നിങ്ങള്‍ക്കെങ്ങനെ സോളോപ്രണര്‍ ആകാം?

ഇന്ന് ലോകമെങ്ങും വളര്‍ന്നുവരുന്ന ഒരു ബിസിനസ് രീതിയാണ് Solopreneurship . ആരാണ് Solopreneur എന്ന് വിശദീകരിക്കുന്നതിന് മുമ്പ് തൊഴിലിടത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ട്രെന്‍ഡ് മാറ്റത്തെകുറിച്ച് സംസാരിക്കാം. പണമുണ്ടാക്കാന്‍ വേണ്ടി മാത്രം പണിയെടുക്കുക എന്ന രീതിയില്‍ നിന്നും ആസ്വദിക്കാന്‍ കഴിയുന്ന, തന്റെ കഴിവിനെ പൂര്‍ണമായും വിനിയോഗിക്കാന്‍ കഴിയുന്ന കാര്യം ചെയ്ത് എന്നാല്‍ സ്വതന്ത്രമായി നിന്ന് പണമുണ്ടാക്കുക എന്ന ജീവിതശൈലിയിലേക്ക് ലോകത്തിലെ യുവാക്കള്‍ മാറിത്തുടങ്ങുന്നു.

MBO partners റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയില്‍ 2020 ല്‍ 3.2 കോടി ആളുകളായിരുന്നു സ്വതന്ത്രമായി തൊഴില്‍ ചെയ്ത് ജീവിച്ചത് എങ്കില്‍ 2021 ല്‍ അത് 5.1 കോടിയായി ഉയര്‍ന്നു. അതായത് 34 ശതമാനത്തിന്റെ വളര്‍ച്ച. ഇന്ന് അമേരിക്ക എങ്കില്‍ നാളെ അതിന്റെ അലയടിക്കുന്നത് ഇന്ത്യയിലായിരിക്കും എന്ന് നമുക്ക് അറിയാമല്ലോ. അതിന്റെ സൂചനകള്‍ ഇന്ന് കണ്ടുതുടങ്ങിയിട്ടുണ്ട്. കാരണം യുവാക്കള്‍ ഇന്ന് സ്വാതന്ത്രമാഗ്രഹിക്കുന്നു.

മറ്റൊരു സ്ഥാപനത്തെ വളര്‍ത്താന്‍ വേണ്ടി ജീവിതത്തിലെ വലിയൊരു പങ്കും മാറ്റിവച്ച് അവസാനം ഒന്നും നേടാതെ കാലം കഴിക്കുന്നതിനേക്കാളും തനിക്ക് സംതൃപ്തി ലഭിക്കുന്ന, കഴിവുകള്‍ പരമാവധി പ്രകടിപ്പിക്കാന്‍ കഴിയുന്ന, സ്വാതന്ത്രം അനുഭവിക്കാന്‍ കഴിയുന്ന ഒരു മേഖലയില്‍ ചെറുതെങ്കിലും ഒരു സംരംഭം ആരംഭിക്കാന്‍ ഇന്ന് ബഹുഭൂരിപക്ഷം യുവാക്കളും ആഗ്രഹിക്കുന്നു. ചിലര്‍ അതില്‍ വിജയിക്കുന്നു; മറ്റുചിലര്‍ വന്‍ പരാജയത്തില്‍ വീഴുന്നു. ഇവിടെയാണ് നമ്മള്‍ ഫ്രീലാന്‍സിങ്ങും solopreneurship ഉം തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കേണ്ടത്.

ഒരു ഫ്രീലാന്‍സര്‍ തന്റെ നൈപുണ്യത്തെ മറ്റൊരു വ്യക്തിക്ക് വേണ്ടിയോ സ്ഥാപനത്തിന് വേണ്ടിയോ വിനിയോഗിക്കുന്നു. ഇവിടെ സമയത്തിനാണ് വില. എത്ര സമയം ചെലവഴിക്കുന്നുവോ അതിനനുസരിച്ചായിരിക്കും ഒരു ഫ്രീലാന്‍സറിന് വരുമാനം ഉണ്ടാക്കാന്‍ കഴിയുക. അതായത് പണിയെടുത്തില്ലെങ്കില്‍ പണമുണ്ടാകില്ല.

