ഗള്‍ഫിലെ പ്രതിസന്ധി കേരളത്തിന് കനത്ത ആഘാതമാകും: ജോയ് ആലുക്കാസ്

ലോകത്തിലെ 11 രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട് ജോയ്ആലുക്കാസ് ഗ്രൂപ്പിന്. ജൂവല്‍റി, മണി എക്‌സ്‌ചേഞ്ച്, ഫാഷന്‍&സില്‍ക്ക്‌സ്, മാളുകള്‍ എന്നിങ്ങനെ വിവിധ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിച്ചിരിക്കുന്ന ഗ്രൂപ്പിന് കീഴിലായി 8000ത്തോളം ജീവനക്കാരുമുണ്ട്. 2010 മുതല്‍ തുടര്‍ച്ചയായി എട്ടുവര്‍ഷം യുഎഇയില്‍ സൂപ്പര്‍ ബ്രാന്‍ഡ് പദവി ലഭിച്ച ഏക ജൂവല്‍റി ബ്രാന്‍ഡാണ് ജോയ്ആലുക്കാസ്.

കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ജൂവല്‍റി റീറ്റെയ്ല്‍ രംഗത്തുണ്ടാകാനിടയുള്ള മാറ്റങ്ങളും ഗള്‍ഫിലെ ബിസിനസ് സാഹചര്യങ്ങളിലുണ്ടാകുന്ന വ്യതിയാനങ്ങളും ധനം ഓണ്‍ലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ജോയ് ആലുക്കാസ് വിശദീകരിക്കുന്നു.

ഗള്‍ഫിലെ അടിസ്ഥാന സൗകര്യ മേഖല സ്തംഭിക്കും, അതിന്റെ പ്രത്യാഘാതം രൂക്ഷമായിരിക്കും

ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റാണ് ഗള്‍ഫ് രാജ്യങ്ങളിലെ നിര്‍ണായകമായ മേഖല. പിന്നെ ടൂറിസവും. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഈ രണ്ടുമേഖലയ്ക്കുമാണ് കനത്ത തിരിച്ചടിയുണ്ടായിരിക്കുന്നത്.

ലോകത്ത് എണ്ണയുടെ ഉപഭോഗം കുത്തനെ കുറഞ്ഞതോടെ എണ്ണ വിലയില്‍ വന്‍ ഇടിവാണുണ്ടായിരിക്കുന്നത്. ടൂറിസവും നിലച്ചു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോള്‍ അടിസ്ഥാന സൗകര്യ വികസന രംഗത്തേക്കുള്ള പണം ഒഴുക്ക് കുറയും. അതോടെ വന്‍കിട പദ്ധതികളുടെ നിര്‍മാണം ഉപേക്ഷിക്കുകയോ മാറ്റി വെയ്ക്കുകയോ ചെയ്യും.

ഗള്‍ഫിലെ ഏതാണ്ടെല്ലാ മേഖലകളും ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയുമായി ബന്ധപ്പെട്ടോ ആശ്രയിച്ചോ നില്‍ക്കുന്നവയാണ്. അതുകൊണ്ട് ആ രംഗത്തുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മറ്റെല്ലാ രംഗത്തേക്കും വ്യാപിക്കും.

പ്രവാസികളായ ഒട്ടനവധി മലയാളികള്‍ക്ക് തൊഴില്‍ നഷ്ടമാകും. അവിടെയുള്ള മലയാളി സംരംഭകരെയും ഇതെല്ലാം പ്രതികൂലമായി ബാധിക്കും. കോവിഡ് മൂലമുള്ള യാത്രാവിലക്ക് മാറി വിമാന സര്‍വീസ് പുനഃരാരംഭിക്കുന്നതോടെ പതിനായിരക്കണക്കിന് മലയാളികള്‍ കേരളത്തിലേക്ക് തിരിച്ചെത്താന്‍ തുടങ്ങും. തൊഴില്‍ നഷ്ടപ്പെട്ടും അവിടെയുള്ള സംരംഭങ്ങള്‍ അടച്ചുപൂട്ടിയും ഒക്കെയാകും അവര്‍ ഇവിടേക്ക് വരുന്നത്. ഇവരെ എങ്ങനെ കേരളം പുനരധിവസിപ്പിക്കും?

കേരളത്തിലെ റീറ്റെയ്ല്‍ മേഖല, ഭവന നിര്‍്മാണ മേഖല തുടങ്ങിയവയെല്ലാം വന്‍തോതില്‍ ഗള്‍ഫ് പണത്തെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. ഗള്‍ഫിലെ തൊഴില്‍ നഷ്ടവും കോവിഡ് മൂലം ഇവിടെയുള്ള ജനങ്ങക്കുള്ള സാമ്പത്തിക പ്രതിസന്ധിയും ജനങ്ങളുടെ ക്രയശേഷി വല്ലാതെ കുറയ്ക്കും.

ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, ആഡംബരവസ്തുക്കള്‍ എന്നിവയില്‍ നിന്നെല്ലാം മാറി ആവശ്യ വസ്തുക്കള്‍ വാങ്ങുകയെന്ന ശീലത്തിലേക്ക് മലയാളികള്‍ ചുരുങ്ങുമ്പോള്‍ കേരളത്തിലെ വ്യാപാരമേഖലയെയും അത് പ്രതികൂലമായി ബാധിക്കും. പ്രവാസികളുടെ പണം വരവ് കുറയുമ്പോള്‍ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയിലും അത് കനത്ത ആഘാതം സൃഷ്ടിക്കും.

ജൂവല്‍റി മേഖലയില്‍ കാര്യങ്ങള്‍ സാധരണഗതിയിലാകാന്‍ കുറഞ്ഞത് ഒരു വര്‍ഷം പിടിക്കും

ഞങ്ങള്‍ക്ക് 11 രാജ്യങ്ങളിലായി 156 ലേറെ ജൂവല്‍റി സ്‌റ്റോറുകളുണ്ട്. എല്ലാം ഇപ്പോള്‍ പൂട്ടിക്കിടക്കുകയാണ്. പല രാജ്യങ്ങളിലും അടുത്ത ആറുമാസത്തിനുള്ളില്‍ ഷോറൂം തുറക്കാനാകുമെന്ന പ്രതീക്ഷ പോലുമില്ല. ജൂവല്‍റി റീറ്റെയ്ല്‍ രംഗത്തെ എല്ലാവരുടെയും സ്ഥിതി ഇങ്ങനെയാണ്.

പക്ഷേ ബിസിനസിലെ പ്രത്യാഘാതങ്ങളേക്കാള്‍ മനുഷ്യരാശിയുടെ നിലനില്‍പ്പിനെ കുറിച്ചാണിപ്പോള്‍ ഞാന്‍ ചിന്തിക്കുന്നത്. ജനങ്ങള്‍ ലോകത്തെമ്പാടും മരിക്കുമ്പോഴും മരണഭീതിയില്‍ കഴിയുമ്പോഴും ആഭരണ ബിസിനസിനെ കുറിച്ച് പറയുന്നതില്‍ അര്‍ത്ഥമില്ല.

മനുഷ്യരാശിയെ ഭീതിയിലാഴ്ത്തുന്ന ഈ വൈറസ് ബാധ നിയന്ത്രണ വിധേയമായി ജനജീവിതം സാധാരണ നിലയിലാകാതെ ജൂവല്‍റി റീറ്റെയ്ല്‍ രംഗത്ത് കാര്യങ്ങള്‍ സാധാരണ സ്ഥിതിയിലാകില്ല. അടുത്ത ഒരു വര്‍ഷമെങ്കിലും അതിന് വേണ്ടിവരുമെന്നാണ് എന്റെ കണക്കുകൂട്ടല്‍.

കേരളം മാറിചിന്തിക്കണം

കേരളത്തില്‍ തന്നെ സംരംഭകര്‍ക്ക് വളരാനുള്ള സാഹചര്യം ഒരുക്കാന്‍ സര്‍ക്കാരും പൊതുസമൂഹവും തയ്യാറായില്ലെങ്കില്‍ സംസ്ഥാനത്തിന്റെ സ്ഥിതി ദയനീയമാകും. ഗള്‍ഫ് പ്രതിസന്ധി രൂക്ഷമാകുന്നതോടെ ഇവിടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കും. കേരളം ബംഗാളികളുടെ ഗള്‍ഫാണ്. കേരളത്തിലെ വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്യുന്ന അതിഥി തൊഴിലാളികള്‍ക്കും ഇതുകൊണ്ട് തൊഴില്‍ നഷ്ടമാകും.

നമ്മുടെ നാട്ടിലെ സാധാരണ തൊഴിലുകള്‍ ചെയ്യാന്‍ ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തുന്നവര്‍ തയ്യാറാകില്ല. കാരണം അവര്‍ ഇതുവരെ പിന്തുടര്‍ന്നുവന്ന ജീവിതശൈലിയില്‍ നിന്ന് പെട്ടെന്ന് മാറില്ല. തൊഴില്‍ നഷ്ടത്തെ തുടര്‍ന്ന് കുറേയേറെ അതിഥി തൊഴിലാളികളെങ്കിലും തിരിച്ചുപോകും. കുറേപേര്‍ ഇവിടെ കാണും. അതൊക്കെ കേരളത്തിന്റെ സാമൂഹ്യ, സാമ്പത്തിക, സാംസ്‌കാരിക രംഗത്ത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.

നമ്മുടെ നാട്ടില്‍ തന്നെ സംരംഭങ്ങള്‍ ആരംഭിക്കാന്‍ സാധിക്കുന്ന സാഹചര്യമുണ്ടായാല്‍ കുറേയേറെ ബിസിനസുകള്‍ ഇവിടെ വരും. ചെറിയ കാര്യം പറഞ്ഞ് സംരംഭങ്ങളെ പൂട്ടിക്കുന്ന ശീലം പൊതുജനങ്ങളും ഉപേക്ഷിക്കണം. നമ്മള്‍ ഇനിയും മാറിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

T.S Geena
T.S Geena  

Associate Editor

Related Articles
Next Story
Videos
Share it