ വെല്ലുന്ന വേഗതയും ഓര്‍മശക്തിയും എല്ലാത്തിനെയും കുറിച്ചുള്ള ആഴത്തിലുള്ള അറിവും എന്തിനെയും നിശിതമായി വിലയിരുത്താന്‍ സി.വി ജേക്കബിനെ സഹായിച്ചപ്പോള്‍ അദ്ദേഹം ചോദിക്കുന്ന ചോദ്യങ്ങള്‍ ഡോ. വിജു ജേക്കബിനെ പഴുതടച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലാക്കി വളര്‍ത്താനാണ് സഹായിച്ചത്. ''ഇന്ന് ഡാഡിയെ പോലെ ഔട്ട് ഓഫ് ദി ബോക്‌സ് ചോദ്യങ്ങള്‍ ഞാന്‍ ചോദിച്ചു തുടങ്ങി.'' സ്വയം ചോദിക്കുന്ന ഈ ചോദ്യങ്ങള്‍ പുതിയ രീതികള്‍ കണ്ടെത്താനും ഭാവിയില്‍ ഉണ്ടാകാനിടയുള്ള തിരിച്ചടികള്‍ ഒഴിവാക്കാനും കാരണമാകുന്നുണ്ട്.
തുനിഞ്ഞിറങ്ങൂ, ജയിച്ചുകയറാം
ഡോ. വിജുവിനെ സംബന്ധിച്ചിടത്തോളം മാര്‍ക്കറ്റിംഗ് എന്നാല്‍ കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ കൊണ്ടുള്ള അമ്മാനമാട്ടമല്ല. മറിച്ച് കസ്റ്റമറുമായുള്ള മനസ് തുറന്നുള്ള സംസാരവും കരുത്തുറ്റ ബന്ധം സൃഷ്ടിക്കലുമാണ്. അതിന്റെ ഉപോല്‍പ്പന്നം മാത്രമാണ് ബിസിനസ്. 2002ല്‍ സിന്തൈറ്റിന്റെ ഇന്ത്യന്‍ വിപണിയിലെ വിറ്റുവരവ് മൂന്ന് - മൂന്നരക്കോടി രൂപയായിരുന്നു. ഇന്നത് 420 കോടിക്കടുത്താണ്.
ഒരു ഡയറക്റ്റര്‍ ബോര്‍ഡ് മീറ്റിംഗില്‍ വെച്ചാണ് ഇന്ത്യന്‍ വിപണിയില്‍ സിന്തൈറ്റിനെ കൂടുതല്‍ വളര്‍ത്താനുള്ള വെല്ലുവിളി ഡോ. വിജു ഏറ്റെടുക്കുന്നത്. ''ലാപ്‌ടോപ്പുമായി പലരുടെയും മുന്നില്‍ ചെന്നിരുന്ന് കാര്യങ്ങള്‍ വിശദീകരിച്ചു. ഒന്നും സംഭവിച്ചില്ല. അതോടെ ശൈലി മാറ്റി. കസ്റ്റമേഴ്‌സിന്റെ മുന്നില്‍ ലൈവ് ഡെമോ നടത്തി തുടങ്ങി. നമ്മള്‍ക്കൊരു കാര്യം നേടിയെടുക്കണമെങ്കില്‍ പാതിമനസോടെ ഇറങ്ങിയിട്ട് കാര്യമില്ല. അതില്‍ പൂര്‍ണ്ണമായും മുഴുകണം. മാത്രമല്ല, നമ്മുടെ ഉല്‍പ്പന്നം വാങ്ങിപ്പിക്കാന്‍ പായ്ക്കിംഗ് അടക്കമുള്ള എല്ലാ തലത്തിലും വേണ്ട ഇടപെടല്‍ നടത്തണം,'' ഡോ. വിജു വിശദീകരിക്കുന്നു.
ഒരേ സമയം ഒട്ടനവധി കാര്യങ്ങള്‍ വേണ്ട
പിതാവ് സി.വി ജേക്കബില്‍ നിന്ന് തന്നെ പഠിച്ച കാര്യമാണിത്. വാരിവലിച്ച് ഒട്ടേറെ കാര്യങ്ങള്‍ ഒരേ സമയം ഡോ. വിജു ചെയ്യാറില്ല. ഒരു കാര്യത്തില്‍ ശ്രദ്ധയൂന്നിയാല്‍ അത് കുറ്റമറ്റ രീതിയിലാക്കിയ ശേഷം മാത്രം അടുത്തതിലേക്ക് അതാണ് രീതി.
വളര്‍ച്ചയും വിപുലീകരണവും പടി പടിയായി മാത്രം
വര്‍ഷങ്ങളുടെ പാരമ്പര്യമുണ്ട്. വിപണി പരിചയമുണ്ട്. ഫണ്ട് കണ്ടെത്താനും പ്രയാസമില്ല. എങ്കിലും ഏത് പുതിയ ഉല്‍പ്പന്നവും പടി പടിയായി മാത്രമേ ഉല്‍പ്പാദനം വര്‍ധിപ്പിച്ച് വിപണി വിപുലമാക്കൂ. ''പോള്‍ ആന്‍ഡ് മൈക്ക് എന്ന പേരില്‍ ചോക്ലേറ്റ് ഞങ്ങള്‍ വിപണിയിലിറക്കുന്നുണ്ട്. വലിയ ഫാക്ടറിയും സംവിധാനവും ആദ്യഘട്ടത്തില്‍ ഇതിനുണ്ടാക്കിയിട്ടില്ല. പതുക്കെ പതുക്കെ വിപണി വലുതാക്കലാണ് ലക്ഷ്യം. എവിടെയും ഇതാണ് രീതി.''
വായന, നോട്ട് തയ്യാറാക്കല്‍, പ്രാര്‍ത്ഥന
ഡോ. വിജുവിനെ വ്യത്യസ്തമാക്കുന്ന ഘടകങ്ങളില്‍ പിന്നിലല്ല മുന്നില്‍ തന്നെയാണ് ഇവയുടെ സ്ഥാനം. യാത്രകള്‍ക്കൊപ്പം പുതിയ മേഖലകളെ കുറിച്ചുള്ള അറിവിനായി വായനയുമുണ്ട്. നിര്‍മിത ബുദ്ധിയെ കുറിച്ചുള്ള പുസ്തകമാണ് ഇപ്പോള്‍ കൈയില്‍.
മറ്റൊന്ന് കൃത്യമായ നോട്ട് കുറിക്കലാണ്. സംസാരിക്കുന്ന ഓരോ വ്യക്തിയില്‍ നിന്നുള്ള അറിവും കൃത്യമായി കുറിച്ചുവെയ്ക്കും. മറ്റൊരാളുമായുള്ള സംഭാഷണത്തില്‍ ഇവയുടെ അനുബന്ധ വിവരങ്ങള്‍ തിരക്കും. ക്രോസ് ചെക്ക് ചെയ്യും. വിശകലനം ചെയ്യും. വിപണി പഠനം പോലും ഈ നോട്ട് വിശകലനത്തിലൂടെ ഡോ. വിജു നടത്തും.
പ്രാര്‍ത്ഥനയാണ് ഡോ. വിജുവിന്റെ കരുത്ത്. ദിവസം തുടങ്ങുന്നതും തീരുന്നതും പ്രാര്‍ത്ഥനയോടെയാണ്. നിര്‍ണായക തീരുമാനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും മുമ്പും പ്രാര്‍ത്ഥന കരുത്തായി കൂടെയുണ്ടാകും. ''ഒന്നും എന്റെ മിടുക്കല്ല. എല്ലാം അനുഗ്രഹമാണ്. ചില കഴിവുകള്‍ പിതാവില്‍ നിന്ന് കൈമാറിക്കിട്ടിയത്. ചിലത് ദൈവം അനുഗ്രഹിച്ച് നല്‍കിയത്. ഇതിനപ്പുറം ഒന്നുമില്ല,''
ഞാന്‍ എന്ന ഭാവമില്ലെങ്കില്‍ എവിടെയും വിജയിക്കാന്‍ സാധിക്കുമെന്നാണ് ഡോ. വിജുവിന്റെ പ്രമാണം. ഒറ്റയ്ക്ക് നിന്ന് ഒന്നും നേടാനാകില്ല. തുറന്ന് ചര്‍ച്ച ചെയ്യുക. ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുക. തീര്‍ച്ചയായും അത്ഭുതങ്ങള്‍ സംഭവിക്കും. ഡോ. വിജു ജേക്കബ് ഉറച്ചു വിശ്വസിക്കുന്നു. ഒപ്പം സ്വയം പ്രവര്‍ത്തിച്ച് കാണിക്കുകയും ചെയ്യുന്നു.
'അതെല്ലാം പഠിച്ചത് ഡാഡിയില്‍ നിന്ന്'
സി.വി ജേക്കബ് എന്ന മഹാനായ സംരംഭകനോടും പിതാവിനോടുമുള്ള ബഹുമാനം ഡോ. വിജു ജേക്കബിന്റെ ഓരോ വാക്കിലും കാണും. പിതാവില്‍ നിന്ന് പഠിച്ച കാര്യങ്ങള്‍ അക്കമിട്ട് നിരത്തി പറയും അദ്ദേഹം.
- നിരന്തര പരിശ്രമം പിതാവില്‍ നിന്ന് കണ്ട് പഠിച്ച കാര്യമാണ്. തിരിച്ചടികളിലും തളരാതെ ശ്രമിച്ചുകൊണ്ടേയിരിക്കും.
- എന്തും വരുന്നിടത്ത് വെച്ചു കാണാമെന്നതായിരുന്നു ഡാഡിയുടെ മനോഭാവം. വെല്ലുവിളികള്‍ എന്തുംവരട്ടെ ഒരു കൈ നോക്കാം എന്ന ആ ഭാവം എന്നിലേക്കും പകര്‍ന്നിട്ടുണ്ട്.
- വരാനിടയുള്ളത് മുന്‍കൂട്ടി കാണാന്‍ ഡാഡിക്ക് വൈഭവമുണ്ടായിരുന്നു. മാര്‍ക്കറ്റിംഗ്, പര്‍ച്ചേസ് എന്നീ നിര്‍ണായക കാര്യങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ പലതും മുമ്പേ കണ്ടറിയാന്‍ പറ്റുന്നത്, അദ്ദേഹത്തില്‍ നിന്ന് കൈമാറിക്കിട്ടിയ ആ കഴിവുകൊണ്ടാണ്.
- ഒരേസമയം ഒരുകാര്യത്തില്‍ മാത്രം ശ്രദ്ധയൂന്നുന്ന ശൈലി ഡാഡിയില്‍ നിന്ന് കണ്ട് പഠിച്ചതാണ്.
- ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുക. നമ്മുടെ മുന്നില്‍ വരുന്ന കാര്യങ്ങള്‍ അതേപടി ഉള്‍ക്കൊള്ളാതെ ഇഴകീറി പരിശോധിക്കണം. റിപ്പോര്‍ട്ടുകളായാലും റിസള്‍ട്ടുകളായാലും ഔട്ട് ഓഫ് ദി ബോക്‌സ് ചോദിച്ചാലേ ശരിയായ ചിത്രം കിട്ടൂ. അതും ഡാഡിയില്‍ നിന്ന് ലഭിച്ചതാണ്.
സമരം പഠിപ്പിച്ച പാഠം
46 വര്‍ഷമായി സിന്തൈറ്റില്‍ തൊഴിലാളി യൂണിയന്‍ ഇല്ലായിരുന്നു. ജീവനക്കാര്‍ക്ക് നല്‍കുന്ന സേവന വേതന വ്യവസ്ഥകള്‍കൊണ്ട് വേറിട്ട് നിന്ന പ്രസ്ഥാനം. പക്ഷേ ഒരു വര്‍ഷം മുമ്പ് വാര്‍ത്തയില്‍ നിറഞ്ഞത് തൊഴിലാളി സമരം കൊണ്ടാണ്. ചര്‍ച്ചകള്‍ പല തലത്തില്‍ നടന്നു. അവയെല്ലാം അലസിപ്പിരിഞ്ഞു. സമരം നീണ്ടാല്‍ കേരളം വിടുമെന്ന് മാനേജ്‌മെന്റും പ്രഖ്യാപിച്ചു. പക്ഷേ എല്ലാം പിന്നീട് രമ്യതയോടെ പരിഹരിച്ചു. അവിടെ ഡോ. വിജു ജേക്കബ് നടത്തിയ നീക്കങ്ങളും ശ്രദ്ധേയമായി.
കമ്പനിയിലെ സമരത്തില്‍ നിന്ന് ഞാന്‍ പഠിച്ച ഏറ്റവും വലിയ പാഠം, പ്രൊഫഷണലിസം നല്ലതാണ്, പക്ഷേ നാം ചിലതെല്ലാം തൊട്ടറിയണം. എത്രമാത്രം പ്രൊഫഷണലിസം കൊണ്ടുവന്നാലും അക്കാര്യം നാം ചെയ്തിരിക്കണം,'' ഡോ. വിജു പറയുന്നു.
35 വര്‍ഷം മുമ്പേ ബന്ധമുണ്ടായിരുന്ന ഒരു സുഹൃത്തിന്റെ മാര്‍ഗനിര്‍ദേശമാണ് പ്രശ്‌നം പരിഹരിക്കുന്ന കാര്യത്തില്‍ വഴിത്തിരിവായതെന്ന് ഡോ. വിജു പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് കാര്യം ധരിപ്പിച്ചു. ''A man with definite decision മുഖ്യമന്ത്രിയെ ഇങ്ങനെ വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. എന്തായാലും കുഴപ്പങ്ങള്‍ അവസാനിച്ചു.''