പ്രളയ ദുരന്തം: കേരള സമ്പദ്ഘടന താളംതെറ്റി, കരകയറാന്‍ വേണ്ടത് 6 മാസം

കൃഷി, വ്യവസായം, വ്യാപാരം, ടൂറിസം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങി കേരളത്തിലെ സമസ്ത മേഖലകളെയും വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചതിനാല്‍ സംസ്ഥാന സമ്പദ്ഘടനക്ക് അത് വലിയൊരു തിരിച്ചടിയായിരിക്കുകയാണ്.

സംസ്ഥാനത്തിന് ഏകദേശം 20,000 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ പ്രാഥമിക വിലയിരുത്തല്‍. വിവിധ മേഖലകളിലുണ്ടായിട്ടുള്ള നഷ്ടങ്ങളുടെ യഥാര്‍ത്ഥ തുക കണക്കാക്കാന്‍ ഇനിയും ഏതാനും ദിവസങ്ങളെടുത്തേക്കും. കാര്‍ഷിക മേഖലയില്‍ ഭീമമായ നാശനഷ്ടങ്ങള്‍ക്കാണ് വെള്ളപ്പൊക്കം വഴിവച്ചിരിക്കുന്നത്. വയനാട് ഇടുക്കി, മൂന്നാര്‍ മേഖലകളിലെ പ്ലാന്റേഷന്‍ മേഖലകളിലുണ്ടായിട്ടുള്ള നഷ്ടം 1000 കോടി കവിഞ്ഞേക്കുമെന്നാണ് സൂചന. റബ്ബര്‍, സ്‌പൈസസ് തുടങ്ങിയ നിരവധി വിളകള്‍ക്കിത് വന്‍ നാശമുണ്ടാക്കിയിട്ടുണ്ട്.

നഗര-ഗ്രാമ വ്യത്യാസമില്ലാതെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളൊക്കെ നശിച്ച അവസ്ഥയയിലാണ്. കടകള്‍ക്കുള്ളില്‍ വെള്ളം കയറിയതു കാരണം ഉല്‍പന്നങ്ങള്‍ക്കും അനുബന്ധ വസ്തുക്കള്‍ക്കും വലിയ തോതിലുള്ള കേടുപാടുണ്ടായി. ഓണക്കാലത്ത് തന്നെ ഇത്തരമൊരു ദുരവസ്ഥയുണ്ടായതാണ് വ്യാപാരികള്‍ക്ക് വന്‍ തിരിച്ചടിയാത്.

ടെക്‌സ്റ്റൈല്‍സ് മേഖലയില്‍ മാത്രം കോടിക്കണക്കിന് രൂപയുടെ ബിസിനസ് നഷ്ടമാണുള്ളത്. പ്രമുഖ വ്യാപാരികളൊക്കെ സൂററ്റ്, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ നല്‍കിയിരുന്ന ഓര്‍ഡറുകള്‍ റദ്ദാക്കി. പ്രതിവര്‍ഷ വില്‍പനയുടെ 50 ശതമാനവും ഓണക്കാലത്ത് നിര്‍വ്വഹിക്കുന്ന ഇലക്ട്രോണികസ്-ഹോം അപ്ലയന്‍സസാണ് കടുത്ത പ്രതിസന്ധിയിലായ മറ്റൊരു മേഖല.

ടൂറിസം രംഗത്ത് ആഭ്യന്തര വിദേശ ടൂറിസ്റ്റുകളുടെ ബുക്കിംഗില്‍ 80 ശതമാനത്തോളവും റദ്ദാക്കിയിരിക്കുകയാണ്. സംസ്ഥാനത്തെ റോഡുകള്‍, പാലങ്ങള്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളിലും വലിയ തകര്‍ച്ചയുണ്ടായി. വ്യാപാര വ്യവസായ മേഖലയിലെ തകര്‍ച്ച അടുത്ത ഏതാനും മാസങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ വരുമാനത്തെയും ഗുരുതരമായി ബാധിച്ചേക്കും.

വിവിധ മേഖലകളില്‍ പ്രളയം വരുത്തിയ ആഘാതം കാരണം സംസ്ഥാനത്തെ എക്കണോമിക് സൈക്കിള്‍ താളം തെറ്റിയിരിക്കുകയാണ്. "വായ്പകളെടുത്ത് ബിസിനസ് നടത്തുന്നവര്‍ക്ക് അത് തിരിച്ചടക്കാനാകാത്ത സ്ഥിതിയാണ്. കാരണം നഷ്ടപ്പെട്ടവയൊക്കെ റീബില്‍ഡ് ചെയ്യാനാകും ഇപ്പോള്‍ എല്ലാവരും മുന്‍ഗണന നല്‍കുക. അതിനാല്‍ കേരള സമ്പദ്ഘടന പൂര്‍വ്വസ്ഥിതിയിലാകാന്‍ കുറഞ്ഞത് 6 മാസമെങ്കിലും എടുത്തേക്കും," സി.ഐ.ഐയുടെ കേരള ഘടകം മുന്‍ ചെയര്‍മാനായ പി.ഗണേഷ് ചൂണ്ടിക്കാട്ടി.

N.S Venugopal
N.S Venugopal  

Related Articles

Next Story

Videos

Share it