കേരളത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് അസാധ്യമോ?

1957ലെ ഇ.എം.എസ് സര്‍ക്കാര്‍ ഒരു വലിയ പരീക്ഷണമായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും കേരള ജനതയ്ക്കാകെയും. ആകെയുള്ള 126 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 60 സീറ്റുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. കൂടെ അഞ്ച് സ്വതന്ത്രരും. കോണ്‍ഗ്രസിന് 43 സീറ്റ്, പി.എസ്.പി (9), മുസ്ലീം ലീഗ് (8), സ്വതന്ത്രന്‍ (1), എന്നിങ്ങനെ കക്ഷിനില. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒറ്റയ്ക്ക് ഭരിക്കാവുന്ന സ്ഥിതി.

കമ്മ്യൂണിസ്റ്റുകാരെ തോല്‍പ്പിക്കാന്‍ അരയും തലയും മുറുക്കി വളരെ മുമ്പുതന്നെ രംഗത്തിറങ്ങിയിരുന്ന ഫാദര്‍ ജോസഫ് വടക്കന്‍ പ്രചാരണത്തിനുവേണ്ടി കമ്മ്യൂണിസ്റ്റ് വിരുദ്ധ മുന്നണി രൂപീകരിച്ചിരുന്നു. പി.എസ്.പി, മുസ്ലീം ലീഗ് എന്നീ കക്ഷികളുമായി കൂട്ടുകെട്ടുണ്ടാക്കാതെ കമ്മ്യൂണിസ്റ്റുകാരെ തോല്‍പ്പിക്കാനാവില്ലെന്ന് വടക്കനച്ചന്‍ കോണ്‍ഗ്രസിനെ പലതവണ ഓര്‍മിപ്പിച്ചു. കോണ്‍ഗ്രസ് അത് ചെവിക്കൊണ്ടില്ല. കേരള രാഷ്ട്രീയത്തില്‍ ഒരു മുന്നണി സിദ്ധാന്തം അവതരിപ്പിക്കുകയായിരുന്നു ഫാദര്‍ വടക്കന്‍. 'മട്ടാഞ്ചേരി തീസിസ്' എന്ന് ഇത് അറിയപ്പെട്ടു.
ഇ.എം.എസ് സര്‍ക്കാരിനെതിരെ ആദ്യമായി വിരല്‍ ചൂണ്ടിയത് പ്രതിപക്ഷമല്ല, കത്തോലിക്കാ സഭയായിരുന്നു. അതും സഭയുടെ സ്‌കൂളുകളെ നിയന്ത്രിക്കാന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തുനിഞ്ഞിറങ്ങിയപ്പോള്‍. പിന്നെ സര്‍ക്കാരിനെതിരെ നായര്‍ സമുദായാചാര്യനും എന്‍.എസ്.എസ് നേതാവുമായ മന്നത്ത് പത്മനാഭന്റെ പടപ്പുറപ്പാടായി. മന്നം വന്നതാവട്ടെ, സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപരിഷ്‌കരണ നിയമത്തിന്റെ പേരിലും.
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയായിരുന്നതിന് ശേഷം 1959ല്‍ കെ.പി.സി.സി. അധ്യക്ഷനായി ചുമതലയേറ്റ ആര്‍. ശങ്കര്‍ കൂടി ഈ കൂട്ടുകെട്ടിലേക്ക് നേരെ ചെന്നുകയറി. മുസ്ലീം ലീഗും സര്‍ക്കാരിനെതിരെ സമരത്തിനിറങ്ങി. വിദ്യാഭ്യാസ നിയമം അറബിക്കടലില്‍ എന്നതായിരുന്നു ലീഗ് നേതാവ് സി.എച്ച്. മുഹമ്മദ് കോയ ഉയര്‍ത്തിയ മുദ്രാവാക്യം. ഇ.എം.എസ് സര്‍ക്കാരിനെതിരെ വിമോചനസമരത്തിനുള്ള ചേരുവയൊക്കെയും ഒത്തുചേരുകയായിരുന്നു.
