ജീവനക്കാരുടെ ഒരു മാസത്തെ വേതനം വെട്ടിക്കുറച്ച് സര്‍ക്കാരിന് പിടിച്ചുനില്‍ക്കാനാകുമോ?
ലോക്ക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ നികുതി, നികുതിയേതര വരുമാസ സ്രോതസുകള്‍ വറ്റി വരണ്ടതോടെ കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. കോവിഡ് കാലത്തിനു മുമ്പേ സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന സംസ്ഥാനത്തിന് കോവിഡിന് ശേഷം കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമാകും.
ലോക്ക്ഡൗണ്‍ മെയ് മൂന്നിന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചാല്‍ പോലും കേരളത്തിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം ബിസിനസുകളും വ്യാപരമേഖലയും സാധാരണ നിലയിലേക്ക് എത്താന്‍ സമയമേറെ പിടിക്കും. എന്നാല്‍ മെയ് മൂന്നിന് പോലും ലോക്ക്ഡൗണ്‍ പിന്‍വലിക്കുമെന്ന കാര്യം ഇപ്പോള്‍ ഉറപ്പിച്ച് പറയാനാകാത്ത സ്ഥിതിയാണ്. കേരളത്തില്‍ തന്നെ ഗ്രീന്‍ സോണായിരുന്ന ജില്ലകളില്‍ വീണ്ടും കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ അവയുടെ നിറം മാറിയിരിക്കുകയാണ്. ഈ സാഹചര്യം തുടര്‍ന്നും ആവര്‍ത്തിക്കാനിടയുണ്ട്. സംസ്ഥാനത്തെ വാണിജ്യ, വ്യവസായ മേഖലകളെ കോവിഡ് അസ്ഥിരപ്പെടുത്തുമ്പോള്‍ കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് വീഴുന്നത്.
ഈ മാസം ശമ്പളം എങ്ങനെ നല്‍കും?
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളച്ചെലവ് മാസം 2450 കോടി രൂപയാണ്. പെന്‍ഷന്‍ വിതരണത്തിനായി മറ്റൊരു 1450 കോടി രൂപ വേണം. എന്നാല്‍ നിലവില്‍ കേരളത്തിന്റെ ട്രഷറി ബാലന്‍സ് ആയിരം കോടി രൂപയില്‍ താഴെയാണ്.
പ്രളയകാലത്ത് പോലെ സാലറി ചലഞ്ച് കൊണ്ടുവരാനിരുന്ന സര്‍ക്കാര്‍ പിന്നീട് ആ തീരുമാനം മാറ്റി. പകരം മാസം ആറു ദിവസത്തെ വേതനം എന്ന നിരക്കില്‍ ആറുമാസം ശമ്പളം വെട്ടിക്കുറയ്ക്കാനാണ് ഇപ്പോള്‍ തീരുമാനം. ഈ രീതിയില്‍ പിടിക്കുന്ന വേതനം പിന്നീട് ജീവനക്കാര്‍ക്ക് തിരിച്ചു നല്‍കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് പ്രതിഷേധം പരമാവധി കുറച്ച്, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം സമാഹരിക്കാനാണ് സര്‍ക്കാര്‍ ഈ വഴി സ്വീകരിച്ചത്. മാസം തോറും ആറു ദിവസത്തെ ശമ്പളമെന്നത് മൊത്തം ശമ്പളത്തിന്റെ 20 ശതമാനം വരും. അതായത് മാസം ഏകദേശം 490 കോടി രൂപ ഇത്തരത്തില്‍ സര്‍ക്കാരിന് ലഭിക്കും. ഇതു കൂടാതെ പൊതുമേഖലാ സ്ഥാപനങ്ങള്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാരുടെ വെട്ടിക്കുറച്ച വേതനം കൂടി വരും.
