സുഹൃത്തേ... എവിടേക്കാണ് ഈ ഓട്ടം? ഓര്‍മ്മ വേണം ചില കാര്യങ്ങള്‍
ഞങ്ങളോട് ക്ഷമിക്കൂ കുഞ്ഞുങ്ങളെ.... ഞങ്ങള്‍ക്ക് ഒന്നിനും നേരമില്ല. ഞങ്ങള്‍ എന്തിനോ പിന്നാലെ ഓടുകയാണ്... ക്ഷമാപണവും ആയിട്ടാണല്ലോ വരവ് എന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്. അതിന് കാരണമുണ്ട്.
''ഈ പാല്‍ എവിടുന്നാണ് വരുന്നത്?'' രാവിലെ തന്നെ ഈ ചോദ്യവുമായിട്ടാണ് എന്റെ അഞ്ചുവയസുകാരന്‍ അനന്തരവന്റെ വരവ്. ഞാനൊരു മറുചോദ്യം എറിഞ്ഞു. ''അത് എവിടുന്നുവരുന്നുവെന്നാണ് നീ വിചാരിക്കുന്നത്?'' ഒരു കൂസലുമില്ലാതെ ആ വിരുതന്‍ പറഞ്ഞു. ''ടെട്രാപാക്ക്!!!''
വാട്ട്??? എന്റെ കണ്ണ് തള്ളിപുറത്തേക്കുവന്നു. ഞാനൊന്ന് ചുറ്റും നോക്കി. എല്ലാവരും ഞെട്ടിയിരിക്കുകയാണ്.
പശുവാണ് പാല്‍ തരുന്നതെന്ന് ഞാന്‍ പറഞ്ഞിട്ട് അവന് വിശ്വാസമായില്ല. പായ്ക്കറ്റിലും ടെട്രാ പായ്ക്കിലും പാല്‍ വരുന്നതല്ലേ ആ പാവം കണ്ടിട്ടുള്ളു.
മുംബൈയിലാണ് ജീവിക്കുന്നതെങ്കിലും അവന്‍ പശുവിനെ കണ്ടിട്ടുണ്ട്. പക്ഷെ പശുവാണ് പാല്‍ തരുന്നതെന്ന് ആരും അവനോട് പറഞ്ഞുകൊടുത്തിട്ടില്ല. അവസാനം ഞാന്‍ അവനെ ഒരു ഫാമില്‍ കൊണ്ടുപോയി പാല്‍ എവിടെ നിന്നാണ് വരുന്നതെന്ന് കാണിച്ചുകൊടുത്തു.
നമ്മുടെയൊക്കെ കുട്ടിക്കാലം എങ്ങനെയായിരുന്നെന്ന് ഓര്‍മ്മയില്ലേ? മുത്തച്ഛന്‍, മുത്തശി, അമ്മാവന്മാര്‍, അമ്മായിമാര്‍, കസിന്‍സ്... ഇങ്ങനെ ഒരുപാട് പേരുടെ കൂടെയാകും നമ്മില്‍ ഏറെപ്പേരും വളര്‍ന്നത്.
എന്റേതും ഒരു കൂട്ടുകുടുംബം ആയിരുന്നു. രണ്ട് ഡസണോളം കസിന്‍സ് തന്നെ ഉണ്ടായിരുന്നു. (കൊണ്ടും കൊടുത്തും നല്ല ശീലമാ... തഗ് ലൈഫ്!)
ഞങ്ങള്‍ വീടിനുള്ളില്‍ ഉണ്ടാകാറേയില്ല. പുറത്തുതന്നെയാണ് കളി. അവധിക്കാലം കഴിയുമ്പോള്‍ അച്ഛനും അമ്മയ്ക്കും പോലെ തിരിച്ചറിയാനാകാത്ത കോലത്തില്‍ ആയിട്ടുണ്ടാകും. വെയിലുകൊണ്ട് കരുവാളിച്ച്. പക്ഷെ അതൊന്നും ഒരു പ്രശ്നമേ ആയിരുന്നില്ല.
മുത്തശ്ശി എന്നും കഥകള്‍ പറഞ്ഞാണ് ഞങ്ങളെ ഉറക്കിയിരുന്നത്. ആ കഥകളുടെ ഹാങ്ഔട്ടിലാകും ഞങ്ങള്‍ ഉറങ്ങുന്നത്. ഞങ്ങളുടെ മുത്തച്ഛനും മുത്തശിയുമൊക്കെ കഥകളുടെ ഒരു നിധിശേഖരം തന്നെയായിരുന്നു. ഈ കഥകള്‍ ഞങ്ങളെ എത്രയോ സാങ്കല്‍പ്പിക സ്ഥലങ്ങളില്‍ കൊണ്ടുപോയിട്ടുണ്ടെന്നോ.
നമ്മില്‍ എത്ര പേര്‍ നമ്മുടെ കുട്ടികളോട് കഥ പറയാറുണ്ട്? എത്രപേര്‍ കുട്ടികളുമായി ക്വാളിറ്റി സമയം ചെലവിടാറുണ്ട്? ഇതൊരു മില്യണ്‍ ഡോളര്‍ ചോദ്യമാണ്.