അവസാനം സംസ്ഥാന കോണ്‍ഗ്രസും സമരത്തിന് മുന്നിട്ടിറങ്ങി. പ്രതിപക്ഷ നേതാവ് പി.ടി. ചാക്കോ തന്നെയാണ് ഉത്സാഹം കാണിച്ചത്. സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് നേതൃത്വം പ്രധാനമന്ത്രിയുടെ മേല്‍ സമ്മര്‍ദം ചെലുത്തി. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പിരിച്ചുവിടാന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഒരുക്കമായിരുന്നില്ല. അവസാനം കോണ്‍ഗ്രസ് പ്രസിഡന്റ് ഇന്ദിരാഗാന്ധി ഇടപെട്ടു. ഇ.എം.എസ് സര്‍ക്കാരിനെ പിരിച്ചുവിടണമെന്നതായിരുന്നു ഇന്ദിരയുടെ നിലപാട്. വിമോചന സമരത്തിന് അന്ത്യം കുറിച്ച് 1959 ജൂലൈ 31ന് രാഷ്ട്രപതി ഇ.എം.എസ് സര്‍ക്കാരിനെ പിരിച്ചുവിട്ടു.
രണ്ട് മുന്നണികള്‍ പകുത്തെടുത്തിരിക്കുന്ന കേരളരാഷ്ട്രീയത്തില്‍ ഓരോ മുന്നണിയിലെയും ഓരോ കക്ഷിയും പ്രധാനപ്പെട്ടതു തന്നെ. ഒപ്പം ഓരോ രാഷ്ട്രീയകക്ഷിയുടെയും നേതാക്കളും. 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയതലത്തില്‍ രണ്ടായി പിളര്‍ന്നു. 1964ല്‍ തന്നെ കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്ന് പി.ടി. ചാക്കോയോട് കൂറ് പ്രഖ്യാപിച്ച് 15 എം.എല്‍.എമാരും അനേകം പ്രവര്‍ത്തകരും പാര്‍ട്ടി വിട്ട് മന്നത്ത് പത്മനാഭന്റെ അനുഗ്രഹാശിസുകളോടെ കേരളാ കോണ്‍ഗ്രസ് രൂപീകരിച്ചതും ആ പാര്‍ട്ടി കേരളത്തില്‍ നിര്‍ണായക ശക്തിയായി മാറുന്നതും കേരളം കണ്ടു.
അതേ കേരളാ കോണ്‍ഗ്രസ് പിന്നെയും പിന്നെയും പിളര്‍ന്ന് നേതാക്കളുടെ പേരില്‍ പാര്‍ട്ടികളാവുന്നതും പതിവായി. ചെറുതും വലുതുമായ പല പാര്‍ട്ടികളും ഇതിനിടയ്ക്ക് വന്നുപോയി. പി.എസ്.പി, എസ്.എസ്.പി., എന്‍.സി.പി., എസ്.ആര്‍.പി എന്നിങ്ങനെ. അടിസ്ഥാനപരമായി രണ്ട് മുന്നണികള്‍ തല ഉയര്‍ത്തി നില്‍ക്കുന്നു. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഐക്യജനാധിപത്യ മുന്നണിയും സി.പി.എം നേതൃത്വം നല്‍കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയും.
കേന്ദ്രത്തില്‍ തുടര്‍ച്ചയായ രണ്ടാം തവണയും അധികാരത്തിലിരിക്കുന്ന ബി.ജെ.പിയാവട്ടെ, ഈ രണ്ട് മുന്നണികള്‍ക്കുമിടയില്‍ ഇടം കണ്ടെത്താന്‍ പെടാപ്പാടുപെടുന്നതും രാഷ്ട്രീയ കേരളം കാണുന്നു.
രണ്ട് മുണികള്‍ അടക്കിവാഴുന്ന കേരളത്തില്‍ ആചാരം പോലെ ഒരു പതിവും മലയാളികള്‍ ആചരിച്ചു പോന്നു. ഒരു മുന്നണി ഒരുതവണ ഭരിച്ചാല്‍ അടുത്തതവണ ഭരണം മറുമുന്നണിക്കായിരിക്കുമെന്ന പതിവ് 2021 വരെ മലയാളികള്‍ കൃത്യമായി പാലിച്ചു. 2021ല്‍ ഇടതു മുന്നണി അധികാരത്തുടര്‍ച്ച നേടുകയും പിണറായി വിജയന്‍ തുടര്‍ച്ചയായി രണ്ടാമതും മുഖ്യമന്ത്രിയാവുകയും ചെയ്തപ്പോള്‍ ആ പതിവു തെറ്റി.
