“യാത്രക്കാർ അലറി കരഞ്ഞപ്പൊഴും ഞാൻ സമചിത്തതയോടെ ഇരുന്നു”

Wedneday Wanderings - Abhay Kumar
-Ad-

ചില വര്‍ഷങ്ങളില്‍ ദുബായില്‍ നടക്കാറുള്ള നിര്‍മ്മാണ വസ്തുക്കളുടെ പ്രദര്‍ശനമായ ബിഗ്  ഫൈവ് ഞാന്‍ സന്ദര്‍ശിക്കാറുണ്ട്. പേരു പോലെ തന്നെ അറുപതിലേറെ രാജ്യങ്ങളില്‍ നിന്നുള്ള രണ്ടായിരത്തഞ്ഞുറോളം  കമ്പനികള്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു  കൂറ്റന്‍ പ്രദര്‍ശനം. പത്തുലക്ഷത്തോളം സ്‌ക്വയര്‍ ഫീറ്റില്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ആണിത് നടക്കുന്നത്.
പുതിയ പല ഉല്‍പ്പന്നങ്ങളും അവിടെ കണ്ടുപിടിക്കാം. സെമിനാറുകളില്‍ പങ്കു കൊള്ളാം. സമാന മേഖലയില്‍ നിന്നുള്ളവരെ പരിചയപ്പെടാം.

ഞാന്‍ പ്രവര്‍ത്തിക്കുന്ന ഫീല്‍ഡില്‍ വളരെ പ്രശസ്തമായ ഒരു പ്രദര്‍ശനം. അതു തുടങ്ങുന്നതിന്റെ തലേ ദിവസം ഞാന്‍  ദുബൈയില്‍ എത്തും.കഴിയുന്നതിന്റെ അന്നു രാത്രി  മടങ്ങും. മൂന്ന് നാല് പകല്‍ മുഴുവന്‍ നടന്ന് ബൂത്തുകളില്‍ കയറിയിറങ്ങി കാല്‍  കട്ടുകഴയ്ക്കും.പത്തു ലക്ഷം സ്‌ക്വയര്‍ ഫീറ്റ് ഏരിയ കാണും നടക്കാന്‍. മഹാരാജാസിലെ സഹപാഠിയായ ഷാഫി ഇടയ്ക്ക്  കയറിവരും. Precision hardware for machineries ആണ് പുള്ളിയുടെ എരിയ. എന്റെത് construction related materials. എങ്കിലും  ഞങ്ങളൊരുമിച്ച് പുതിയ പല  സെക്ഷനിലും കയറും.  ബര്‍ഗര്‍, കാപ്പി  ഇത്യാദി ശാപ്പിടും. അയാള്‍ വര്‍ഷങ്ങളായി ദുബൈയില്‍ താമസവും ലോകം മുഴുവന്‍ കറക്കവുമാണ്. ബിഗ് ഫൈവ് വിട്ടാല്‍ നമുക്ക് ഇയാളെ കാണണമെങ്കില്‍ എയര്‍ പോര്‍ട്ടില്‍ ട്രാന്‍സിറ്റ് സമയത്തേ പറ്റു! അതു മാതിരി യാത്രയാണ്.ഇത്തവണ അയാള്‍ സ്ഥലത്തുണ്ട്. കാണണം.

ഇത്തവണ  എനിക്ക് കൊച്ചിയില്‍ നിന്ന് രാവിലെയുള്ള എമിറേറ്റ്‌സ്  വിമാനമാണ്  കിട്ടിയത്. ഞാന്‍ ഏറ്റവും പുറകിലത്തെ സീറ്റുകളാണ് തിരഞ്ഞെടുക്കാറ്. എല്ലാവരും ഇഷ്ടപ്പെടുന്ന സ്ഥലമല്ല വിമാനത്തിലെ പുറകിലെ സീറ്റുകള്‍. എന്നാല്‍ പ്ലെയിനില്‍ ആപേക്ഷികമായി ഏറ്റവും സുരക്ഷിതമായ സീറ്റ് പുറകിലാണ്. അപകടമുണ്ടായാല്‍ ഏറ്റവും കുറവ് നാശമുണ്ടാകുന്ന ഭാഗം .

-Ad-

ഞാന്‍ നേരത്തെ എത്തി പുറകില്‍ അനുവദിക്കപ്പെട്ട   സീറ്റില്‍ ഇടം പിടിച്ചു. എന്റെ തൊട്ടടുത്ത  സീറ്റില്‍ വന്നിരുന്ന അറബി ലുക്കുള്ള ചുവന്നു വെളുത്ത ചെറുപ്പക്കാരന്‍ കയറിയപ്പോള്‍ മുതല്‍ ഫോണിലാണ്. വില കൂടിയ ജീന്‍സും ജാക്കറ്റും.ആപ്പിള്‍ ഫോണ്‍ വലിയ തരം.റാഡോ വാച്ച് കനമുള്ള ഒന്ന്.ഷൂസ് കണ്ടിട്ട് മുതലത്തോല്‍ പോലുണ്ട്.

വില കൂടിയ ബ്രാന്‍ഡുകള്‍ ആണ് ആശാന്‍ മൊത്തത്തില്‍ അണിഞ്ഞിരിക്കുന്നത്. കൈയില്‍  സ്വര്‍ണ്ണച്ചങ്ങല. വിരലുകളില്‍ ഒന്നില്‍ക്കൂടുതല്‍ മോതിരങ്ങള്‍. നോട്ടിക്ക വോയേജ് പെര്‍ഫ്യൂമിന്റെ ഗന്ധം. ഒരു Multi Brand ambassador.
ഞാന്‍ ഇക്കോണമി ക്ലാസിലാണ് സാധാരണ യാത്ര ചെയ്യുക. ഇയാളാണെങ്കില്‍ ഇവിടെ വഴി തെറ്റി വന്ന പോലുണ്ട്. ഫോണ്‍ സംസാരം അറബിയിലും അപൂര്‍വ്വമായി ഇംഗ്ലീഷിലും.നടുവിലെ സീറ്റില്‍ ഇയാള്‍ എങ്ങനെ നാലു  മണിക്കൂര്‍ കഴിയ്ക്കും എന്ന് ഞാന്‍ സംശയിച്ചു. യാത്രയില്‍ ഞാന്‍ ആളുകള്‍ക്ക് വിഷമം തോന്നാത്ത വിധത്തില്‍ അവരെ നിരീക്ഷിക്കാറുണ്ട്.

ഷെര്‍ലക് ഹോംസ് രീതിയില്‍ അവരെന്താണെന്ന് ആരാണെന്നൊക്കെ ഊഹിക്കും. തെറ്റാവാം. എന്നാലും ഒരു രസം. ദുബായിലെ ഒരു കാശുകാരന്‍ അറബിയുടെ മകന്‍. കൊച്ചി കാണാന്‍ വന്ന് തിരിച്ചു പോകുന്നു.  കൂടെ  കാണാത്തതു കൊണ്ട് ഫോണിന്റെ അറ്റത്ത് പൊണ്ടാട്ടിയായിരിക്കും എന്നുറപ്പിച്ചു.. 

കല്യാണം കഴിഞ്ഞിട്ട് അധികമായിട്ടുണ്ടാവില്ല. ഒരു പാട് സംസാരിക്കുന്നുണ്ടല്ലോ! ചിലപ്പോ
ബിസിനസ് മോശമായിരിക്കും ക്ലാസ് മാറിക്കയറാന്‍ കാരണം!

എയര്‍ ഹോസ്റ്റസ് വന്ന് ഫോണ്‍ ഓഫ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ മനസില്ലാ മനസോടെ അയാളത് മാറ്റി വെച്ചു. ഞാന്‍ എന്നൊരാള്‍ നിലവിലുണ്ടെന്ന് പുള്ളിക്ക് തോന്നിയിട്ടേയില്ല. എന്റെ അലസ വേഷവും വാവെയുടെ ഫോണും കണ്ട്  അയാള്‍ പുച്ഛിച്ചതായിരിക്കും. എയര്‍പോര്‍ട്ടില്‍  നാനോ കാര്‍ പാര്‍ക്ക് ചെയ്താണ് ഞാനിതില്‍ കയറിയെതെന്നറിഞ്ഞാല്‍ ഇയാളെന്നെ ഇറക്കി വിടുമോ ആവോ? 
വിമാനം ഉയര്‍ന്നു പൊങ്ങിയപ്പോള്‍  ഞാന്‍ പണ്ടു വായിച്ച Alexander Frater എഴുതിയ Chasing the monsoon  വീണ്ടും വായിച്ചു തുടങ്ങി. ഇന്ത്യയിലെ മണ്‍സൂണിന്റെ പുറകേയുള്ള സായിപ്പിന്റെ നെട്ടോട്ടമാണ് കൗതുകകരവും ഉദ്യോഗജനകവുമായ ഈ പുസ്തകം. ഒരു തവണ വിമാന യാത്രയില്‍  സീറ്റ് പോക്കറ്റില്‍ മറന്നു  വച്ചതാണ്. ഇത് ഈ യാത്രയില്‍ വേറെ വാങ്ങിച്ചത്.കുറച്ചു കഴിഞ്ഞ് പ്രാതല്‍ വിളമ്പി എയര്‍ ഹോസ്റ്റസ് പോയി. ഞാന്‍ വായനയ്‌ക്കൊപ്പം പ്രാതല്‍ കഴിച്ചു തീര്‍ത്തു .ഇയര്‍ ഫോണ്‍ എടുത്തു വെച്ചു ഫോണില്‍ പുത്തഞ്ചേരിയുടെ പാട്ടുകള്‍ വെച്ചു. പിന്നെ ഉറക്കമെഴുന്നേറ്റത് കൂട്ട കരച്ചില്‍ കേട്ടാണ്. ദൈവനാമങ്ങള്‍ ഉച്ചത്തില്‍ കേള്‍ക്കാം. കണ്ണുതുറന്നപ്പോള്‍ പ്ലെയിന്‍ ഇളകിയാടുന്നു. ചില ലഗ്ഗേജ് റാക്കുകള്‍ തുറന്നിരിക്കുന്നു. ഒരു കപ്പല്‍ തിരമാലകളില്‍ ആടിയുലയുന്നതു പോലെ വിമാനം ഊഞ്ഞാലാടുന്നു.ഒരു സ്ത്രീ കോറിഡോറില്‍ മറിഞ്ഞു വീഴുന്നതു കണ്ടു. അവരെ സഹായിക്കാന്‍ ചെന്ന എയര്‍ ഹോസ്റ്റസ് കുലുക്കം കാരണം സ്ത്രീയുടെ മേലെ മറിഞ്ഞു വീണു. അവരുടെ തല ശക്തമായി  സീറ്റിലിടിച്ച് വേദന കൊണ്ടാകണം ഉച്ചത്തില്‍ കരഞ്ഞു. ഉറക്കമുണര്‍ന്ന കുട്ടികളുടെ കരച്ചില്‍.ഓക്‌സിജന്‍ മാസ്‌ക്കുകള്‍ താഴേക്ക് തൂങ്ങിയാടി.

എന്റെ ഫോണും പുസ്തകവും താഴേക്ക് തെറിച്ചു വീണു. ആപ്പിള്‍ ഫോണ്‍ കണ്‍മുന്നില്‍ക്കൂടി പറന്നു പോകുന്നത് കണ്ടു. എന്റെ കൂടെയിരിക്കുന്ന ആളുടെ  പരിഭ്രമിച്ച്  കരയുന്ന പോലെ മുഖം. സീറ്റില്‍ രണ്ടു കൈയും മുറുക്കി ശ്വാസം പിടിച്ചിരിക്കുന്നു. എയര്‍ ടര്‍ബുലന്‍സ് പലപ്പോഴും മുമ്പനുഭവിച്ചിട്ടുള്ളതുകൊണ്ട് ഞാന്‍ അത്ര പരിഭ്രമിച്ചില്ല. ഇതു അല്‍പ്പം  കൂടിയ ഇനമാണ്.അഞ്ചുമിനിട്ട് താണ്ഡവം  കഴിഞ്ഞു കാണും. പ്ലെയിന്‍ പെട്ടെന്നു  താഴേക്ക് താഴേക്ക് വീഴാന്‍ തുടങ്ങി! ശരീരം പഞ്ഞിപോലെ ഭാരമില്ലാതെയായിത്തോന്നി.

അടുത്തിരുന്ന ആള്‍ യാ അല്ലാഹ് എന്ന് അലറിക്കൊണ്ടെന്റെ കൈത്തണ്ടയില്‍ അള്ളിപ്പിടിച്ചു. ‘അയ്യോ അയ്യോ എന്ന് പറയുന്നുണ്ട്. ആ വീഴ്ചയിലും ഞാന്‍ ഉള്ളില്‍ ചിരിച്ചു പോയി. അറബി അയ്യോ അല്ല മലയാളം അയ്യോ തന്നെ! എന്റെ കൈ ശരിക്ക് വേദനിച്ചു. വീഴ്ച വേഗം  നിന്നു. പക്ഷെ ഭീകര കുലുക്കം പിന്നെയും അഞ്ചു മിനിട്ട് കൂടി തുടര്‍ന്നു. അപ്പോള്‍ അത് അഞ്ചു മണിക്കൂര്‍ പോലെ തോന്നി.. കുറച്ചു സമയം കഴിഞ്ഞയാള്‍ എന്റെ കൈ  വിട്ടു.പക്ഷെ അയാളുടെ പേടിയും പരിഭ്രമവും  കുറഞ്ഞിട്ടില്ല. മുഖം വിളറി വെളുത്ത് കടലാസ് പോലെ.ആദ്യമായാണ് അയാള്‍ക്കീ അനുഭവം. ചോദിക്കാതെ പറഞ്ഞു.വീട് പാലക്കാട്.പേര് അസ്ലം. ദുബായില്‍ നല്ല രീതിയില്‍  പെര്‍ഫ്യൂം ബിസിനസ് ചെയ്യുന്നു. മൊത്തക്കച്ചവടം. ജാള്യതയിലും ഭയത്തിനിടയിലും  അയാള്‍ക്കറിയേണ്ടത് ഞാന്‍ എന്തു കൊണ്ട് കാര്യമായി പേടിച്ചില്ല എന്നാണ്!

ശരിയാണ് ഞാനത്ര പേടിച്ചില്ല. കുറേയേറെ വിമാന യാത്രകള്‍ക്ക് ശേഷം ഉണ്ടായ തിരിച്ചറിവുകള്‍….
ഒന്നാമത്തെ കാര്യം വിമാന യാത്രയില്‍ ടേക് ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് ആണ് ശരിക്കും പേടിക്കേണ്ട  രണ്ടു സന്ദര്‍ഭങ്ങള്‍. ഇവിടെ ഇത് ഏകദേശം പറക്കലിന്റെ പകുതി ആയിരുന്നു. പിന്നെ എയര്‍ ടര്‍ബുലന്‍സ് അത്ര ഭയക്കേണ്ട കാര്യമല്ല. ഇരുപതിനായിരമടി ഉയരത്തില്‍ പറക്കുമ്പോള്‍ നൂറടി താഴേക്ക് വീണാല്‍ ഒന്നുമില്ല. നമ്മള്‍ എപ്പോഴും സീറ്റ് ബെല്‍ട്ടിട്ടിരിക്കണം. ഈ പ്രതിഭാസം അനുഭവിക്കുമ്പോള്‍ നല്ല  പ്രയാസമുണ്ടാകും. എന്നാല്‍ ഒരു ആധുനിക  വിമാനത്തില്‍  പൈലറ്റിന് എങ്ങനെ ടര്‍ബുലന്‍സ് കൈകാര്യം ചെയ്യാമെന്നറിയാം. പിന്നെ 1985 ല്‍ പറക്കല്‍ തുടങ്ങിയ എമിരേറ്റ്‌സിന്റെ ഒരു വിമാനവും ഇന്ന് വരെ തകര്‍ന്നു വീണിട്ടില്ല! 
പിന്നെ വിമാനത്തിന്റെ ഊഞ്ഞാലാട്ടം!അതെനിക്ക് പണ്ടേ ഇഷ്ടമാണ്. ജീവിതം തന്നെ അതാണല്ലോ? 
ശ്രീകുമാരന്‍ തമ്പി എഴുതിയ പോലെ ബിന്ദുവില്‍ നിന്നൊരു ബിന്ദുവിലേക്കുള്ള പെന്‍ഡുലം!

ദുബൈ എയര്‍ പോര്‍ട്ടില്‍ ഇറങ്ങി പാലക്കാട്ടുകാരന്‍ അറബിയെ പാട്ടിന്  വിട്ട് ഞാന്‍ നടന്നു.
അയാളുടെ മരണഭയത്തിലുള്ള അള്ളിപ്പിടുത്തം എന്റെ കൈത്തണ്ടയില്‍ രണ്ടു ദിവസം കരിനീലിച്ചു കിടന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

6 COMMENTS

  1. Wow , it was really interesting to read through . Felt like you are narrating the story in person right in front of me.

  2. Abhay,very classy, realistic narration. Keeping cool even when the oxygen masks are down, makes you special and and that explains your character. Keep that cool and excite your readers.

    James

LEAVE A REPLY

Please enter your comment!
Please enter your name here