തനിയെ സംസാരിക്കുന്നു, പെരുമാറ്റ വൈകല്യങ്ങള്‍ കാണിക്കുന്നു... എന്ന പ്രശ്‌നവുമായാണ് ഒരു പത്ത് വയസുകാരനെ എന്റെയടുത്ത് കൊണ്ടുവന്നത്. ഡോക്ടറായ മാതാപിതാക്കള്‍ അവനെ സ്ഥിരം വീട്ടില്‍ പൂട്ടിയിട്ടിട്ടാണത്രെ ജോലിക്ക് പോകുന്നത്. പിന്നെ അവന് കൂട്ടായുള്ളത് ഒരു ടാബ് ആണ്. തനിയെ വീട്ടിലിരുന്ന് മടുത്തപ്പോള്‍ അവന്‍ സ്വയം സംസാരിച്ചുതുടങ്ങി.
കൂട്ടുകുടുംബങ്ങള്‍ ഇല്ലാതായിട്ട് നാളേറെയായി. ഇപ്പോഴുള്ള അണുകുടുംബത്തില്‍ നമ്മള്‍ മാതാപിതാക്കള്‍ക്ക് നിരവധി മുന്‍ഗണനകളുണ്ട്. കുട്ടികളോട് കഥ പറയാന്‍ നാം മറന്നുപോയിരിക്കുന്നു. അതിന് പകരം സ്‌നേഹം പ്രകടിപ്പിക്കാന്‍ (ഞങ്ങളുടെ കുറ്റബോധം കൊണ്ടാണേ...) അവര്‍ക്ക് വിലയേറിയ ഗാഡ്ജറ്റുകള്‍ വാങ്ങിക്കൊടുക്കുന്നു. (എന്നിട്ട് നമ്മള്‍ തന്നെ പറയുന്നു, അവര്‍ അതിന് അഡിക്റ്റ് ആയിപ്പോയെന്ന്).
ഒരു മിഡില്‍ ക്ലാസ് പേരന്റ് എന്ന നിലയില്‍ ഞാന്‍ അനുഭവിച്ച സമ്മര്‍ദ്ദം ഞാനോര്‍ക്കുന്നു. കുട്ടികള്‍ ആവശ്യപ്പെട്ട പലതിനോടും എനിക്ക് 'നോ' പറയേണ്ടിവന്നു. ഒന്നാമത് അവ എനിക്ക് താങ്ങാനാകുമായിരുന്നില്ല. രണ്ടാമത്, എനിക്ക് അവര്‍ പുറത്തേക്കിറങ്ങി കളിക്കണമായിരുന്നു. ഇനി അവര്‍ക്ക് എന്തെങ്കിലും വേണമെങ്കില്‍ തന്നെ ഞങ്ങളുടെ വീട്ടില്‍ ഒരു നിയമം ഉണ്ടായിരുന്നു. അവര്‍ക്ക് എന്തുകൊണ്ട് അത് വേണമെന്നതിന് അഞ്ച് തൃപ്തികരമായ കാരണങ്ങള്‍ അവര്‍ തന്നെ കണ്ടുപിടിച്ച് ഞങ്ങളോട് പറയണം. എന്നാലേ കിട്ടൂ.
പിന്നീട് വലുതായപ്പോള്‍ തന്നെ വഷളാക്കി നശിപ്പിക്കാത്തതിന് മകന്‍ എന്നോട് നന്ദി പറഞ്ഞു. (അമ്മാ, ചോദിച്ചതെല്ലാം എനിക്ക് വാങ്ങിത്തന്നിരുന്നുവെങ്കില്‍ ജീവിതത്തില്‍ ഒരു എക്‌സൈറ്റ്‌മെന്റും ഉണ്ടാകില്ലായിരുന്നു.) ഇപ്പോഴവന്‍ സ്വന്തം ശമ്പളം കൊണ്ട് ഇഷ്ടപ്പെട്ടത് വാങ്ങുന്നു. ആ സന്തോഷം അവര്‍ അനുഭവിക്കട്ടെ.
''ഞാന്‍ ഒരേ കളിപ്പാട്ടം തന്നെയാണ് എന്റെ രണ്ട് കുട്ടികള്‍ക്കും വാങ്ങിക്കൊടുക്കുന്നത്. അങ്ങനെ ഒരു യുദ്ധം ഒഴിവാക്കാമല്ലോ.'' (മിടുക്കി!) ഒരു 'സ്മാര്‍ട്ട്' അമ്മ എന്നോട് പറഞ്ഞതാണിത്.
പക്ഷെ ഇതില്‍ നിന്ന് നമ്മള്‍ കുട്ടികള്‍ക്ക് കൊടുക്കുന്ന സന്ദേശം എന്താണെന്ന് അറിയാമോ? സ്വാര്‍ത്ഥരാകാന്‍ നാം തന്നെ പരോക്ഷമായി അവരെ പഠിപ്പിക്കുകയാണ്. 'ഒന്നും ആര്‍ക്കും കൊടുക്കേണ്ട കെട്ടോ. നിങ്ങളുടെയെല്ലാം കയ്യില്‍ സൂക്ഷിച്ചോ.''
