നിങ്ങളുടെ ബ്രാന്‍ഡിനെ ജനങ്ങള്‍ ശബ്ദം കൊണ്ട് തിരിച്ചറിയുന്നുണ്ടോ?
ബ്രാന്‍ഡിംഗ് (Branding)എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ വരുന്ന പ്രധാന ചിത്രം അതിന്റെ പേരും, നിറവും, ലോഗോവും എല്ലാമായിരിക്കും. അതായത് ഒരു ഉല്‍പ്പന്നത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ വരുന്ന ചില ചിത്രങ്ങളുണ്ട് അതൊരുപക്ഷേ ലോഗോ ആയിരിക്കാം, നിറങ്ങളായിരിക്കാം, ചില വ്യക്തികളായിരിക്കാം, അതിനോടൊപ്പം തന്നെ ചില ഉല്‍പ്പന്നം തൊടുമ്പോഴും പാക്കറ്റ് തുറക്കുമ്പോഴുമെല്ലാം ലഭിക്കുന്ന ഒരു പ്രത്യേക അനുഭൂതിയെയും ബ്രാന്‍ഡ് എന്ന ഗണത്തില്‍ പെടുത്താവുന്നതാണ്.
അതുമാത്രമല്ല, ചില ഉല്‍പ്പന്നത്തിന്റെ ഗന്ധം, കൂടാതെ ചില സ്ഥാപനത്തിലേക്ക് കയറിച്ചെല്ലുമ്പോള്‍ ലഭിക്കുന്ന ഗന്ധം, ഇതെല്ലാം ബ്രാന്‍ഡിങ്ങിന്റെ ഭാഗമാണ്. അതായത് ബ്രാന്‍ഡ് സ്വാധീനിക്കുന്നത് നമ്മുടെ ദര്‍ശനം, സ്പര്‍ശനം, തുടങ്ങിയുള്ള സെന്‍സറി അവയവങ്ങളെയാണ്. അത്തരത്തില്‍ ബ്രാന്‍ഡ് സ്വാധീനിക്കുന്ന ഒന്നാണ് നമ്മുടെ ചെവികളെ.
ബ്രിട്ടാനിയ ബിസ്‌ക്കറ്റിന്റെ ജിംഗില്‍ കണ്ണടച്ച് കേട്ടാലും നമ്മള്‍ ആ ബ്രാന്‍ഡ് ഏതെന്ന് തിരിച്ചറിയും. അതുപോലെതന്നെയാണ് നോക്കിയ, എയര്‍ടെല്‍, ഗൂഗിള്‍ പേ വഴി ട്രാന്‍സാക്ഷന്‍ ചെയ്യുമ്പോള്‍ വരുന്ന ട്യൂണ്‍, മാക് ബുക്ക് ഓണ്‍ ചെയ്യുമ്പോള്‍ വരുന്ന മ്യൂസിക്, ഇവയെല്ലാം നമ്മളെ സ്വാധീനിക്കുന്ന ശബ്ദങ്ങളാണ്. ഇത്തരത്തില്‍ ബ്രാന്‍ഡിങ്ങില്‍ മ്യൂസിക് അല്ലെങ്കില്‍ ജിംഗിളുകള്‍ ഉള്‍പെടുത്തുന്നതിനെയാണ് സോണിക് ബ്രാന്‍ഡിംഗ് എന്ന് വിളിക്കുന്നത്.
എന്തിന് സോണിക് ബ്രാന്‍ഡിംഗ് ചെയ്യണം?
1. എളുപ്പത്തില്‍ തിരിച്ചറിയാന്‍:
ലോഗോ, പാക്കിങ്, പേര്, നിറങ്ങള്‍ തുടങ്ങിയവയുടെയെല്ലാം ഉദ്ദേശം ആളുകള്‍ ഇവയിലേതെങ്കിലുമൊന്ന് കാണുമ്പോള്‍ ആ ഉല്‍പ്പന്നത്തെ എളുപ്പത്തില്‍ തിരിച്ചറിയണം എന്നാണല്ലോ. അത്തരത്തില്‍ സെന്‍സറി അവയവങ്ങളിലൊന്നായ ചെവിയെ സ്വാധീനിക്കുന്ന ശബ്ദത്തെക്കൂടി ബ്രാന്‍ഡിങ്ങിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയാല്‍ ആളുകളുടെ മനസ്സില്‍ ആ ശബ്ദം പെട്ടെന്നുതന്നെ രജിസ്റ്റര്‍ ആവുകയും ബ്രാന്‍ഡിനെ എളുപ്പത്തില്‍ തിരിച്ചറിയാനും കഴിയും.
2. ഇമോഷന്‍ ഊട്ടിയുറപ്പിക്കാന്‍:
ജാസ് മ്യൂസിക് കേള്‍ക്കുമ്പോഴും നാടന്‍ പാട്ട് കേള്‍ക്കുമ്പോഴും നമുക്കുണ്ടാകുന്ന വികാരം വ്യത്യസ്തമാണ്. നാടന്‍ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനമേളയില്‍ ഏതുതരം സംഗീതം കേള്‍പ്പിച്ചാലാണ് ആളുകള്‍ക്ക് ഒരു നാടന്‍ അനുഭൂതി ഉണ്ടാകുന്നത്?
തീര്‍ച്ചയായും നാടന്‍ സംഗീതമായിരിക്കും. അത് ഉല്‍പ്പന്നത്തിന്റെ വില്‍പ്പനക്ക് കാരണമാവുകയും ചെയ്യും. അതിനാല്‍ ഉല്‍പ്പന്നത്തിന്റെയും ബ്രാന്‍ഡിന്റെയും ദൃശ്യഭംഗിക്കൊപ്പം അനുയോജ്യമായ സംഗീതം കൂടി ഉള്‍പ്പെടുത്തിയാല്‍ അത് ബ്രാന്‍ഡിന്റെ മികവ് വര്‍ധിപ്പിക്കും.
എന്താണ് സോണിക് സിഗ്‌നേച്ചര്‍?
സോണിക് ബ്രാന്‍ഡിങ്ങിന്റെ (Sonic Signatures)ഒരു ഭാഗമാണ് സോണിക് സിഗ്‌നേച്ചര്‍. ഒരു ഉല്‍പ്പന്നം ഉപയോഗിക്കുമ്പോള്‍ അതിലെ ചില ആക്ഷനുകള്‍ നമ്മള്‍ എടുക്കുമ്പോള്‍ കേള്‍ക്കുന്ന ശബ്ദമാണ് സോണിക് സിഗ്‌നേച്ചര്‍.
ഉദാഹരണത്തിന്, നിങ്ങളുടെ കമ്പ്യൂട്ടറോ ഫോണോ ഓണാക്കുമ്പോഴോ Amazon-ന്റെ Alexa നിങ്ങളുടെ കമാന്‍ഡ് നടപ്പിലാക്കുമ്പോഴോ, ഗൂഗിള്‍ പേ വഴി പണം അടക്കുമ്പോഴോ ലഭിക്കുമ്പോഴോ നിങ്ങള്‍ കേള്‍ക്കുന്ന ശബ്ദം എല്ലാം സോണിക് സിഗ്നേച്ചറുകളാണ്.
ബ്രാന്‍ഡിങ്ങില്‍ ദൃശ്യത്തിന് മാത്രമല്ല പ്രാധാന്യം, ശബ്ദത്തിനും വളരെയധികം പ്രാധാന്യമുണ്ട്. എന്നാല്‍ ബ്രാന്‍ഡിന്റെ സംഗീതം തിരഞ്ഞെടുക്കുമ്പോള്‍ ബ്രാന്‍ഡിന്റെ സ്വഭാവവുമായി ബന്ധപെടുത്താനും കേട്ടുശീലിച്ച ശബ്ദത്തില്‍ നിന്നും വ്യത്യസ്തമാവാനും ശ്രദ്ധിക്കുക.