കളിക്കളം മാറുന്നു, കുടുംബ ബിസിനസില്‍ യുവാക്കള്‍ അധികാരത്തിലേക്ക്
ഫര്‍ണിച്ചര്‍ വിപണന രംഗത്ത് അര നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കുടുംബ ബിസിനസ്. മൂന്നാമത്തെ തലമുറയിലെ മകന്‍ യു.കെയില്‍ നിന്ന് എംബിഎ നേടി കുടുംബ ബിസിനസിന്റെ ഭാഗമായി. വളരെ പരമ്പരാഗരീതിയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബ ബിസിനസില്‍ കാലത്തിനൊത്ത മാറ്റം വരുത്താന്‍ ആ യുവാവ് പഠിച്ച പണി പതിനെട്ടും നോക്കി. എന്നാല്‍ കാര്‍ക്കശ്യക്കാരനായ പിതാവിന്റെ മുന്നില്‍ ഒന്നും നടന്നില്ല. മൂന്ന് വര്‍ഷങ്ങള്‍ കടന്നുപോയി. മാര്‍ച്ചില്‍ ലോക്ഡൗണ്‍ വന്നു. ഫര്‍ണിച്ചര്‍ ഷോപ്പുകളെല്ലാം അടഞ്ഞുകിടന്നു. ലോക്ഡൗണ്‍ മാറി കടകള്‍ തുറന്നിട്ടും കച്ചവടം നടക്കുന്നില്ല. കിട്ടുന്ന വരുമാനം വാടക കൊടുക്കാന്‍ പോലും തികയുന്നില്ല. കോവിഡ് നിയന്ത്രണങ്ങള്‍ വന്നതുകൊണ്ട്് പിതാവിന് സജീവമായി രംഗത്തിറങ്ങാനും പറ്റുന്നില്ല. ബിസിനസ് നടക്കണമെങ്കില്‍ ഓണ്‍ലൈന്‍ വ്യാപാരം ആരംഭിച്ചേ പറ്റൂ. സ്ഥാപനത്തിന്റെ ബിസിനസ് മോഡലിലും മാറ്റങ്ങള്‍ വരുത്തണം. ഒടുവില്‍ ഉത്തരവാദിത്തങ്ങള്‍ മകനെ ഏല്‍പ്പിക്കാന്‍ അദ്ദേഹം തയാറായി. ഇതുവരെ ആരും അഭിമുഖീകരിച്ചിട്ടില്ലാത്ത, കേട്ടുകേള്‍വി പോലുമില്ലാത്ത അസാധാരണമായ സാഹചര്യത്തിലൂടെയാണ് ബിസിനസ് ലോകം കടന്നുപോകുന്നത്. അര്‍ഹതയുള്ളവര്‍ മാത്രം അതിജീവിക്കുന്ന അവസ്ഥ. ഈ വലിയ വെല്ലുവിളി ഇന്ത്യയിലെ മിക്ക കുടുംബ ബിസിനസുകളെയും വലിയൊരു പ്രതിസന്ധിയിലേക്കാണ് എത്തിച്ചിരിക്കുന്നത്. കോവിഡ് കാലം അതിജീവിക്കാന്‍ കഴിയാതെ ചില കുടുംബ ബിസിനസുകള്‍ എന്നന്നേക്കുമായി ഇല്ലാതായേക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് തരുന്നു. പ്രത്യേകിച്ച് ഇപ്പോഴത്തെ പ്രതിസന്ധി ഏറ്റവും ബാധിച്ചിരിക്കുന്ന മേഖലകളിലുള്ള കുടുംബ ബിസിനസുകളും പരമ്പരാഗത രീതിയില്‍ തന്നെ ഇപ്പോഴും മുന്നോട്ടുപോകുന്നവയും. കുടുംബ ബിസിനസിന് നിലവില്‍ നേതൃത്വം കൊടുക്കുന്ന മുതിര്‍ന്ന തലമുറ മാത്രം വിചാരിച്ചാല്‍ ഇത്തരമൊരു സാഹചര്യത്തെ അതിജീവിക്കാനാകില്ല എന്ന യാഥാര്‍ത്ഥ്യം വ്യക്തമായിക്കഴിഞ്ഞു. കുടുംബത്തിലെ യുവാക്കളെ കൂടെ ചേര്‍ത്ത് വലിയൊരു പരിവര്‍ത്തനത്തിന് ഒരുങ്ങുകയാണ് കുടുംബ ബിസിനസുകള്‍.