തന്റെ നൈപുണ്യത്തെ വര്‍ധിപ്പിക്കാനായിരിക്കും ഒരു ഫ്രീലാന്‍സര്‍ ശ്രമിക്കുന്നത്. നൈപുണ്യത്തിനനുസരിച്ചാണ് ആ മേഖലയിലെ നിലനില്‍പ്പ്. തന്റെ ജോലി മറ്റൊരാള്‍ക്കോ സ്ഥാപനത്തിനോ ഡെലിഗേറ്റ് ചെയ്യുകയോ, ജോലിക്കാരെ നിയമിക്കുകയോ ചെയ്യുകയില്ല.

എന്നാല്‍ ഒരു solopreneur ന് മേല്‍സൂചിപ്പിച്ച ഫ്രീലാന്‍സറിന്റെ പല സ്വഭാവ സവിശേഷതകള്‍ ഉണ്ടെങ്കിലും ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം വലുതാണ്. തന്റെ നൈപുണ്യം വിറ്റ്തന്നെയാണ് ഇവരും വരുമാനം ഉണ്ടാക്കുന്നത് എങ്കിലും ആവര്‍ത്തിച്ചു വരുന്ന ടാസ്‌കുകളെ ഓട്ടോമേറ്റ് ചെയ്യുകയും ചെറിയ ജോലികളെ outsource ചെയ്യുകയും ഇവര്‍ ചെയ്യും.

അതായത് സമയത്തെ ഇവര്‍ പരമാവധി ഉപയോഗിക്കും. പക്ഷെ സ്ഥിരം ജോലിക്ക് ആളുകളെ നിയമിക്കുകയില്ല. ഫ്രീലാന്‍സറിനെ പോലെ ഇവര്‍ പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമല്ല വരുമാനം ഉണ്ടാക്കുന്നത്; അല്ലാത്ത സമയത്തും വരുമാനം സൃഷ്ട്ടിക്കുന്നതിനുള്ള മാര്‍ഗം അവലംബിക്കും.

ആര്‍ക്കാണ് Solopreneurship ഉചിതം?

arketable ആയിട്ടുള്ള നൈപുണ്യം ഉള്ളവര്‍ക്കും അതിനോടൊപ്പം ബിസിനസ്സിനോട് താല്‍പ്പര്യവും പരിശ്രമിക്കാന്‍ സന്നദ്ധതയുമുള്ളവര്‍ക്ക് തീര്‍ച്ചയായും ശോഭിക്കാന്‍ കഴിയും.

എന്തുകൊണ്ട് Solopreneurship ?

പൂര്‍ണസമയ സംരംഭകത്വത്തിലേക്ക് ഇറങ്ങുക എന്നത് വളരെയധികം അപകടസാധ്യതയുള്ളതാണ്. സംരംഭം ആരംഭിക്കാന്‍ താല്‍പ്പര്യപെടുന്നവര്‍ക്ക് അതിനെകുറിച്ച് പഠിക്കാന്‍ solopreneurship വഴി എളുപ്പത്തില്‍ സാധിക്കുന്നു. Entrepreneurship ന്റെ ആദ്യപടിയായി ഇതിനെ കാണാം.

Entrepreneurship ഉം Solopreneurship ഉം തമ്മിലുള്ള പ്രധാന വ്യത്യാസം?

ഒരു entrepreneur തന്റെ ബിസിനസിനെ വളര്‍ത്താന്‍ നോക്കുമ്പോള്‍ ഒരു solopreneur തന്റെ നൈപുണ്യത്തെ വളര്‍ത്താന്‍ ശ്രമിക്കുന്നു. കൂടാതെ entrepreneur ധാരാളം തൊഴിലാളികളെ നിയമിക്കുമ്പോള്‍, solopreneur പരമാവധി ഓട്ടോമേഷന്‍ ബിസിനസ്സില്‍ കൊണ്ടുവരുന്നു, കൂടാതെ ചെറിയ ജോലികള്‍ outsource ഉം ചെയ്യുന്നു.

Freelancer ഉം Solopreneur ഉം തമ്മിലുള്ള പ്രധാന വ്യത്യാസം?

Freelancer എല്ലാ ജോലികളും തനിച്ച് ചെയ്യുമ്പോള്‍, solopreneur മറ്റുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് കൂടുതല്‍ ബിസിനസ് നെറ്റ്‌വര്‍ക്കുകള്‍ സൃഷ്ട്ടിച്ച് ജോലികള്‍ outsource ചെയ്ത് മുന്നേറുന്നു. കൂടുതല്‍ ഒഴിവ്‌സമയം ഇവര്‍ക്ക് കണ്ടെത്താന്‍ കഴിയും, കൂടാതെ കൂടുതല്‍ സ്രോതസ്സില്‍ നിന്നും വരുമാനം കണ്ടെത്താനും ശ്രമിക്കും.

എങ്ങനെ ഒരു Solopreneur ആവാം?

1. മറ്റുള്ളവര്‍ പണം തന്ന് വാങ്ങുവാന്‍ പാകത്തിനുള്ള നൈപുണ്യം സ്വയം കണ്ടെത്തുക, ഒപ്പം അത് വളര്‍ത്തിയെടുക്കുക.

2. ആ നൈപുണ്യത്തില്‍ നിന്നും ഒരു ഉല്‍പന്നമോ സേവനമോ നിര്‍മിക്കുക. അതില്‍ മറ്റ് സ്ഥാപനത്തില്‍ നിന്നും വ്യത്യസ്തമായ ഒരു മൂല്യം കണ്ടെത്തുക.

3. പരമാവധി ജോലികളെ ഓട്ടോമേറ്റഡ് ആക്കുക. പ്രത്യേകിച്ചും സ്ഥിരമായി ചെയ്യുന്ന കാര്യങ്ങള്‍.

4. ജോലികളെ മറ്റുള്ള freelancer നോ സ്ഥാപനങ്ങള്‍ക്കോ outsource ചെയ്യുക.

5. ഒന്നില്‍കൂടുതല്‍ സ്രോതസ്സില്‍ നിന്നും വരുമാനം കണ്ടെത്തുക

6. അടുത്ത ഒരു വര്‍ഷത്തേക്കും അഞ്ചുവര്‍ഷത്തേക്കുമുള്ള കൃത്യമായ പ്ലാന്‍ എഴുതിത്തയ്യാറാക്കുക. അതിന്റെ ലക്ഷ്യമെന്നത് solopreneur ല്‍ നിന്നും entrepreneur ആവുക എന്നതാവണം.

Freelancer ല്‍ നിന്നും Solopreneur , അതില്‍നിന്നും Entrepreneur . ഇതാവണം ബിസിനസ്സിനോട് അതിയായ മോഹമുള്ള യുവാക്കളുടെ ലക്ഷ്യം. ഈ വഴിതന്നെയാണ് സുരക്ഷിതവും.

( BRANDisam LLP യുടെ ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റാണ് ലേഖകന്‍. www.sijurajan.com +91 8281868299)

Siju Rajan
Siju Rajan  

ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റും ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് വിദഗ്ധനും എച്ച്ആര്‍ഡി ട്രെയ്‌നറുമായ സിജു രാജന്‍ ബ്രാന്‍ഡ് ഐഡന്റിറ്റി, ബ്രാന്‍ഡ് സ്ട്രാറ്റജി, ട്രെയ്‌നിംഗ്, റിസര്‍ച്ച് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന BRANDisam ത്തിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റാണ്

Related Articles

Next Story

Videos

Share it