1957ലെ ഇ.എം.എസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ഉഗ്രസമരം നടത്തിയ ജാതി, മത, വര്‍ഗീയ ശക്തികളുടെ നിലപാടുകള്‍ ഇന്നെന്താണ്? അന്ന് കമ്മ്യൂണിസത്തെയും കമ്മ്യൂണിസ്റ്റ് ഭരണത്തെയും അറബിക്കടലിലേക്ക് വലിച്ചെറിയാന്‍ അത്യധ്വാനം ചെയ്ത ക്രിസ്ത്യന്‍ ചേരി ഇന്നെവിടെ? ക്രിസ്ത്യന്‍ സമൂഹം കാലാകാലങ്ങളായി യു.ഡി.എഫിന്റെ, വിശിഷ്യാ കോണ്‍ഗ്രസിന്റെ അടിത്തറയായിരുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിവിധ ക്രിസ്ത്യന്‍ കേന്ദ്രങ്ങളില്‍ ഒരു ഇടതുപക്ഷ ചായ്വ് പ്രകടമായിരുന്നു. 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ ആ ചായ്വ് ഒന്നുകൂടി ശക്തമായി. മധ്യ കേരളത്തിലെ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നോക്കിയാല്‍ ഇത് വ്യക്തമാവും. 2021ല്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ഇടത് പക്ഷത്തേക്ക് നീങ്ങിയതും യു.ഡി.എഫിനു വലിയ ആഘാതമായി.
ഈ ഇടത് ചായ്വ് മലബാര്‍ മേഖലയിലെ ചില മുസ്ലീം മേഖലകളിലും 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ടു. ക്രിസ്ത്യന്‍, മുസ്ലീം വിഭാഗങ്ങളില്‍ 2016ല്‍ കണ്ട ഇടത് ചായ്വ് 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിപരീത ദിശയിലാണ് കണ്ടതെന്ന കാര്യവും ശ്രദ്ധിക്കണം.
കുറേക്കൂടി ശക്തമായി വീശിയ കോണ്‍ഗ്രസ് അനുകൂല തരഗത്തില്‍ യു.ഡി.എഫ് 20ല്‍ 19 ലോക്സഭാ സീറ്റും കരസ്ഥമാക്കി. 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതേ കാറ്റ് പക്ഷേ, വിപരീത ദിശയില്‍ കൊടുങ്കാറ്റായി; ഇടത് മുണിക്ക് ഭരണത്തുടര്‍ച്ച സമ്മാനിച്ചു. ബി.ജെ.പിയാവട്ടെ, എല്ലാം കൂടി ഒരു 12 ശതമാനം വോട്ടില്‍ സ്തംഭിച്ച് നില്‍ക്കുന്നു. അതിനപ്പുറത്തേക്ക് കടക്കണമെങ്കില്‍ പുതിയ പിന്തുണ വേണം. അതിനു ക്രിസ്ത്യന്‍ സമൂഹത്തെയാണ് ബി.ജെ.പി കാണുന്നത്. പ്രത്യേകിച്ച് കത്തോലിക്കാ സമുദായത്തെ.
സംഭവബഹുലമായ നീക്കങ്ങള്‍
ഇ.എം.എസും എം.വി രാഘവനും ചേര്‍ന്ന് മുസ്ലീം സമുദായത്തിലെ അനാചാരങ്ങള്‍ക്കും ശരീയത്തിന്റെ പേരില്‍ നടക്കുന്ന തെറ്റായ പ്രചാരണങ്ങള്‍ക്കുമെതിരെ ശക്തമായി നീങ്ങുകയും അഖിലേന്ത്യാ ലീഗ് അതിന്റെ പേരില്‍ ഇടത് മുന്നണി വിടുകയും പിന്നീട് ഇതേ വിഷയത്തിന്റെ പേരില്‍ എം.വി രാഘവനും കൂട്ടരും ബദല്‍രേഖ ഉണ്ടാക്കി പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ചതും എം.വി.ആര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടതുമെല്ലാം എണ്‍പതുകളെ തീപിടിപ്പിച്ച രാഷ്ട്രീയ സംഭവങ്ങള്‍. 1987ല്‍ ലീഗിന്റെയോ കേരളാ കോണ്‍ഗ്രസിന്റെയോ സാന്നിധ്യമേതുമില്ലാതെ ഇടതുപക്ഷം കേരള രാഷ്ട്രീയം കൈപ്പിടിയിലൊതുക്കുന്ന തും ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയാകുന്നതും കേരളം കണ്ടു.
ഇതിനിടയിലും കോണ്‍ഗ്രസ് വളര്‍ന്നു. 1967ല്‍ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ മുന്നേറ്റത്തില്‍ നിയമസഭയില്‍ വെറും ഒമ്പത് അംഗങ്ങളിലേക്ക് ചുരുങ്ങിപ്പോയ കോണ്‍ഗ്രസിന്റെ ഊര്‍ജം നിലനിര്‍ത്തിയ ലീഡര്‍ കെ. കരുണാകരന്‍ സി.പി.ഐയെയും മുസ്ലീം ലീഗിനെയുമൊക്കെ ചേര്‍ത്തുപിടിച്ച് ഐക്യജനാധിപത്യ മുന്നണിയുണ്ടാക്കിയതും വലിയ രാഷ്ട്രീയ സംഭവമായിരുന്നു. 1972ല്‍ കത്തോലിക്കാസഭയെയും ബിഷപ്പുമാരെയും വെല്ലുവിളിച്ച് കോളജ് വിദ്യാഭ്യാസ സമരം നടത്തിയ കെ.എസ്.യുവിന് പിന്തുണ കൊടുത്ത എ.കെ. ആന്റണിയുടെ ഇടത് ചേര്‍ന്ന നിലപാടും കോണ്‍ഗ്രസിനെ തുണച്ചു. കരുണാകരനെതിരെ തിരിഞ്ഞ ആന്റണിയുടെ പേരില്‍ ഗ്രൂപ്പുണ്ടാക്കി പോരുനയിച്ച ഉമ്മന്‍ചാണ്ടിയുമെല്ലാം കോണ്‍ഗ്രസിന്റെ മാത്രമല്ല കേരളത്തിന്റെ തന്നെ നേതാക്കളായി വളര്‍ന്നു. കോണ്‍ഗ്രസ് കേരളത്തില്‍ ശക്തമായിത്തന്നെ നിന്നു.
ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് 1967 നിര്‍ണായകമായിരുന്നു.
സപ്തകക്ഷി മുന്നണിയുണ്ടാക്കി ഇ.എം.എസ് നമ്പൂതിരിപ്പാട് വീണ്ടും കേരള മുഖ്യമന്ത്രിയായ വര്‍ഷം. 1967ല്‍ കേരളമുള്‍പ്പടെ ആറ് സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസ് പരാജയപ്പെട്ടത്. ലോക്സഭാ തെരഞ്ഞെടുപ്പും ഈ സമയത്ത് തന്നെ നടന്നു. തമിഴ്നാട്ടില്‍ (അന്ന് മദ്രാസ്) ആകെ 39 സീറ്റില്‍ കോണ്‍ഗ്രസിന് കിട്ടിയത് വെറും മൂന്നു സീറ്റ്! കെ. കാമരാജ് കെട്ടിപ്പടുത്ത കോണ്‍ഗ്രസ് സാമ്രാജ്യം ദ്രാവിഡമുന്നേറ്റത്തില്‍ തകര്‍ന്നടിയുകയായിരുന്നു.
ഒഡിഷ, പശ്ചിമ ബംഗാള്‍, ഡല്‍ഹി, രാജസ്ഥാന്‍, കേരളം എന്നീ സംസ്ഥാനങ്ങളും 1967ലെ പ്രതിപക്ഷ വേലിയേറ്റത്തില്‍ കോണ്‍ഗ്രസിന് നഷ്ടമായി. കേരളമൊഴികെ ഒരു സംസ്ഥാനത്തും കോണ്‍ഗ്രസ് തിരികെ ഭരണത്തിലെത്തിയില്ല. കേരളത്തില്‍ ഒന്നിടവിട്ടുള്ള കൃത്യമായ ഇടവേളകളില്‍ കോണ്‍ഗ്രസ് ഭരണത്തിലെത്തി. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ 19 സീറ്റും കൈയിലൊതുക്കി. 2021ലെ പരാജയം മാത്രമാണ് കോണ്‍ഗ്രസിന് ക്ഷീണമായത്.
പക്ഷെ സംസ്ഥാനത്ത് ഇന്നും കോണ്‍ഗ്രസ് ശക്തമാണ്. തൃക്കാക്കര നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ അടുത്ത കാലത്തു നടന്ന പ്രാദേശിക ഉപതെരഞ്ഞെടുപ്പുകള്‍ വരെ പരിശോധിച്ചാല്‍ കോണ്‍ഗ്രസിന്റെ ശക്തിയും ജനങ്ങള്‍ക്കിടയിലെ സ്വാധീനവും മനസിലാകും. പക്ഷെ നേതൃത്വത്തില്‍ ഐക്യമുണ്ടെങ്കിലേ ഈ ജനപിന്തുണ 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും പിന്നീട് നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിലും പ്രയോജനപ്പെടുത്താനാവൂ. 1957ഉം 1967ഉം കോണ്‍ഗ്രസിനെ ഓര്‍മിപ്പിക്കുന്നത് അതാണ്.

(This article was originally published in Dhanam Magazine June 15 and 30 issue)

Jacob George
Jacob George  

Senior Journalist

Related Articles

Next Story

Videos

Share it