കോവിഡ് കാലം കുടുംബ ബിസിനസുകളില്‍ വരുത്തിയ ചില മാറ്റങ്ങള്‍:
''ഇതൊക്കെ നിനക്കല്ലേ അറിയൂ...''
കുടുംബ ബിസിനസുകളുടെ പിന്നില്‍ വലിയൊരു പാരമ്പര്യമുണ്ടാകും. അതില്‍ എഴുതപ്പെടാത്ത ഒരുപാട് നിയമങ്ങളുണ്ടാകും പെരുമാറ്റ ചട്ടങ്ങളുണ്ടാകും... എന്നാല്‍ അതൊക്കെ അപ്രസക്തമാക്കുന്ന മാറ്റമാണ് കോവിഡ് കൊണ്ടുവന്നത്. പരമ്പരാഗത രീതിയില്‍ നടക്കുന്ന കുടുംബ ബിസിനസുകളുടെ ഘടനയും ബിസിനസ് മോഡലും തന്നെ പൊളിച്ചെഴുതേണ്ട ഘട്ടം. ചിലപ്പോള്‍ പുതിയ മേഖലകളിലേക്ക് മാറേണ്ടി വരും. മുതിര്‍ന്ന തലമുറയ്ക്ക് ഈ മാറ്റങ്ങള്‍ ഒട്ടും എളുപ്പമല്ല. പ്രത്യേകിച്ച് ഡിജിറ്റലൈസേഷനിലേക്ക് അതിവേഗം നീങ്ങേണ്ട ഈ ഘട്ടത്തില്‍. സ്വാഭാവികമായും ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ അറിവ് പുതുതലമുറയ്ക്കാണല്ലോ. അതുകൊണ്ടുതന്നെ പുതിയ മാറ്റങ്ങളുടെ ചുമതല വഹിക്കാന്‍ യുവാക്കളോട് ആവശ്യപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
''അച്ഛന്‍ ആരോഗ്യം നോക്ക്!''
കോവിഡ് പ്രതിസന്ധി കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ബിസിനസിനെക്കാള്‍ പ്രാധാന്യം മുതിര്‍ന്നവരുടെ ആരോഗ്യത്തിനും സുരക്ഷിതത്വത്തിനും കൊടുക്കേണ്ട സ്ഥിതിയായി. പലര്‍ക്കും മറ്റുപല രോഗങ്ങളുള്ളത് റിസ്‌ക് കൂട്ടുന്നു. സ്വാഭാവികമായും മുതിര്‍ന്നവരുടെ മുന്നില്‍ നിയന്ത്രണങ്ങള്‍ കൂടി. എന്നും ഓഫീസില്‍ വന്നുകൊണ്ടിരുന്ന മുതിര്‍ന്ന തലമുറയ്ക്ക് മാറി
നില്‍ക്കേണ്ട അവസ്ഥ വന്നു. അതോടെ ഓഫീസിലെ ദൈനംദിന ജോലികള്‍ യുവാക്കള്‍ ഏറ്റെടുക്കാന്‍ തുടങ്ങി. ചെക്കുകളിലും മറ്റ് രേഖകളിലും ഒപ്പിടാനുള്ള ഉത്തരവാദിത്തങ്ങള്‍ അവരെ ഏല്‍പ്പിച്ചു. അച്ഛന്റെ തണലില്‍ മാത്രം തീരുമാനങ്ങള്‍ എടുത്തുകൊണ്ടിരുന്ന മക്കള്‍ക്ക് ചില തീരുമാനങ്ങള്‍ തനിയെ എടുക്കേണ്ടിവന്നു. ഇത്തരം മാറ്റങ്ങള്‍ കുടുംബ ബിസിനസിലെ യുവാക്കളെ കൂടുതല്‍ ശാക്തീകരിക്കുന്നു.
