എന്‍ജിനീയറിംഗ് വേണോ? ഇടയ്ക്ക വേണോ? നിങ്ങളാണ് തെരഞ്ഞെടുക്കേണ്ടത്!

Saturday Stories by Indu Jayaram
-Ad-

”ശരിക്കും നിങ്ങളില്‍ എത്ര പേര്‍ക്ക് എന്‍ജിനീയറാകണം?”

ഒരു കരിയര്‍ അനലിസ്റ്റ് എന്ന നിലയില്‍ എന്റെ വിദ്യാര്‍ത്ഥികളോട് ഞാന്‍ സ്ഥിരമായി ചോദിക്കാറുള്ള ചോദ്യം. അതിന് എനിക്ക് ലഭിച്ച പ്രതികരണങ്ങള്‍ രസകരമാണ്.

ചിലര്‍ ശക്തമായി കൈപൊക്കുന്നു. ചിലര്‍ കൈ പൊക്കിയിട്ടുമില്ല, താഴ്ത്തിയിട്ടുമില്ല. ചിലര്‍ ടേബിളില്‍ തലപൂഴ്ത്തിയിരിക്കുന്നു. ചിലര്‍ എന്നോട് ദേഷ്യത്തിലാണ്. ബാക്കിയുള്ളവര്‍ തങ്ങള്‍ക്ക് ഇതൊന്നും ബാധകമല്ലെന്ന ശൈലിയില്‍ ഇരുപ്പ്…

-Ad-

ഒറ്റ ചോദ്യത്തിലൂടെ ഞാന്‍ അവരെ അസ്വസ്ഥരാക്കിയെന്ന് എനിക്ക് മനസിലായി. (ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ… ഞാന്‍ എന്നോടുതന്നെ ചോദിച്ചു)

ആകെ അഞ്ചു പേര്‍ മാത്രമാണ് അത്മവിശ്വാസത്തോടെ കൈപൊക്കിയത്.

ഞാന്‍ ഈ ചോദ്യം ചോദിച്ചത് ആരോടാണെന്ന് നിങ്ങളോട് പറഞ്ഞില്ലല്ലോ. 60 പേരുള്ള ഒരു എന്‍ജിനീയറിംഗ് ക്ലാസിലെ വിദ്യാര്‍ത്ഥികളോടായിരുന്നു എന്റെ ചോദ്യം.

ഈ (വെടക്ക്) ചോദ്യം ഓരോ പ്രാവശ്യവും ചോദിക്കുമ്പോഴും ഇതൊക്കെ തന്നെയാണല്ലോ പ്രതികരണം എന്ന് ചിന്തിച്ചുനിക്കുമ്പോള്‍ അതാ വരുന്നു, ഒരു മില്യണ്‍ ഡോളര്‍ ചോദ്യം. 

”മാം, മാത്സ് പഠിക്കാതെ എന്‍ജിനീയറാകാന്‍ എന്തെങ്കിലും വഴിയുണ്ടോ?” സ്ഥിരമായി ഞാന്‍ കേള്‍ക്കാറുള്ള ചോദ്യം. 

ഏഹ് അങ്ങനെയൊരു ഓപ്ഷനുണ്ടോ? (അറിഞ്ഞില്ല.. ആരും പറഞ്ഞില്ല…നാടിന് ഒരു മിടുക്കി എന്‍ജിനീയറെ നഷ്ടമായല്ലോ. ഓഹ് കണക്ക് ഇല്ലായിരുന്നെങ്കില്‍ ഞാന്‍ പൊളിച്ചേനേ)

എന്തായാലും ചോദ്യം കേട്ട് ഞാന്‍ കരയണോ ചിരിക്കണോ എന്ന അവസ്ഥയിലായി. (ഞാന്‍ ആയുധം വെച്ച് കീഴടങ്ങി മക്കളെ!)

എനിക്ക് ഡിസ്‌കാല്‍ക്കുലിയ എന്ന കണക്ക് പഠിക്കാന്‍ ബുദ്ധിമുട്ടുള്ള പഠനവൈകല്യം ഉണ്ടായിരുന്ന കാര്യം ഞാന്‍ നേരത്തെ മറ്റൊരു ലേഖനത്തില്‍ പറഞ്ഞിട്ടുണ്ടല്ലോ. പരീക്ഷയില്‍ കണക്കിന് ഞാന്‍ പലപ്പോഴും തോറ്റിരുന്നു. ആ ഞാന്‍ അവരോട് എന്‍ജിനീയറിംഗില്‍ ആള്‍ജിബ്ര, കാല്‍ക്കുലസ്, ട്രിഗോണമെട്രി, പ്രോബബലിറ്റി, സ്റ്റാറ്റിസ്റ്റിക്‌സ് (ഈശ്വരാ! കേട്ടിട്ട് തന്നെ തലകറങ്ങുന്നു) എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. എല്ലാം എനിക്കറിയാവുന്ന മട്ടില്‍. (ഇതിന് ഞാന്‍ buzz buzz തെറാപ്പി എന്നാണ് വിളിക്കുന്നത്… ചുമ്മാ അടിച്ച് വിടുക.)

പ്രിയപ്പെട്ട മാതാപിതാക്കളെ, നിങ്ങളുടെ കുട്ടിയെ എന്‍ജിനീയര്‍ ആക്കുന്നതിന് മുമ്പ് അതിലെ സിലബസിനെക്കുറിച്ച് മനസിലാക്കിക്കൊടുക്കുക.  മാതാപിതാക്കള്‍ക്ക് തന്നെ എന്‍ജിനീയറിംഗിനെക്കുറിച്ച് കാര്യമായ ധാരണയില്ലാതെ അതിലേക്ക് കുട്ടിയെ തള്ളിവിടുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് ഊഹിക്കാവുന്നതല്ലേയുള്ളു.

ഈ കുട്ടിയുടെ അനുഭവം നോക്കൂ.

”മാം, എനിക്ക് പഠിത്തം നിറുത്തണം. എന്‍ജിനീയറിംഗിന്റെ അക്കാഡമിക് പ്രഷര്‍ എനിക്ക് താങ്ങാനാകുന്നില്ല. കെണിയില്‍പ്പെട്ടുപോയി. എന്നെ സഹായിക്കണം.” നിരാശ നിറഞ്ഞ വാക്കുകള്‍.

ഇനി രണ്ട് ഓപ്ഷനുകളേയുള്ളു. ”എന്‍ജിനീയറിംഗ് ഉപേക്ഷിക്കുക. അല്ലെങ്കില്‍ എന്‍ജിനീയറിംഗിനെ അതിജീവിക്കുക”

സുഹൃത്തുക്കളെ ഇത് പറയുന്നതുപോലെ എളുപ്പമല്ല. കാരണം അവന്‍ എന്‍ജിനീയറിംഗിന്റെ അവസാനത്തെ സെമസ്റ്ററിലാണ്. അവന് ധാരാളം പേപ്പറുകള്‍ കിട്ടാനുമുണ്ടായിരുന്നു. പഠിത്തം നിര്‍ത്തിപ്പോന്നാല്‍ അത് അവന്റെ അച്ഛന് ഒരു വലിയ ആഘാതമാകും. (ഗര്‍ര്‍… വീണ്ടും ചെകുത്താനും കടലിനും നടുക്ക്).

”എന്‍ജിനീയറിംഗ് അല്ലെങ്കില്‍ മറ്റെന്താണ് നിനക്ക് വേണ്ടത്?”

ഇടയ്ക്ക കൊട്ടുകയാണ് അവന്റെ പാഷന്‍. അവന് ഒരു പ്രാദേശിക പക്കവാദ്യ ബാന്‍ഡില്‍ ചേരണം. 

ഇത് പറയുമ്പോള്‍ അവന്റെ കണ്ണിലെ തീപ്പൊരി ഒന്ന് കാണേണ്ടതായിരുന്നു. നമ്മില്‍ പലര്‍ക്കും ഇത് കേള്‍ക്കുമ്പോള്‍ തമാശയായിരിക്കും. അവന്റെ അച്ഛനും അങ്ങനെ തന്നെയായിരിക്കാം. പക്ഷെ ചിലര്‍ക്കത് നാം വിചാരിക്കുന്നതിനെക്കാള്‍ അപ്പുറത്താണ്. അവനും അങ്ങനെ തന്നെ.

എന്‍ജിനീയറിംഗും ഇടക്കയും… കഠിനമായ ചോയ്‌സ്.

ഞാന്‍ കുറയേ സെഷനുകളിലായി അവനോടൊപ്പമിരുന്ന് സംസാരിച്ചു. അവന്‍ പഠിത്തം നിര്‍ത്തിയില്ല. നിരവധി ബാക് പേപ്പറുകളുമായി അവന്‍ കോഴ്‌സ് പൂര്‍ത്തിയാക്കി.

അതിനുശേഷം അവിടെയുള്ള ബാന്‍ഡില്‍ ചേര്‍ന്നു. ഒരുപാട് സ്ഥലങ്ങളില്‍ യാത്ര ചെയ്യുന്നു (വിജയശ്രീലാളിതനായി മുന്നേറ്റം തുടരുന്നു. പക്ഷെ കിട്ടാനുള്ള പേപ്പറുകളുടെ എണ്ണത്തില്‍ ഒരു മാറ്റവും ഇല്ല കെട്ടോ…)

അവന്‍ തന്റെ ഉള്‍വിളി കേട്ടു. അതുകൊണ്ട് ഏറെ സന്തോഷവാനാണ്.

എന്തുകൊണ്ടാണ് നമ്മുടെ കുട്ടികള്‍ തെറ്റായ കരിയര്‍ തെരഞ്ഞെടുക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? കാരണം ശരിയായ തെരഞ്ഞെടുപ്പ് നടത്തേണ്ട സമയത്ത് അതിന് ആവശ്യമായ വിവരങ്ങള്‍ അവര്‍ക്ക് ഒരിടത്തുനിന്നും കിട്ടുന്നില്ല. കുടുംബാംഗങ്ങളുടെയോ കൂട്ടുകാരുടെയോ സ്വാധീനം അവരുടെ തീരുമാനങ്ങളിലുണ്ടാകുന്നു.

എത്രപേര്‍ക്ക് അനുയോജ്യമായ കരിയര്‍ തെരഞ്ഞെടുക്കാനുള്ള അനുഭവസമ്പത്തും അറിവും ഉണ്ട്? നിങ്ങളുടെ കരുത്ത് നിങ്ങള്‍ക്കറിയാമോ? എത്രത്തോളം നിങ്ങള്‍ നിങ്ങളെക്കുറിച്ച് അറിയുന്നുവോ അത്രത്തോളം മുന്നിലുള്ള ഓപ്ഷനുകളെ ചുരുക്കാനും നിങ്ങള്‍ക്ക് അനുയോജ്യമായ കരിയര്‍ തെരഞ്ഞെടുക്കാനും സാധിക്കും.

നിങ്ങളുടെ മേഖലയിലുള്ള ആളുകളുമായി ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കൂ. നിങ്ങള്‍ തെരഞ്ഞെടുത്ത മേഖലയെക്കുറിച്ച് പരമാവധി ഗവേഷണങ്ങള്‍ നടത്തുക. അത് ആത്മവിശ്വാസം നല്‍കും. നിങ്ങളുടെ കരിയര്‍ നിങ്ങളുടെ ഉത്തരവാദിത്തമാണ്!

നിങ്ങള്‍ക്ക് സന്തോഷമാണോ വേണ്ടത്? ദു:ഖമാണോ വേണ്ടത്? നിങ്ങളാണ് തെരഞ്ഞെടുക്കേണ്ടത്!

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here