പ്രേരണ; അധ്യായം-20

ചില സൂചനകള്‍ അടങ്ങുന്ന ഒരു കത്തിനെ പിന്തുടര്‍ന്ന് ലണ്ടനില്‍ നിന്നും മുംബൈയില്‍ എത്തുന്ന ജീവന്‍ ജോര്‍ജ്. മുംബൈയിലെ തിരക്കേറിയ ട്രെയിന്‍ യാത്രയില്‍ കത്ത് നഷ്ടമാകുന്നെങ്കിലും ഓര്‍മ്മിച്ചെടുക്കുന്ന മേല്‍വിലാസത്തില്‍ കൃത്യമായി ലേഡീസ് ഹോസ്റ്റലില്‍ എത്തിച്ചേര്‍ന്ന ജീവന് കത്തെഴുതിയ നിമ്മിയെ കാണാനാവുന്നില്ല. തിരികെ ഹോട്ടലില്‍ എത്തുന്ന ജീവന് ഒരു പെന്‍ഡ്രൈവ് റിസെപ്ഷനിസ്റ്റില്‍ നിന്ന് ലഭിക്കുന്നെങ്കിലും അത് നല്‍കിയ ആളെ കാണാനാവാതെ പിറ്റേന്ന് ലണ്ടനിലേക്ക് മടങ്ങേണ്ടി വരുന്നു. തിരികെ ഫ്ളാറ്റിലെത്തി പെന്‍ഡ്രൈവിലെ ഫയല്‍ തുറക്കുന്ന ജീവന്‍ തന്നെക്കുറിച്ചെന്നോണം രചിക്കപ്പെട്ട ഒരു പുസ്തകത്തിന്റെ ആദ്യ താളുകള്‍ കാണുന്നു. മുംബൈയില്‍ തന്റെ പേഴ്സണല്‍ അസിസ്റ്റന്റായി എത്തി പുസ്തക രചന എന്ന അധിക ദൗത്യം കൂടി ഏറ്റെടുത്തു, ഒടുവില്‍ അത് പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് അപ്രത്യക്ഷയായ പ്രേരണ എന്ന പെണ്‍കുട്ടിയിലൂടെ എഴുതപ്പെട്ട പുസ്തകം!

ജോലിക്കായി മുംബൈയിലെത്തി, ഓഹരി ബ്രോക്കിങ് ബിസിനസിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞു, ആ മേഖലയില്‍ അനുഭവസമ്പത്തുള്ള സുധീറുമൊത്ത് ഫ്രാഞ്ചൈസി ബിസിനസിലൂടെ ആരംഭിച്ചു കമ്പനിയായി രൂപഭേദം വന്ന ജെ.എസ് മിഡാസ് സ്റ്റോക്ക് ബ്രോക്കിങ് എന്ന തന്റെ ബിസിനെസിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ വായിച്ചു ജീവന്‍ അത്ഭുതപ്പെടുന്നു. മൂലധനമില്ലാതെ ഇനി ഒരടി പോലും മുന്നോട്ടു പോകാനാവില്ല എന്ന ഘട്ടത്തില്‍ ഒരു രക്ഷകനെപ്പോലെ അവതരിച്ച വിജയ് അധികാരി എന്ന ഇന്‍വെസ്റ്ററുടെ കൈകളിലേക്ക് കമ്പനി എത്തും മുന്‍പ് കോട്ടയത്തു രജിസ്റ്റര്‍ ചെയ്ത സ്റ്റോണ്‍ കോര്‍ട്ട് ട്രസ്റ്റ് കമ്പനിയില്‍ മൂലധനമിറക്കാന്‍ സന്നദ്ധമാകുന്നു.
അധികാരിയുടെ എതിര്‍പ്പിനെ അവഗണിച്ച് ആരംഭിക്കുന്ന ഫ്രാഞ്ചൈസി ബിസിനസ് മോഡല്‍ കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ ഒരു പരാജയമാണെന്ന് തിരിച്ചറിയുന്ന ഘട്ടത്തില്‍ ഈ ഫ്രാഞ്ചൈസികള്‍ കമ്പനിയുടെ ബ്രാഞ്ചുകളായി മാറ്റുവാനും ഫ്രാഞ്ചൈസി ഉടമകള്‍ക്ക് സെക്യൂരിറ്റിയായി നല്‍കിയ തുകക്ക് ആനുപാതികമായി ഓഹരികള്‍ നല്‍കാനും തീരുമാനമാകുന്നു. പബ്ലിക് ലിമിറ്റഡ് കമ്പനിയായി മാറിയ ജെ.എസ് മിഡാസിനെ ഏറ്റെടുക്കാന്‍ ദുബായ് ആസ്ഥാനമായ ജെബീബ് ബാങ്ക് രംഗത്തു വരുന്നു. ശക്തരായ ജീവനെയും സ്റ്റോണ്‍ കോര്‍ട്ട് ട്രസ്റ്റിനെ പ്രതിനിധീകരിക്കുന്ന റോജിയെയും എതിര്‍ക്കാന്‍ അധികാരി ദുര്‍ബലമായി ശ്രമിക്കുന്നുണ്ടെങ്കിലും, മികച്ച വില നല്‍കി കമ്പനിയുടെ എഴുപത്തി നാല് ശതമാനം ഓഹരികള്‍ ബാങ്ക് സ്വന്തമാക്കുന്നു.
കുറഞ്ഞ മൂലധനവും തകര്‍ക്കാനാകാത്ത ഇച്ഛാ ശക്തിയുമായി രംഗത്ത് വന്ന് വിജയിച്ച ജീവന്‍ ജോര്‍ജ് എന്ന സംരംഭകനെക്കുറിച്ചുള്ള പുസ്തകത്തിന്റെ അവസാന താളുകളില്‍ എഴുതിയ ആളിന് കൃത്യമായി അതവസാനിപ്പിക്കാനായില്ല എന്ന സൂചനകള്‍ ജീവന് കാണാനാകുന്നു. പേഴ്സണല്‍ അസിസ്റ്റന്റ് ആയി എത്തി, പിന്നീട് തന്റെ ജീവിതത്തിലേക്ക് ക്ഷണിച്ച്, ഒരു നാള്‍ പൊടുന്നനെ അപ്രത്യക്ഷയായ പ്രേരണയെക്കുറിച്ചു ജീവന്‍ തന്റെ ഭാര്യയായ ആന്‍സിയോട് പറയുകയും പെന്‍ഡ്രൈവിലെ കുറിപ്പുകള്‍ ആന്‍സി വായിക്കുകയും ചെയ്യുന്നു. ജീവന്‍ പങ്കെടുത്ത ഒരു പ്രോഗ്രാമില്‍ വന്ന മലയാളികളായ ദമ്പതികള്‍ക്ക് ബിസിനസ് കാര്‍ഡ് നല്‍കിയതിന് ശേഷമാണ് തനിക്ക് ഈ കത്ത് ലഭിച്ചതെന്നോര്‍ത്തെടുക്കുന്ന ജീവന്‍ അവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാന്‍ പുറപ്പെട്ട് തിരിച്ചെത്തുമ്പോള്‍ പ്രേരണയുടെ ഫോട്ടോ കാട്ടി ഇത് ജെബീബ് ബാങ്കിന്റ ഇന്‍വെസ്റ്റ്മെന്റ് ഹെഡ് ബിനു സക്കറിയയുടെ ഭാര്യ ജെനി ആണെന്ന് ആന്‍സി പറയുന്നു.
അന്ന് വൈകുന്നേരം ആന്‍സിയില്‍ നിന്ന് ജെനിയുടെ ഒരു മെയില്‍ ജീവന് ഫോര്‍വേഡ് ചെയ്തു ലഭിക്കുന്നു. ജീവന്റെ അറിവോടെ റോജി എന്നൊരാള്‍ ജോണ്‍കുട്ടി എന്ന തന്റെ സഹോദരനെ കബളിപ്പിച്ചു സ്റ്റോണ്‍കോര്‍ട്ട് ട്രസ്റ്റിന്റ പേരില്‍ ലോണ്‍ തരപ്പെടുത്തിയതും, അനുബന്ധ അന്വേഷണത്തിനായി താന്‍ അവിടെ എത്തിയതും, ഒരു കാര്‍ അപകടത്തില്‍ ജോണ്‍കുട്ടി മരിച്ചതും അടക്കമുള്ള വിവരങ്ങള്‍ അടങ്ങിയ മെയില്‍! അപ്പോഴും താന്‍ സഹോദരനെ ഏല്‍പ്പിച്ച പെന്‍ഡ്രൈവ് അയാളുടെ മരണം കഴിഞ്ഞു നാളുകള്‍ക്കിപ്പുറം എങ്ങനെ നിങ്ങള്‍ക്ക് ലഭിച്ചു എന്ന ജെനിയുടെ സംശയത്തില്‍ ജീവന്‍ സ്തബ്ധനാകുന്നു! (തുടര്‍ന്ന് വായിക്കുക)
അദ്ധ്യായം 23 - നിര്‍മ്മല
മൊബൈലിലെ ബീപ് ശബ്ദമാണ് ഉണര്‍ത്തിയത്. ഡെന്നിയുടെ വാട്സ്ആപ്പ് മെസേജ്, പത്തൊന്‍പതാം നമ്പര്‍ ടേബിളില്‍ ഇരുന്നവരുടെ വിവരങ്ങള്‍. വൈഐഫൈവ് എന്ന പരസ്യ കമ്പനി നടത്തുന്ന പാലക്കാടുകാരന്‍ മുരളി. മുരളിയുടെ ഫോണ്‍ നമ്പറും ഓഫീസ് അഡ്രസും.
കട്ടിലില്‍ എഴുന്നേറ്റിരുന്നു. ഏഴു മണി കഴിഞ്ഞിരിക്കുന്നു. ഉറക്കം വരില്ല എന്നുറപ്പിച്ചു കണ്ണുകളടച്ച് കിടന്നത് മാത്രം ഓര്‍മ്മയുണ്ട്.
പുറത്തേക്കിറങ്ങി. മഞ്ഞില്‍ കാഴ്ചകള്‍ക്ക് വ്യക്തത പോര. ടിക്കറ്റിനായുള്ള പണം പോക്കറ്റില്‍ നിന്നെടുക്കാന്‍ ബദ്ധപ്പെട്ടു. തണുപ്പില്‍ കൈത്തണ്ടയ്ക്ക് മരവിപ്പ്.
ട്രെയിനില്‍ നിന്നിറങ്ങി ബേക്കര്‍ സ്ട്രീറ്റിലുള്ള വൈഐഫൈവ് ഓഫീസ് ലക്ഷ്യമാക്കി നടന്നു. റിസപ്ഷനില്‍ വൈഐഫൈവ് ഓഫീസിലേക്കു പോകണം എന്നു പറഞ്ഞ് പേരുവിവരങ്ങള്‍ നല്‍കിയപ്പോള്‍ റിസപ്ഷനിസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ടു. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ആളെത്തി. അന്ന് പരിപാടിയില്‍ കണ്ടയാള്‍.
അഞ്ചാം നിലയിലെ, ചെറുതെങ്കിലും മനോഹരമായി സജ്ജമാക്കിയ ഓഫീസില്‍ ഇരുന്നതിനു ശേഷമാണ് അയാള്‍ കാര്യം തിരക്കിയത്.
അന്നത്തെ ചടങ്ങില്‍ കണ്ടുമുട്ടിയതിനുശേഷം ലഭിച്ച കത്തിനെക്കുറിച്ചു പറയുമ്പോള്‍ അയാള്‍ കസേരയില്‍ ചാഞ്ഞിരിക്കയായിരുന്നു. എല്ലാം കേട്ടു കഴിഞ്ഞിട്ടും മിണ്ടാതിരുന്നയാളോട് തെല്ലു സന്ദേഹത്തോടെയാണ് ഭാര്യയെക്കുറിച്ചു തിരക്കിയത്.
പുഞ്ചിരിയോടെയായിരുന്നു മറുപടി.
'അന്നത്തെ പ്രോഗ്രാമിന് എനിക്കൊപ്പം ഉണ്ടായിരുന്നത് സഹോദരിയാണ്. രണ്ടു നാളുകള്‍ക്കുള്ളില്‍ അവള്‍ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.' വാക്കുകളില്‍ വല്ലാത്ത പിശുക്കു കാട്ടുന്ന ഇയാളോട് ഇനി എന്ത് സംസാരിക്കാനെന്നു കരുതി എഴുന്നേറ്റു.
എന്തോ ആലോചിച്ചിട്ടെന്ന പോലെ ഇരിക്കാന്‍ പൊടുന്നനെ അയാള്‍ ആംഗ്യം കാട്ടി.
ജോണ്‍കുട്ടി വിവാഹം കഴിക്കാനാഗ്രഹിച്ച നിമ്മിയെക്കുറിച്ചും, അന്യമതത്തില്‍പ്പെട്ടൊരാളെ വിവാഹം കഴിക്കുന്നത് സഹോദരിയുടെ വിവാഹത്തെ ബാധിക്കുമോ എന്നു ഭയന്ന് അത് അവളില്‍ നിന്ന് മറച്ചു വച്ച ജോണ്‍കുട്ടിയെക്കുറിച്ചും, സ്ഥലംമാറ്റം ലഭിച്ച് നാട്ടിലെത്തിയാലുടന്‍ നടക്കാനിരുന്ന അവരുടെ വിവാഹത്തെക്കുറിച്ചുമൊക്കെ പതിഞ്ഞ സ്വരത്തില്‍ അയാള്‍ സംസാരിച്ചു.
പിന്നെ അല്‍പ്പനേരം മിണ്ടാതിരുന്നു ദീര്‍ഘ നിശ്വാസത്തോടെ അയാള്‍ തുടര്‍ന്നു.
'റോജി എന്നൊരാള്‍ കബളിപ്പിച്ചതും, പിന്നീട് അയാള്‍ നേരിട്ടുവന്ന് തെറ്റ് ഏറ്റുപറഞ്ഞതും, ജെ.എസ് മിഡാസ് സ്റ്റോക്ക് ബ്രോക്കിങ് കമ്പനി മേധാവി ആയ ജീവന്‍ ജോര്‍ജിനെക്കുറിച്ചുമൊക്കെ നിമ്മി അറിയുന്നത് ജോണ്‍കുട്ടിയില്‍ നിന്നാണ്.'അത് പറഞ്ഞപ്പോള്‍ മാത്രം അയാള്‍ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി.
സിഗരറ്റിനു തീ കൊളുത്തി മറ്റൊരെണ്ണം വച്ച് നീട്ടിയപ്പോള്‍ ശീലമല്ലാതിരുന്നിട്ടും വാങ്ങി. ജോണ്‍കുട്ടിക്ക് സ്ഥലം മാറ്റം കിട്ടിയത് നിനച്ചിരിക്കാത്ത സമയത്തായിരുന്നു. അവസാനമായി നാട്ടിലേയ്ക്ക് പോകും മുന്‍പ് അയാള്‍ നിമ്മിയെ കണ്ടു. സ്ഥലപരിമിതി മൂലം കാറില്‍ കൊണ്ട് പോകാനാവാത്ത രണ്ട് ബാഗുകള്‍ അവളെ ഏല്‍പ്പിക്കാന്‍! പെട്ടെന്നുണ്ടായ ജോണ്‍കുട്ടിയുടെ അപകടവും മരണവും അവളെ കുറച്ചു നാളുകള്‍ വിഷാദത്തിലേക്ക് തള്ളി വിട്ടിരുന്നു.
ജോണ്‍കുട്ടി നല്‍കിയ ബാഗുകളിലൊന്നിലുണ്ടായിരുന്ന മെമ്മറി സ്റ്റിക്ക് അവള്‍ കാണുന്നത് അവിചാരിതമായാണ്. മെമ്മറി സ്റ്റിക്കിലൂടെ കടന്നു പോയ നിമ്മി അത്ഭുതപ്പെട്ടതു ജോണ്‍കുട്ടി നിങ്ങളെക്കുറിച്ചെഴുതിയ പുസ്തക രൂപത്തിലുള്ള കുറിപ്പുകള്‍ കണ്ടാണ്. രഹസ്യങ്ങളില്ലാതിരുന്ന അവരുടെ സൗഹൃദത്തില്‍ ഇത് മാത്രം അയാള്‍ ഒളിപ്പിച്ചതെന്തിനെന്ന് ഇന്നും അവള്‍ക്കറിയില്ല. പുസ്തകത്തിന്റെ കവര്‍ പേജായി നല്‍കിയിരിക്കുന്ന ഫോട്ടോയിലൂടെയാണ് അന്നത്തെ ആ പ്രോഗ്രാമിന് വന്ന നിങ്ങളെ അവള്‍ തിരിച്ചറിഞ്ഞത്. ജോണ്‍കുട്ടി പുസ്തകത്തിനു വേണ്ടിയെന്നോണം തയ്യാറാക്കിയ കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചുകാണാനുള്ള ആഗ്രഹം നിങ്ങളിലൂടെ സാധ്യമാവും എന്നവള്‍ വിശ്വസിച്ചു.'
പരിചയമില്ലാതെ എടുത്ത പുക തന്ന ചുമ! മേശപ്പുറത്തിരുന്ന ഗ്ലാസിലേക്ക് വെള്ളം പകര്‍ന്ന് നീട്ടിക്കൊണ്ട് അയാള്‍ തുടര്‍ന്നു.
'വല്ലാതെ കഷ്ടപ്പെട്ടു അവളുടെ മനസ് മാറ്റാന്‍. മുംബൈയില്‍ നിന്നു ജോലി രാജിവച്ച് നാട്ടിലേക്കു മടങ്ങുന്ന അവളുടെ വിവാഹം താമസിയാതെ നടക്കും.' മേശ വലിപ്പില്‍ നിന്നെടുത്ത വിവാഹ ക്ഷണക്കത്ത് നീട്ടിക്കൊണ്ടാണയാള്‍ പറഞ്ഞത്.
കവര്‍ തുറന്നു.
നിര്‍മ്മല വെഡ്സ് കിരണ്‍.
ഒന്നും പറയാതെ എഴുന്നേറ്റു. അല്ലെങ്കില്‍ തന്നെ എന്ത് പറയാന്‍! മുരളിയും ലിഫ്റ്റില്‍ താഴേക്ക് വന്നു. ചിരിക്കാന്‍ ശ്രമിച്ച്, കൈകൊടുത്ത് ട്യൂബ് സ്റ്റേഷന്‍ ലക്ഷ്യമാക്കി നടന്നു. തണുപ്പിന്റ കാഠിന്യത്തിന് കുറവില്ല. ജാക്കറ്റിന്റ പ്രതിരോധത്തെയും ഭേദിക്കുന്നു. റോഡ് കുറുകെ മുറിച്ചു കടക്കണം. അല്‍പ്പം വേഗതയില്‍ വരുന്ന ബസ് കടന്നു പോകാന്‍ കാത്തു നിന്നു. വേഗതയില്‍ ബസ് കടന്നു പോയി. മഞ്ഞു പൊഴിച്ച ഉണങ്ങിയ ഇലകള്‍ കുറച്ചു ദൂരം ബസിന് പിറകെ കാറ്റില്‍ ഉയര്‍ന്ന് യാത്ര ചെയ്തു. പിന്നെ ഏതൊക്കെയോ ദിശകളിലേക്ക് അവ താഴ്ന്നു മങ്ങി. ബസിന് പിറകെ പോയ അവസാന ഇലയും അമര്‍ന്നടങ്ങിയപ്പോള്‍ കുറുകെ കടന്നു.
സുരക്ഷിതമെന്ന് നാം കരുതുന്ന ജീവിതത്തിന്റെ യാനപാത്രങ്ങളെ കാത്തിരിക്കുന്ന എത്രയോ ദുരന്തങ്ങള്‍.


പ്രേരണ- അധ്യായം-19

Manoj Thomas
Manoj Thomas  

Related Articles

Next Story

Videos

Share it