എയര്‍ ഇന്ത്യ, ബിപിസിഎല്‍, എല്‍ഐസി വില്‍പ്പന അവതാളത്തില്‍
ലോക സമ്പദ് വ്യവസ്ഥ കനത്ത തിരിച്ചടി നേരിടുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന ലക്ഷ്യങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴുന്നു. വിപണിയിലെ മോശം സാഹചര്യങ്ങള്‍ മൂലം പൊതുമേഖലാ കമ്പനികളുടെ ഓഹരി വില്‍പ്പനയിലൂടെ കേന്ദ്രം ലക്ഷ്യമിട്ടിരുന്ന തുക മുന്‍വര്‍ഷങ്ങളിലൊന്നും സമാഹരിക്കാന്‍ സാധിച്ചിരുന്നില്ല.
പൊതുമേഖലാ കമ്പനികളുടെ ഓഹരി വില്‍പ്പനയിലൂടെ 2.15 ലക്ഷം കോടി രൂപയാണ് കേന്ദ്ര ബജറ്റില്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഓഹരി വിപണിയിലെ തകര്‍ച്ച മൂലം ഈ ലക്ഷ്യം നേടാന്‍ സാധിക്കില്ലെന്ന് ഏതാണ്ടുറപ്പായി. എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പന നടക്കുമോയെന്നുറപ്പില്ല.
സര്‍ക്കാര്‍ താല്‍പ്പര്യപത്രം ക്ഷണിച്ചിട്ടുള്ള ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഓഹരി വില വ്യാഴാഴ്ച വന്‍ ഇടിവ് നേരിട്ടെങ്കിലും ഇന്ന് ഉയര്‍ന്ന് 376 രൂപയിലെത്തി. പക്ഷേ നവംബറിലെ 549 രൂപ എന്ന തലത്തില്‍ നിന്ന് ഏറെ താഴ്ന്നു കഴിഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നതാണ് എല്‍ ഐ സി ഓഹരി വില്‍പ്പന. സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാവുകയും ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുകയും ചെയ്താല്‍ എല്‍ ഐ സി വില്‍പ്പന വഴി സമാഹരിക്കാന്‍ ഉദ്ദേശിച്ച തുകയും ലഭിക്കാനിടയില്ല. സ്വകാര്യ നിക്ഷേപകര്‍ കളമൊഴിഞ്ഞു നില്‍ക്കുകയാണ്. പൊതുമേഖലാ കമ്പനികളുടെ ഓഹരി വില്‍പ്പന കൂടി അവതാളത്തിലാകുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ വരുമാനം വറ്റിവരളും.
അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കായുള്ള നിക്ഷേപം, പിഎം കിസാന്‍ പോലുള്ള സാമൂഹ്യസുരക്ഷാ പദ്ധതികള്‍ക്കുള്ള വിഹിതം തുടങ്ങി എല്ലാത്തിനെയും ഈ വരുമാന വരള്‍ച്ച പ്രതികൂലമായി ബാധിക്കും. രാജ്യത്ത് നിക്ഷേപം വേണ്ട രീതിയില്‍ നടക്കാതിരിക്കുന്നതിനൊപ്പം സാമൂഹ്യ സുരക്ഷാ പദ്ധതികളിലൂടെ സാധാരണക്കാരുടെ കൈകളിലേക്ക് പണം വരാത്ത സാഹചര്യം കൂടി വന്നാല്‍ ഡിമാന്റ് ഇനിയും ഇടിയും.
ഇന്ത്യയുടെ സാമ്പത്തിക മാന്ദ്യത്തിന് കാരണം ഡിമാന്റിലുണ്ടായ ഇടിവാണെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഡിമാന്റില്‍ വീണ്ടും ഇടിവ് സംബന്ധിച്ചാല്‍ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline