ഖത്തറിലും സ്വദേശിവല്‍ക്കരണം, കേരളീയ സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിലേക്ക്

പ്രമുഖ ഗള്‍ഫ് രാജ്യമായ ഖത്തറില്‍ അപ്രഖ്യാപിത സ്വദേശിവല്‍ക്കരണം നടപ്പാക്കപ്പെടുന്നതായായി പ്രവാസികള്‍ വെളിപ്പെടുത്തുന്നു. സ്വദേശിവല്‍ക്കരണ രംഗത്ത് സൗദി അറേബ്യ പരസ്യമായ പ്രഖ്യാപനങ്ങളും സമയബന്ധിതമായ നടപടികളുമായി വലിയൊരു മുന്നേറ്റം നടത്തുന്നതിനിടയിലാണ് ഖത്തര്‍ ഉള്‍പ്പെടെയുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ ഇത്തരമൊരു രഹസ്യമായ നീക്കം നടക്കുന്നത്.

സ്വദേശിവല്‍ക്കരണത്തെക്കുറിച്ചുള്ള പരസ്യമായ നടപടികള്‍ രാജ്യത്തിന്റെ പ്രതിച്ഛായക്ക് മോശമാണെന്ന ചിന്താഗതികൊണ്ടായിരിക്കാം ഇത്തരമൊരു നടപടിയെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഖത്തറിലെ വിവിധ തൊഴില്‍ മേഖലകളില്‍ നിന്നും പുറത്താക്കപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. കുറഞ്ഞ വേതനത്തിന് ഫിലിപ്പീന്‍സ്, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നും തൊഴിലാളികളെ കിട്ടുമെന്നതിനാല്‍ പ്രവാസി മലയാളികള്‍ കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുകയോ അല്ലെങ്കില്‍ തൊഴില്‍ ഉപേക്ഷിക്കുകയോ ചെയ്യേണ്ട സാഹചര്യമാണ് ഇപ്പോള്‍ ഖത്തറില്‍ സംജാതമായിരിക്കുന്നതെന്ന് കഴിഞ്ഞ 10 വര്‍ഷമായി ഖത്തറിലെ ബാങ്കിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു പ്രവാസി മലയാളി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ 2 വര്‍ഷത്തിനിടെ പ്രവാസി മലയാളികളുടെ എണ്ണത്തില്‍ ഒന്നര ലക്ഷം പേരുടെ കുറവുണ്ടായിട്ടുണ്ടെന്നാണ് തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ ഏറ്റവും പുതിയ പഠനത്തിലെ കണ്ടെത്തല്‍. പ്രവാസികളുടെ മടങ്ങിവരവിനുള്ള ഏറ്റവും പ്രധാന കാരണം വിദേശ രാജ്യങ്ങളിലെ തൊഴിലവസരം നഷ്ടപ്പെടുന്നതാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മടങ്ങിയെത്തിയവരില്‍ ഏകദേശം 30 ശതമാനം പ്രവാസികളും ഇത്തരത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടതുകൊണ്ട് മാത്രം കേരളത്തിലേക്ക്് തിരിച്ചെത്തിയവരാണ്.

പ്രവാസി വരുമാനം കുറയും

ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രമായി ഇപ്പോള്‍ 18.93 ലക്ഷം പ്രവാസികളാണ് ജോലി ചെയ്യുന്നത്. യു.എ.ഇ, സൗദി എന്നീ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രവാസി മലയാളികളുള്ള ഗള്‍ഫ് രാജ്യമാണ് ഖത്തര്‍. 18,5573 പ്രവാസികളാണ് ഇപ്പോള്‍ അവിടെ പണിയെടുക്കുന്നത്. 2022ലെ വേള്‍ഡ് കപ്പ് ഫുട്‌ബോളിന് ഖത്തര്‍ ആതിഥേയത്വം വഹിക്കുന്നതിനാല്‍ നിര്‍മ്മാണം ഉള്‍പ്പെടെയുള്ള വിവിധ മേഖലകള്‍ ഇപ്പോള്‍ സജീവമാണ്.

അതായത് വരുന്ന മൂന്ന് വര്‍ഷത്തേക്കെങ്കിലും പ്രവാസികള്‍ക്ക് കടുത്ത തൊഴില്‍ പ്രതിസന്ധി നേരിടേണ്ടിവരില്ലെന്ന് സാരം. എന്നാല്‍ ഭാവിയില്‍ സ്വദേശിവല്‍ക്കരണം, വേതനത്തിലെ കുറവ് തുടങ്ങിയ വിവിധ കാരണങ്ങളാല്‍ വലിയൊരു വിഭാഗം പ്രവാസികള്‍ കേരളത്തിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരായേക്കും. ഇത് ഖത്തിറിലെ പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും വരുമാനത്തില്‍ ഇടിവുണ്ടാക്കും.

'കേരളീയ സമ്പദ്‌വ്യവസ്ഥ ഇപ്പോള്‍ വളരെയേറെ ശോഷിച്ചുകൊണ്ടിരിക്കുകയാണ്' പ്രമുഖ സാമ്പത്തിക വിദഗ്ധനായ വി.കെ.പ്രസാദ് പറഞ്ഞു. 'വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ കഴിയുന്നതോടെ ഖത്തറില്‍ നിന്നും ധാരാളം മലയാളികള്‍ മടങ്ങേണ്ടിവരും. കൂടാതെ വരുന്ന മൂന്നോ നാലോ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശിവല്‍ക്കരണ നടപടികളില്‍ വന്‍പുരോഗതിയുണ്ടാകും. അത് സംസ്ഥാനത്തെ പ്രവാസി വരുമാനത്തില്‍ വലിയ തോതിലുള്ള കുറവുണ്ടാക്കുമെന്ന് മാത്രമല്ല കേരളീയ സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുകയും ചെയ്യും.' വി.കെ.പ്രസാദ് ചൂണ്ടിക്കാട്ടി.

ഖത്തറിലെ മൊത്തം ജനസംഖ്യയില്‍ 80 ശതമാനവും ഖത്തര്‍ വംശജര്‍ക്ക് പുറമേ ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദേശികളാണ്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അവിടെയുള്ള ഇന്ത്യന്‍ വംശജരുടെ എണ്ണത്തെക്കാള്‍ ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദേശികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായാണ് സൂചന. ഇത്തരം പുതിയ പ്രവണതകളും ഖത്തറിലെ പ്രവാസി മലയാളികളുടെ ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്.

Related Articles
Next Story
Videos
Share it