കരിയറില്‍ ഒരു മാറ്റം വേണോ? പക്ഷെ ഓര്‍മ്മയുണ്ടാകണം ഇക്കാര്യങ്ങള്‍!

ഒരു ദിവസം വൈകുന്നേരം എനിക്ക് ബാംഗ്ലൂരില്‍ നിന്ന് ഒരു പെണ്‍കുട്ടിയുടെ കോള്‍ വന്നു. വളരെ പരിഭ്രാന്തിയോടെയുള്ള സംസാരം. അവളുടെ പ്രായം മുപ്പതുകളിലാണ്. ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ജോലി ചെയ്യുന്നു. ഓടിനടന്നു ജോലി ചെയ്യേണ്ട അന്തരീക്ഷം. പക്ഷെ അവളത് ഒരു തരി പോലും ആസ്വദിക്കുന്നില്ല. പക്ഷെ ഇപ്പോള്‍ ആ കമ്പനിയുടെ എല്ലാ ഇവന്റുകളും നഷ്ടപ്പെട്ടതിനാല്‍ അവളുടെ ജോലി പോകുന്ന അവസ്ഥയിലാണ്.

''മാം, ഇങ്ങനെയൊന്നും സംഭവിച്ചില്ലെങ്കില്‍പ്പോലും ഞാന്‍ ജോലി രാജിവെക്കാന്‍ പ്ലാന്‍ ചെയ്തിരിക്കുകയായിരുന്നു. എനിക്ക് മതിയായി.'' ഇത്ര പെട്ടെന്ന് മതിയായെന്നോ? (ഞാന്‍ ആണെങ്കില്‍ നാല്‍പ്പതുകളുടെ അവസാനത്തിലായിട്ടും ആസ്വദിക്കാന്‍ തുടങ്ങിയിട്ടേയുള്ളു. അപ്പോഴാണ് ഈ പ്രായത്തില്‍! ഇവിടെ എന്താണ് സംഭവിക്കുന്നത്?)

''മാം, 10 വര്‍ഷമായി നാല് ജോലികള്‍ മാറി. ആദ്യത്തെ അവേശം കഴിഞ്ഞാല്‍ എനിക്ക് മടുക്കും.''

പല ആളുകളുടെയും അവസ്ഥയാണിത്. തങ്ങള്‍ക്ക് ഏറ്റവും ഇണങ്ങിയ കരിയര്‍ പാതയിലൂടെ സഞ്ചരിക്കാന്‍ കഴിയാത്തവര്‍ക്ക് ഒരു ജോലിയിലും തുടരാന്‍ സാധിക്കില്ല.

അവള്‍ തുടര്‍ന്നു. ''മൂന്ന് വര്‍ഷമായി എന്റെ വിവാഹം കഴിഞ്ഞിട്ട്. ഞാന്‍ വന്ന സാഹചര്യത്തില്‍ നിന്ന് വളരെ വ്യത്യസ്തമാണ് ഭര്‍തൃവീട്ടിലെ അന്തരീക്ഷം. ഞാനൊരു ഇന്‍ട്രൊവേര്‍ട്ട് ആണ്. എന്നാല്‍ എന്റെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ സംസാരിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്നവരാണ്. അവര്‍ക്ക് ഞാന്‍ എപ്പോഴും അടുത്തുവേണം. എനിക്കാണെങ്കില്‍ അത് ഭയങ്കര ശ്വാസംമുട്ടലാണ്. ഞാന്‍ ഒഴിഞ്ഞുമാറുന്നത് ഭര്‍ത്താവിന് അസ്വസ്ഥയുണ്ടാക്കുന്നുണ്ട്. എനിക്കാണെങ്കില്‍ അവരോടൊന്നും സംസാരിക്കാനില്ല. എന്നാല്‍ അങ്ങനെയല്ലെന്ന് അഭിനയിച്ചുകൊണ്ടിരിക്കുന്നത് വല്ലാത്ത ശ്വാസംമുട്ടലാണ്.''

മനസിലുള്ള വികാരങ്ങള്‍ക്ക് അതിന്റെ തീവ്രത അനുസരിച്ച് ഒരു നമ്പര്‍ കൊടുക്കാന്‍ ഞാന്‍ അവളോട് ആവശ്യപ്പെട്ടു. തീവ്രത അനുസരിച്ച് ഒന്ന് മുതല്‍ 10 വരെ. 10 എന്നാല്‍ ഏറ്റവും തീവ്രം.