പക്ഷേ, അതത് മാസത്തെ ചെലവുകള്‍ക്ക് എങ്ങനെ പണം കണ്ടെത്തുമെന്നതാണ് സംസ്ഥാന സര്‍ക്കാരിന് മുന്നിലെ ചോദ്യം. ഇപ്പോള്‍ തന്നെ വളരെ ഉയര്‍ന്ന പലിശയ്ക്കാണ് സംസ്ഥാനം കടമെടുത്തിരിക്കുന്നത്. ഇതിനെതിരെ റിസര്‍വ് ബാങ്ക് താക്കീതും നല്‍കിയിട്ടുണ്ട്. വാര്‍ഷിക കടമെടുപ്പ് പരിധി മൂന്നു ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കാനുള്ള സംസ്ഥാനത്തിന്റെ ആവശ്യത്തില്‍ കേന്ദ്രം തീരുമാനമെടുത്തിട്ടുമില്ല.
സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ ഏതാണ്ട് 60 ശതമാനത്തിലേറെ സര്‍ക്കാര്‍ ജീവനക്കാരുടെ വേതനം, പെന്‍ഷന്‍ എന്നിവയ്ക്കാണ് വിനിയോഗിക്കുന്നത്.
സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ, ലോക്ക്ഡൗണ്‍ കാലത്തിനു ശേഷം പുനരുജ്ജീവിപ്പിക്കാന്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും കാര്‍ഷിക മേഖലയ്ക്കും വന്‍തോതില്‍ പിന്തുണ നല്‍കേണ്ടി വരും. ''സംസ്ഥാനത്തെ ചെറുകിട, ഇടത്തരം സംരംഭകരും കച്ചവടക്കാരും കര്‍ഷകരും പണമില്ലാതെ ബുദ്ധിമുട്ടുകയാണ്. സംരംഭകര്‍ക്ക് പ്രവര്‍ത്തന മൂലധനം ഇല്ലാത്ത സ്ഥിതിയാണ്. ഇവരെ കേരള സര്‍ക്കാര്‍ പിന്തുണച്ചില്ലെങ്കില്‍ അവര്‍ മാത്രമല്ല, സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ കൂടി തകരും. അതിനുള്ള പണം സര്‍ക്കാര്‍ കണ്ടെത്തിയേണ്ടിരിക്കുന്നു,'' പബ്ലിക് ഫിനാന്‍സ് വിദഗ്ധനും ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷനിലെ മുന്‍ ഫാക്കല്‍റ്റിയുമായ ജോസ് സെബാസ്റ്റിയന്‍ പറയുന്നു.
പണം എങ്ങനെ കണ്ടെത്തും?
സര്‍ക്കാര്‍ വരുമാനത്തിന്റെ 50 ശതമാനം മാത്രമാക്കി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ചുരുക്കേണ്ടി വരുമെന്നാണ് ജോസ് സെബാസ്റ്റിയന്‍ അഭിപ്രായപ്പെടുന്നത്. ''മറ്റ് വരുമാന സ്രോതസ്സുകള്‍ അടുത്ത നാളുകളിലൊന്നും മെച്ചപ്പെടാനിടയില്ല. അപ്പോള്‍ നിലവിലെ ഫിക്‌സഡ് ചെലവുകള്‍ ചുരുക്കുകയാണ് വഴി. അതുകൊണ്ട് കേരള സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ച വേതനം വെട്ടിക്കുറയ്ക്കല്‍ നടപടി ആറുമാസം കഴിഞ്ഞാലും നീളാന്‍ തന്നെയാണ് സാധ്യത,'' ജോസ് സെബാസ്റ്റിയന്‍ ചൂണ്ടിക്കാട്ടുന്നു.
മാത്രമല്ല പെന്‍ഷന്‍കാര്‍ക്ക് കിട്ടുന്ന തുകയിലും ഇനി കുറവ് വരാന്‍ സാധ്യതയുണ്ട്. ''സര്‍ക്കാര്‍ ജീവനക്കാരുടെ വേതനത്തില്‍ കുറവ് വരുത്തിയതുകൊണ്ടുമാത്രം ധന പ്രതിസന്ധി മറികടക്കാനാവില്ല. പെന്‍ഷന്‍ തുകയിലും കുറവു വരുത്തണം. പ്രതിമാസം 30,000 രൂപ വരെയുള്ള പെന്‍ഷന്‍ തുകയുടെ അഞ്ചു ശതമാനവും 30,000 - 40,000 രൂപ വരെയുള്ളതിന്റെ പത്ത് ശതമാനവും 50,000 - 60,000 രൂപ വരെയുള്ളതില്‍ 15 ശതമാനവും 60,000 രൂപയ്ക്കു മേലുള്ള പെന്‍ഷന്‍ തുകയുടെ 20 ശതമാനവും വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം,'' ജോസ് സെബാസ്റ്റിയന്‍ അഭിപ്രായപ്പെടുന്നു.
