ഭക്ഷ്യോത്പാദന രംഗത്ത് സാങ്കേതിക വിദ്യയുടെ പുതു സാധ്യതകള്‍
ജനസംഖ്യാ വര്‍ധനവിന് ആനുപാതികമായി രാജ്യങ്ങളും നിക്ഷേപം നടത്തേണ്ട പ്രധാന മേഖലയാണ് ഭക്ഷ്യോത്പാദനം. എന്നാല്‍ കാലാവസ്ഥാ വ്യതിയാനവും സ്ഥലപരിമിതിയും മൂലം പരമ്പരാഗത കൃഷി രീതികള്‍ രാജ്യങ്ങള്‍ക്ക് ഉപേക്ഷിക്കേണ്ടി വരുന്നു. എന്നാല്‍ പുതു വ്യാവസായിക മേഖലയായി ആധുനിക ഭക്ഷ്യോത്പാദന മേഖല വികാസം പ്രാപിച്ചു കഴിഞ്ഞു. പല സാങ്കേതികവിദ്യകളും ഇന്ന് കേരളത്തിലും ലഭ്യമാണ്. സര്‍ക്കാര്‍ പിന്തുണയും പല മേഖലകളിലും ലഭിക്കുന്നുണ്ട്. ഫുഡ്-ടെക് ബിസിനസിലെ സാധ്യതകളും പരിമിതികളും തിരിച്ചറിഞ്ഞാല്‍ മേഖലയിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താം.
ശീതീകരണമോ മറ്റ് തരത്തിലുള്ള സംരക്ഷണമോ ഇല്ലാതെ ദീര്‍ഘകാലത്തേക്ക് ഭക്ഷണം സൂക്ഷിക്കാന്‍ കഴിയുന്ന ഒരു സാങ്കേതികവിദ്യയാണ് ഫ്രീസ് ഡ്രൈയിംഗ്. ഫ്രീസ് ഡ്രൈയിംഗ് (Freeze drying), ലയോഫിലൈസേഷന്‍ (lyophilization)അല്ലെങ്കില്‍ ക്രയോഡെസിക്കേഷന്‍ (cryodesiccation)എന്നും അറിയപ്പെടുന്നു.
ഭക്ഷണത്തെ താഴ്ന്ന താപനിലയിലാക്കിയുള്ള നിര്‍ജ്ജലീകരണ രീതിയാണിത്. ഉല്‍പന്നം മരവിപ്പിക്കുന്നതും മര്‍ദ്ദം കുറയ്ക്കുന്നതും സബ്ലിമേഷന്‍ (sublimation)വഴി ഐസ് നീക്കം ചെയ്യുന്നതും ഉള്‍പ്പെടുന്ന പ്രക്രിയയാണ് ഫ്രീസ് ഡ്രൈയിംഗ്. ഈ പ്രക്രിയയിലൂടെ ഭക്ഷണത്തെ ഭാരം കുറച്ച് ഉണക്കി ദീര്‍ഘകാലത്തേക്ക് സ്റ്റോര്‍ ചെയ്യാന്‍ സാധിക്കും.
മറ്റ് സംരക്ഷണ രീതികളേക്കാള്‍ ഫ്രീസ്-ഡ്രൈയിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് നിരവധി നേട്ടങ്ങളുണ്ട്. ഒന്ന്, ഭക്ഷണത്തിന്റെ ഒറിജിനല്‍ രുചിയും ഘടനയും പോഷകങ്ങളും നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. കാരണം, ഈ പ്രക്രിയയില്‍ ഉയര്‍ന്ന താപനിലയോ ഭക്ഷണത്തിന്റെ ഘടനയില്‍ മാറ്റം വരുത്തുന്ന കഠിനമായ രാസവസ്തുക്കളോ ഉള്‍പ്പെടുന്നില്ല.
എന്നാല്‍, കാനിംഗ് അല്ലെങ്കില്‍ ഭക്ഷ്യ നിര്‍ജലീകരണം(Food dehydration)ലുള്ള മറ്റ് സംരക്ഷണ രീതികള്‍, ഗണ്യമായ പോഷക നഷ്ടം ഉണ്ടാക്കുകയും ഭക്ഷണത്തിന്റെ രുചിയും ഘടനയും മാറ്റുകയും ചെയ്യും. കൂടാതെ, ഫ്രീസ്-ഡ്രൈയിംഗ് ചെയ്തവ ഇവയെക്കാള്‍ ഏറെ ഈടു നില്‍ക്കുന്നവയാണ്. അത്യാവശ്യ ഉപയോഗത്തിനും ക്യാമ്പിംഗ് യാത്രകള്‍ എന്നിവയ്‌ക്കെല്ലാം ഉപയോഗപ്രദമാണ്.
ഫ്രീസ്-ഡ്രൈയിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള ഭക്ഷ്യ ബ്രാന്‍ഡുകളുടെ വിപണി വലുതാകുകയാണ്. ഈ മേഖലയിലെ ബ്രാന്‍ഡുകളുടെ എണ്ണവും വര്‍ധിച്ചു വരികയാണ്. ശീതീകരണമോ പ്രത്യേക സംഭരണമോ ആവശ്യമില്ലാത്ത, ഭാരം കുറഞ്ഞ ഫ്രീസ്-ഡ്രൈഡ് ഭക്ഷണം ജനപ്രിയമായി വരുന്നുണ്ട്. ബൗൾഫുൾ (bowlful),കോണ്ടിനെന്റൽ (continental) തുടങ്ങിയ ബ്രാൻഡുകൾ ഈ മേഖലയിൽ പ്രശസ്തമാണ്.
പച്ചക്കറി വില അനുദിനം വര്‍ധിക്കുന്ന ഈ കാലത്ത് ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ (എഫ്.എ.ഒ) ഏകദേശ കണക്ക്
പ്രകാരം ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ ഏകദേശം നാല്‍പത് ശതമാനത്തോളം ഓരോ വര്‍ഷവും പാഴാക്കപ്പെടുകയാണ്. ഭക്ഷണം ഉപയോക്താവിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ നഷ്ടം സംഭവിക്കുന്നുമുണ്ട് എന്നതാണ് ഇതിലെ വിരോധാഭാസം.
ഘടന മാറ്റം വരുത്തിയ ഭക്ഷണവും കാര്യക്ഷമമല്ലാത്ത വിതരണ ശൃംഖല സംവിധാനവുമാണ് ഇതിനുള്ള പ്രധാന കാരണം. പഴം പച്ചക്കറി എന്നിവയെ ദീര്‍ഘകാലത്തേക്ക് സംരക്ഷിക്കാന്‍ കഴിയുന്ന ഒരു പാക്കിംഗ് രീതി ചെന്നൈ ആസ്ഥാനമായ GreenPod labs എന്ന സ്ഥാപനം വികസിപ്പിച്ചിട്ടുണ്ട്.
സാങ്കേതികത പുതു അവസരങ്ങളിലേക്ക്
സസ്യങ്ങളുടെ സ്വാഭാവിക പ്രതിരോധ സംവിധാനങ്ങളെ സജീവമാക്കുകയും വളരുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യുന്ന പ്രത്യേകം രൂപപ്പെടുത്തിയ പാക്കേജിംഗാണ് ഇത്. ഈ സജീവ ചേരുവകളുള്ള സാഷേകള്‍ (ചെറിയ പായ്ക്കറ്റുകള്‍) വിളവെടുത്ത പഴങ്ങളുടെയും പച്ചക്കറികളുടെയും പെട്ടികളില്‍ ചേര്‍ക്കുന്നു, ഇതുവഴി താപനിലയില്‍ മാറ്റമൊന്നും വരുത്താതെ ഉല്‍പ്പന്നങ്ങളുടെ കാലാവധി ഗണ്യമായി വര്‍ധിപ്പിക്കാന്‍ കഴിയും.
കോള്‍ഡ് സ്റ്റോറേജ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള ഭീമമായ ചെലവ് കുറച്ചുകൊണ്ട് പഴം പച്ചക്കറി മുതലായവയെ ദീഘകാലം സുരക്ഷിതമായി സ്റ്റോര്‍ ചെയ്യാനും സാധിക്കും. ഈ സാഷേകള്‍ ഓരോ ഉത്പന്നത്തിനനുസരിച്ച് ഘടനയില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ഇതുവരെ 12 തരം ഉത്പന്നങ്ങള്‍ക്കുള്ള സാഷേകള്‍ വികസിപ്പിച്ചിട്ടുണ്ട്. ഒരു കിലോഗ്രാം മുന്തിരിക്കുള്ള സാഷേയുടെ വില 1.50 രൂപയാണ്. മാങ്ങയുടെ സാഷേയ്ക്ക് 3 രൂപയും.
സാങ്കേതികവിദ്യയുടെ വലിയ വളര്‍ച്ചയായിരിക്കും ഇനിയുള്ള വര്‍ഷങ്ങളില്‍ ഭക്ഷ്യോത്പാദന, സംസ്‌കരണ, സംഭരണ മേഖലകളില്‍ നമ്മള്‍ വീക്ഷിക്കാന്‍ പോകുന്നത്.