പെരുകുന്ന വാഹനങ്ങൾ, റോഡുകൾ വികസിപ്പിക്കാതെ വയ്യ

കേരളത്തിലെ മോട്ടോര്‍ വാഹനങ്ങളുടെ എണ്ണം ഓരോ വര്‍ഷവും കുതിച്ചുയരുകയാണ്. 1980ല്‍ സംസ്ഥാനത്തെ മൊത്തം മോട്ടോര്‍ വാഹനങ്ങളുടെ എണ്ണം രണ്ട് ലക്ഷത്തില്‍ താഴെയായിരുന്നു. എന്നാല്‍ 2000ല്‍ അത് 19 ലക്ഷമായും 2015ല്‍ 94 ലക്ഷമായും 2017ല്‍ 1.10 കോടിയായും വര്‍ധിക്കുകയുണ്ടായി. 2005 മുതല്‍ 2015 വരെയുള്ള 10 വര്‍ഷത്തിനിടെ മോട്ടോര്‍ വാഹനങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ധന 202 ശതമാനമാണ്.

സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനങ്ങളില്‍ 63 ശതമാനത്തിലധികവും ഇരുചക്ര വാഹനങ്ങളാണ്. ചരക്ക് വാഹനങ്ങള്‍, ബസ്സുകള്‍, ടാക്‌സികള്‍, ഓട്ടോറിക്ഷകള്‍ തുടങ്ങിയ വാണിജ്യ വാഹനങ്ങളുടെ വിഹിതം 14 ശതമാനമാണ്. മൊത്തം വാഹനങ്ങളില്‍ 86 ശതമാനവും വ്യക്തിഗത ഉപയോഗത്തി നുള്ളതാണ്. 2017ല്‍ മാത്രം 937580 വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. അതനുസരിച്ച് ദിവസേന 2574 വാഹനങ്ങളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്.

2016ലെ കണക്ക് പ്രകാരം കേരളത്തിലെ 1000 പേര്‍ക്ക് 305 വാഹനങ്ങളുണ്ട്. എന്നാല്‍ 2017ല്‍ അത് 330 ആയി ഉയര്‍ന്നു. കേരളത്തിലെ മോട്ടോര്‍ വാഹനങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനയും റോഡുകളുടെ ശേഷി വര്‍ധിപ്പിക്കുന്നതും തമ്മിലുള്ള പൊരുത്തക്കേടാണ് ഗതാഗതക്കുരുക്കിനും റോഡ് അപകടങ്ങള്‍ ക്കും കാരണം. ഉദാരവല്‍ക്കരണത്തിന് ശേഷം സംസ്ഥാനത്തെ ജനങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങളിലുണ്ടായ പുരോഗതി ക്കൊപ്പം പൊതുഗതാഗത സംവിധാനം മെച്ചപ്പെടാത്തതാണ് സ്വകാര്യ വാഹനങ്ങളുടെ വന്‍ വര്‍ധനവിന് വഴിയൊരുക്കിയത്.

കേരളത്തിലൊട്ടാകെ 25449 ബസുകള്‍ ഉള്ളതില്‍ കെ.എസ്. ആര്‍.ടി.സിക്ക് 6304 ബസുകളും സ്വകാര്യ മേഖലയ്ക്ക് 19145 ബസുകളുമാണുള്ളത്. തിരുവനന്തപുരം ഒഴികെ മറ്റുള്ള എല്ലാ ജില്ലകളിലും സ്വകാര്യ ബസുകള്‍ക്കാണ് ആധിപത്യമുള്ളത്. വര്‍ധിച്ച ജനത്തിരക്കും ബസുകളുടെ കുറവും മോശമായ സേവനവും കാരണം മിക്ക നഗരങ്ങളിലും പബ്ലിക്ക് ട്രാന്‍സ്‌പോര്‍ട്ടിന് അതിന്റെ വിപണി നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്.

