ബിസിനസിലെ വെല്ലുവിളികളെ അതിജീവിക്കാം, സ്മാർട്ടായി

ബിസിനസിലെ വെല്ലുവിളികളെ അതിജീവിക്കാം, സ്മാർട്ടായി
Published on

വെല്ലുവിളികള്‍ നിറഞ്ഞ ഇപ്പോഴത്തെ സാഹചര്യത്തില്‍ സംരംഭകര്‍ അവരുടെ ബിസിനസില്‍ നടപ്പിലാക്കേണ്ട കര്‍ശനമായ ചില പ്രവര്‍ത്തനങ്ങളെകുറിച്ചാണ് ഈ ലേഖനത്തില്‍ വിവരിക്കുന്നത്.

നിരവധി ആഘാതങ്ങളാണ് കേരളത്തിലെ സാമ്പത്തിക രംഗത്തിന് അടുത്തിടെയായി ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്. എല്ലാവര്‍ക്കും അറിയാവുന്നതുപോലെ 2015 ലെ എണ്ണ വിലയിലുണ്ടായ തകര്‍ച്ചയോടെയായിരുന്നു തുടക്കം.

ധാരാളം വിദേശ മലയാളികള്‍ ഇതു മൂലം നാട്ടിലേക്ക് തിരിച്ചുപോരേണ്ടി വന്നു. യഥാര്‍ത്ഥത്തില്‍ ആ പ്രതിഭാസം ഇപ്പോഴും തുടരുകയാണ്. 2018ലും കൂടുതല്‍ വിദേശ മലയാളികള്‍ തിരിച്ചെത്തിക്കൊണ്ടിരിക്കുന്നു. തുടര്‍ന്ന് 2016 നവംബര്‍ എട്ടിന് വന്ന നോട്ടു നിരോധനം സമസ്ത മേഖലകളെയും ഒരു പോലെ ബാധിച്ചു.

2017 ജൂലൈ ഒന്നിനു നടപ്പാക്കിയ ജിഎസ്ടി ആയിരുന്നു അടുത്ത ഷോക്ക്. അനൗദ്യോഗിക മേഖലയാണ് ഇതിന്റെ ആഘാതം കൂടുതല്‍ ഏറ്റുവാങ്ങിയത്.

2018ല്‍ എത്തിയപ്പോഴാകട്ടെ ആദ്യം വരള്‍ച്ച, പിന്നെ നിപ്പ വൈറസ്, അവസാനം മഹാപ്രളയം. ഓരോ ആഘാതവും ഹ്രസ്വകാലത്തേക്ക് കേരളത്തിന്റെ സാമ്പത്തിക രംഗത്തെ ഭയങ്കരമായി സങ്കോചിപ്പിച്ചു. ആഘാതത്തിനു ശേഷം അത് താഴ്ന്ന തലത്തില്‍ തന്നെ തുടരുകയും ചെയ്യുന്നു.

അത്തരം ഗുരുതരമായ ആഘാതങ്ങളെല്ലാം ബിസിനസുകളിലും ഭീമമായ നഷ്ടമുണ്ടാക്കി. ബിസിനസുകളുടെ കരുത്തിനെ ആശ്രയിച്ചാണ് ഈ ആഘാതങ്ങളുടെ പ്രതിഫലനം ദൃശ്യമായത്. മൂന്നു വിശാല വിഭാഗങ്ങളായാണ് ഞാന്‍ ബിസിനസുകളെ തരം തിരിക്കുന്നത്.

ആദ്യത്തേത് കരുത്തുറ്റ ബിസിനസുകള്‍- ലാഭകരമായി മുന്നോട്ടു പോകുന്ന ബിസിനസുകളാണിത്. അവര്‍ക്ക് നല്ല പണ ലഭ്യതയുണ്ടാകും. അടുത്തത് ശരാശരി ബിസിനസുകള്‍- ലാഭത്തിലല്ലാത്ത ബിസിനസുകളാണ് ഇതില്‍ വരുന്നത്. എന്നാല്‍ അവര്‍ക്ക് പോസിറ്റീവായ കാഷ് ഫ്‌ളോ ഉണ്ടാകും. മൂന്നാമത്തേത് ദുര്‍ബല ബിസിനസുകള്‍- ലാഭകരമല്ലാത്ത, കാഷ് ബ്രേക്ക് ഈവന്‍ ആയി നീങ്ങിക്കൊണ്ടിരിക്കുന്ന ബിസിനസുകളാണിവ.