ഉല്‍പ്പാദന പരമായ മേഖലകളിലേക്ക് കൂടുതല്‍ പണം ഒഴുക്കിയില്ലെങ്കില്‍ കേരളത്തിന്റെ നിലനില്‍പ്പ് തന്നെ അവതാളത്തിലാകുന്നതിനാല്‍ ഇത്തരം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്ന് ജോസ് സെബാസ്റ്റിയന്‍ ചൂണ്ടിക്കാട്ടുന്നു. കാറ്റഗറി തിരിച്ച് പെന്‍ഷന്‍ തുക വെട്ടിക്കുറച്ചാല്‍ പെന്‍ഷന്‍കാര്‍ക്കും അത് പ്രയാസം സൃഷ്ടിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
വേണം കടുത്ത നടപടികള്‍
സംസ്ഥാനത്തെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകാതെ എക്‌സൈസ്, മോട്ടോര്‍ വാഹന നികുതി, സ്റ്റാംപ് ഡ്യൂട്ടി എന്നിവ ഖജനാവിലേക്ക് വരാനിടയില്ല. പെട്രോള്‍-ഡീസല്‍ എന്നിവയില്‍ നിന്നുള്ള നികുതി വരുമാനവും മദ്യവില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനവും കോവിഡ് കാലത്തിന് മുമ്പുള്ളത് ലഭിച്ചാല്‍ തന്നെ സര്‍ക്കാര്‍ ചെലവിന് അത് മതിയാകില്ല.
ഓണം വന്നാല്‍ പോലും കേരളത്തിലെ വ്യാപാര മേഖല ഉണരുമെന്ന് ഇപ്പോള്‍ ഉറപ്പുമില്ല. ആ സാഹചര്യത്തില്‍ കടുത്ത ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കേണ്ടി വരും.
എംഎല്‍എമാരുടെയും മന്ത്രിമാരുടെയും പ്രതിമാസ ബത്തകൡ ഇപ്പോള്‍ കുറവു വരുത്തിയിട്ടുണ്ട്. ഇനി പ്രൈവറ്റ് സെക്രട്ടറിമാരുടെ എണ്ണം കുറയ്ക്കുക, അവര്‍ക്കുള്ള പ്രതിമാസ ചെലവുകള്‍ കുറയ്ക്കുക, സര്‍ക്കാരിന് അധിക ബാധ്യത സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കോര്‍പ്പറേഷനുകളും കമ്മിഷനുകളും പിരിച്ചുവിടുക, നഷ്ടത്തില്‍ പോകുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ പുനഃസംഘടിപ്പിക്കുക തുടങ്ങി കര്‍ശനവും ഇതുവരെ കേരളം സ്വീകരിക്കാത്തതുമായ നടപടികള്‍ വരും നാളുകളില്‍ എടുത്തില്ലെങ്കില്‍ സംസ്ഥാനം ധന പ്രതിസന്ധിയില്‍ നിന്ന്് കരകയറില്ല.
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ കടമെടുക്കുമ്പോള്‍ നല്‍കുന്നതിനേക്കാള്‍ ഏറെ കൂടിയ പലിശയാണ് കേരളം ഇപ്പോള്‍ നല്‍കുന്നത്. കേന്ദ്രത്തില്‍ നിന്ന് വലിയ തോതില്‍ വിഹിതമൊന്നും പ്രതീക്ഷിക്കാനുമില്ല. അതുകൊണ്ട് കടുത്ത ചെലവ് ചുരുക്കല്‍ മാത്രമാണ് കേരളത്തിന് മുന്നിലെ വഴി.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline