നിങ്ങളുടെ ബിസിനസിനെ എങ്ങനെ പുനരുജ്ജീവിപ്പിക്കാം
കേരളം നേരിട്ട പ്രളയക്കെടുതി കേവലം ചില ജില്ലകളെ മാത്രമല്ല, മറിച്ച് സംസ്ഥാനത്തെയൊന്നാകെ ബാധിച്ച ഒരു ദുരന്തമാണ്. ജീവനും സ്വത്തിനും സംഭവിച്ച നഷ്ടങ്ങള്‍ക്ക് പുറമെ വലിയൊരു ജനവിഭാഗത്തിന്റെ വരുമാനസ്രോതസ്സുകള്‍ നിലച്ചുപോയെന്നത് സംസ്ഥാനം നേരിടാന്‍ പോകുന്ന വെല്ലുവിളികളുടെ വ്യാപ്തി വെളിവാക്കുന്ന ഒരു വസ്തുതയാണ്.
ഇതിനിടയില്‍ ബിസിനസുകള്‍ക്ക് കനത്ത നഷ്ടമാണ് ഉണ്ടായിരുന്നതെന്ന് പ്രത്യേകിച്ച് എടുത്തുപറയേണ്ടതില്ലല്ലോ. പ്രളയക്കെടുതി നേരിട്ട് ബാധിച്ച ബിസിനസ് യൂണിറ്റുകള്‍ നിരവധിയാണ്. അത്രതന്നെ യൂണിറ്റുകളെ ഇത് പരോക്ഷമായി ബാധിച്ചിട്ടുണ്ട്.
നോട്ട് നിരോധനവും, ജിഎസ്ടി നടപ്പാക്കലും മൂലം പ്രതിസന്ധിയിലായിരുന്ന ചെറു ഇടത്തരം ബിസിനസുകള്‍ക്ക് മുന്നില്‍ ഈ അപ്രതീക്ഷിത ദുരന്തം വലിയ വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്.
നിങ്ങളുടെ സ്ഥലം വെള്ളത്തിനടിയിലായില്ല എന്നതുകൊണ്ട് നിങ്ങളെ ദുരന്തം ബാധിച്ചിട്ടില്ലെന്ന് ആശ്വസിച്ചിരിക്കാന്‍ കഴിയില്ല.
പ്രളയം നിങ്ങളെ നേരിട്ട് ബാധിച്ചിട്ടില്ലെങ്കില്‍
ഏതൊരു പ്രകൃതി ദുരന്തം പോലെ ഇതും ജനങ്ങളുടെ പണം ചെലവിടുന്ന രീതിയെയും വാങ്ങാനുള്ള ശേഷിയെയും കാര്യമായി ബാധിക്കും. ഈയൊരു മാറ്റം എല്ലാത്തരം ബിസിനസുകളെയും അനുകൂലമായോ പ്രതികൂലമായോ സ്വാധീനിക്കാം.
ഇത്തരം ഒരു സാഹചര്യത്തില്‍, ഇന്‍ഫ്രാസ്ട്രക്ചര്‍, ഭവന നിര്‍മ്മാണം, അടിസ്ഥാന സൗകര്യങ്ങള്‍, അവശ്യ സാധനങ്ങള്‍ എന്നിവയ്ക്ക് വേണ്ടി കൂടുതല്‍ പണം ചെലവിടും. അതേസമയം, ആഡംബര വസ്തുക്കള്‍, വിനോദം, യാത്രകള്‍, ആഡംബര വിവാഹങ്ങള്‍ എന്നിവയ്ക്ക് ആളുകള്‍ പണം ചെലവിടുകയില്ല. അതുകൊണ്ടുതന്നെ, ഓരോ സംരംഭകരും സ്വന്തം ബിസിനസിനെ പ്രളയം എങ്ങിനെയായായിരിക്കും ബാധിക്കുക എന്ന് വിശദമായി പഠിച്ച് അതിനനുസരിച്ചോരു പദ്ധതി തയ്യാറാക്കുകയായിരിക്കും കൂടുതല്‍ ഫലപ്രദം.
ഇത്തരത്തില്‍ നിങ്ങളുടെ ബിസിനസിന് നിരവധി അവസങ്ങള്‍ തുറന്നുവരുന്നുണ്ടെങ്കില്‍, അവ കൃത്യമായി ഉപയോഗപ്പെടുത്തണം. അതുനുവേണ്ടി, നിങ്ങളുടെ മൂലധനവിഭവ ശേഷികള്‍ വര്‍ദ്ധിപ്പിക്കുകയും വേണം.
മറിച്ച് അവസങ്ങള്‍ കുറയുകയാണ് ചെയ്യുന്നതെങ്കില്‍, ബിസിനസിന്റെ വ്യാപ്തി, ചെലവ് എന്നിവ കുറച്ച്, കാര്യക്ഷമത വര്‍ധിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണം. ഇതര വരുമാന മാര്‍ഗങ്ങള്‍ തേടുന്നത് ഈയവസരത്തില്‍ ഏറെ ഗുണം ചെയ്യും.
പ്രളയം നിങ്ങളെ നേരിട്ട് ബാധിച്ചിട്ടുണ്ടെങ്കില്‍
പ്രളയദുരന്തത്തില്‍ നേരിട്ട് നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കില്‍ താഴെ പറയുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.
നാശനഷ്ടങ്ങള്‍ വിലയിരുത്തുക
ഏറ്റവും പ്രധാനം നിങ്ങളുടെ ബിസിനസിന് സംഭവിച്ച നാശനഷ്ടങ്ങള്‍ വിലയിരുത്തുക എന്നതാണ്. ഇതില്‍ കെട്ടിടം, യന്ത്രങ്ങള്‍, അസംസ്‌കൃത വസ്തുക്കളുടെ സ്റ്റോക്ക് എന്നിവയ്ക്ക് സംഭവിച്ച കേടുപാടുകള്‍ പ്രത്യേകം വിലയിരുത്തണം.
ഇന്‍ഷുറന്‍സ് ഏജന്റുമായി ബന്ധപ്പെടുക
നിങ്ങളുടെ ഇന്‍ഷുറന്‍സ് പോളിസി പരിശോധിച്ച് മേല്‍പ്പറഞ്ഞ വസ്തുക്കള്‍ റിട്ടണ്‍ ഡൗണ്‍ വാല്യൂ അല്ലെങ്കില്‍ റീപ്ലേസ്‌മെന്റ് വാല്യൂ ഇതില്‍ ഏതുരീതിയിലാണ് ഇന്‍ഷ്വര്‍ ചെയ്തിരിക്കുന്നതെന്ന് പരിശോധിക്കുക.
നിങ്ങളുടെ ഇന്‍ഷുറന്‍സ് ഏജന്റുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് മതിയായ രേഖകള്‍ക്കൊപ്പം ഇന്‍ഷുറന്‍സ് ക്ലെയിം സമര്‍പ്പിക്കണം.
യന്ത്രങ്ങളുടെ കേടുപാടുകള്‍ വിലയിരുത്തുക
യന്ത്രങ്ങള്‍ക്ക് കാര്യമായ തകരാറുകള്‍ സംഭവിച്ചിട്ടുണ്ടെകില്‍ അറ്റകുറ്റപ്പണിയ്ക്ക് വേണ്ടിവരുന്ന ചെലവ്, പുതിയത് വാങ്ങുന്നതിള്ള ചെലവ് എന്നിവ തമ്മില്‍ ഒരു താരതമ്യ പഠനം നടത്തുന്നത് ഉചിതമായിരിക്കും.
അറ്റകുറ്റപ്പണിക്ക് വരുന്ന കാലതാമസവും പുതിയ യന്ത്രം വാങ്ങുന്നതിള്ള ചെലവും കൂടി താരതമ്യം ചെയ്യുമ്പോള്‍ , അറ്റകുറ്റപ്പണി മൂലം ഉല്പാദനം തടസ്സപ്പെടുന്ന സാഹചര്യവും, കാലതാമസം മൂലം നഷ്ടപ്പെടുന്ന ബിസിനസ് അവസരങ്ങള്‍, സബ്‌സിഡി, നികുതി ഇളവുകള്‍, പുതിയ യന്ത്രം കൊണ്ടുണ്ടാകുന്ന വര്‍ധിച്ച പ്രവൃത്തന ശേഷി, ഉല്‍പാദന ചെലവിലുണ്ടാകുന്ന കുറവ് എന്നിവ കൂടി കണക്കിലെടുക്കണം.
ബാങ്കുകളുടെ പ്രത്യേക സ്‌കീമുകള്‍ അറിയാം
പ്രകൃതി ദുരന്തം മൂലമുണ്ടായ നഷ്ടത്തെ മറികടക്കാന്‍ ബാങ്കുകള്‍ ബിസിനസുകള്‍ക്ക് പ്രത്യേക സ്‌കീമുകള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. കോളാറ്ററല്‍ സെക്യൂരിറ്റി ഇല്ലാതെയുള്ള വായ്പ, തിരിച്ചടവിന് കൂടുതല്‍ സമയം എന്നിങ്ങനെയുള്ള ഇളവുകള്‍ ബാങ്കുകള്‍ ഓഫര്‍ ചെയ്യുന്നുണ്ട്.
ബാങ്കുകളുമായി ബന്ധപ്പെട്ട് ഇത്തരം സ്‌കീമുകളെപ്പറ്റി അറിയുക. അറ്റകുറ്റപ്പണികള്‍ക്കും, നവീകരണത്തിനും, പുതിയ യന്ത്രം എന്നിവയ്ക്കുള്ള ഫിനാന്‍സിങ് ടേം ലോണ്‍ വഴി മാത്രമേ ലഭിക്കൂ. ആദ്യ ഘട്ടത്തില്‍ കൂടുതല്‍ സാമ്പത്തിക ഭാരം ഒഴിവാക്കാന്‍ ബാങ്കിനോട് ആദ്യ തിരിച്ചടവിന് പരമാവധി സമയം (repayment holiday) നല്‍കണമെന്ന് അഭ്യര്‍ഥിക്കാം. ഫിക്‌സഡ് ഒബ്ലിഗേഷന്‍സ് പരമാവധി കുറഞ്ഞിരിക്കുന്നതിനായി വായ്പാ കാലാവധി കൂടുതല്‍ ഉള്ള ഓപ്ഷന്‍ തെരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്.
ഔട്ട് സോഴ്‌സ് ചെയ്യാം
അറ്റകുറ്റപ്പണികള്‍ക്ക് കൂടുതല്‍ കാലതാമസം ഉണ്ടാകുകയാണെങ്കില്‍, യന്ത്ര സാമഗ്രികള്‍ വാടകയ്ക്ക് എടുക്കാം. വേണ്ടിവന്നാല്‍ കുറച്ചുകാലത്തേക്ക് എല്ലാ ജോലികളും ഔട്ട് സോഴ്‌സ് ചെയ്യുന്ന കാര്യവും പരിഗണിക്കാം.
ക്ലയന്റുമായി ചര്‍ച്ച നടത്തുക
ഏതെങ്കിലും വഴി തെരഞ്ഞെടുക്കുന്നതിന് മുന്‍പ്, വിവിധ ഓപ്ഷനുകള്‍ പരിശോധിക്കണം. ലാഭത്തെ ബാധിക്കാത്ത വിധത്തിലായിരിക്കണം മുന്നോട്ടുള്ള വഴി തെരഞ്ഞെടുക്കേണ്ടത്. എന്നാല്‍ എല്ലാക്കാര്യങ്ങളും ചെലവുകളും ലാഭവും നോക്കി തീരുമാനിക്കാനാകില്ല. ഉദാഹരണത്തിന് വളരെ കുറച്ച് ക്ലയന്റുകളെ ചുറ്റിപ്പറ്റിയാണ് നമ്മുടെ ബിസിനസ് എങ്കില്‍ അവര്‍ക്ക് നല്‍കിയിരിക്കുന്ന ഉറപ്പുകള്‍ പാലിക്കേണ്ടത് നമ്മെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമായിരിക്കും. ഈ സാഹചര്യത്തില്‍, പര്‍ചേസ് കോണ്‍ട്രാക്ട്/സര്‍വീസ് ലെവല്‍ എഗ്രിമെന്റ് എന്നിവ പരിശോധിച്ച് അതില്‍ പറഞ്ഞിരിക്കുന്ന പെനാല്‍റ്റി, കരാറിന്റെ ഫ്‌ലെക്‌സിബിലിറ്റി എന്നിവ കണ്ടെത്തണം. കരാര്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ സാധിക്കുമോ എന്നതിനെക്കുറിച്ച് ക്ലയന്റുമായി ഒരു തുറന്ന ചര്‍ച്ചയാകാം.
പ്രവര്‍ത്തന മൂലധനം ഉറപ്പു വരുത്തണം
പ്രവര്‍ത്തന മൂലധനം എത്രമാത്രം വേണ്ടിവരുമെന്നതിനെക്കുറിച്ച് വ്യക്തമായ കണക്കുകൂട്ടല്‍ ഉണ്ടാകണം. നിലവിലുള്ള ആസ്തികള്‍ക്ക് സംഭവിച്ച നാശനഷ്ടത്തിന്റെ അളവ്, വരും ദിവസങ്ങളിലെ ബിസിനസ് പ്രവര്‍ത്തനങ്ങളുടെ തോത്, പേയ്‌മെന്റുകള്‍ക്ക് എടുക്കുന്ന സമയം എന്നിവയെ ആശ്രയിച്ചിരിക്കും ഇത്.
സ്റ്റോക്കുകള്‍ വിലയിരുത്തുക
സ്റ്റോക്കുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കില്‍, അവര്‍ക്ക് വേണ്ടി ബാങ്കുകള്‍ പ്രത്യേക സ്‌കീമുകള്‍ തയ്യാറാക്കിയിട്ടുണ്ട്. നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെട്ട് ഇതിന്റെ വിവരങ്ങള്‍ ശേഖരിക്കുക.
മുന്‍പോട്ട് പോകുന്തോറും സ്റ്റോസിക്കിന്റെ അളവ് കുറക്കാന്‍ സാധിക്കുമോ എന്നുള്ള കാര്യം പരിശോധിക്കണം. സ്റ്റോക്കിനെ രണ്ടായി തരം തിരിക്കാം. ഫാസ്റ്റ് മൂവിങ് എന്നും സ്ലോ മൂവിങ് എന്നും. ഇതിന് വെവ്വേറെ റീ-ഓര്‍ഡര്‍ ലെവലുകള്‍ ഫിക്‌സ് ചെയ്യണം. സാധ്യമെങ്കില്‍ റീ-ഓര്‍ഡറിന്റെ അളവ് പരമാവധി കുറക്കണം. ഇത്തരം സാഹചര്യങ്ങളില്‍ പ്രവര്‍ത്തന മൂലധനത്തിനുള്ള ചെലവുകളും ബള്‍ക്ക് പര്‍ച്ചേസിന് ലഭിക്കുന്ന ഇളവുകളും പരിശോധിച്ച് തീരുമാനം എടുക്കണം.
വിതരണക്കാരുമായി ധാരണയിലെത്തുക
നിങ്ങളുടെ വിതരണക്കാരോട് സംസാരിച്ച് അധികച്ചെലവില്ലാതെ കൂടുതല്‍ ഗ്രേസ് പീരീഡ് നല്കാനാവുമോ എന്ന് അന്വേഷിക്കണം. നിങ്ങളുടെ ക്ലയന്റുകളെയും അവരുടെ ബിസിനസുകളെയും പ്രകൃതി ക്ഷോഭം എങ്ങനെ ബാധിച്ചു എന്ന് വിലയിരുത്തുന്നത് നന്നായിരിക്കും. അതുവഴി നിങ്ങള്‍ക്കുള്ള പേയ്‌മെന്റുകള്‍ എത്രമാത്രം വൈകുമെന്ന് മനസിലാക്കാം.
അതോടൊപ്പം, അഡ്വാന്‍സ് പേയ്‌മെന്റുകള്‍, നേരത്തെയുള്ള പേയ്‌മെന്റുകള്‍ക്ക് ഡിസ്‌കൗണ്ടുകള്‍ എന്നിവയ്ക്കുള്ള സാധ്യതകളും പരിശോധിക്കാം.
ക്യാഷ് ഫ്ലോ ഉറപ്പുവരുതാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുക
കറന്റ് അസറ്റ്, ലയബിലിറ്റി എന്നിവയില്‍ ഉള്‍പ്പെടുന്ന എല്ലാ ഘടകങ്ങളും ഓരോന്നോയി പരിശോധിക്കണം. ഒരു ബജറ്റ് തയ്യാറാക്കി, ക്യാഷ് ഫ്ലോ വിലയിരുത്തണം. തിരിച്ചടവ് വൈകിപ്പിക്കാനോ കുറക്കാനോ കഴിയുമെങ്കില്‍ അത് ചെയ്യണം. നിലവിലെ ബാങ്ക് വായ്പകള്‍ പുനക്രമീകരിക്കാന്‍ കഴിയുമെങ്കില്‍ ആ സാധ്യതയും പരിശോധിക്കാം
അത്യാവശ്യമായതും മാറ്റിവെക്കാന്‍ സാധിക്കുന്നതുമായ ചെലവുകള്‍ തിരിച്ചറിയുക. ഫിക്‌സഡ് ഒബ്ലിഗേഷനുകള്‍ എത്ര ചുരുക്കാമോ അത്രയും നല്ലത്. നിക്ഷേപത്തിന് പരമാവധി റിട്ടേണ്‍ ലഭിക്കുന്നതുവരെ ചെലവുചുരുക്കല്‍ തുടരുന്നതാണ് നല്ലത്.
ആവശ്യത്തിന് പ്രവര്‍ത്തന മൂലധനം ഇല്ലാത്തതാണ് പല യൂണിറ്റുകളുടെയും പരാജയത്തിന് പ്രധാന കാരണങ്ങളില്‍ ഒന്ന്. തുടക്കത്തില്‍ ലഭിക്കുന്ന ഫണ്ടുകള്‍ മൂലധന ചെലവിലേക്കോ യന്ത്ര സാമഗ്രികള്‍ വാങ്ങുന്നതിനോ വേണ്ടി ഉപയോഗിക്കും. അവസാനം ബിസിനസ് നാശത്തിക്കൊണ്ടുപോകാനുള്ള പ്രവര്‍ത്തന മൂലധനം ഇല്ലാതെ ബുദ്ധിമുട്ടും. അതിനാല്‍ മൂലധന ചെലവിനും പ്രവര്‍ത്തന മൂലധനത്തിനും ഉള്ള തുക മാറ്റിവച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തി മുന്നോട്ട് പോവുക.
ഈയവസരത്തില്‍ വായ്പ ലഭ്യമാക്കുക എന്നത് വളരെ പ്രധാനമാണ്. ഉടനടിയുള്ള ചെലവുകള്‍ വഹിക്കുന്നതിനായി സ്വര്‍ണ്ണം, ഇന്‍ഷുറന്‍സ് പോളിസികള്‍, ഷെയര്‍ എന്നിവയില്‍നിന്ന് പണം കണ്ടെത്താം.
ചുരുക്കിപ്പറഞ്ഞാല്‍, പ്രകൃതിക്ഷോഭം മൂലമുള്ള നഷ്ടം മറികടക്കാന്‍, ബിസിനസുകള്‍ പ്രധാനമായും കൃത്യമായ വിലയിരുത്തല്‍, പ്ലാനിംഗ്, സാമ്പത്തിക അച്ചടക്കം, ചെലവുചുരുക്കല്‍ എന്നീ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കന്നതാണ് ഉചിതം.