ഇക്കാരണത്താല്‍ വ്യക്തിഗത വാഹനങ്ങളുടെ എണ്ണം വളരെയേറെ വര്‍ധിപ്പിക്കുകയും അത് റോഡുകളുടെ സ്ഥിതി കൂടുതല്‍ മോശമാക്കിത്തീര്‍ക്കുകയും ചെയ്തു. ഇതിനുപുറമേ റോഡ് മുഖേനയുള്ള ചരക്ക് നീക്കവും പ്രതിസന്ധി വര്‍ധിപ്പിക്കുന്നു. അടുത്തകാലത്ത് നാറ്റ്പാക് (നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിംഗ് ആന്റ് റിസര്‍ച്ച് സെന്റര്‍) നടത്തിയ പഠനം അനുസരിച്ച് ചരക്ക് നീക്കത്തിന്റെ 78 ശതമാനവും കേരളത്തിലെ റോഡുകള്‍ മുഖേനയാണ് നടക്കുന്നത്.

ഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍

കാര്യക്ഷമമായൊരു ഗതാഗത സംവിധാനം സമ്പദ്‌വ്യവസ്ഥയിലെ ഉല്‍പ്പാദനക്ഷമതയും മല്‍സരക്ഷമതയും വര്‍ധിപ്പിക്കുമെന്ന് മാത്രമല്ല പ്രാദേശിക സാമൂഹിക സാമ്പത്തിക വികസനത്തിന് അത് അത്യന്താപേക്ഷിതവുമാണ്. ജീവിത ഗുണനിലവാരമെന്നത് ഇന്ന് ഗതാഗത അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരത്തെ ആശ്രയിച്ചാണിരിക്കുന്നത്. ജനങ്ങളുടെ വരുമാനം വര്‍ധിക്കുന്നതോടൊപ്പം ഗതാഗതത്തിനുള്ള ആവശ്യകതയും വര്‍ധിക്കുകയാണ്.

പൊതു-സ്വകാര്യ മേഖലകള്‍ക്ക് പങ്കാളിത്തമുള്ളൊരു മേഖലയാണ് കേരളത്തിലെ ഗതാഗത സംവിധാനം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പുറമേ തദ്ദേശ സ്ഥാപനങ്ങളും ഈ രംഗത്തെ അടിസ്ഥാന സൗകര്യവികസനത്തില്‍ ഒരു നിര്‍ണ്ണായക പങ്ക് വഹിക്കുന്നു. കേരളത്തില്‍ ഇപ്പോള്‍ ഒരു ട്രാന്‍സ്‌പോര്‍ട്ട് പോളിസി നിലവിലില്ല.

2011ല്‍ ഒരു കരട് പോളിസി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നെങ്കിലും അതില്‍ ഇനിയും തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതായുണ്ട്. ദേശീയപാതകള്‍, സംസ്ഥാനപാതകള്‍, ജില്ലാപാതകള്‍ എന്നീ മൂന്ന് സുപ്രധാന വിഭാഗങ്ങളിലായാണ് സംസ്ഥാനത്തെ റോഡുകളുള്ളത്. ഇതിനു പുറമേയുള്ള ഗ്രാമീണപാത കള്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് കീഴിലാണ് വരുന്നത്. 2015-16ലെ കണക്ക് പ്രകാരം 2.05 ലക്ഷം കിലോമീറ്റര്‍ റോഡാണ് കേരളത്തിലുള്ളത്.

റോഡ് വികസനം ഒച്ചിഴയുന്ന വേഗത്തില്‍

2000-2001ന് ശേഷമുള്ള 15 വര്‍ഷക്കാലം കൊണ്ട് ഏകദേശം 80000 കിലോമീറ്റര്‍ റോഡാണ് കേരളത്തില്‍ നിര്‍മിക്കപ്പെട്ടത്. അതില്‍ 52000 കിലോമീറ്ററും കേന്ദ്ര പദ്ധതികള്‍ പ്രയോജനപ്പെടുത്തി പഞ്ചായത്തുകള്‍ നിര്‍മിച്ച ഗ്രാമീണ റോഡുകളാണ്. ഇക്കാലയളവിനിടെ കേരളത്തിലെ ദേശീയപാതയിലുണ്ടായ വര്‍ധന വെറും 221 കിലോമീറ്റര്‍ മാത്രമാണ്.

മറ്റ് സംസ്ഥാനങ്ങള്‍ ഈ രംഗത്ത് നടത്തിയ വന്‍ മുന്നേറ്റവുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ പുരോഗതി വളരെയേറെ തുച്ഛമാണ്. 2016ലെ കണക്ക് പ്രകാരം സംസ്ഥാനത്തെ മൊത്തം റോഡില്‍ 67 ശതമാനവും പഞ്ചായത്തുകള്‍ക്ക് കീഴിലുള്ള ഗ്രാമീണപാതകളാണ്. ഇവയില്‍ 54 ശതമാനത്തെ മാത്രമേ മികച്ച റോഡുകളായി കണക്കാക്കാനാകൂ.

കേരളത്തിലെ സംസ്ഥാന ഹൈവേയുടെ ആകെ നീളം 4342 കിലോമീറ്ററാണ്. ഇതില്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഉണ്ടായ വര്‍ധനയാകട്ടെ വെറും 12 ശതമാനം മാത്രമാണ്.

നിലവിലുള്ള റോഡുകളുടെ നീളം അടുത്തകാലത്തായി വര്‍ധിപ്പിക്കപ്പെടുന്നത് വെറും നാമമാത്രമായിട്ടാണ്. 2015-16 കാലയളവില്‍ ഇക്കാര്യത്തിലുണ്ടായ മുന്നേറ്റമാകട്ടെ വെറും പൂജ്യവും!

1781.57 കിലോമീറ്റര്‍ ദേശീയപാതയാണ് കേരളത്തിലുള്ളത്. ഇതിന്റെ 76 ശതമാനവും ഇപ്പോള്‍ വിവിധ ഘട്ടങ്ങളിലായുള്ള വികസനത്തിലാണ്. പ്രൈമറി നെറ്റ്‌വര്‍ക്കായ ദേശീയപാത ട്രാഫിക്കിന്റെ 40 ശതമാനവും സെക്കന്ററി നെറ്റ്‌വര്‍ക്കായ സംസ്ഥാനപാത ട്രാഫിക്കിന്റെ 40 ശതമാനവുമാണ് വഹിക്കുന്നത്.

ഇത്തരത്തില്‍ സംസ്ഥാനത്തെ മൊത്തം റോഡിന്റെ 10 ശതമാനത്തില്‍ താഴെ വരുന്ന റോഡുകളാണ് മൊത്തം ട്രാഫിക്കിന്റെ 80 ശതമാനവും വഹിക്കുന്നത്. എന്നാല്‍ നിലവിലുള്ള റോഡുകളുടെ നവീകരണവും പുതിയ റോഡുകളുടെ നിര്‍മാണവും സംസ്ഥാനത്ത് വളരെ മന്ദഗതിയിലാണ് നടന്നുകൊണ്ടിരിക്കുന്നത്.

വാഹനങ്ങളുടെ വര്‍ധന ഭീഷണി

കേരളത്തിലെ റോഡുകളിലെ വാഹന ഗതാഗതം പ്രതിവര്‍ഷം 10 മുതല്‍ 11 ശതമാനം വരെയാണ് വര്‍ധിക്കുന്നത്. മിക്ക റോഡുകളിലും ഇപ്പോഴത്തെ ട്രാഫിക് കൂടുതലാണെന്ന് മാത്രമല്ല റോഡുകളുടെ ശേഷിയെക്കാള്‍ വളരെയേറെ അധികവുമാണ്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് റോഡ് വികസനത്തിലെ ഒരു മുഖ്യതടസം.

അതിനാല്‍ പുതിയ റോഡുകള്‍ നിര്‍മിക്കുന്നതിന് പകരം നിലവിലുള്ള റോഡുകള്‍ മെച്ചപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനുമാണ് കേരളം മുന്‍തൂക്കം നല്‍കുന്നത്. ആവശ്യത്തിന് അനുസരിച്ചുള്ള നിക്ഷേപം ഈ രംഗത്തുണ്ടാകുന്നില്ല എന്നതാണ് ഇതിനര്‍ത്ഥം.


നവീകരണത്തിനുള്ള റോഡുകള്‍ കണ്ടെത്തുന്നതിലെ അപാകതകള്‍, നിര്‍മാണത്തിനുള്ള വെന്‍ഡര്‍മാരുടെ മോശമായ തെരെഞ്ഞെടുപ്പ്, വൈദ്യുതി ബോര്‍ഡ്, വാട്ടര്‍ അഥോറിറ്റി തുടങ്ങിയ വകുപ്പുകളുമായുള്ള ഏകോപനമില്ലായ്മ തുടങ്ങിയവയൊക്കെ പരിഹാരം കണ്ടെത്തേണ്ട പ്രശ്‌നങ്ങളാണ്.

മരണനിരക്ക് ഉയര്‍ത്തി റോഡ് അപകടങ്ങള്‍

1981 മുതല്‍ കേരളത്തിലെ റോഡ് അപകടങ്ങള്‍ വളരെയേറെ വര്‍ധിക്കുകയുണ്ടായി. കേരളവുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളിലൊക്കെ റോഡ് അപകടങ്ങളുടെ എണ്ണം കുറവാണ്. എങ്കിലും 2001ന് ശേഷം റോഡ് അപകടങ്ങളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവ് മാത്രമേ ഉണ്ടാകുന്നുള്ളൂ.

വാഹനങ്ങളുടെ എണ്ണത്തിലുള്ള വര്‍ധന


എന്നാല്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടെ റോഡ് അപകടത്താലുള്ള മരണങ്ങളില്‍ 60 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. അപകടത്തില്‍പ്പെടുന്ന വാഹനങ്ങളില്‍ 52 ശതമാനവും ഇരുചക്ര വാഹനങ്ങളാണ്. സമീപകാലത്താണ് ഇരുചക്ര വാഹനങ്ങളുടെ എണ്ണത്തില്‍ വലിയ തോതിലുള്ള വര്‍ധനയുണ്ടായത്.

എന്നാല്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടെ റോഡ് അപകടത്താലുള്ള മരണങ്ങളില്‍ 60 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. അപകടത്തില്‍പ്പെടുന്ന വാഹനങ്ങളില്‍ 52 ശതമാനവും ഇരുചക്ര വാഹനങ്ങളാണ്. സമീപകാലത്താണ് ഇരുചക്ര വാഹനങ്ങളുടെ എണ്ണത്തില്‍ വലിയ തോതിലുള്ള വര്‍ധനയുണ്ടായത്.

(ബി.എ പ്രകാശ്, ജെറി ആല്‍വിന്‍ എന്നിവര്‍ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച കേരളാസ് ഇക്കണോമിക് ഡെവലപ്‌മെന്റ്് -എമര്‍ജിംഗ് ഇഷ്യൂസ് ആന്റ് ചലഞ്ചസ് എന്ന പുസ്തകത്തില്‍ അരുണ്‍ ശ്യാംനാഥ് എഴുതിയിട്ടുള്ള ഡെവലപ്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ട് സെക്ടര്‍ ഇന്‍ കേരളഎന്ന അധ്യായത്തിലെ ഏതാനും ഭാഗങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയതാണ് ഈ ലേഖനം. സംസ്ഥാന ആസൂത്രണ ബോര്‍ഡില്‍ റിസര്‍ച്ച് ഓഫീസറാണ് അരുണ്‍ ശ്യാംനാഥ്)

Dr. B.A Prakash
Dr. B.A Prakash  

കേരള പബ്ലിക് എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി, അഞ്ചാം സംസ്ഥാന ധനകാര്യ കമ്മീഷൻ എന്നിവയുടെ അധ്യക്ഷനായിരുന്നു.

Related Articles

Next Story

Videos

Share it