ഇന്ത്യയുടെ വാക്‌സിന്‍ രാജാവ്: സൈറസ് പൂനവാലയെ അറിയാം; സെറം ഇന്‍സ്റ്റിറ്റിയൂട്ടിനെയും

''ഇത് പണമുണ്ടാക്കാനുള്ള സമയമല്ല.'' ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോകത്തുനിന്ന് അടുത്തിടെ കേട്ട ഏറ്റവും ആര്‍ജ്ജവുമുള്ള വാചകം ഇതായിരുന്നു. പറഞ്ഞത്, വാക്‌സിന്‍ നിര്‍മാണ രംഗത്തെ ആഗോള വമ്പനായ ഇന്ത്യന്‍ കമ്പനി സെറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അഡാര്‍ പൂനാവാലയും.

ലോകത്തെ വിറപ്പിക്കുന്ന കോവിഡ് 19നുള്ള വാക്‌സിന്‍ വികസിപ്പിച്ചെടുക്കാന്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ വാക്‌സിന്‍ പ്രോജക്റ്റുമായി സഹകരിക്കുന്ന ഏഴ് രാജ്യാന്തര കമ്പനികളില്‍ ഒന്നാണ് സെറം ഇന്‍സ്റ്റിറ്റിയൂട്ട്.

കോവിഡ് 19 വാക്‌സിന്‍ വിപണിയിലെത്തുമ്പോള്‍ അതിന് പേറ്റന്റ് എടുക്കില്ലെന്നും റോയല്‍റ്റി ഏര്‍പ്പെടുത്തില്ലെന്നും അഡാര്‍ വ്യക്തമാക്കിയിട്ടുണ്ട്്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ കോവിഡിന് ഫലപ്രദമായ വാക്‌സിന്‍ വിപണിയിലെത്തിക്കാന്‍ പറ്റുമെന്ന ശുഭാപ്തി വിശ്വാസമാണ് ഇദ്ദേഹത്തിനുള്ളത്.

സെറം ഇന്‍സ്റ്റിറ്റിയൂട്ട്: ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കള്‍

സെറം ഇന്‍സ്റ്റിറ്റിയൂട്ട് അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യയുടെ അഭിമാനമാണ്. ലോകത്തില്‍ പിറന്നുവീഴുന്ന 65 ശതമാനം കുട്ടികള്‍ ഒരിക്കലെങ്കിലും സെറം നിര്‍മിക്കുന്ന വാക്‌സിന്‍ എടുക്കുന്നുണ്ട്. ലോകത്തിലെ 160 ലേറെ രാജ്യങ്ങളിലേക്ക് ഇവര്‍ വാക്‌സിന്‍ കയറ്റുമതി ചെയ്യുന്നു. ലോക വാക്‌സിന്‍ വിപണിയുടെ 60 ശതമാനവും ഈ ഇന്ത്യന്‍ കമ്പനിയുടെ കൈകളിലാണ്.

പോളിയോ വാക്‌സിന്‍, ഡിഫ്തീരിയ, ടെറ്റനസ്, ബിസിജി, ഹെപ്പറ്റൈറ്റിസ് - ബി, മീസില്‍സ്, മംപ്‌സ്, റൂബെല്ല എന്നിവയ്‌ക്കെല്ലാമുള്ള വാക്‌സിന്‍ വരുന്നത് സെറത്തില്‍ നിന്നാണ്.

ഇത്രയേറെ വാക്‌സിനുകള്‍ വികസിപ്പിക്കുമ്പോള്‍ തന്നെ അതിനിടുന്ന വിലയാണ് സെറത്തെ വ്യത്യസ്തമാക്കുന്നത്. ലോകമെമ്പാടുമുള്ള, അന്നത്തിന് പോലും വകയില്ലാത്ത കുട്ടികളെയും അസുഖത്തിന്റെ വായില്‍ നിന്ന് രക്ഷിക്കാന്‍ ഏറ്റവും കുറഞ്ഞ തുകയ്ക്കാണ് വാക്‌സിന്‍ കമ്പനി നല്‍കുന്നത്.

അത്യാധുനിക സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ വന്‍തോതിലുള്ള ഉല്‍പ്പാദനമാണ് വാക്‌സിനുകള്‍ വില കുറച്ച് വില്‍ക്കാന്‍ സെറത്തെ പ്രാപ്തമാക്കുന്നത്. ബിസിനസിന്റെ ഭാഗമായല്ല സെറത്തിന് ജീവകാരുണ്യ പ്രവര്‍ത്തനം, ബിസിനസിന്റെ കോര്‍ തന്നെ അതാണ്.

കുതിപ പന്തിയില്‍ നിന്ന് ഫോബ്‌സ് ലിസ്റ്റിലേക്ക്

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഫോബ്‌സ് പുറത്തിറക്കിയ ടോപ് 10 റിച്ചസ്റ്റ് ഹെല്‍ത്ത്‌കെയര്‍ ബില്യണേഴ്‌സിന്റെ പട്ടികയില്‍ ഒരേ ഒരു ഇന്ത്യക്കാരനെ ഉണ്ടായിരുന്നുള്ളൂ. സെറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സ്ഥാപകന്‍ ഡോ. സൈറസ് പൂനാവാല. മാര്‍ച്ചിലെ ഫോബ്‌സിന്റെ കണക്കുകള്‍ പ്രകാരം ഡോ. പൂനാവാലയുടെ നെറ്റ് വര്‍ത്ത് 62,000 കോടി രൂപയാണ്. പല വര്‍ഷങ്ങളിലും സെറത്തിന്റെ വളര്‍ച്ചാ നിരക്ക് 30-40 ശതമാനവും.

രാജ്യത്തെ ഏറ്റവും വലിയ പ്രൈവറ്റ് ഇക്വിറ്റി വില്‍പ്പന ചര്‍ച്ചകളിലൂടെ ശ്രദ്ധേയമായ കമ്പനി കൂടിയാണ് സെറം. കമ്പനിയുടെ പത്ത് ശതമാനം ഓഹരികള്‍ 12 ബില്യണ്‍ ഡോളറിനാണ് വില്‍ക്കാന്‍ പദ്ധതിയിട്ടത്.

ഇത്രയേറെ മൂല്യമുള്ള ഈ കമ്പനി പിറവിയെടുത്തതോ, ഒരു 25 കാരന്റെ ബിസിനസ് വിപുലീകരണ ശ്രമത്തില്‍ നിന്നും. അത്യുന്നതശ്രേണിയില്‍ പെട്ട കുതിരകളെ ബ്രീഡ് ചെയ്ത് വളര്‍ത്തിയെടുക്കുന്ന, പാരമ്പര്യമായി തന്നെ ഹോഴ്‌സ് ഫാമിംഗുള്ള കുടുംബത്തിലാണ് ഡോ. സൈറസ് പൂനാവാലയുടെ ജനനം. സ്വാഭാവികമായും കുടുംബത്തിന്റെ കുതിര ഫാമിന്റെ നേതൃത്വത്തിലേയ്ക്ക് ഡോ. പൂനാവാല വന്നു.

ഡോ. പൂനാവാല കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കുതിരപന്തിയിലെ കുതിരകള്‍ 350 ഓളം ക്ലാസിക് ഇവന്റുകളില്‍ വിജയികളായിട്ടുണ്ട്. ആ രംഗത്തും അതൊരു ലോക റെക്കോര്‍ഡാണ്. പ്രായാധിക്യം മൂലം മത്സരിക്കാന്‍ പറ്റാതെയായ കുതിരകളെ മുംബൈയിലെ ഹോഫ്കിന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന് ഇവര്‍ ദാനം ചെയ്യുമായിരുന്നു. കുതിരകളുടെ സെറത്തില്‍ നിന്ന് വാക്‌സിന്‍ വികസിപ്പിച്ചെടുക്കാനായിരുന്നു അത്.

ആയിടക്കാണ് ഡോ. പൂനാവാല ഒരു വെറ്റിനറി സര്‍ജനെ പരിചയപ്പെടുന്നത്. അതൊരു വഴിത്തിരിവായി. 1966ല്‍ ഒന്‍പതുലക്ഷം രൂപ ചെലവിട്ട്, സ്വന്തം ഫാമിനോട് ചേര്‍ന്ന് ചെറിയൊരു വാക്‌സിന്‍ നിര്‍മാണ യൂണിറ്റ് ഡോ. പൂനാവാല സ്ഥാപിച്ചു.

കുറഞ്ഞ വിലയില്‍ കൂടുതല്‍ വാക്‌സിന്‍ വികസിപ്പിക്കുക എന്നതു തന്നെയായിരുന്നു സെറത്തിന്റെ ലക്ഷ്യം. ''1980 കളുടെ മധ്യത്തിലാണ് ഞങ്ങളുടെ കമ്പനിയുടെ ഏറ്റവും നിര്‍ണായകമായ വഴിത്തിരിവുണ്ടായത്. യുഎന്‍ ഏജന്‍സികള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യാന്‍ അനുമതി ലഭിച്ചതാണ് അത്,'' സിഎന്‍ബിസി ടിവി18ന് നല്‍കിയ അഭിമുഖത്തില്‍ ഒരിക്കല്‍ ഡോ. പൂനാവാല പറയുന്നുണ്ട്.

പിന്നീട് വളര്‍ച്ച അതിദ്രുതമായി. ലോകത്തിലെ ഏറ്റവും വലിയ മീസില്‍സ് വാക്‌സിന്‍ നിര്‍മാതാക്കളായി.

തന്ത്രപരമായ ഏറ്റെടുക്കലിലൂടെ ആഗോള വമ്പനായി

സര്‍ക്കാരിന്റെ ഒരു പിന്തുണ ഇല്ലാതെ തന്നെ, മാനം മുട്ടെ ലാഭം കൊയ്യാന്‍ അവസരമുണ്ടായിട്ടും, സെറം വാക്‌സിനുകള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ തന്നെ ലോക വിപണിയില്‍ വിറ്റു. 2012ല്‍ നഷ്ടത്തിലായ ഡച്ച് വാക്‌സിന്‍ കമ്പനിയെ ഏറ്റെടുത്തതും മറ്റൊരു നാഴികകല്ലായി. പോളിയോ വാക്‌സിന്‍ നിര്‍മാണ രംഗത്തെ അത്യാധുനിക വിദ്യയുള്ള ആ കമ്പനിയെ വാങ്ങിയതോടെ പോളിയോ വാക്‌സിന്‍ നിര്‍മാണ രംഗത്ത് ആഗോളതലത്തില്‍ മുന്‍നിരയിലായി.

നിരന്തര നവീകരണം, നിരന്തര വികസനം

കഴിഞ്ഞ വര്‍ഷം ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ പ്ലാന്റ് തുറക്കാനായി 3000 കോടി രൂപയാണ് സെറം നിക്ഷേപിച്ചത്. 2022ല്‍ 100 ബില്യണ്‍ രൂപ മൂല്യമുള്ള കമ്പനിയായി മാറുകയാണ് ലക്ഷ്യം. അഞ്ചു രൂപയോ അതില്‍ താഴെയോ മാത്രമാണ് ഭൂരിഭാഗം വാക്‌സിനുകള്‍ക്കും സെറം വില ഈടാക്കുന്നതെന്നതും ശ്രദ്ധേയമാണ്.

ഡോ. പൂനാവാലയുടെ മകന്‍ അഡാര്‍ പൂനാവാലയാണ് ഇപ്പോള്‍ കമ്പനി ചീഫ് എക്‌സിക്യൂട്ടിവ്. കോവിഡ് 19 വാക്‌സിന്‍ വികസിപ്പിച്ചെടുക്കാന്‍ 700 കോടി രൂപയാണ് സെറം നിക്ഷേപം നടത്താന്‍ പോകുന്നത്.

ആഡംബര ബംഗ്ലാവും കാറുകളും പിന്നെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളും

ദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും നല്‍കുക എന്നതാണ് സെറത്തിന്റെ മറ്റൊരു ലക്ഷ്യം. വന്‍തോതില്‍ പണം സെറം ചെലവിടുന്നതും ഈ രംഗത്താണ്. 2011ല്‍ സെറത്തിന്റെ നേതൃനിരയിലേക്ക് വന്ന അഡാര്‍ പൂനാവാലയും പിതാവിന്റെ പാതയാണ് പിന്തുടരുന്നത്. കൂടുതല്‍ ലോക രാജ്യങ്ങളിലേക്ക് കമ്പനിയെ എത്തിച്ചതും ഈ യുവാവാണ്.

ക്ലീന്‍ പൂനെ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന അഡാര്‍ സ്വച്ഛ് ഭാരത് പ്രസ്ഥാനത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ്.

2015ല്‍ 800 കോടി രൂപയ്ക്ക് മൂംബൈയിലെ ആഡംബര ബംഗ്ലാവ് സ്വന്തമാക്കി വാര്‍ത്തകളില്‍ ഇടം നേടിയ ഡോ. സൈറസ് പൂനാവാലയ്ക്കും മകന്‍ അഡാര്‍ പൂനാവാലയ്ക്കും ആഡംബര കാറുകളോടുള്ള പ്രിയവും ഏറെ പ്രശസ്തമാണ്. റോള്‍സ് റോയ്‌സ്, ബെന്റ്‌ലി, ഫെരാരി, ലെബോര്‍ഗിനി എന്നിവയ്‌ക്കെല്ലാം പുറമേ വിന്റേജ് കാറുകളുടെ ശ്രേണിയും ഇരുവര്‍ക്കുമുണ്ട്.

അഡാര്‍ പൂനാവാലയും ഭാര്യ നതാഷയും സ്ത്രീകള്‍ക്ക് ശുചിത്വമുള്ള ശുചിമുറികള്‍ നിര്‍മിക്കാനും ശുദ്ധമായ കുടിവെള്ളമെത്തിക്കാനും നൂതനമായ ഒട്ടനവധി പദ്ധതികളും ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ട്. അത്യുന്നത ശ്രേണിയിലുള്ള കുതിരകളും അഡാറിന് സ്വന്തമാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

T.S Geena
T.S Geena  

Associate Editor

Related Articles

Next Story

Videos

Share it