"സംരംഭകത്വത്തില്‍ കേരളം ഇനിയുമേറെ സഞ്ചരിക്കണം"; അരുണ സുന്ദരരാജൻ

ഇന്ത്യയിലെ ഏറ്റവും പുരോഗനാത്മക ചിന്താഗതിയുള്ള സമൂഹമാണെങ്കിലും സംരംഭകത്വത്തിൽ കേരളം ഇനിയുമേറേ മുന്നേറണമെന്ന് മുൻ ടെലികോം സെക്രട്ടറി അരുണ സുന്ദരരാജൻ. കൊച്ചിയിൽ വിമൻ ഇൻ ബിസിനസ് കോൺക്ലേവിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു . സംരംഭകത്വത്തിൽ കേരളത്തിന് രാജ്യത്തിനു തന്നെ മാതൃകയാകാം . പക്ഷേ അത് സാധ്യമാകാൻ ഇനിയുമേറെ സഞ്ചരിക്കാനുണ്ട് . രാജ്യത്തു തന്നെ അർത്ഥവത്തായ , സമൂഹത്തെ സ്പർശിക്കുന്ന സ്റ്റാർട്ടപ്പ് ആശയങ്ങൾ കൂടുതൽ കേരളത്തിലാണെന്ന് അരുണ സുന്ദരരാജൻ ചൂണ്ടിക്കാട്ടി.

കേരളം, കോഴിക്കോട്, ചത്തീസ്ഗഡ് എന്നിവിടങ്ങളിലാണ് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ക്രിയേറ്റീവും വ്യത്യസ്തവുമായ സ്റ്റാര്‍ട്ടപ്പുകളുള്ളതെന്നും ഇവിടങ്ങളാണ് ഏറ്റവും മികച്ച സംരംഭകത്വ സാഹചര്യങ്ങളുള്ള സ്ഥലങ്ങളെന്നും അരുണ സുന്ദരരാജന്‍ വ്യക്തമാക്കി.

ആദ്യകാലത്ത് കുടുംബശ്രീ സംരംഭകര്‍ക്ക് ബാങ്കുകളില്‍ ഏറെ നേരം കാത്തിരിക്കേണ്ടി വന്നിരുന്നെന്നും പിന്നീട് സാഹചര്യങ്ങള്‍ മാറിയിട്ടുണ്ടെന്നും അത് സാമൂഹികമായി മാത്രമല്ല സംരംഭകത്വപരമായി തന്നെ ഏറെ മാറ്റങ്ങള്‍ക്ക് വഴി വച്ചുവെന്ന് അരുണ സുന്ദരരാജന്‍ തന്‍റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഉദാഹരണങ്ങളോടെ വ്യക്തമാക്കി.

ആദ്യകാലത്ത് ഒരു ഐഎഎസ് ഉദ്യോഗസ്ഥയായിരുന്നിട്ടു കൂടി സെക്രട്ടേറിയേറ്റിലും മറ്റും എത്തുന്പോള്‍ ലിംഗസമത്വമില്ലായ്മ അനുഭവപ്പെട്ടിരുന്നുവെന്നും സമൂഹത്തിലെ മറ്റ് മേഖലകളിലുള്ള വനിതകള്‍ അനുഭവിക്കുന്ന അസമത്വത്തെക്കുറിച്ച് അപ്പോഴാണ് താന്‍ ചിന്തിച്ചു തുടങ്ങിയതെന്നും അരുണ സുന്ദരരാജന്‍ വ്യക്തമാക്കി.

ഇന്ന് സാഹചര്യങ്ങള്‍ ഏറെ മാറി, കേരളത്തില്‍ ഇന്നുള്ളത് ജെന്‍ഡര്‍ വ്യത്യാസങ്ങളില്ലാത്ത സംരംഭകത്വ മുന്നേറ്റമാണെന്നും പിന്നിലേക്ക് മാറാതെ സ്വന്തം കരുത്ത് തിരിച്ചറിഞ്ഞ് മുന്നോട്ട് വരണമെന്നും മുന്‍ ടെലികോം സെക്രട്ടറി പറഞ്ഞു.

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it