എന്റെ അച്ഛന്‍ കളിപ്പാട്ടം വാങ്ങിക്കൊണ്ടുവരുമ്പോള്‍ പറയാറുള്ള ആദ്യത്തെ കണ്ടീഷന്‍ എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്. കസിന്‍സുമായി പങ്കുവെച്ച് കളിക്കണം. ഒരുമിച്ച് കളിക്കുന്നത് തന്നെയായിരുന്നു ഞങ്ങള്‍ക്കും സന്തോഷം. ഷെയറിംഗ് ഈസ് കെയറിംഗ് എന്ന് ഞങ്ങള്‍ പഠിച്ചു. അത് ഞങ്ങളുടെ മനസില്‍ കൊത്തിയെടുത്തതുപോലെ ദൃഢമായി.
മറ്റൊരു സംഭവം:
''മാഡം, എന്റെ മകന്‍ സാധനങ്ങളെടുത്ത് എന്റെ നേരെ എറിയുന്നു.''
''എന്താണ് അവന്‍ അങ്ങനെ ചെയ്യുന്നത്?''
''എനിക്കറിയില്ല. ഞാനാകെ വിഷമത്തിലാണ്. എന്നെയൊന്ന് സഹായിക്കണം.''
ഞാന്‍ മോനോട് ചോദിച്ചു. ''എന്താ മോനേ ഇങ്ങനെയൊക്കെ ചെയ്യുന്നത്?''
''മാം, എന്റെ അമ്മ എപ്പോഴും എന്നെ ഇറിറ്റേറ്റ് ചെയ്തുകൊണ്ടിരിക്കും. ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ അമ്മയ്ക്ക് ദേഷ്യം വരുമ്പോഴൊക്കെ എന്നെ ചെരുപ്പെടുത്ത് എറിയും. എനിക്ക് ദേഷ്യം വരുമ്പോഴും ഇങ്ങനെ എടുത്തെറിയുമ്പോള്‍ ഒരു സമാധാനം കിട്ടും.'' (അപ്പോ ഇതാണല്ലേ കാര്യം! ബെസ്റ്റ്)
പ്രിയപ്പെട്ട മാതാപിതാക്കളെ, നിങ്ങളാണ് നിങ്ങളുടെ കുട്ടികളുടെ റോള്‍ മോഡല്‍. അവര്‍ നിങ്ങളെ അനുകരിക്കും. അതുകൊണ്ടുതന്നെ കുട്ടികളോട് നിങ്ങള്‍ എങ്ങനെ പെരുമാറുന്നുവെന്നതില്‍ വളരെ ശ്രദ്ധാലുവാകണം. അവര്‍ നിങ്ങളില്‍ നിന്നാണ് പഠിക്കുന്നത്. നിങ്ങള്‍ കൊടുത്തതെന്തോ അത് നിങ്ങള്‍ക്ക് തിരിച്ചുകിട്ടും.
നിങ്ങളുടെ കുട്ടികളോട് സംസാരിക്കുക. അവരുടെ ലോകത്തേക്ക് ഇറങ്ങിച്ചെല്ലുക. അവരുടെ തലത്തിലേക്ക് ഉയരുക. ധാരാളം കഥകള്‍ പറയുക. കഥകള്‍ ഉണ്ടാക്കി പറയാം. നിങ്ങളുടെ കഥയില്‍ അവരെ കഥാപാത്രമാക്കുക. അവരോട് ചോദ്യങ്ങള്‍ ചോദിക്കുക.
കുട്ടികളോട് കഥ പറയണമെന്ന് ഞാന്‍ വീണ്ടും പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ? കഥ കേട്ട് ഉറങ്ങുന്ന കുട്ടി സന്തോഷത്തോടെ അവന്റെ ഭാവനാലോകത്താണ് ഉറങ്ങുന്നത്. അവന്‍ രാത്രി നല്ല സ്വപ്‌നങ്ങള്‍ കാണും. അവന്റെ ഭാവന ഉണരും. എന്നാല്‍ ഫോണ്‍ കണ്ട് ഉറങ്ങുന്ന കുട്ടിയുടെ മാനസികാവസ്ഥ എന്തായിരിക്കും?
നമ്മുടെ വിലക്കുകളും വിശ്വാസങ്ങളും കൊണ്ട് കുട്ടികളുടെ മനസിനെ മലിനമാക്കരുത്. അവര്‍ക്ക് അവരുടേതായ സമയം നല്‍കുക. അവര്‍ സ്വതന്ത്രരായി വളരട്ടെ. അവര്‍ സന്തോഷത്തോടെയിരിക്കട്ടെ. നമ്മുടെ പ്രതീക്ഷകള്‍ അവരില്‍ അടിച്ചേല്‍പ്പിക്കരുത്. എന്താണ് ചെയ്യേണ്ടതെന്ന് അവരോട് പറയരുത്, അത് അവര്‍ തന്നെ തീരുമാനിക്കട്ടെ. അതില്‍ നിങ്ങള്‍ക്ക് ഒരിക്കലും വിഷമിക്കേണ്ടിവരില്ല.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline