ഇടതുകൈയും അന്ധവിശ്വാസവും !!!

ഈ സംഭവം നടക്കുന്നത് 10 വര്‍ഷം മുമ്പാണ്. മാതാപിതാക്കള്‍ ഏഴ് വയസുള്ള കുട്ടിയെയുമായി എന്നെ കാണാന്‍ വന്നു. അവരുടെ മുഖം വളരെ അസ്വസ്ഥമായിരുന്നു. (എന്നെ കാണാന്‍ വരുന്ന മാതാപിതാക്കളുടെ സ്ഥിരം മുഖഭാവം!) കുട്ടിയാകട്ടെ ആകെ മൗനത്തിലും.

മാതാപിതാക്കൾ രണ്ടുപേരും ഐടി പ്രൊഫഷണലുകളാണ്. ഈ പെണ്‍കുട്ടി അവരുടെ ഒറ്റമകളാണ്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പുവരെ അവള്‍ വളരെ സ്മാര്‍ട്ടായിരുന്നു. സംസാരിക്കാന്‍ തുടങ്ങിയാല്‍ നിര്‍ത്താത്ത പ്രകൃതം. പഠിക്കാനും മിടുക്കി. പക്ഷെ ഇപ്പോള്‍ അവള്‍ക്ക് ഏറെ മാറ്റം.

മിക്കപ്പോഴും മാതാപിതാക്കള്‍ രണ്ടുപേരും വരാന്‍ ഏറെ വൈകും. അതുകൊണ്ട് കുട്ടിയെ നോക്കിയിരുന്നത് 'ചേച്ചി' എന്ന് അവര്‍ വിളിക്കുന്ന ഒരു സ്ത്രീയായിരുന്നു. കുട്ടി കൂടുതല്‍ സമയവും ചെലവഴിച്ചിരുന്നത് ഈ ചേച്ചിയോടൊപ്പമായിരുന്നു.

കേട്ടിട്ട് എല്ലാം പെര്‍ഫെക്റ്റ്... എന്തായിരിക്കും പ്രശ്‌നം. എനിക്ക് ആകാംക്ഷയായി.

കുട്ടിയുടെ അമ്മ മനസുതുറന്നു. ''എല്ലാം നന്നായി പോവുകയായിരുന്നു. പക്ഷെ മോള്‍ പെട്ടെന്ന് ഉള്‍വലിയുന്ന സ്വഭാവമായി. ദേഷ്യവും. കൂടാതെ കിടക്കയില്‍ മൂത്രമൊഴിക്കുന്ന സ്വഭാവവും തുടങ്ങി. വാശിയും കരച്ചിലും. ചോദിച്ചാല്‍ ഒന്നും പറയുന്നുമില്ല.''

മാതാപിതാക്കള്‍ക്ക് പ്രശ്‌നമെന്താണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. അവര്‍ സ്‌കൂളില്‍ ചെന്ന് അധ്യാപകരോട് സംസാരിച്ചു. അവരും കുട്ടി വളരെ അസ്വസ്ഥയാണെന്നും ഉള്‍വലിഞ്ഞ് നില്‍ക്കുകയാണെന്നും ഒന്നിലും ശ്രദ്ധയില്ലെന്നും പറഞ്ഞു. വീട്ടില്‍ എന്തെങ്കിലും അസ്വാഭാവികമായി സംഭവിച്ചോയെന്നായിരുന്നു അദ്ധ്യാപകര്‍ക്ക് അറിയേണ്ടത്. ക്ലാസ് ടീച്ചറാണ് ഒരു കൗണ്‍സിലറെ കാണാന്‍ അവരോട് പറഞ്ഞത്.

അപ്പോള്‍ അതാണ് കാര്യം. ഇതെല്ലാം പറയുമ്പോഴും കുട്ടി ഒന്നും മിണ്ടാതെ ഇരിക്കുകയാണ്. എനിക്കാണെങ്കില്‍ എന്റെ മുന്നിലിരിക്കുന്ന കുട്ടികളെ നിരീക്ഷിക്കുന്ന ശീലവുമുണ്ട്. അവള്‍ കൈകൊണ്ട് താളം പിടിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. കൂടുതലും ഇടതുകൈയ്യാണ് ഉപയോഗിക്കുന്നത്. ഇടതുകൈ ആണ് അവള്‍ക്ക് വശമെന്ന് എനിക്ക് തോന്നി.

മാതാപിതാക്കളോട് പുറത്ത് കാത്തിരിക്കാന്‍ പറഞ്ഞിട്ട് ഞാന്‍ കുട്ടിയുടെ കൂടെ കളിക്കാന്‍ തുടങ്ങി. ഞാനവള്‍ക്ക് ഒരു പേപ്പറും കുറച്ച് ക്രയോണ്‍സും കൊടുത്തു. അവളുടെ സന്തോഷം ഒന്ന് കാണേണ്ടതായിരുന്നു. ഏറെക്കാലമായി ക്രയോണ്‍സ് കണ്ടിട്ടേയില്ലാത്ത അവേശത്തിലായിരുന്നു അവളുടെ കളറിംഗ്.

കളറിംഗിനിടെ ഞാന്‍ പതിയെ അവളുടെ ഒരു ദിവസത്തെ ദിനചര്യകള്‍ ചോദിച്ചു. പ്രത്യേകിച്ച് സ്‌കൂള്‍ വിട്ട് വീട്ടിലെത്തി കഴിഞ്ഞുള്ള കാര്യങ്ങള്‍. എല്ലാ ദിവസവും നാലേകാലിന് അവള്‍ വീട്ടിലെത്തും. ചേച്ചി അവളെ കുളിപ്പിക്കുകയും സ്‌നാക്‌സ് കൊടുക്കുകയും ചെയ്യും. അതിനുശേഷം അവള്‍ കുറച്ചുനേരം കളിപ്പാട്ടങ്ങളുമായി കളിക്കും. ഒരു മണിക്കൂര്‍ ടിവി കാണും. ആറ് മണിക്ക് പഠിക്കാനിരിക്കും. ഹോം വര്‍ക്ക് ചെയ്ത് കഴിയുന്നതുവരെ ചേച്ചി അവളുടെ കൂടെയിരിക്കും.

അവിവാഹിതയായ, മധ്യവയസിലെത്തിയ സ്ത്രീയായിരുന്നു ഈ ചേച്ചി. വളരെ സങ്കുചിതമനോഭാവക്കാരി. കടുത്ത അന്ധവിശ്വാസിയും. അവര്‍ കുട്ടിയെ സ്‌നേഹത്തോടെ നന്നായി പരിചരിച്ചിരുന്നു.

അവർ കുട്ടിക്ക് ഒരുപാട് കഥകള്‍ പറഞ്ഞുകൊടുക്കുമായിരുന്നു. കൂടുതലും ഐതീഹ്യങ്ങളില്‍ നിന്നുള്ളവ. ചിലപ്പോള്‍ ഭീതിപ്പെടുത്തുന്ന കഥകളും പറയും. കുട്ടി ഇടതുകൈ കൊണ്ട് എഴുതുന്നത് കാണുമ്പോള്‍ ചീത്ത ആളുകള്‍ മാത്രമേ ഇടതുകൈ കൊണ്ട് എഴുതുകയുള്ളു, അതുകൊണ്ട് ഇനി ഇങ്ങനെ എഴുതിയാല്‍ ദൈവം കോപിക്കും എന്ന് പറഞ്ഞ് കുട്ടിയെ ഭയപ്പെടുത്തി. ഇടതുകൈകൊണ്ട് എഴുതിയാല്‍ ഈ വര്‍ഷം ക്ലാസില്‍ തോറ്റുപോകുമെന്നുകൂടി പറഞ്ഞു.

കുട്ടി ആകെ ആശയക്കുഴപ്പത്തിലായി. ഇക്കാര്യം മാതാപിതാക്കളോട് പറയരുതെന്ന് കുട്ടിയെക്കൊണ്ട് ചേച്ചി സത്യം ചെയ്യിച്ചു.

പ്രശ്നമെന്താണെന്നു എനിക്കു വ്യക്തമായി മനസിലായി.

പേരന്റിംഗ് എന്നത് വളരെ വലിയൊരു ഉത്തരവാദിത്തമാണെന്നും ഈ ഉത്തരവാദിത്തങ്ങള്‍ പാലിക്കാന്‍ പറ്റുമെന്ന് നിങ്ങള്‍ക്ക് ഉറപ്പില്ലെങ്കില്‍ കുട്ടി ഉണ്ടാകുന്നതിന് മുമ്പ് ഒന്നുകൂടി ചിന്തിക്കണമെന്നും ഞാന്‍ മുമ്പ് ഒരു ലേഖനത്തിലും പറഞ്ഞിട്ടുണ്ട്.

ഇവിടെ മാതാപിതാക്കള്‍ ഇത്ര ചെറിയ കുട്ടിയായിട്ടും അതിനെ പൂര്‍ണ്ണമായും അവഗണിച്ചു. കുട്ടിയെ നോക്കുന്ന സ്ത്രീ മുഴുവന്‍ നിയന്ത്രണവും ഏറ്റെടുത്തു. അതിന്റെ ഫലമെന്തായി?

കുട്ടിക്ക് എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയായി. അവള്‍ ഉള്‍വലിയാനും കിടക്കയില്‍ മൂത്രമൊഴിക്കാനും തുടങ്ങി.
ഇടതുകൈയ്യനായ ഒരു കുട്ടിയെ വലതുകൈ കൊണ്ട് എഴുതാന്‍ നിര്‍ബന്ധിക്കുമ്പോള്‍ വിപരീതഫലമാണ് ഉണ്ടാകുന്നത്. ഇടതുകൈയ്യനായ ആളുടെ തലച്ചോര്‍ വ്യത്യസ്തമായ ഘടനയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൈ മാറ്റുന്നത് അതുകൊണ്ടുതന്നെ വലിയ ആശയക്കുഴപ്പം സൃഷ്ടിക്കും. അതാണ് ഈ പെണ്‍കുട്ടിക്കും സംഭവിച്ചത്.

നമ്മുടെ സമൂഹത്തിലെ ഭൂരിഭാഗം പേരും വലതുകൈയ്യന്മാരാണ്. അതുകൊണ്ടുതന്നെ പലരും ചിന്തിക്കുന്നത് ഇടതുകൈ ഉപയോഗിക്കുന്നത് ഒരു വൈകല്യമാണെന്നാണ്. പല കുട്ടികളും വലതുകൈ ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. പ്രിയപ്പെട്ട മാതാപിതാക്കളെ, ഇത്തരത്തില്‍ അവരെ മാറ്റാന്‍ ശ്രമിക്കുന്നത് ഭാവിയില്‍ ഭയാനകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.

ദൈവത്തെയോര്‍ത്ത് ഇടതുകൈയ്യനായ കുട്ടിയെ മാറ്റിനിര്‍ത്തരുത്. പകരം എഴുതാനും കായികമായ കളികള്‍ക്കുമൊക്കെയുള്ള അവരുടെ ലൈഫ്റ്റ് ഹാന്‍ഡഡ് സ്‌കില്‍ വികസിപ്പിച്ചെടുക്കാന്‍ അവരെ സഹായിക്കുകയാണ് വേണ്ടത്. അതൊരു അനുഗ്രഹമാണെന്നും കുറച്ചുപേര്‍ക്ക് മാത്രമുള്ള സവിശേഷതയാണെന്നും അവരെ പറഞ്ഞുമനസിലാക്കുക.

ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍, ബാറക് ഒബാമ, മേരി ക്യൂറി, ബില്‍ ഗേറ്റ്‌സ്, ഓപ്ര വിന്‍ഫ്രീ തുടങ്ങിയ മഹത് വ്യക്തികളെല്ലാം ഇടംകൈയ്യന്മാരാണ്.

ആദ്യത്തെ പെണ്‍കുട്ടിയിലേക്ക് വരാം. ഞങ്ങള്‍ കാര്യങ്ങള്‍ അവളുടെ മാതാപിതാക്കളെ പറഞ്ഞ് മനസിലാക്കി. ഇടതുകൈകൊണ്ട് എഴുത്ത് തുടരാന്‍ കുട്ടിക്ക് ആത്മവിശ്വാസം നല്‍കി. വളരെ പെട്ടെന്നുതന്നെ അവള്‍ തന്റെ പഴയ പ്രസരിപ്പിലേക്ക് മടങ്ങിവന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Indu Jayaram
Indu Jayaram  

Indu Jayaram is a Career Analyst and NLP practitioner. She is also the Director of CareerFit360

Related Articles

Next Story

Videos

Share it