യുവാക്കള്‍ തിരിച്ചുവരുന്നു.
ഇതുവരെ കുടുംബ ബിസിനസിന്റെ ഭാഗമാകാതെ മറ്റു പല പ്രൊഫഷണലുകളിലേക്കും പോയ യുവാക്കളും ഇപ്പോള്‍ തിരിച്ചുവരുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് വിദേശത്ത് സ്ഥിരതാമസമാക്കിയ യുവാക്കള്‍ കോവിഡിന്റെ സാഹചര്യത്തില്‍ തിരിച്ച് നാട്ടില്‍ വന്ന് കുടുംബ ബിസിനസിന്റെ ഭാഗമാകാന്‍ തയാറാകുന്നുണ്ട്. ഇതിന് പല കാരണങ്ങളാണുള്ളത്. 45 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന തൃശൂരിലെ ഒരു കുടുംബ ബിസിനസിലെ പുതുതലമുറയിലെ അംഗം പറയുന്നത് ഇങ്ങനെയാണ്. ''ഞങ്ങളുടെ കുടുംബ ബിസിനസ് ഇതുവരെ നേരിട്ടിട്ടില്ലാത്ത വെല്ലുവിളികളിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. കമ്പനിയില്‍ കാതലായ ചില മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ അധികകാലം പിടിച്ചുനില്‍ക്കാനാകില്ലെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ പ്രായമായ അച്ഛന് പരിമിതികളുണ്ട്. എന്റെ സാന്നിധ്യം ആവശ്യമായ സമയമായതിനാല്‍ കുടുംബ ബിസിനസിലേക്ക് ചേരുകയാണ്.'' ഐടി പ്രൊഫഷണലായിരുന്ന ഈ യുവാവ് ഓസ്‌ട്രേലിയയില്‍ നിന്നാണ് കുടുംബ ബിസിനസിലേക്ക് തിരിച്ചുവന്നിരിക്കുന്നത്.
സ്ത്രീകളെയും ചേര്‍ക്കുന്നു
ഇതുവരെ സ്ത്രീകളെ കാര്യമായി ബിസിനസിലേക്ക് അടുപ്പിക്കാതിരുന്ന കുടുംബങ്ങള്‍പോലും ഈ പ്രതിസന്ധിഘട്ടത്തില്‍ പുതിയ തലമുറയിലെ പെണ്‍കുട്ടികളെയും ബിസിനസില്‍ ചേര്‍ക്കാന്‍ തയാറാകുന്നു. മുമ്പ് ബിസിനസിലെ മുതിര്‍ന്ന തലമുറ ഒറ്റയ്ക്കായിരുന്നു ബിസിനസ് തീരുമാനങ്ങള്‍ എടുത്തിരുന്നതെങ്കില്‍ ഇപ്പോള്‍ കൂടുതലായി കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് തീരുമാനങ്ങളെടുക്കാന്‍ തുടങ്ങി. പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കുടുംബം ഒരുമിച്ച് നീങ്ങണമെന്ന ചിന്തയുണ്ടായതാണ് ഇതിന് കാരണം.
