മരമണ്ടന്‍! ആര്, മകനോ അപ്പനോ?

എകെ 47മായി വന്ന് നേരെ വെടി വെക്കുന്നത് പോലെയാണ് ചിലരുടെ സംസാരം. അങ്ങനെയൊരു അപ്പന്‍ കഥാപാത്രം എന്റെ മുന്നില്‍ വന്നിരുന്നു. ഒരു 50 വയസ് പ്രായം കാണും. കൃഷിയാണ് തൊഴില്‍.

അപ്പന്‍ എകെ 47 കൈയിലെടുത്തു.
''മാഡം ഇവനൊരു മണ്ടനാണ്.'' (ആദ്യത്തെ വെടി പൊട്ടി)
''ഇവന്‍ എല്ലാത്തിനും തോറ്റു തൊപ്പിയിടും.'' (വീണ്ടും)
''ഇവന്‍ ഒന്നും പഠിക്കില്ല. എപ്പോഴും ബുക്കിന്റെ മുന്നിലാണ്. മാര്‍ക്ക് വരുമ്പോള്‍ വട്ടപ്പൂജ്യം. എനിക്ക് നാണക്കേട് കൊണ്ട് തല ഉയര്‍ത്തി നടക്കാന്‍ വയ്യ. (വെടി നിര്‍ത്താന്‍ ഭാവമില്ല)
''ഇങ്ങനെ പോയാല്‍ ഇവന്‍ വല്ല ഇറച്ചിവെട്ടുകാരനേ ആകൂ.'' (ഹലോ മിസ്റ്റര്‍! എല്ലാ തൊഴിലിലും അതിന്റേതായ മാന്യതയുണ്ട്. ഞാന്‍ പിറുപിറുത്തു)

ഇരുന്ന ഇരുപ്പില്‍ ഇത്രയും വെടിയേറ്റ് ഞാന്‍ തളര്‍ന്നുപോയി. ദേഷ്യം വന്നെങ്കിലും നിയന്ത്രിച്ചിരുന്നു.

പാവം പയ്യന്‍. തന്നേക്കുറിച്ചുള്ള അപ്പന്റെ വര്‍ണ്ണന കേട്ട് കിളി പോയി. ഒരു നല്ല വാക്ക് പോലും അപ്പന്റെ വായില്‍ നിന്ന് വീണില്ല. അമ്മയാണെങ്കില്‍ എന്ത് പറയണമെന്നറിയാതെ ഇരിക്കുന്നു.

ഞാന്‍ പെട്ടെന്ന് തന്നെ കണ്‍സള്‍ട്ടേഷന്റെ ഭാഗമായ അസസ്‌മെന്റിനായി കുട്ടിയെ വിട്ടു.

മുറിയില്‍ ഞങ്ങള്‍ മൂന്നുപേരും മാത്രമായി.

ഇങ്ങനെയുമുണ്ടോ അപ്പന്‍മാര്? എന്താ സംശയം... ഇങ്ങനെയും ഉണ്ട്, ഇതിന് അപ്പുറവും ഉണ്ട്.

അമ്പടാ! അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. കുട്ടികളെ ആരും ഇന്‍സള്‍ട്ട് ചെയ്യുന്നത് എനിക്ക് സഹിക്കില്ല. ഞാനും എകെ 47 കൈയിലെടുത്തു. (ഒന്നുകില്‍ നീ, അല്ലെങ്കില്‍ ഞാന്‍.)

''സാര്‍, താങ്കള്‍ ഒരു മരമണ്ടനാണ്!!!''

എന്റെ ഡയലോഗ് കേട്ട് അപ്പന്‍ ഒന്ന് ഞെട്ടി. തന്നോടാണ് ഇത് പറഞ്ഞതെന്ന് അദ്ദേഹത്തിന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

''മാഡം, എന്താ പറഞ്ഞത്?''

''താങ്കള്‍ ഒരു മരമണ്ടനാണെന്ന്.'' ഒരു ഭാവവ്യത്യാസവുമില്ലാതെ ഞാന്‍ വീണ്ടും.

അടുത്തിരുന്ന ഭാര്യ എന്നെ വളരെ ആരാധനയോടെ നോക്കി. (കൊച്ചു ഗള്ളി! ഗപ്പ് അടിച്ചു കളഞ്ഞല്ലോ! ഇത്രയും കാലമായിട്ട് എന്നേക്കൊണ്ട് സാധിക്കാത്തത് ഒരു മിനിറ്റ് കൊണ്ട് സാധിച്ചല്ലേ.... മിടുമിടുക്കി) ഒരു അവസരം കിട്ടിയിരുന്നെങ്കില്‍ അവരെന്നെ കെട്ടിപ്പിടിച്ചേനേ എന്നെനിക്ക് തോന്നി.

ഞാന്‍ തുടര്‍ന്നു.

''സാര്‍ നാഴിക്ക് നാല്‍പ്പത് വട്ടം മണ്ടന്‍, മണ്ടന്‍ എന്ന് പറയുന്നത് സ്വന്തം മകനെയാണ്. അത് അവന്റെ മുന്നില്‍ വെച്ച് പറയുമ്പോള്‍ അവന്റെ മാനസികാവസ്ഥയെ പറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഓരോ പ്രാവശ്യവും നിങ്ങള്‍ ഇത് പറയുമ്പോള്‍ അവന്റെ നിസാഹായമായ മുഖം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?''

''മാഡം... അത് പിന്നെ... അവന്‍... പഠിത്തം... മാര്‍ക്ക്...'' അപ്പന്‍ ആകെ ഒരു തത്തിക്കളി.
''അതുകൊണ്ട് ഇങ്ങനെയാണോ കുട്ടികളെ വിളിക്കുന്നത്''
അപ്പന്‍ വിളറി വെള്ള കടലാസ് പോലെയായി.

താങ്കളെ ഞാന്‍ മരമണ്ടന്‍ എന്ന് വിളിച്ചപ്പോള്‍ എന്ത് തോന്നി? അപ്പന്‍ സൈലന്റ് മോഡിലായി.

സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ പയ്യന്റെ അസസ്‌മെന്റ് റിപ്പോര്‍ട്ട് വന്നു. അവന് കുറച്ച് ഡിസ്‌ലെക്‌സിയ അഥവാ പഠനവൈകല്യമുണ്ട്. ഞാന്‍ അതേക്കുറിച്ച് അവരോട് വിശദീകരിച്ചു. അല്ലാതെ അവന്‍ മണ്ടനായിട്ടോ മടിയനായിട്ടോ അല്ല.

ഈ അവസ്ഥ അവന് വിവരങ്ങള്‍ സ്വീകരിക്കുന്നതിനും അത് തലച്ചോറില്‍ സൂക്ഷിക്കുന്നതിനും ആവശ്യം വരുമ്പോള്‍ പുറത്തെടുക്കുന്നതിനും തടസങ്ങളുണ്ടാക്കുന്നു. ഈ അവസ്ഥ കാരണം അവന്‍ അസ്ഥിരമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഒരു ദിവസം അവന്‍ സ്‌കൂളില്‍ ചില ടാസ്‌കുകള്‍ ചെയ്യാന്‍ മിടുക്കനായിരിക്കും. അടുത്ത ദിവസം അവന് അതിന് സാധിച്ചേക്കില്ല. അതുകൊണ്ട് നമ്മള്‍ വിചാരിക്കും അവന്‍ ക്ലാസില്‍ മനപ്പൂര്‍വ്വമാണ് തോല്‍ക്കുന്നതെന്ന്.

അവന്‍ സ്വയം ചിന്തിക്കുന്നത് ഒന്നിനും കൊള്ളാത്തവനായിട്ടാണ്. നമ്മളെല്ലാം കൂടി അവനെ ആ അവസ്ഥയിലേക്കാക്കിയെന്ന് പറയുന്നതാകും ശരി. പഠനവൈകല്യമുള്ള കുട്ടി ദിവസവും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഞാന്‍ അവരോട് വിശദീകരിച്ചു. അവര്‍ക്ക് വേണ്ടത് നമ്മുടെ പൂര്‍ണ്ണപിന്തുണയാണ്.

ഇത്രയും കേട്ടപ്പോള്‍ അപ്പന് മിണ്ടാട്ടവുമില്ല. അമ്മ കരയാന്‍ തുടങ്ങി.

അടുത്ത സെഷന് വേണ്ടി ഞാന്‍ അവനെ കണ്ടപ്പോള്‍ അവന്‍ വലിയ സന്തോഷത്തിലായിരുന്നു. ''എനിക്ക് ഒരുപാട് നന്ദിയുണ്ട്. എന്താണ് മാം എന്റെ മാതാപിതാക്കളോട് സംസാരിച്ചതെന്ന് എനിക്കറിയില്ല. തിരിച്ചുപോരുമ്പോള്‍ എന്റെ അച്ഛന്‍ എന്റെ കൈ പിടിച്ച് കരഞ്ഞു. എന്നോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ വലിയ മാറ്റമുണ്ടായി. ക്ഷമയോടെ പെരുമാറുന്നു. അച്ഛന്‍ എന്റെ ക്ലാസ് ടീച്ചറെ കണ്ട് സംസാരിച്ച് ചില മാറ്റങ്ങള്‍ വരുത്തി. അതുകൊണ്ട് സ്‌കൂളില്‍ എനിക്ക് കൂടുതല്‍ സമയം കിട്ടുന്നു. ടീച്ചര്‍മാരുടെയും കൂട്ടുകാരുടെയും സഹായം കൊണ്ട് ഞാന്‍ പതിയെ പഠനത്തില്‍ മെച്ചപ്പെട്ടുവരുന്നു. എനിക്കിപ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു.''

പ്രിയപ്പെട്ട മാതാപിതാക്കളെ, പഠനവൈകല്യം ഒരു കുറ്റമല്ല. അത് ജന്മനാ ഉള്ള ഒരു അവസ്ഥയാണ്. അഞ്ച് പേരില്‍ ഒരാള്‍ക്ക് പഠനവൈകല്യമുണ്ട്. അവര്‍ നേരിടുന്ന വെല്ലുവിളികള്‍ ഒരുപാടാണ്.

അവര്‍ക്ക് എല്ലാത്തരത്തിലുമുള്ള പ്രൊഫഷനുകളില്‍ എത്തിച്ചേരുന്നതിന് സാധിച്ചേക്കും എന്നതാണ് സന്താഷകരമായ കാര്യം. അവര്‍ക്ക് ഡോക്ടര്‍, എന്‍ജിനീയര്‍, സംഗീതജ്ഞര്‍, അധ്യാപകര്‍ എന്നിങ്ങനെ അവര്‍ക്കിഷ്ടമുള്ള കരിയര്‍ തെരഞ്ഞെടുക്കാം. നമ്മളെപ്പോലെ തന്നെ അവര്‍ക്ക് സാധാരണജീവിതം നയിക്കാനാകും. അവരോട് ക്ഷമ കാണിക്കുകയാണ് വേണ്ടത്. അവരുടെ ഭാഗത്തുനിന്ന് ഒന്ന് ചിന്തിച്ചുനോക്കിയാല്‍ നിങ്ങള്‍ക്കത് മനസിലാകും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Indu Jayaram
Indu Jayaram  

Indu Jayaram is a Career Analyst and NLP practitioner. She is also the Director of CareerFit360

Related Articles

Next Story

Videos

Share it