മികച്ച രീതിയിൽ ജീവിക്കാൻ മരണം നിങ്ങളെ സഹായിക്കും !

ഒരു ദിവസം നിങ്ങൾ മരിക്കും എന്ന സത്യത്തെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ആഴത്തിൽ ചിന്തിച്ചിട്ടുണ്ടോ?

ഒരിക്കൽ നിങ്ങളുടെ ശരീരത്തിലെ മാംസവും അസ്ഥികളുമൊക്ക ഒരുപിടി ചാരമോ മണ്ണോ മാത്രമായി മാറും. നിങ്ങൾ ഈ ഭൂമുഖത്തു തന്നെ ഉണ്ടാകില്ല. ഓർക്കുമ്പോൾ ഒരു ഭയം തോന്നുന്നു , അല്ലെ?

എന്നാൽ , നിങ്ങളുടെ മരണത്തെക്കുറിച്ച് ചിന്തിക്കുന്നത് യഥാർത്ഥത്തിൽ തികച്ചും സ്വാതന്ത്ര്യംനൽകുന്ന ഒന്നാണ്. കൂടുതൽ പൂർണ്ണമായി ജീവിക്കാൻ അത് നിങ്ങളെ സഹായിക്കുകയും ചെയ്യും.

മരണത്തെ കുറിച്ചുള്ള ചിന്ത മികച്ച രീതിയിൽ ജീവിക്കാൻ നിങ്ങളെ സഹായിക്കുന്നത് എങ്ങനെയൊക്കെയാണ്?

ജീവിതത്തെ കൂടുതൽ വിലമതിക്കും

മരണത്തെക്കുറിച്ച് ചിന്തിക്കാതിരുന്നാൽ, നമ്മുടെ ജീവിതത്തെയും നമ്മുടെ ജീവിതത്തിലെ ആളുകളെയും നിസ്സാരമായി കാണാനുള്ള പ്രവണത നമുക്കുണ്ടാകാം. നമ്മളോ നമ്മുടെ പ്രിയപ്പെട്ടവരോ എന്നെന്നേക്കുമായി ഇവിടെ ഇങ്ങനെ ജീവിക്കാൻ പോകുന്നില്ല.

മിക്കപ്പോഴും ഒരു കാര്യം നഷ്ടപ്പെടുമ്പോഴാണ് അല്ലെങ്കിൽ നഷ്ടപ്പെട്ടേക്കാമെന്ന അവസ്ഥ വരുമ്പോഴാണ് നാം അതിന്റെ മൂല്യം മനസിലാകുന്നത്. അതിപ്പോൾ നമ്മുടെ ജീവിതം, പ്രിയപ്പെട്ടവർ , സമയം, സ്വത്ത് തുടങ്ങിയ എന്തും ആകാം.

അതിനാൽ നമുക്ക് ഒഴിവാക്കാൻ ആകാത്ത നമ്മുടെ മരണമെന്ന സത്യത്തെ കുറിച്ച് ചിന്തിക്കുന്നത് കാര്യങ്ങളെ നിസാരമായി കാണുന്ന രീതി മാറാൻ സഹായിക്കും. നമ്മുടെയും നമ്മുക്ക് പ്രിയപ്പെട്ട മറ്റുള്ളവരുടെയും ജീവിതത്തെ കുറിച്‌ കൂടുതൽ നന്ദി ഉള്ളവരാക്കി മാറ്റും.

എന്നും ഇവിടെ ഇങ്ങനെ ജീവിക്കാൻ നമുക്ക് സാധിക്കുമെങ്കിൽ, ജീവിതം അത്ര വിലപ്പെട്ടതായി തോന്നില്ല . ജീവിതത്തിന്റെ ക്ഷണിക സ്വഭാവമാണ് അതിനെ കൂടുതൽ മധുരമുള്ളതാക്കുന്നത്.

കൂടുതൽ പ്രധാനപ്പെട്ടതും അല്ലാത്തതും വേർതിരിക്കാനാകും

നമ്മുടെ മരണത്തെക്കുറിച്ച് ചിന്തിക്കുന്നത് നമ്മുടെ ജീവിതത്തിൽ വളരെയധികം വ്യക്തതയുംകാഴ്ചപ്പാടും കൊണ്ടുവരും. പലപ്പോഴും നമ്മുടെ ദിവസേനയുള്ള കാര്യങ്ങളിലും ഉത്തരവാദിത്തങ്ങളിലും വ്യാപൃതരാകുമ്പോൾ നമുക്ക് ഇവ നഷ്ടമാകാറുണ്ട്.

നമ്മൾ യാന്ത്രികമായി ജീവിതം നയിക്കുമ്പോൾ നമ്മുടെ മുൻഗണനകൾ കൂടിക്കുഴഞ്ഞു പോകും, Stephen Covey പറയുന്നത് പോലെ നമ്മൾ എല്ലാവരും തന്നെ ഏറ്റവും അടിയന്തിരമായ കാര്യങ്ങൾക്കാണ്‌ കൂടുതൽ സമയം ചെലവിടുന്നത്, പ്രാധാന്യമുള്ള കാര്യങ്ങൾക്കായി വേണ്ടത്ര സമയം ചെലവിടുന്നില്ല.

നിങ്ങൾക്ക് പ്രധാനപ്പെട്ടതെന്താണെന്ന് തിരിച്ചറിയുന്നത് നിങ്ങളുടെ ജീവിതത്തിലെ അനാവശ്യ മായ പ്രവർത്തനങ്ങൾ ഒഴിവാക്കാനും നിങ്ങളുടെ ജീവിതത്തിന് കൂടുതൽ മൂല്യം നൽകുന്ന കാര്യങ്ങൾക്കായി കൂടുതൽ സമയവും ഊർജവും നീക്കിവയ്ക്കാനുംസഹായിക്കും.

ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ എത്തിയ രോഗികളിൽ പലരും തങ്ങളുടെ ജിവിതത്തിലെ ആളുകളും അനുഭവങ്ങളും എത്രമാത്രം വിലപ്പെട്ടതായിരുന്നു എന്ന തിരിച്ചറിവ് മരണം അടുക്കുമ്പോൾ ഉണ്ടാകുന്നതിനെ പറ്റി പറയാറുണ്ട് ; പണവും വസ്തുവകകളും സമ്പാദിക്കുന്നതിനേക്കാൾ അത് എത്രയധികം പ്രധാനപെട്ടതാണ് എന്ന തിരിച്ചറിവ് !

ഭാഗ്യവശാൽ, നമുക്ക് എന്താണ് ശരിക്കും പ്രധാനപ്പെട്ടതെന്ന് മനസിലാക്കാൻ നമ്മുടെ ജീവിതാവസാനം വരെ എത്തേണ്ട ആവശ്യമില്ല. നമ്മൾ ഒരിക്കലും മരിക്കില്ലെന്നു നടിച്ചിരിക്കുന്നതിനു പകരം നമ്മുടെ മരണത്തെ കുറിച്ച് ആഴത്തിൽ ചിന്തിച്ചാൽ മാത്രം മതി.

നഷ്ടബോധം തോന്നാതെ ജീവിതം നയിക്കാം

ആപ്പിളിന്റെ സഹസ്ഥാപകനായ സ്റ്റീവ് ജോബ്‌സ് ജീവിതത്തിലെ വലിയ തിരഞ്ഞെടുപ്പുകൾ നടത്താൻ സഹായിച്ച ഒരു പ്രധാന ഉപകരണമായാണ് മരണത്തെ കണക്കാക്കിയത്.

അദ്ദേഹം എല്ലാ ദിവസവും രാവിലെ കണ്ണാടിയിൽ നോക്കി ഇങ്ങനെ ചോദിക്കുമായിരുന്നു "ഇന്ന് എന്റെ ജീവിതത്തിന്റെ അവസാന ദിവസമാണെങ്കിൽ, ഇന്ന് ഞാൻ ചെയ്യാൻ പോകുന്ന കാര്യം ചെയ്യുമോ?

2005 ൽ സ്റ്റാൻഫോർഡ് ബിരുദധാരികളെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു:

"എല്ലാ ബാഹ്യ പ്രതീക്ഷകളും, എല്ലാ അഭിമാനവും, ചമ്മലോ പരാജയമോ എല്ലാം - മരണത്തിന്റെ മുൻപിൽ ഇല്ലാതാകുന്നു, യഥാർത്ഥത്തിൽ പ്രധാന്യമുള്ളവ മാത്രം അവശേഷിക്കുന്നു. നിങ്ങൾ മരിക്കുമെന്ന് ഓർമിക്കുന്നതാണ് നിങ്ങൾക്ക് എന്തെങ്കിലും നഷ്ടപ്പെടുമെന്ന് ചിന്തിക്കുന്നതിന്റെ കെണി ഒഴിവാക്കാൻ എനിക്കറിയാവുന്ന ഏറ്റവും നല്ല മാർഗം . "

നാണക്കേടോ പരാജയമോ ഉണ്ടാകുമെന്ന ഭയമാണ് ഹൃദയം പ്രേരിപ്പിക്കുന്ന പലതും ചെയ്യുന്നതിൽ നിന്ന് നമ്മെ തടയുന്നത് . ജോബ്സ് പറഞ്ഞത് പോലെ, ഇവയെല്ലാം മരണത്തിന്റെ മുൻപിൽ ഇല്ലാതെയാകുന്നു .

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam YouTube Channel – youtube.com/dhanammagazine

Anoop Abraham
Anoop Abraham  

He is the founder of the blog www.thesouljam.com. The blog is about simple and practical tips to live better and be happier. He writes about personal growth, spirituality and productivity. Email: anooptabraham@yahoo.co.in

Related Articles

Next Story

Videos

Share it