Begin typing your search above and press return to search.
കേരളത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായി ഫാക്ട്, ഓഹരിയില്‍ 20% കുതിപ്പ്
കേരളത്തിലെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനിയെന്ന നേട്ടം സ്വന്തമാക്കി കൊച്ചി ആസ്ഥാനമായ പൊതുമേഖലാ വളം നിര്‍മാണക്കമ്പനിയായ ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ് (ഫാക്ട്/FACT). ഇന്ന് ഓഹരി 20 ശതമാനം കുതിച്ചതോടെയാണ് മുത്തൂറ്റ് ഫിനാന്‍സിനെ മറികടന്ന് ഫാക്ട് ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ന് വ്യാപാരം അവസാനിക്കുമ്പോള്‍ ഫാക്ടിന്റെ വിപണി മൂല്യം 70,553 കോടി രൂപയാണ്. മുത്തൂറ്റ് ഫിനാന്‍സിന്റേത് 69,947 രൂപയും. 58,549 കോടി രൂപ വിപണി മൂല്യവുമായി കൊച്ചിന്‍ ഷിപ്പ്‌യാഡാണ് മൂന്നാം സ്ഥാനത്ത്.
കേന്ദ്ര സര്‍ക്കാര്‍ ഖാരിഫ് വിളകളുടെ താങ്ങുവില കൂട്ടിയതും ജൂണ്‍ 22ന് കൂടുന്ന ജി.എസ്.ടി കൗണ്‍സില്‍ മീറ്റിംഗില്‍ വളം കമ്പനികൾക്ക് ജി.എസ്.ടി ഒഴിവാക്കുമെന്ന പ്രതീക്ഷയുമാണ് ഫാക്ട് ഉള്‍പ്പെടെയുള്ള വളം കമ്പനി ഓഹരികളെ ഇന്ന് മുന്നേറ്റത്തിലാക്കിയത്.
ഇതാദ്യമായാണ് ഫാക്ടിന്റെ വിപണി മൂല്യം 70,000 കോടി കടക്കുന്നത്. ഇതിനു മുമ്പ് മുത്തൂറ്റ് ഫിനാന്‍സ് മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ഇന്ന് രാവിലത്തെ വ്യാപാരത്തിനിടയില്‍ തന്നെ ഓഹരി 20 ശതമാനം മുന്നേറി 1,090.35 എന്ന സര്‍വകാല റെക്കോഡിലെത്തി. ഓഹരി വില ആദ്യമായാണ് 1,000 രൂപ മറികടക്കുന്നത്.
5 വര്‍ഷത്തെ ഓഹരിയുടെ നേട്ടം 2,883%
കഴിഞ്ഞ കുറച്ച് കാലങ്ങളായി ഫാക്ട് ഓഹരികള്‍ മുന്നേറ്റത്തിലാണ്. 2018 നവംബര്‍ ഒന്നിന് വെറും 36.85 രൂപയായിരുന്ന ഓഹരിയാണ് ഇന്ന് 1,090 രൂപയിലെത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ 2,883 ശതമാനത്തിലധികം നേട്ടമാണ് ഫാക്ട് ഓഹരികള്‍ നിക്ഷേപകര്‍ക്ക് നല്‍കിയത്. ഒരു വര്‍ഷക്കാലയളവില്‍ നേട്ടം 161 ശതമാനവും.
ഫാക്ടിന്റെ 90 ശതമാനം ഓഹരികളും കേന്ദ്ര സര്‍ക്കാരിന്റെ കൈയിലാണ്. 10 ശതമാനം ഓഹരികള്‍ മാത്രമാണ് പൊതു ഓഹരിയുടമകളുടെ കൈവശമുള്ളത്.
Next Story
Videos