ഓരോ ആഘാതത്തിനു ശേഷവും കരുത്തുറ്റ  ബിസിനസുകള്‍ ശരാശരിയിലേക്കും ശരാശരി ബിസിനസുകള്‍  ദുര്‍ബലാവസ്ഥയിലേക്കും ദുര്‍ബല ബിസിനസുകള്‍ കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ തന്നെ അടുച്ചുപൂട്ടലിലേക്കും നീങ്ങുന്നതായി കാണാനാകും.

ഇനി കാഷ് ബ്രേക്ക് ഈവന്‍ ആയിട്ടുള്ള ദുര്‍ബല ബിസിനസുകളെ (ടേബിള്‍ ഒന്നില്‍ കൊടുത്തിരിക്കുന്നു) എങ്ങനെയാണ് പരിഗണിക്കുന്നതെന്ന് വിശദമാക്കാം. ഉദാഹരണത്തിന് ബിസിനസിന്റെ മൊത്ത ലാഭം 50 ശതമാനമാണ്. അതായത് രണ്ടു രൂപയുള്ള ഒരു ഉല്‍പ്പന്നം നിര്‍മിക്കാന്‍ ഒരു രൂപ ചെലവു വരും.

ഓരോ പീരീഡിലും 200 രൂപ വില വരുന്ന ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള ശേഷി ബിസിനസിനുണ്ട്. എന്നിരുന്നാലും ആവശ്യത്തിനനുസരിച്ച് ഉല്‍പ്പന്നങ്ങള്‍ അവര്‍ക്ക് വില്‍ക്കാനാകുന്നില്ല. ഉല്‍പ്പാദനത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ വാങ്ങാനുള്ള പണം ഇല്ലാത്തതിനാലും 50 ശതമാനം കപ്പാസിറ്റി മാത്രമാണ്

പ്രയോജനപ്പെടുത്തുന്നതെന്നതിനാലും അവര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ നേടാന്‍ സാധിക്കുന്നില്ല. നേരത്തെ പറഞ്ഞതുപോലെ സാമ്പത്തിക മേഖലയെ എന്തെങ്കിലും ആഘാതം ബാധിക്കുമ്പോള്‍ അത് ബിസിനസിനെ സങ്കോചിപ്പിക്കും. ഇത് പെട്ടെന്ന് വില്‍പ്പന കുറയാനും വരുമാനം ചുരുങ്ങാനും പണം വരുന്നതില്‍ കാലതാമസമുണ്ടാക്കാനും ഇടയാക്കും. ഈ ഘടകങ്ങളെല്ലാം ഒരു ദുര്‍ബലമായ ബിസിനസിനെ നെഗറ്റീവ് കാഷ് ഫ്‌ളോയിലേക്ക് നയിക്കും.

ബ്രേക്ക് ഈവന്‍ ലെവല്‍ ഡിമാന്‍ഡിനനുസരിച്ച് ഉല്‍പ്പാദനം നടത്താന്‍ വേണ്ട അവശ്യ വസ്തുക്കള്‍ വാങ്ങാന്‍ പണമില്ലാതെ വരുന്നതിനെയാണ് നെഗറ്റീവ് കാഷ് ഫ്‌ളോ എന്നു പറയുന്നത്.

ടേബിള്‍ 2 ല്‍ പറയുന്നതുപോലെ, ദുര്‍ബല ബിസിനസുകള്‍ പീരീഡ് ഒന്നില്‍ ബ്രേക്ക് ഈവന്‍ ആയിരുന്നെങ്കില്‍ പീരീഡ് രണ്ടില്‍ വില്‍പ്പന കുറവ് നേരിടുകയും ഇത് കുറഞ്ഞ കാഷ് ബാലന്‍സിലേക്ക് നയിക്കുകയും ചെയ്തു.

ലാഭവും നഷ്ടവുമില്ലാത്ത ഒരവസ്ഥ (ബ്രേക്ക് ഈവന്‍) നിലനിര്‍ത്താന്‍ ആവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്ത അവസ്ഥയിലേക്കാണ് കുറഞ്ഞ കാഷ് ബാലന്‍സ് ബിസിനസിനെ കൊണ്ടുപോവുക.ഓരോ കാലയളവിനു ശേഷവും ബിസിനസിന്റെ കാഷ് ബാലന്‍സ് കുറഞ്ഞുകൊണ്ടിരിക്കും, അന്തിമമായി പീരീഡ് ആറിലേതു പോലെ ബിസിനസ്അടച്ചു പൂട്ടുന്നതു വരെ.

പ്രതിസന്ധി കാലഘട്ടത്തില്‍ സംഭവിക്കുന്നത്

ഇത് ബിസിനസുകളെ സംബന്ധിച്ച് പ്രതിസന്ധി കാലഘട്ടമാണ്. പ്രതിസന്ധി കാലഘട്ടങ്ങളില്‍ സംരംഭകന്‍ തന്റെ സമയത്തിന്റെ 90 ശതമാനം ഫണ്ട് കണ്ടെത്താന്‍ വേണ്ടിയായിരിക്കും ചെലവഴിക്കുക.

  • ഇടപാടുകാര്‍ അസന്തുഷ്ടരായിരിക്കും കാരണം ലഭിച്ച ഓര്‍ഡറുകള്‍ കൃത്യസമയത്ത് നല്‍കാന്‍ ബിസിനസിനു സാധിക്കില്ല.
  • വിതരണക്കാര്‍ അസന്തുഷ്ടരാകും കാരണം പേമെന്റുകള്‍ വൈകികൊണ്ടേയിരിക്കും.
  • ജീവനക്കാര്‍ അസന്തുഷ്ടരായിരിക്കും കാരണം ശമ്പളം കൂടുതല്‍ കൂടുതല്‍ വൈകും.
  • ബാങ്കുകള്‍ പോലെയുള്ള വായ്പാദാതാക്കളും അസന്തുഷ്ടരാകും കാരണം വായ്പാ തിരിച്ചടവ് വീണ്ടും വീണ്ടും താമസിക്കും.

ബാങ്കുകളെ പോലുള്ള വായ്പാദാതാക്കളെ സംതൃപ്തരാക്കാന്‍ മിക്ക ബിസിനസുകളും ഇത്തരം സാഹചര്യങ്ങളില്‍ ലാഭം പെരുപ്പിച്ചുകാട്ടി ഇല്ലാത്ത ലാഭത്തിന് നികുതി അടയ്ക്കുന്നതു കാണാറുണ്ട്. അതേപോലെ നിര്‍ബന്ധമായി അടയ്‌ക്കേണ്ട ഇഎസ്‌ഐ, പിഎഫ്, ജിഎസ്ടി എന്നിവയും വൈകും.

ഈ കാലയളവില്‍ മിക്ക സംരംഭകരും ബിസിനസ് മുന്നോട്ടു കൊണ്ടുപോകാന്‍ വേണ്ടി കാര്യമായ പണം ഇറക്കും, പക്ഷേ അത് പൂര്‍ണമായും ഉപയോഗശൂന്യമാവുകയും ചെയ്യും. അപ്പോള്‍ എങ്ങനെയാണ് നിക്ഷേപിക്കുന്ന പണം ഉപയോഗശൂന്യമായി മാറുന്നത്?

ടേബിള്‍ 3 ല്‍ കാണുന്നതു പോലെ സംരംഭകന്‍ പീരീഡ് 2, 3, 4 എന്നിവയില്‍ 10 രൂപ വീതം മൂന്നു തവണയായി മൊത്തം 30 രൂപ നിക്ഷേപിച്ചു.

പണം നിക്ഷേപിച്ചിട്ടും ബിസിനസ് അവസാനം അടച്ചു പൂട്ടേണ്ടി വന്നതായി ടേബിളില്‍ നിന്നും മനസിലാക്കാം.

സംരംഭകര്‍ മനസിലാക്കേണ്ടത്.

പ്രതിസന്ധി കാലഘട്ടങ്ങളില്‍ ചെറിയ തുകകള്‍ വീതം ബിസിനസിലേക്ക് ഇറക്കുന്നത് അടച്ചുപൂട്ടലില്‍ നിന്ന് രക്ഷിക്കാന്‍ സഹായകമാകില്ല. യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുകയും കര്‍ശനമായ നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ ബിസിനസ് അടച്ചുപൂട്ടേണ്ടി വരുമെന്ന് മനസിലാക്കുകയുമാണ് സംരംഭകന്‍ ചെയ്യേണ്ടത്. ഒപ്പം അടുത്ത മൂന്നു മാസത്തേക്ക് ഓരോ ആഴ്ചയിലും ആവശ്യമായി വരുന്ന യഥാര്‍ത്ഥമായ കാഷ് ഫ്‌ളോ തയ്യാറാക്കണം.

ബിസിനസിനെ തിരിച്ചുകൊണ്ടുവരാന്‍ ആവശ്യമായ പണം എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയും വേണം.ബിസിനസിന് ആവശ്യമായ പണം എന്നതുകൊണ്ട് ഞാന്‍ അര്‍ത്ഥമാക്കുന്നത് എന്താണെന്ന് ടേബിള്‍ 4 ല്‍ വ്യക്തമാക്കിയിട്ടുണ്ട്.

പീരീഡ് 2ല്‍ ബിസിനസ് പ്രതിസന്ധിയിലേക്ക് നീളുമ്പോള്‍

സംരംഭകന്‍ പീരീഡ് 3യില്‍ കാണുന്നതുപോലെ ആവശ്യമായ പണം ബിസിനസിലേക്ക് ഇറക്കാനുള്ള അതിവേഗ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.

പീരീഡ് 3ല്‍ സംരംഭകന്‍ ബിസിനസിനെ തിരിച്ചുകൊണ്ടുവരാന്‍ 15 രൂപ അധികമായി ഇറക്കുന്നതായി ടേബിളില്‍ കാണാന്‍ സാധിക്കും. 15 രൂപയില്‍ താഴെ എത്ര രൂപ ഇറക്കിയാലും ബിസിനസ് തിരിച്ചുകൊണ്ടുവരാനാകില്ല. കൂടാതെ പണമിറക്കാന്‍ താമസമുണ്ടായാല്‍ ബിസിനസ് തിരിച്ചുകൊണ്ടു വരാന്‍ വേണ്ടി കൂടുതല്‍ തുക മുടക്കേണ്ടിയും വരും.

അപ്പോള്‍ പ്രതിസന്ധി ഘട്ടത്തില്‍ എന്ത് കര്‍ശന പ്രവര്‍ത്തനങ്ങളാണ് സംരംഭകന്‍ നടത്തേണ്ടത്?

  • ആദ്യം സംരംഭകന്‍ ശ്രദ്ധ ചെലുത്തേണ്ടത് കാഷ് ഫ്‌ളോയില്‍ മാത്രമാണ്. അല്ലാതെ ലാഭത്തിലോ വില്‍പ്പനയിലോ അല്ല.
  • പണം സമാഹരിക്കാനുള്ള കാലദൈര്‍ഘ്യം കുറയ്ക്കാന്‍ കസ്റ്റമര്‍ക്ക് ഡിസ്‌കൗണ്ടുകള്‍ നല്‍കി പേമെന്റ് നേരത്തെയാക്കാന്‍ ശ്രമിക്കുക.
  • കൂടാതെ 'കാഷ് ടു കാഷ് സൈക്കിള്‍' കുറവുള്ള സാധനങ്ങള്‍ വില്‍ക്കാന്‍ സംരംഭകന് ശ്രമിക്കാവുന്നതുമാണ്.
  • ബള്‍ക്ക് പര്‍ച്ചേസ് ഒഴിവാക്കി ഉടനടി വില്‍പ്പനയ്ക്ക് ആവശ്യമായ സാധനങ്ങള്‍ മാത്രം വാങ്ങി വയ്ക്കുക.

ഇക്കാര്യങ്ങളെല്ലാം നടപ്പാക്കിയിട്ടും ബിസിനസിനെ തിരികെ കൊണ്ടുവരാനാവശ്യമായ പണം ഇറക്കാന്‍ സാധിക്കാതെ വന്നാല്‍ ഉയര്‍ന്ന നിരക്കില്‍ വായ്പയെടുക്കുന്നതിനെ കുറിച്ച് സംരംഭകന് ചിന്തിക്കാവുന്നതാണ്.

മുകളില്‍ കാണുന്നതുപോലെ യാഥാര്‍ത്ഥ്യത്തെ അംഗീകരിച്ച് കര്‍ശനമായ നടപടികള്‍ സ്വീകരിച്ചെങ്കില്‍ മാത്രമേ പ്രതിസന്ധിയിലായ ബിസിനസുകളെ ലാഭത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കൂ.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com