പിന്തുടര്‍ച്ച വേഗത്തിലാക്കും
യുവാക്കള്‍ക്ക് കുടുംബ ബിസിനസില്‍ ഇതുവരെയില്ലാതിരുന്ന സ്വാതന്ത്ര്യവും അധികാരവും ഇപ്പോഴത്തെ സാഹചര്യത്തില്‍ കിട്ടുന്നത് പിന്തുടര്‍ച്ചാവകാശം വേഗത്തിലാക്കാന്‍ കാരണമാകുമെന്ന് കുടുംബ ബിസിനസ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് തുടര്‍ന്നാല്‍ കോവിഡ് കാലം കഴിയുന്നതോടെ പല കുടുംബ ബിസിനസിനും ചുക്കാന്‍ പിടിക്കുന്നത് യുവാക്കളായി മാറാനുള്ള സാധ്യത ഏറെയാണ്.
''എല്ലാം അങ്ങനെയങ്ങ് വിട്ടുകൊടുക്കല്ലേ...''
യുവാക്കള്‍ക്ക് കൂടുതല്‍ അധികാരം കൊടുക്കണോ എന്ന കാര്യത്തില്‍ വിരുദ്ധ അഭിപ്രായവും ഉയരുന്നുണ്ട് ''എത്രയോ വര്‍ഷങ്ങള്‍ വളരെ നന്നായി വിശ്വാസ്യതയോടെ നടന്നുപോയ ചിട്ടിക്കമ്പനികള്‍ പുതിയ തലമുറ അധികാരത്തിലേറുമ്പോള്‍ തകരുന്നത് കാണുന്നില്ലേ? അവരുടെ പൂര്‍വ്വികര്‍ അധ്വാനിച്ച് ജനങ്ങളുടെ വിശ്വാസ്യത നേടി വളര്‍ത്തിയെടുത്ത സ്ഥാപനമാണ് എന്നത് മറന്ന് പുതിയ തലമുറ ലാഭക്കൊതി കാണിച്ച് തട്ടിപ്പുകള്‍ നടത്തുന്നു. ഒടുവില്‍ അവരുടെ പ്രായമായ പിതാക്കന്മാരുടെ അന്ത്യകാലം പോലും അഴിക്കുള്ളിലാകുന്നു. അത് ഒരു വശം. മറ്റൊരു വശത്ത് മക്കള്‍ക്ക് വളരെ നേരത്തെഅധികാരങ്ങള്‍ കൊടുത്ത് ഒടുവില്‍ അവര്‍ പിതാവിന് ഒരു വിലയും കൊടുക്കാത്ത അവസ്ഥ. ബിസിനസില്‍ വളരെ സജീവമായിരുന്നയാള്‍ പെട്ടെന്നൊരു ദിനം വിരമിച്ച് വെറുതെയിരിക്കുമ്പോള്‍ അസുഖങ്ങള്‍ പിന്നാലേ കൂടുന്നു. അതുകൊണ്ട് ആരോഗ്യം അനുവദിക്കുമെങ്കില്‍ ബിസിനസില്‍ നിന്ന് വിരമിക്കേണ്ടതില്ലെന്നാണ് എന്റെ അഭിപ്രായം.'' പേര് വെളിപ്പെടുത്താന്‍ താല്‍പ്പര്യമില്ലാത്ത കേരളത്തിലെ ഒരു പ്രമുഖബിസിനസ് ഗ്രൂപ്പിന്റെ സാരഥി പറയുന്നു.
ഈ മാറ്റം സ്ഥിരമാണ്, ഇനി പഴയതിലേക്ക് തിരിച്ചുപോകില്ല!
പ്രൊഫ. കാവില്‍ രാമചന്ദ്രന്‍, ക്ലിനിക്കല്‍ പ്രൊഫസര്‍ & എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ -
ഠവീാമ െടരവാശറവലശിശ സെന്റര്‍ ഫോര്‍ ഫാമിലി ബിസിനസ്, ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ്
പണ്ട് ഹോക്കി കളിച്ചിരുന്നത് യഥാര്‍ത്ഥ പുല്‍ത്തകിടിയിലായിരുന്നു. അന്ന് ഇന്ത്യയും പാക്കിസ്ഥാനും ആയിരുന്ന ലോകചാമ്പ്യന്മാര്‍. എന്നാല്‍ പിന്നീട് ഹോക്കി കളി കൃത്രിമ പുല്‍ത്തകിടിയിലേക്ക് മാറിയപ്പോള്‍ ആ മാറ്റത്തിനനുസരിച്ച് മാറാന്‍ പഴയ ചാമ്പ്യന്മാര്‍ക്ക് സമയം ഏറെയെടുത്തു. ഈ സമയം കൊണ്ട്് മറ്റ് രാജ്യങ്ങള്‍ ഹോക്കിയില്‍ ചാമ്പ്യന്മാരായി. പഴയവര്‍ക്ക് സ്ഥാനം നഷ്ടപ്പെട്ടു. ഇതുപോലെ തന്നെയാണ് ബിസിനസ് ലോകത്തും നടക്കുന്നത്. കളിച്ചുകൊണ്ടിരിക്കുന്ന കളിക്കളം പാടെ മാറി. പുതിയ കളിക്കളത്ത് കളിക്കണമെങ്കില്‍ അതിന് വേണ്ട ഒരുക്കങ്ങള്‍ വേണം, സന്നാഹങ്ങള്‍ വേണം. ഇത്രയും വേഗത്തില്‍ മാറ്റങ്ങളോട് പ്രതികരിക്കാന്‍ എല്ലാ കുടുംബ ബിസിനസുകള്‍ക്കും സാധിക്കണമെന്നില്ല.
കോവിഡിന് മുമ്പേ തന്നെ ഡിജിറ്റലൈസേഷന്റെ ആവശ്യകത കുടുംബ ബിസിനസുകള്‍ക്ക് മനസിലായിത്തുടങ്ങിയിരുന്നു. എല്ലാ മേഖലകളിലും കീഴ്‌മേല്‍ മറിക്കലുകള്‍ (dsiruption) വന്നുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ പല കുടുംബ ബിസിനസുകളും അത് കാര്യമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. എന്നാല്‍ കോവിഡ് സാഹചര്യം കുടുംബ ബിസിനസുകള്‍ക്ക് വലിയൊരു ഞെട്ടലായി. അതിവേഗം മാറേണ്ട സാഹചര്യം വന്നു. ഡിജിറ്റലൈസേഷന്‍ പെട്ടെന്നായി. മുതിര്‍ന്ന തലമുറയ്ക്ക് ഇതേക്കുറിച്ച് കാര്യമായ അറിവില്ലാത്തതിനാല്‍ പുതിയ തലമുറയോട് കാര്യങ്ങള്‍ ചോദിച്ചുമനസിലാക്കേണ്ട അവസ്ഥ വന്നു. അത് പുതിയ തലമുറയ്ക്ക് ഒരു അംഗീകാരം ലഭിക്കാന്‍ ഇടയാക്കി. പല കുടുംബ ബിസിനസുകളും ഇപ്പോള്‍ കടുത്ത പ്രതിസന്ധിയിലാണ്. ഇത്തരം പ്രതിസന്ധികളില്‍ നിന്ന് രക്ഷപെടണമെങ്കില്‍ കുടുംബം ഒന്നായി നീങ്ങേണ്ട ആവശ്യകതയെക്കുറിച്ച് എല്ലാവരും ബോധവാന്മാരായി. പ്രായമുള്ളവര്‍ക്ക് മാത്രമേ എല്ലാം അറിയൂ എന്ന ധാരണ കൈവെടിയണമെന്നും യുവാക്കളെ കൂടുതലായി ഇതിലേക്ക് ഇടപെടുത്തണമെന്നും മനസിലായി.
മുന്നോട്ടുപോകുന്തോറും ബിസിനസ് ചെയ്യുന്ന രീതിയില്‍ വ്യത്യാസം വന്നുകൊണ്ടിരിക്കുകയായിരുന്നു. അത് പഠിച്ചുവന്ന് പുതിയതിലേക്ക് ഇറങ്ങാന്‍ ഇപ്പോഴത്തെ ബിസിനസ് സാരഥികള്‍ പ്രായം അധികരിച്ചിരിക്കുന്ന സാഹചര്യം. ഡിജിറ്റലൈസേഷനിലേക്ക് മാറണമെങ്കിലും അതിജീവനത്തിനായി പുതിയ മേഖലകളിലേക്ക് കടക്കണമെങ്കിലും അതിന് യുവാക്കളെ കൂട്ടുപിടിക്കാതെ പറ്റില്ലെന്ന യാഥാര്‍ത്ഥ്യം മനസിലായി. കടുത്ത പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്ന കുടുംബ ബിസിനസുകള്‍ പലതും അതില്‍ നിന്ന് കരകയാറാനായി ബിസിനസിന്റെ നേതൃത്വം പുതിയ തലമുറയെ ഏല്‍പ്പിക്കണോ എന്ന ചര്‍ച്ചയിലാണ്. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഇപ്പോഴത്തെ ഈ പ്രതിസന്ധി കുടുംബ ബിസിനസുകളിലെ പിന്തുടര്‍ച്ച വേഗത്തിലാക്കിയിട്ടുണ്ട്. സാരഥ്യം ആരുടെ കൈയിലാണ് എന്നതല്ല ഇവിടെ കാര്യം. ഇപ്പോഴത്തെ ഈ മാറ്റം സ്ഥിരമാണ്. പഴയതിലേക്ക് ഇനിയൊരു തിരിച്ചുപോക്കില്ല. ഇതിനെ നേരിടാന്‍ കുടുംബ ബിസിനസുകള്‍ തയാറാണോ എന്നതാണ് ചോദ്യം.
യുവതലമുറയ്ക്ക് ഇപ്പോള്‍ കുടുംബ ബിസിനസില്‍ കൂടുതല്‍ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്
പ്രൊഫ. ബിജു വര്‍ക്കി, ഫാക്കല്‍റ്റി- ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, ഐഐഎം അഹമ്മദാബാദ്
''യുവതലമുറയ്ക്ക് ഇപ്പോള്‍ കുടുംബ ബിസിനസില്‍ കൂടുതല്‍ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. അതിന് രണ്ട് കാരണങ്ങളാണുള്ളത്. ഒന്ന്, ഡിജിറ്റലായ മാറ്റത്തിലേക്ക് കടക്കേണ്ട സാഹചര്യം ബിസിനസിലുണ്ടായി. രണ്ട്, മുതിര്‍ന്ന തലമുറയ്ക്ക് ഇപ്പോള്‍ ചില നിയന്ത്രണങ്ങളുള്ളതുകൊണ്ട്പഴയതുപോലെ ബിസിനസില്‍ സജീവമാകാന്‍ സാധിക്കുന്നില്ല. ഇപ്പോള്‍ ഒരു പ്രായം കഴിഞ്ഞാല്‍ എല്ലാവര്‍ക്കും തന്നെ പലവിധ അസുഖങ്ങളായത് റിസ്‌ക് കൂട്ടുന്നു. ബിസിനസില്‍ വലിയ മാറ്റങ്ങള്‍ വരുന്ന സാഹചര്യത്തില്‍ സാങ്കേതികപരമായ കാര്യങ്ങളെക്കുറിച്ച് യുവാക്കള്‍ക്കാണല്ലോ അറിവുള്ളത് എന്ന് മുതിര്‍ന്ന തലമുറ അംഗീകരിക്കാന്‍ തുടങ്ങി. പലരും ഇപ്പോഴത്തെ വെല്ലുവിളിയുള്ള സാഹചര്യത്തില്‍ കുടുംബ ബിസിനസുകളുടെ ഘടന പുനര്‍രൂപികരിക്കുന്നു. വില്‍പ്പത്രം എഴുതിത്തുടങ്ങുന്നു. തനിക്ക് ശേഷം എന്ത്, ബിസിനസിന്റെ തുടര്‍ച്ച എങ്ങനെ.... എന്നൊക്കെ കാര്യമായി ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. മാത്രവുമല്ല കുടുംബ ബിസിനസില്‍ ഇതുവരെ ചേരാതിരുന്ന യുവാക്കളും കൂടുതലായി കുടുംബ ബിസിനസിന്റെ ഭാഗമാകാന്‍ തയാറാകുന്നുണ്ട്. വിദേശത്ത് ജോലിയ്ക്കും പഠനത്തിനുമായി പോയ പല യുവാക്കളും ഇപ്പോള്‍ നാട്ടിലേക്ക് തിരിച്ചുവന്ന് കുടുംബ ബിസിനസില്‍ ചേരാന്‍ താല്‍പ്പര്യം കാണിക്കുന്നത് ഒരു പ്രകടമായ മാറ്റമാണ്.''
നിശ്ചിത പ്രായം കഴിഞ്ഞാല്‍ കുടുംബ ബിസിനസില്‍ നിന്ന് വിട്ടുനില്‍ക്കണം
എം.എസ്.എ കുമാര്‍
ഫാമിലി ബിസിനസ് അഡൈ്വസര്‍ & കോച്ച്
''നിശ്ചിത പ്രായം കഴിഞ്ഞാല്‍ കുടുംബ ബിസിനസില്‍ നിന്ന് വിട്ടുനില്‍ക്കണം എന്നാണ് എന്റെ അഭിപ്രായം. അക്കാര്യത്തില്‍ കൃത്യമായ ചട്ടം ബിസിനസിന്റെയുള്ളില്‍ ഉണ്ടാകണം. എന്നാല്‍ വിട്ടുനില്‍ക്കാന്‍ തയാറാകുന്നവര്‍ വളരെ കുറവാണ്. ബിസിനസിന് നിലവില്‍ നേതൃത്വം കൊടുക്കുന്ന തലമുറ അധികാരം പുതിയ തലമുറയ്ക്ക് കൈമാറുകയാണെങ്കില്‍ അടുത്തതെന്ത് എന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കണം. ബിസിനസില്‍ നിന്ന് വിട്ടുനിന്നാല്‍ എന്താണ് ആ വ്യക്തി ചെയ്യേïത് എന്ന കാര്യത്തില്‍ ഒരു വ്യക്തത ഉണ്ടാകണം. സാമൂഹ്യസേവനം, സംഘടനകളിലെ പ്രവര്‍ത്തനം എന്നിവ അവര്‍ക്ക് പറ്റുന്ന മേഖലകളാണ്.''
മുതിര്‍ന്ന തലമുറയ്ക്ക് ഓഫീസിലേക്ക് പോലും വരാന്‍ പറ്റാത്ത സ്ഥിതി
എം.ആര്‍ രാജേഷ് കുമാര്‍
ലീഡ് പാര്‍ട്ണര്‍, ഗേറ്റ്വേയ്‌സ് ഗ്ലോബല്‍ എല്‍എല്‍പി
''പല കുടുംബ ബിസിനസുകളും മറ്റു പ്രൊഫഷണലുകളിലുള്ള പുതിയ തലമുറയെ എത്രയും പെട്ടെന്ന് ബിസിനസിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നുവെന്നത് ഒരു വലിയ മാറ്റമായി കരുതുന്നു. മുതിര്‍ന്ന തലമുറയ്ക്ക് ഓഫീസിലേക്ക് പോലും വരാന്‍ പറ്റാത്ത സ്ഥിതി. ഈ സാഹചര്യത്തില്‍ ബിസിനസിലുള്ള പുതിയ തലമുറയ്ക്ക് പുതിയ ഉത്തരവാദിത്തങ്ങള്‍ കൊടുക്കാന്‍ തുടങ്ങി.''