അവള്‍ കൊടുത്ത നമ്പര്‍ എട്ട് ആണ്. അവള്‍ വളരെയേറെ അസ്വസ്ഥയാണെന്നും സഹായം ആവശ്യമാണെന്നും എനിക്ക് മനസിലായി. ചില തെറാപ്പികളിലൂടെ എട്ട് എന്നത് അഞ്ചാക്കി കുറയ്ക്കാന്‍ സാധിച്ചു. അവളുടെ മനസ് കുറച്ച് ശാന്തമായി.

അവളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് പറയാന്‍ ഞാന്‍ ആവശ്യപ്പെട്ടു. ഉത്തരം വളരെപ്പെട്ടെന്നായിരുന്നു. ''ഒറ്റയ്ക്കിരിക്കണം, പാചകം ചെയ്യണം.''

ഈ ലോക്ഡൗണ്‍ സമയത്ത് അവളെ ആവേശം കൊള്ളിച്ച ഒരേയൊരു കാര്യം പുതിയ പാചകപരീക്ഷണങ്ങളായിരുന്നുവെന്ന് അവള്‍ പറഞ്ഞു. അതില്‍ നിന്ന് അവള്‍ക്ക് കിട്ടുന്ന സന്തോഷത്തിന് അതിരില്ലായിരുന്നു. കൂടാതെ ഒന്നും ചെയ്യാതെ കുറച്ചുനേരം ഒറ്റയ്ക്കിരിക്കാനും അവള്‍ ആഗ്രഹിച്ചു.

ഞങ്ങളുടെ തെറാപ്പിയുടെ ഭാഗമായി ചെയ്ത അവളുടെ ടെസ്റ്റിന്റെ റിസല്‍ട്ട് വന്നു. അതില്‍ നിന്ന് അവളൊരു അന്തര്‍മൂഖ എന്നതിനപ്പുറം പല കാര്യങ്ങളും വ്യക്തമായി. സാവധാനത്തില്‍ ജോലി ചെയ്യാന്‍ സാധിക്കുന്ന അന്തരീക്ഷമായിരിക്കും അവള്‍ക്ക് ഏറ്റവും മികച്ചത്. അവള്‍ അവിശ്വസനീയമാംവിധം ക്രിയാത്മകതയുള്ള പെണ്‍കുട്ടിയാണെന്നും കൈകൊണ്ട് ചെയ്യുന്ന ജോലികള്‍ അവള്‍ക്കേറെ ഇഷ്ടമാണെന്നും മനസിലായി.

അതിനാല്‍ പാചകകലയുമായി ബന്ധപ്പെട്ട എന്തെങ്കിലും ചെയ്യുന്നത് അവള്‍ക്ക് മികച്ച ഒരു ഓപ്ഷനായിരിക്കുമെന്ന് എനിക്ക് തോന്നി. വീട്ടില്‍ സമാധാനമായിരുന്ന് അവള്‍ക്ക് സൗകര്യപ്രദമായ വേഗതയില്‍ ജോലി ചെയ്യാന്‍ കഴിയും. അതിലൂടെ അവള്‍ക്ക് തന്റെ കഴിവ് മികച്ച രീതിയില്‍ പുറത്തെടുക്കാനും സാധിക്കും.

സംസാരത്തില്‍ നിന്ന് അവള്‍ക്ക് ഹെല്‍ത്തി ബേക്കിംഗിലേക്ക് കടക്കാനാണ് താല്‍പ്പര്യമെന്ന് എനിക്ക് മനസിലായി. എന്നാല്‍ അതത്ര എളുപ്പമുള്ള പരിപാടിയല്ല. ആ മേഖലയിലുള്ള കോഴ്‌സുകളെല്ലാം വളരെ ചെലവേറിയതാണ്. ഇപ്പോള്‍ ലക്ഷങ്ങള്‍ കൊടുത്ത് അവള്‍ക്ക് പഠിക്കാനാകില്ല.

ഇപ്പോഴത്തെ ഈ പ്രത്യേക സാഹചര്യത്തിനാണ് നന്ദി പറയേണ്ടത്. ഓണ്‍ലൈനിലൂടെ ബേക്കിംഗ് പഠിക്കാന്‍ എത്രയോ അവസരങ്ങളാണ് ഇപ്പോഴുള്ളത്.

അവള്‍ക്ക് ഒരു വലിയ ലക്ഷ്യം കൂടിയുണ്ടായിരുന്നു. പ്രായമായവര്‍ക്കും പ്രമേഹമുള്ള ആളുകള്‍ക്കും വേണ്ടി ബേക്ക് ചെയ്യണം.

തനിക്ക് ചേരുന്ന തൊഴില്‍ മേഖല ഏതാണെന്ന കാര്യത്തില്‍ വ്യക്തമായ ധാരണ ലഭിച്ചപ്പോള്‍ അവള്‍ അതിനായി ഏറെ പഠിക്കാന്‍ തയാറായി. നിരവധി ബേക്കിംഗ് ക്ലാസുകളില്‍ പങ്കെടുത്തു.

അവള്‍ തന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊക്കെ വേണ്ടി പാചകം ചെയ്യാന്‍ തുടങ്ങി. അവരില്‍ നിന്ന് അവള്‍ക്ക് പ്രതീക്ഷിക്കാത്ത മികച്ച പ്രതികരണമാണ് ലഭിച്ചത്.

കഴിഞ്ഞയാഴ്ച അവള്‍ തന്റെ ആവേശവും സന്തോഷവും പങ്കുവെക്കാന്‍ എന്നെ വിളിച്ചിരുന്നു. അവള്‍ക്ക് ഒരു ചെറിയ പരിപാടിയുടെ ഓര്‍ഡര്‍ ആദ്യമായി ലഭിച്ചു. എല്ലാവരും വളരെ നല്ല അഭിപ്രായം പറഞ്ഞു. പതിയെ അവള്‍ക്ക് സ്ഥിരമായ ഓര്‍ഡറുകള്‍ ലഭിക്കാന്‍ തുടങ്ങി. അവളിപ്പോള്‍ വളരെ സന്തോഷത്തിലാണ്. തനിക്ക് ഇഷ്ടമില്ലാത്തതിനായി ഓടിനടക്കേണ്ട കാര്യമില്ല. അവള്‍ തന്നെയാണ് അവളുടെ ബോസ്!

എനിക്കാണെങ്കില്‍ അവളെ സഹായിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും.

കോവിഡ് ഒരുപാട് കാര്യങ്ങളില്‍ വലിയ മാറ്റമാണ് വരുത്തിയത്. ഒരു കരിയര്‍ അനലിസ്റ്റ് എന്ന നിലയില്‍ എനിക്ക് ഈ ദിവസങ്ങളില്‍ പ്രൊഫഷണലുകളില്‍ നിന്ന് ധാരാളം കോളുകള്‍ വരുന്നു. ചിലര്‍ക്ക് ജോലി നഷ്ടപ്പെട്ടു. ചിലര്‍ ജോലി നഷ്ടപ്പെടുന്നതിന്റെ വക്കിലും. ഇവരെല്ലാം തങ്ങളുടെ കരിയറിന്റെ നാല്‍ക്കവലയിലാണ്. ചുറ്റും നിരവധി അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്നു.

എന്നെ വിളിക്കുന്നതില്‍ ഭൂരിഭാഗവും മുപ്പതുകളില്‍ പ്രായമുള്ളവരാണ്. അവര്‍ക്കൊന്നും ഒരു പ്ലാന്‍ ബി ഇല്ല. ഇതാണ് ഇന്ത്യയിലെ വിദ്യാഭ്യാസ സംവിധാനത്തിന്റെ മറ്റൊരു പോരായ്മ. പലരും തങ്ങള്‍ക്കിഷ്ടമില്ലാത്ത കരിയറില്‍ അകപ്പെട്ട് കിടക്കുകയാണ്. രക്ഷപെടാന്‍ മറ്റൊരു മാര്‍ഗ്ഗവുമില്ലാതെ.

സുഹൃത്തുക്കളെ, കരിയറില്‍ ഒരു മാറ്റമുണ്ടാകുന്നതില്‍ യാതൊരു തെറ്റുമില്ല. പക്ഷെ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ടാകണം.

കരിയര്‍ മാറ്റം അത്ര എളുപ്പമല്ല. തുടക്കത്തില്‍ നിങ്ങളേറെ പരിശ്രമിക്കേണ്ടിവരും. നിങ്ങളതിന് തയാറാണെങ്കില്‍ തന്നെ യുദ്ധം പകുതി വിജയിച്ചുകഴിഞ്ഞു.

ജോലി മാറുന്നത് ഏറെ സമ്മര്‍ദ്ദമുണ്ടാക്കുന്ന കാര്യവുമാണ്. നിങ്ങള്‍ ഒരു തെറ്റായ തീരുമാനമാണ് എടുക്കുന്നതെങ്കിലോ? സുരക്ഷിതമായ ഒന്ന് ഉപേക്ഷിക്കുന്നത് വളരെ ഭയപ്പെടുത്തുന്ന ഒരു കാര്യമാണ്. പക്ഷെ അത് ഇപ്പോള്‍ ചെയ്തില്ലെങ്കില്‍ പിന്നെ മറ്റൊരിക്കലും ഉണ്ടാകില്ല.

The choice is completely yours!!!

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Indu Jayaram
Indu Jayaram  

Indu Jayaram is a Career Analyst and NLP practitioner. She is also the Director of CareerFit360

Related Articles

Next Story

Videos

Share it