ബ്രാന്‍ഡ് മൂല്യം കൂട്ടാന്‍ ഐ.എസ്.ഒ മുദ്ര

ഒരു ബിസിനസ് ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങളാണ് വില്‍ക്കുന്നത് എന്ന് നമുക്ക് എങ്ങനെ സ്ഥിരീകരിക്കാന്‍ സാധിക്കും? അവര്‍ നല്‍കുന്ന പരസ്യങ്ങള്‍ അത് അവകാശപ്പെട്ടേക്കാം. എന്നാല്‍ പണം നല്‍കി സൃഷ്ടിക്കപ്പെടുന്ന പരസ്യങ്ങളുടെ ആധികാര്യത നമുക്ക് ഉറപ്പിക്കാന്‍ കഴിയില്ലല്ലോ. ഒരു ഉല്‍പ്പന്നത്തിന്റെ ഗുണമേന്മ തീരുമാനിക്കേണ്ടത് എല്ലാവരും അംഗീകരിക്കുന്ന ഒരു നിഷ്പക്ഷ മൂന്നാം കക്ഷിയാണ്(third party) ഗുണനിലവാരത്തിനായി മാനദണ്ഡങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ അഥവാ ഐ.എസ്.ഒ 1947 ഫെബ്രുവരിയില്‍ സൃഷ്ടിക്കപ്പെട്ടത്.

ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് എന്‍ജിനീയറിംഗ് എന്നീ മേഖലകൾ ഒഴികെയുള്ള എല്ലാ സാങ്കേതികവും സാങ്കേതികമല്ലാത്തതുമായ മേഖലകളിലും ISO അന്താരാഷ്ട്ര നിലവാരം വികസിപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ഇലക്ട്രോ ടെക്നിക്കല്‍ കമ്മീഷന്റെ നേതൃത്വത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. 2022 ഏപ്രില്‍ വരെ, ISO 24,261-ലധികം മാനദണ്ഡങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്, ഉല്‍പ്പന്നങ്ങളും സാങ്കേതിക വിദ്യയും മുതല്‍ ഭക്ഷ്യ സുരക്ഷ, കൃഷി, ആരോഗ്യ സംരക്ഷണം എന്നിവ വരെ ഇതില്‍ ഉള്‍ക്കൊള്ളുന്നു.

അതിനാല്‍, ISO-യില്‍ നിന്ന് ഒരു സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നത്, ബിസിനസ്സ് അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും ഉയര്‍ന്ന നിലവാരം പാലിക്കുന്നുവെന്നതിന്റെ തെളിവാണ്, അതിനാല്‍ തന്നെ ആ ഉല്‍പ്പന്നത്തെ വിശ്വസിക്കാന്‍ കഴിയും. ഇത് ബിസിനസിന്റെ ബ്രാന്‍ഡിന് വളരെയധികം മൂല്യം നല്‍കുകയും ചെയ്യുന്നു.

ISO സര്‍ട്ടിഫിക്കേഷന്റെ ഗുണങ്ങള്‍:

അന്താരാഷ്ട്ര വിശ്വാസ്യത: ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ വിദേശ ബിസിനസില്‍ വിശ്വാസ്യത വളര്‍ത്തിയെടുക്കാന്‍ സ്ഥാപനത്തെ സഹായിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്നു. പ്രത്യേകിച്ച് ഭക്ഷ്യോത്പന്നങ്ങള്‍ ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുവാന്‍ ISO സര്‍ട്ടിഫിക്കേഷന്‍ പല രാജ്യങ്ങളും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ഗവണ്‍മെന്റ് ടെന്‍ഡറുകള്‍: സര്‍ക്കാര്‍ ടെന്‍ഡറുകള്‍ക്കായി ലേലം വിളിക്കുന്നതിന് ISO സര്‍ട്ടിഫിക്കേഷന്‍ വളരെ അത്യാവശ്യമാണ്. സപ്ലൈക്കോ പോലുള്ള സ്ഥാപങ്ങളിലേക്ക് ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിനും ISO സര്‍ട്ടിഫിക്കേഷന്‍ ആവശ്യമാണ്.

ഗുണനിലവാരം: ISO സര്‍ട്ടിഫിക്കേഷന്‍ നേടുന്നതിലൂടെ, ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരം അന്താരാഷ്ട്ര നിലവാരവുമായി ചേർന്ന് നിൽക്കുന്നതാകും.

ക്വാളിറ്റി മാനേജ്‌മെന്റ്: ISO മാനദണ്ഡങ്ങള്‍ പലപ്പോഴും ശക്തമായ ഗുണനിലവാര മാനേജ്‌മെന്റ് സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതിന് ഊന്നല്‍ നല്‍കുന്നു. ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലൂടെ സ്ഥാപനങ്ങള്‍ക്ക് അവരുടെ വ്യാവസായിക പ്രക്രിയകള്‍ കാര്യക്ഷമമാക്കാനും പിശകുകള്‍ കുറയ്ക്കാനും മൊത്തത്തിലുള്ള കാര്യക്ഷമത മെച്ചപ്പെടുത്താനും കഴിയും.

പ്രധാനപ്പെട്ട ചില ISO മാനദണ്ഡങ്ങള്‍ ഇവയാണ്:

ISO 9001: ക്വാളിറ്റി മാനേജ്മെന്റ് സിസ്റ്റംസ് (QMS)

ഉല്‍പ്പന്നത്തിന്റെയും സേവന നിലവാരത്തിന്റെയും സ്ഥിരത ഉറപ്പാക്കാന്‍ ഓര്‍ഗനൈസേഷനുകളെ സഹായിക്കുന്ന ഒരു ഗുണനിലവാര മാനേജുമെന്റ് സിസ്റ്റം നടപ്പിലാക്കുന്നതിനുള്ള മാനദണ്ഡമാണ് ISO 9001. ഇത് ഉപയോക്തൃ സംതൃപ്തി, പ്രോസസ്സ് മെച്ചപ്പെടുത്തല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ISO 22000: ഫുഡ് സേഫ്റ്റി മാനേജ്മെന്റ് സിസ്റ്റംസ്

ഒരു ഭക്ഷ്യ സുരക്ഷാ മാനേജ്മെന്റ് സിസ്റ്റത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് നിര്‍വചിക്കുന്നതാണ് ISO 22000, വിതരണ ശൃംഖലയിലുടനീളം ഭക്ഷ്യ ഉല്‍പന്നങ്ങളുടെ സുരക്ഷിതമായ കൈകാര്യം ചെയ്യലും ഉല്‍പാദനവും ഉറപ്പാക്കാന്‍ വ്യവസായ സ്ഥാപനങ്ങളെ സഹായിക്കുന്നു. ഭക്ഷ്യോത്പന്ന കയറ്റുമതിക്ക് ISO 22000 അനിവാര്യമായ ഒന്നാണ്.

ISO 14001: എണ്‍യോണ്‍മെന്റല്‍ മാനേജ്‌മെന്റ് സിസ്റ്റംസ് (EMS)

പരിസ്ഥിതി മാനേജ്‌മെന്റ് സിസ്റ്റം സ്ഥാപിക്കുന്നതിനുള്ള സ്റ്റാന്‍ഡേര്‍ഡ് നിര്‍വചിക്കുന്നതാണ് ISO 14001. ഇത് ഓര്‍ഗനൈസേഷനുകളെ അവരുടെ പാരിസ്ഥിതിക ആഘാതം തിരിച്ചറിയാനും നിയന്ത്രിക്കാനും സഹായിക്കുന്നു. പാരിസ്ഥിതിക വശങ്ങള്‍ പാലിക്കല്‍, തുടര്‍ച്ചയായ മെച്ചപ്പെടുത്തല്‍ (Continuous improvement ) എന്നിവയെ ഈ സ്റ്റാന്‍ഡേര്‍ഡ് അഭിസംബോധന ചെയ്യുന്നു.

ISO 45001: ഒക്യുപ്പേഷണല്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി മാനേജ്മെന്റ് സിസ്റ്റംസ് (OH&S)

തൊഴില്‍ ആരോഗ്യ സുരക്ഷാ മാനേജ്മെന്റ് സിസ്റ്റം സ്ഥാപിക്കുന്നതിനുള്ള സ്റ്റാന്‍ഡേര്‍ഡ് നിര്‍വചിക്കുന്നതാണ് ISO 45001. ഇത് ജോലി സംബന്ധമായി ജീവനക്കാര്‍ക്ക് വന്നേക്കാവുന്ന പരിക്കുകള്‍, അസുഖങ്ങള്‍, അപകടകരമായ സംഭവങ്ങള്‍ എന്നിവ മുന്‍കൂട്ടി തടയാന്‍ ഓര്‍ഗനൈസേഷനുകളെ പ്രാപ്തമാക്കുന്നു.

ISO 20000: ഐടി സര്‍വീസ് മാനേജ്മെന്റ് (ISO/IEC 20000-1:2018)

ഉപയോക്താവിന്റെ ആവശ്യങ്ങള്‍ സാധിക്കുക, ഐടി സേവനങ്ങളുടെ ഫലപ്രദമായ ഡെലിവറി എന്നിവ ഉറപ്പാക്കുന്ന ഒരു ഐടി സേവന മാനേജ്മെന്റ് സിസ്റ്റം സ്ഥാപിക്കുന്നതിനുള്ള സ്റ്റാന്‍ഡേര്‍ഡ് നിര്‍വചിക്കുന്നതാണ് ISO 20000. പ്രധാന ISO മാനദണ്ഡങ്ങളുടെ ഏതാനും ഉദാഹരണങ്ങള്‍ മാത്രമാണിത്.

വിവിധ വ്യവസായങ്ങളെയും മേഖലകളെയും ഉള്‍ക്കൊള്ളുന്ന നിരവധി മാനദണ്ഡങ്ങളുണ്ട്, ഓരോന്നും അതത് മേഖലകളിലെ മികച്ച സമ്പ്രദായങ്ങള്‍, ഗുണനിലവാരം, സുരക്ഷ, പാരിസ്ഥിതിക ഉത്തരവാദിത്തം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു.

ISO-ല്‍, ISO 9001, ISO 14001 എന്നിവ പോലെയുള്ള അന്താരാഷ്ട്ര നിലവാരങ്ങള്‍ മാത്രമാണ് വികസിപ്പിക്കുന്നത്. അവര്‍ നേരിട്ട് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നില്ല. ഇത് നടത്തുന്നത് ബാഹ്യ സര്‍ട്ടിഫിക്കേഷന്‍ ബോഡികളാണ്, അതിനാല്‍ ഒരു സ്ഥാപനങ്ങളെയും കമ്പനികളെയും ISO യ്ക്ക് നേരിട്ട് സാക്ഷ്യപ്പെടുത്താന്‍ കഴിയില്ല.

ഇന്ന് പല ചെറിയ സ്ഥാപനങ്ങളും ISO സര്‍ട്ടിഫിക്കറ്റ് എടുക്കുന്നത് മാര്‍ക്കറ്റിംഗ് ആവശ്യങ്ങള്‍ക്ക് മാത്രമായാണ്. അതിനാല്‍ ഏറ്റവും ചുരുങ്ങിയ തുകയ്ക്ക് ഇവ നേടാനായി നോക്കുന്നു. ഇത്തരത്തില്‍ നേടുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. അല്ലാത്തപക്ഷം പ്രശ്‌നം വരുന്നത് അതുപയോഗിച്ച് ഏതെങ്കിലും ബിസിനസ് അല്ലെങ്കില്‍ നിയമപരമായ ആവശ്യത്തിലേക്ക് കടക്കുമ്പോഴായിരിക്കും. അതിനാല്‍ തന്നെ IAF അംഗീകരിച്ചിട്ടുള്ള ISO സര്‍ട്ടിഫിക്കറ്റ് എടുക്കാനായി നോക്കുക. ഐഎഎഫ് എന്നാല്‍ ഇന്റര്‍നാഷണല്‍ അക്രഡിറ്റേഷന്‍ ഫോറം.

സര്‍ട്ടിഫിക്കേഷന്‍ ബോഡികള്‍, ടെസ്റ്റിംഗ് ലബോറട്ടറികള്‍, ഇന്‍സ്‌പെക്ഷന്‍ സ്ഥാപനങ്ങൾ എന്നിവ പോലുള്ള ബോഡികളെ വിലയിരുത്തുകയും അക്രഡിറ്റ് ചെയ്യുകയും ചെയ്യുന്ന അക്രഡിറ്റേഷന്‍ ബോഡികളുടെ ഒരു ആഗോള അസോസിയേഷനാണിത്.

https://www.iafcertsearch.org/ എന്ന വെബ്‌സൈറ്റില്‍ ISO സര്‍ട്ടിഫിക്കറ്റ് IAF അംഗീകൃതമാണോ എന്ന് പരിശോധിക്കാം.

Siju Rajan
Siju Rajan  

ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റും ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് വിദഗ്ധനും എച്ച്ആര്‍ഡി ട്രെയ്‌നറുമായ സിജു രാജന്‍ ബ്രാന്‍ഡ് ഐഡന്റിറ്റി, ബ്രാന്‍ഡ് സ്ട്രാറ്റജി, ട്രെയ്‌നിംഗ്, റിസര്‍ച്ച് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന BRANDisam ത്തിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റാണ്

Related Articles

Next Story

Videos

Share it