ദിവസേനയുള്ള കാര്യങ്ങള്‍ സ്വയം മാനേജ് ചെയ്യേണ്ടിവരുന്നുണ്ട്
റോഷന്‍ പൂങ്കുടി
ഡയറക്റ്റര്‍, പൂങ്കുടി മോട്ടോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്
''കുടുംബ ബിസിനസിന്റെ ഉത്തരവാദിത്തങ്ങള്‍ യുവാക്കള്‍ക്ക് ഇപ്പോള്‍ കൂടിയിട്ടുണ്ടെന്നാണ് വിവിധ സംസ്ഥാനങ്ങളിലെ കുടുംബ ബിസിനസിലുള്ള സുഹൃത്തുകളോട് സംസാരിച്ചതില്‍ നിന്ന് എനിക്ക് മനസിലായത്. മുതിര്‍ന്ന തലമുറയ്ക്ക് പഴയതുപോലെ ഓഫീസില്‍ വരാന്‍ കഴിയാത്തതുകൊണ്ട് ഒപ്പിടാനുള്ള അധികാരം മുതല്‍ പല കാര്യങ്ങളും പുതു തലമുറയ്ക്ക് നല്‍കാന്‍ കുടുംബ ബിസിനസുകള്‍ തയാറാകുന്നുണ്ട്. ഇത് യുവാക്കളെ കൂടുതല്‍ ശാക്തീകരിക്കുന്നുണ്ട്. എന്റെ പിതാവ് ബിസിനസില്‍ ഇപ്പോഴും സജീവമാണ്. ടെക്‌നോളജി ഉപയോഗിച്ച് അദ്ദേഹം മീറ്റിംഗുകള്‍ നടത്തുകയും സജീവമായി ഇടപെടുകയും ചെയ്യുന്നു. എന്നാല്‍ ഓഫീസിലേക്ക് സ്ഥിരം വരാറില്ല. അതുകൊണ്ടുതന്നെ ചില ഉത്തരവാദിത്തങ്ങള്‍ എനിക്കും കൂടിയിട്ടുണ്ട്. ദിവസേനയുള്ള കാര്യങ്ങള്‍ സ്വയം മാനേജ് ചെയ്യേണ്ടിവരുന്നുണ്ട്''.
നമ്മുടെ ബിസിനസുകള്‍ മോഡല്‍ മാറുകയാണ്
ജിസ്റ്റോ ഷാജി
എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍,
എസ്.ജി ഇലക്ട്രോണിക്ക പ്രൈവറ്റ് ലിമിറ്റഡ്
''വളരെ വെല്ലുവിളിയുയര്‍ത്തുന്ന ഒരു സാഹചര്യത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. നമ്മുടെ ബിസിനസുകള്‍ മോഡല്‍ മാറുകയാണ്. വലിയ രീതിയില്‍ ഡിസ്രപ്ഷന്‍ നടന്നുകഴിഞ്ഞു. ഇലക്ട്രോണിക്‌സ് രംഗത്താണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇതുവരെ ഞങ്ങളുടെ മേഖല ഓഫ്‌ലൈന്‍ ആയാണ് പ്രവര്‍ത്തിച്ചിരുന്നത്. ഞങ്ങളുടെ മാര്‍ക്കറ്റിംഗ് തന്നെ പത്രം, എഫ്.എം റേഡിയോ തുടങ്ങിയ പരമ്പരാഗത മാധ്യമങ്ങളിലൂടെയായിരുന്നു. ഷോറൂമില്‍ വന്ന് ഉല്‍പ്പന്നം വാങ്ങിക്കുന്ന ഉപഭോക്താക്കളെ മുന്നില്‍ക്കണ്ടാണ് ഇതുവരെ ഓരോ സ്ട്രാറ്റജികള്‍ രൂപപ്പെടുത്തിയിരുന്നത്. എന്നാലിപ്പോള്‍ ബിസിനസ് തന്ത്രങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുകയാണ്.''
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine