ഡൊണാൾഡ് ട്രംപിൽ നിന്ന് നമുക്കെല്ലാവർക്കും പഠിക്കാൻ കഴിയുന്ന ശക്തമായ പാഠം!

1950 കളിൽ പ്രശസ്ത പാസ്റ്റർ Norman Vincent Peale, പോസിറ്റീവ് തിങ്കിങ്ങിന്റെയും സ്വന്തം കഴിവുകളിൽ വിശ്വസിക്കുന്നതിന്റെയും അത്ഭുതങ്ങളെക്കുറിച്ച് എല്ലാ ഞായറാഴ്ചയും മൻഹാട്ടനിലെ മാർബിൾ കൊളീജിയറ്റ് പള്ളിയിൽ ആയിരക്കണക്കിന് ആളുകളെ അഭിസംബോധന ചെയ്തു സംസാരിക്കുമായിരുന്നു.

പോസിറ്റീവ് ചിന്തയുടെ ശക്തി (The Power of Positive Thinking) എന്ന അദ്ദേഹത്തിന്റെ പുസ്തകം വളരെ ജനപ്രീതി നേടുകയും , 1952 ൽ പുറത്തിറങ്ങിയപ്പോൾ തന്നെ ബെസ്റ്റ് സെല്ലറായി മാറുകയും ചെയ്തിരുന്നു.

ഞായറാഴ്ചകളിലെ ഈ പ്രഭാഷണ പരിപാടിയിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപ്. കുടുംബത്തോടൊപ്പമായിരുന്നു കൗമാരക്കാരനായ അദ്ദേഹം അതിൽ പങ്കെടുത്തിരുന്നത്. ഞായറാഴ്ചത്തെ പ്രഭാഷണങ്ങളും പാസ്റ്ററുടെ പുസ്തകവും തന്റെ വളർച്ചയെ വളരെയധികം സ്വാധീനിച്ചതായി പിന്നീട് ഒരു അഭിമുഖത്തിൽ അദ്ദേഹം പറയുകയുണ്ടായി.

"അവിശ്വസനീയമായ ഒന്നായിരുന്നു അത്. യഥാർത്ഥ ജീവിത സാഹചര്യങ്ങളെ പ്രഭാഷണത്തിലേക്ക് കൊണ്ടുവരികയായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. വേണമെങ്കിൽ ഒരു ദിവസം മുഴുവൻ തന്നെ അദ്ദേഹത്തെ കേട്ടിരിക്കാൻ കഴിയും! പോസിറ്റീവ് ചിന്തയുടെ ശക്തിയെ കുറിച്ച് അദ്ദേഹം ധാരാളം സംസാരിക്കുകയും അത് ആധുനിക ജീവിതത്തിലേക്ക് കൊണ്ടുവരികയും ചെയ്യുമായിരുന്നു. വിജയഗാഥകളെക്കുറിച്ചും വിജയികളായ ആളുകളെക്കുറിച്ചും അവർ മദ്യത്തിന് അടിമയായതിനെയും പിന്നീട് അവർ അതിൽ നിന്ന് മുക്തമായതിനെ കുറിച്ചുമൊക്കെ അദ്ദേഹം സംസാരിച്ചു, ഇതെല്ലാം കണ്ടും ട്ടുമാണ് ഞാൻ വളർന്നത്.”

ട്രംപിന്റെ ധാർമ്മികതയും മൂല്യങ്ങളും ചിലപ്പോൾ അനുകരണ യോഗ്യമല്ലെങ്കിലും, അദ്ദേഹത്തിന് അസാധാരണമായ ഒരു ഗുണമുണ്ട്; പൊന്നുപോലെ വിലപ്പെട്ട ഒന്ന്. അതേ കുറിച്ചാണ് ഇന്ന് ഞാൻ നിങ്ങളോട് പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നത്.

1971-ൽ ആണ് ട്രംപ് തന്റെ കുടുംബത്തിന്റെ റിയൽ എസ്റ്റേറ്റ് ബിസിനസിന്റെ ചുമതല ഏറ്റെടുക്കുന്നത്. അതിനെ ട്രംപ് ഓർഗനൈസേഷൻ എന്ന് പുനർനാമകരണം ചെയ്യുകയും ക്വീൻസ്, ബ്രൂക്ലിൻ എന്നിവിടങ്ങളിൽ നിന്ന് മൻഹാ ട്ടനിലേക്കും അതിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയും ചെയ്തു. പിന്നീട് കമ്പനി അംബര ചുംബികളായ കെട്ടിടങ്ങൾ, ഹോട്ടലുകൾ, കസീനോകൾ, ഗോൾഫ് കോഴ്സുകൾ എന്നിവയൊക്കെ നിർമിക്കുകയും പുതുക്കി പണിയുകയും ചെയ്തു.

80 കളുടെ പകുതി വരെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ടിരുന്നു. 90 കളുടെ തുടക്കത്തിലാണ് അദ്ദേഹം യഥാർത്ഥ പരീക്ഷണത്തെ നേരിടുന്നത്. 1987 ലെ യുഎസ് സ്റ്റോക്ക് മാർക്കറ്റ് തകർച്ചയെത്തുടർന്ന് ന്യൂയോർക്കിലെ റിയൽ എസ്റ്റേറ്റ് മേഖല ആഗോള മാന്ദ്യത്തിന്റെ പിടിയിലായി. പുതിയ നിർമ്മാണ പ്രവർത്തനങ്ങളൊക്ക സ്തംഭിച്ചു, നിരവധി വൻകിട ഡവലപ്പർമാർ പാപ്പരത്തത്തിലേക്ക് പോയി. റിയൽ എസ്റ്റേറ്റ് വിപണി ഇടിഞ്ഞപ്പോൾ ട്രംപും കടക്കെണിയിലായി. 1990-ന്റെ തുടക്കത്തിൽ 70 ലധികം ബാങ്കുകളിലായി അദ്ദേഹത്തിന് 4 ബില്യൺ ഡോളർ കുടിശ്ശിക ഉണ്ടായിരുന്നു. 800 മില്യൺ ഡോളറിന്റെ സ്വന്തം ആസ്തിയുടെ ഈടിൻമേൽ ആയിരുന്നു അത്. 1990 കളിൽ കസീനോ (ചൂതാട്ട കേന്ദ്രം) ബിസിനസ്‌ മോശമായതോടെ തെളിഞ്ഞതോടെ അദ്ദേഹത്തിന്റെ ബിസിനസ്സ് സാമ്രാജ്യം തകർന്നു.

1995 ആയതോടെ ഡൊണാൾഡ് ട്രംപ് ഏതാണ്ട് നിലംപരിശായ അവസ്ഥയിലായിരുന്നു. എങ്ങനെയെങ്കിലും പിടിച്ചു നിൽക്കാനുള്ള ശ്രമമായിരുന്നു 1990-95 കാലയളവിൽ. അക്കാലത്ത്, അദ്ദേഹത്തിന്റെ ദാമ്പത്യജീവിതവും തകർന്നിരുന്നു, സ്വന്തമായി തന്നെ ഏകദേശം ഒരു ബില്യൺ ഡോളർ കടബാധ്യത അദ്ദേഹം വരുത്തിയിരുന്നു, അറ്റ്ലാന്റിക് സിറ്റിയിലെ അദ്ദേഹത്തിന്റെ മൂന്ന് കസീനോകളും പാപ്പരത്തത്തിനായി അപേക്ഷ നൽകി, ഇതിൽ ഏറ്റവും മികച്ച കസീനോ ആയ 'ട്രംപ് പ്ലാസ'യുടെ നഷ്ടം പ്രതിവർഷം 9 മില്യൺ ഡോളറായിരുന്നു. അദ്ദേഹത്തിന്റെ ബിസിനസ് ജീവിതത്തിലെ ഇരുണ്ട കാലഘട്ടമായിരുന്നു അത്. എല്ലാവരും അദ്ദേഹത്തെ എഴുതിത്തള്ളി.

തിരിച്ചുവരവ്

പക്ഷേ, 1996 ആയപ്പോഴേക്കും കാര്യങ്ങളുടെ ഗതി മാറ്റിയെടുക്കാൻ (പിതാവിന്റെ സഹായത്തോടെ) അദ്ദേഹത്തിന് കഴിഞ്ഞു. എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട്, അതേ വർഷം തന്നെ അദ്ദേഹം ഫോബ്‌സ് 400 സമ്പന്ന പട്ടികയിൽ തിരിച്ചെത്തി. തിരിഞ്ഞുനോക്കുമ്പോൾ തന്റെ ജീവിതത്തിലെ ആ കാലഘട്ടത്തെക്കുറിച്ച് അദ്ദേഹത്തിന് പറയാനുള്ളത് ഇതാണ്:

"ഞാൻ തകർന്നു പോയെന്ന് ഞാൻ ഒരിക്കലും വിശ്വസിച്ചില്ല. ഞാൻ പരിഹരിക്കേണ്ട ഒരു പ്രശ്‌നമായി ആ സാഹചര്യത്തെ കണ്ട് അതിനായി പരിശ്രമിക്കാൻ തുടങ്ങി. ഇത് എളുപ്പമാണെന്ന് ഞാൻ പറയുന്നില്ല, ഒട്ടും ആയിരുന്നില്ല താനും. ഒരു വലിയ പ്രശ്നം തന്നെ ആയിരുന്നു അത്. പക്ഷേ അതേകുറിച്ചോർത്തു ഭയപ്പെടാനോ അതെന്റെ അവസാനമാണെന്നു വിശ്വസിക്കാനോ ഞാൻ തയ്യാറായിരുന്നില്ല. ഞാൻ ഒരു ശുഭാപ്തിവിശ്വാസിയാണ്, പോസിറ്റീവ് തിങ്കിങ്ങിന്റെ ശക്തിയിൽ ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു. അതാണ് എന്നെ സഹായിച്ചതെന്ന് എനിക്ക് തോന്നുന്നു."

“നെഗറ്റീവ് സാഹചര്യങ്ങൾക്ക് വഴങ്ങാൻ ഞാൻ വിസമ്മതിച്ചു, എന്നിലുള്ള വിശ്വാസം ഒരിക്കലും എനിക്ക് നഷ്ടപ്പെട്ടില്ല. ധൈര്യമായിരിക്കുക എന്നത് എന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. തോൽവി എന്ന വാക്ക് എന്റെ നിഘണ്ടുവിലില്ല."

തിങ്ക് ലൈക്ക് എ വിന്നർ എന്ന തന്റെ പുസ്തകത്തിൽ അദ്ദേഹം ഇങ്ങനെ എഴുതി:

"നിങ്ങൾ ഓരോ ദിവസവും പോസിറ്റീവ് ആയിരിക്കണം. നിങ്ങൾ അതിനായി ദൈനംദിനം ശ്രമിക്കണം, കാരണം, മറ്റാരും നിങ്ങളെ സഹായിക്കാൻ പോകുന്നില്ല."

ഡൊണാൾഡ് ട്രംപ് പറയുന്ന പല കാര്യങ്ങളും നിങ്ങൾ കേട്ടുകാണും. എന്നാൽ തന്നെക്കുറിച്ചോ തന്റെ കഴിവുകളെക്കുറിച്ചോ വിലകുറച്ചു സംസാരിക്കുന്നത് ഒരിക്കലും നിങ്ങൾ കേട്ടിട്ടുണ്ടാകാൻ ഇടയില്ല.

"ഞാൻ ഒരു ജീനിയസ് ആണെന്ന് കരുതുന്നുണ്ടോ എന്ന് ആരോ എന്നോട് ചോദിച്ചു. അതെ എന്ന് ഉത്തരം പറയാൻ ഞാൻ തീരുമാനിച്ചു. എന്തുകൊണ്ട് പറഞ്ഞു കൂടാ? നിങ്ങളും ഇത് പരീക്ഷിക്കുക. നിങ്ങൾ ഒരു ജീനിയസ് ആണെന്ന് സ്വയം പറയുക. ഉടൻ തന്നെ നിങ്ങൾ ചിന്തിച്ചേക്കാം, എന്തു കൊണ്ടാണ് , ഏതു തരത്തിലാണ് നിങ്ങൾ ഒരു ജീനിയസ് ആകുന്നതെന്ന്. അപ്പോൾ തന്നെ നിങ്ങളുടെ മനസ് അതേകുറിച്ചോർത്തു അതിശയിക്കുകയും ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങുകയും ചെയ്യും. ഒരു പ്രതിഭയെപ്പോലെ ചിന്തിക്കുന്നതിനുള്ള ആദ്യത്തെ വലിയ ചുവടു വായ്പാണ് ഇത്. നിങ്ങളുടെ മറഞ്ഞിരിക്കുന്ന ചില കഴിവുകളെ ഇതു പുറത്ത് കൊണ്ടു വന്നേക്കാം."

എന്റെ ജീവിതത്തിലും എന്റെ ചുറ്റുമുള്ളവരിലും ഞാൻ നിരീക്ഷിച്ചപ്പോൾ എനിക്ക് തോന്നിയത്, നമ്മുടെ ചിന്തയും സംസാരവും പ്രവൃത്തിയും വഴി നാം പലപ്പോഴും നമ്മെത്തന്നെ നിസ്സാരവൽക്കരിക്കുന്ന പ്രവണത കാണിക്കുന്നു, യഥാർത്ഥത്തിൽ നമുക്ക് ചെയ്യാൻ കഴിവുള്ളവയെ കുറച്ചുകാണുന്നു.

അഹങ്കാരിയാകാനോ ഗംഭീരമായ പ്രസ്താവനകൾ നടത്താനോ അല്ല ഞാൻ പറയുന്നത്. എന്നിരുന്നാലും, ട്രംപിന്റെ ജീവിതത്തിൽ നിന്ന് ഉൾക്കൊള്ളാൻ കഴിയുന്ന ഒരു വലിയ പാഠം ഉണ്ട്.

നിങ്ങളുടെ സ്വന്തം കഴിവുകളിൽ വളരെയധികം ആത്മവിശ്വാസമുണ്ടായിരിക്കുക, ഒപ്പം ജീവിതത്തിൽ നിങ്ങൾ നേരിടുന്ന ഏത് തടസ്സത്തെയും മറികടന്നു പുറത്തുവരാൻ കഴിയുമെന്ന വിശ്വാസവും. എല്ലാറ്റിലും ഉപരി നിങ്ങൾക്ക് ചുറ്റുമുള്ളതെല്ലാം ഇരുണ്ടതായിരിക്കുമ്പോഴും മറ്റാരും നിങ്ങളെ വിശ്വസിക്കുന്നില്ലെങ്കിലും പോസിറ്റീവ് ആയി തന്നെ തുടരുക.

Click here to read the article in English

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Anoop Abraham
Anoop Abraham  

He is the founder of the blog www.thesouljam.com. The blog is about simple and practical tips to live better and be happier. He writes about personal growth, spirituality and productivity. Email: anooptabraham@yahoo.co.in

Related Articles

Next Story

Videos

Share it