തോല്‍വി എന്നൊന്നില്ല, ഒന്നുകില്‍ നിങ്ങള്‍ വിജയിക്കും, അല്ലെങ്കില്‍ നിങ്ങള്‍ പഠിക്കും!

ഒരു ഫ്‌ളാഷ് ബാക്ക്!

ഒരു ദിവസം ഞങ്ങളെല്ലാവരും പ്രഭാതഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ എന്റെ മകള്‍ വലിയൊരു പ്രഖ്യാപനം നടത്തി. ''അമ്മാ, എനിക്ക് എല്ലാ ദിവസവും എഴുന്നേറ്റ് സ്‌കൂളില്‍ പോകുന്ന പരിപാടി മടുത്തു കെട്ടോ. റെഗുലര്‍ സ്‌കൂളിംഗ് ശരിയാവില്ല. ഇനിയൊരു ബ്രേക്ക് വേണം.'' പത്താം ക്ലാസ് കഴിഞ്ഞ് നില്‍ക്കുന്ന മകളാണ്.

ശരിക്കും ഇത് കേട്ടപ്പോള്‍ ഈ 'തലതിരിഞ്ഞ' അമ്മയ്ക്ക് തുള്ളിച്ചാടാനാണ് തോന്നിയത്. ''ശരിക്കും?'' ഞാന്‍ ചോദിച്ചു. ''അതേ അമ്മേ'' അവള്‍ ഗൗരവ്വത്തിലായിരുന്നു. അപ്പോള്‍ ഞാനും കുറച്ച് ഗൗരവ്വം കാണിക്കണമല്ലോ. ''എനിക്ക് അപ്പയോടും അമ്മയോടും ഇതേക്കുറിച്ച് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ട്.'' അവള്‍ പറഞ്ഞു. (വൗ! എന്റെ കുട്ടി വലിയൊരു സ്ത്രീയെപ്പോലെ സംസാരിക്കുന്നു.)

ലോട്ടറി അടിച്ചതുപോലെ തുള്ളിച്ചാടാനാണ് എനിക്ക് തോന്നിയത്. എന്റെ പ്രതികരണം കണ്ടിട്ട് അവള്‍ അന്ധാളിച്ചുനില്‍ക്കുകയാണ്.

സുഹൃത്തുക്കളെ, ജീവിതത്തില്‍ അല്‍ഭുതകരമായ എന്തെങ്കിലും സംഭവിക്കുന്നത് കാണാന്‍ നിങ്ങളും ആഗ്രഹിക്കാറില്ലേ? അത്തരത്തിലൊന്നായിരുന്നു എനിക്കും സംഭവിച്ചത്. അതേ എനിക്കായിരുന്നു ഏറ്റവും ആവേശം.

എന്റെ അമിത ആവേശത്തിന് നിങ്ങള്‍ക്ക് എന്നെ കുറ്റപ്പെടുത്താനാകില്ല. ഒരു കരിയര്‍ അനലിസ്റ്റ് എന്ന നിലയില്‍ എനിക്ക് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തോട് എനിക്ക് നല്ല വിയോജിപ്പുണ്ട്. മീനിനെ പിടിച്ച് മരത്തില്‍ കയറ്റാന്‍ നിര്‍ബന്ധിക്കുന്ന രീതിയാണിത്. എന്താണ് പഠിപ്പിക്കേണ്ടതെന്ന് നമുക്കറിയാം, പക്ഷെ എങ്ങനെ പഠിപ്പിക്കണമെന്ന് അറിയില്ല. സുഹൃത്തുക്കളെ, ഞാന്‍ സാമാന്യവല്‍ക്കരിക്കുന്നില്ല. ചോദ്യം ചെയ്യാതെ നാം അന്ധമായി ഇതുവരെയുള്ള രീതി പിന്തുടരുന്നു. നമ്മള്‍ പഠിക്കുന്നതാകട്ടെ, മികവ് നേടാനല്ല, മറിച്ച് പരീക്ഷയില്‍ ജയിക്കാന്‍ മാത്രമാണ്. ഇത് ഞാന്‍ മടുത്തുകഴിഞ്ഞിരുന്നു. എന്തായാലും എന്റെ മകള്‍ മാറി ചിന്തിച്ചതില്‍ എനിക്ക് സന്തോഷമായി.

എന്റെ സന്തോഷത്തിന് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. എനിക്കും സ്‌കൂളില്‍ പോകാന്‍ ഇഷ്ടമായിരുന്നില്ല. കണക്കിന് സ്ഥിരമായി തോല്‍ക്കുന്നതാണ് കാരണം. എനിക്ക് dyscalculia എന്ന കണക്ക് പഠിക്കാന്‍ ബുദ്ധിമുട്ടുള്ള പഠനവൈകല്യമുണ്ടെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. തോല്‍ക്കുന്നത് എനിക്ക് വലിയ നാണക്കേടുണ്ടാക്കി. പരാജയപ്പെടുന്നതില്‍ പ്രശ്‌നമില്ലെന്ന് ആരും എന്നോട് പറഞ്ഞില്ല.

(എന്നാലിപ്പോള്‍ എന്റെ അടുത്തുവരുന്ന കുട്ടികളോട് ഞാന്‍ പറയാറുണ്ട്. 'കുട്ടികളെ, തോല്‍ക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ല. യഥാര്‍ത്ഥത്തില്‍ തോല്‍വി എന്നൊന്നുതന്നെയില്ല. ഒന്നുകില്‍ നിങ്ങള്‍ വിജയിക്കും, അല്ലെങ്കില്‍ നിങ്ങള്‍ പഠിക്കും, എന്നേയുള്ളു.')

അധ്യാപകര്‍ക്ക് എന്നോട് സഹതാപമായിരുന്നു. എന്റെ കൂട്ടുകാര്‍ എന്നെ സഹായിക്കാന്‍ ശ്രമിച്ചു. ഒന്നും നടന്നില്ല. മാത്രവുമല്ല എനിക്ക് സ്‌കൂളിലെത്താന്‍ ദിവസവും 25 കിലോമീറ്റര്‍ യാത്ര ചെയ്യണമായിരുന്നു. സ്‌കൂളില്‍ പോകാതിരിക്കാനുള്ള എന്തെങ്കിലും മാര്‍ഗമുണ്ടായിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചു, പ്രാര്‍ത്ഥിച്ചു. (അതിന് വേണ്ടി പഠിച്ച പണി പതിനെട്ടും നോക്കി... ഒന്നും അങ്ങോട്ട് കലങ്ങിയില്ല.)
എന്റെ മക്കളും സ്‌കൂളില്‍ പോകുന്നതിനോട് എനിക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. അവര്‍ സ്‌കൂളില്‍ പോകുമ്പോള്‍ അവരെ പിരിഞ്ഞിരിക്കുന്നതില്‍ കടുത്ത ആശങ്ക (സെപ്പറേഷന്‍ ആംങ്‌സൈറ്റി) ഞാന്‍ അനുഭവിച്ചു. പരീക്ഷകളെ ഞാന്‍ വെറുത്തു. അവരുടെ മാര്‍ക്കുകള്‍ എന്നെ സംബന്ധിച്ചടത്തോളം ഒരു വിഷയമേ ആയിരുന്നില്ല. അത് ഞങ്ങളുടെ വീട്ടില്‍ ഒരു ചര്‍ച്ചയുമായിരുന്നില്ല.

ഉപദേശികളുടെ വരവ്

''മാം, നിങ്ങളുടെ മകള്‍ എന്നും സ്‌കൂളിലേക്ക് വരണമെന്നില്ല. അവള്‍ക്ക് വീട്ടിലിരുന്ന് പഠിക്കാം. പക്ഷെ പ്ലീസ്, അവളെ സ്‌കൂളില്‍ നിന്ന് മാറ്റരുത്.'' സ്‌കൂളില്‍ നിന്നുള്ള ആദ്യത്തെ കോള്‍.

ഓഹ്, എത്ര സ്വീറ്റ് ആണവര്‍. എന്റെ മനസ് കുറച്ച് ചഞ്ചലപ്പെട്ടു. ഞങ്ങള്‍ക്ക് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കോള്‍ വരാന്‍ തുടങ്ങി. ഏറെപ്പേരും ഞങ്ങളുടെ തീരുമാനത്തെ സംശയിച്ചു. ചിലര്‍ മാത്രം ഞങ്ങളുടെ തീരുമാനത്തെ പിന്തുണച്ചു. മറ്റുചിലര്‍ ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ തങ്ങള്‍ക്ക് ധൈര്യമുണ്ടായിരുന്നെങ്കിലെന്ന് ആശിച്ചു.

പക്ഷെ അവിടം കൊണ്ട് തീര്‍ന്നില്ല. ഉപദേശികള്‍ പല രൂപത്തിലും ഭാവത്തിലും വന്നു. ചിലര്‍ ഞങ്ങളെ ഭീഷണിപ്പെടുത്തി! ചിലര്‍ ഭയപ്പെടുത്തി! ചിലരാകട്ടെ ഇമോഷണല്‍ ബ്ലാക്‌മെയ്‌ലിംഗ്.. പക്ഷെ ഞങ്ങളോ? പാറ പോലെ ഉറച്ചുനിന്നു. (മുന്നോട്ടുവെച്ച കാല് മുന്നോട്ടുതന്നെ).

അവസാനം ആ ദിവസമെത്തി. ഫൈനല്‍ കാള്‍. ഞാന്‍ കുറച്ച് വിഷമത്തിലാണ്. എന്റെ മകള്‍ അവളുടെ സ്‌കൂളിനെയും കൂട്ടുകാരെയും ഉപേക്ഷിച്ചുപോരുകയാണ്. അവളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷങ്ങള്‍ ചെലവിട്ട സ്ഥലം. അവള്‍ക്കും ഇതൊരു കഠിനമായ തീരുമാനം തന്നെയായിരുന്നു.

അതേസമയം അവള്‍ക്ക് നല്ല ഉറപ്പുണ്ടായിരുന്നു, ആത്മവിശ്വാസവും. ഞങ്ങള്‍ അവളെ പ്രോല്‍സാഹിപ്പിച്ച് കൂടെ നിന്നു. ഒടുവില്‍ ടിസിക്ക് അപേക്ഷിച്ചു.

അവള്‍ തന്റെ 11, 12 ക്ലാസിലേക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിംഗില്‍ (NIOS) ചേര്‍ന്നു. അവളുടെ സന്തോഷം കാണേണ്ടതായിരുന്നു. ഏറെ സ്വാതന്ത്ര്യം. മാര്‍ക്ക് വാങ്ങാനുള്ള ഒരു സമ്മര്‍ദ്ദവുമില്ല.

മടിച്ചിയായ ഈ അമ്മയും നല്ല സന്തോഷത്തിലായിരുന്നു. രാവിലെ എഴുന്നേറ്റ് ലഞ്ച് പാക്ക് ചെയ്യണ്ടല്ലോ. ഞാന്‍ അതുകൊണ്ടാണോ അവളുടെ ഈ തീരുമാനത്തെ പിന്തുണച്ചതെന്ന് എന്റെ മകന് സംശയം.

സ്വാതന്ത്ര്യമുണ്ടായിരുന്നെങ്കിലും അവളുടെ പുരോഗതി നിരീക്ഷിക്കാന്‍ അവിടെ ആരുമുണ്ടായിരുന്നില്ല. അവള്‍ അവളുടെ ലോകത്ത് തന്നെയായിരുന്നു. അവള്‍ ആ സമയം മികച്ച രീതിയില്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഞങ്ങള്‍ ഉറപ്പുവരുത്തി. തുടക്കത്തില്‍ ഞങ്ങളുടെ ഇടപെടല്‍ വേണമായിരുന്നു. അവള്‍ക്കത് സ്വയം കൈകാര്യം ചെയ്യാനുള്ള ആത്മവിശ്വാസം കൊടുക്കാന്‍ വേണ്ടിമാത്രം.

പൂവ് തനിയെ വിടരട്ടെ!

ഓപ്പണ്‍ സ്‌കൂളിംഗ് ഒരു വര്‍ഷം പിന്നിടുകയാണ്. ഇപ്പോഴവള്‍ക്ക് കൃത്യമായ സിസ്റ്റമുണ്ട്. ഞങ്ങളുടെ പ്രതീക്ഷകള്‍ക്ക് അപ്പുറത്തേക്ക് അവള്‍ പോയി. സ്‌കൂളില്‍ പോയാല്‍ നടക്കാത്ത പല കാര്യങ്ങളും ചെയ്യുന്നു. ജാപ്പനീസ് പഠിച്ചു. സംഗീതത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചു. ഗിത്താര്‍ പഠനം വീണ്ടും തുടങ്ങി. മ്യൂസിക് കമ്പോസിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, സന്നദ്ധ സംഘടനയിലെ പ്രവര്‍ത്തനം... ഇതെല്ലാം പോരാത്തതിന് പാചകത്തിലും കൈകടത്തി. നല്ലൊരു കുക്ക് കൂടിയാണ് അവളിപ്പോള്‍. പഠിത്തവും ഒപ്പം നടക്കുന്നു.

സുഹൃത്തുക്കളെ, മാതാപിതാക്കളെന്ന നിലയില്‍ ഞങ്ങള്‍ പുതിയതായി ഒന്നും ചെയ്തില്ല. ഓപ്പണ്‍ സ്‌കൂളിംഗ് വര്‍ഷങ്ങളായി നിലവിലുള്ള കാര്യമാണ്. ഇപ്പോള്‍ കൂടുതല്‍ മാതാപിതാക്കള്‍ ഈ സംവിധാനം ആത്മവിശ്വാസത്തോടെ പരീക്ഷിക്കാന്‍ തയാറാകുന്നു.

ഞങ്ങള്‍ ആകെ ചെയ്തത് അവളുടെ ആശയത്തെ പ്രോല്‍സാഹിപ്പിക്കുകയും തീരുമാനമെടുക്കാന്‍ അവളെ സഹായിക്കുകയുമായിരുന്നു. ഞങ്ങള്‍ അവളില്‍ വിശ്വസിച്ചു. മാതാപിതാക്കള്‍ എന്ന നിലയില്‍ നമ്മുടെ കുട്ടികളെ ഉത്തരവാദിത്തത്തിന്റെ മൂല്യത്തെക്കുറിച്ച് പഠിപ്പിക്കുക. ഞാന്‍ എല്ലായ്‌പ്പോഴും പറയുന്നത് തന്നെ... ഒരു പൂവ് പോലെ അവര്‍ തനിയെ വിടരുന്നതു കാണാം.

നമ്മുടെ രാജ്യത്ത് മാതാപിതാക്കളാണ് കുട്ടികള്‍ക്ക് വേണ്ടി ചിന്തിച്ച് തീരുമാനങ്ങളെടുക്കുന്നത്. അതില്‍ തെറ്റൊന്നുമില്ല. പക്ഷെ അവര്‍ക്ക് വേണ്ട തീരുമാനങ്ങളെടുക്കാന്‍ അവരെ പ്രോല്‍സാഹിപ്പിച്ചുനോക്കൂ. എത്രമാത്രം സന്തോഷവും സംതൃപ്തിയും അവര്‍ക്ക് അതിലൂടെ ലഭിക്കുമെന്നറിയാമോ?

അവര്‍ ചിലപ്പോള്‍ എടുക്കുന്ന തീരുമാനം തെറ്റിപ്പോയേക്കാം. പക്ഷെ അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കാനും മികച്ച തീരുമാനങ്ങള്‍ ഭാവിയില്‍ എടുക്കാനും അത് അവരെ സഹായിച്ചേക്കാം. കമോണ്‍! നമ്മളും ചിലപ്പോള്‍ മണ്ടന്‍ തീരുമാനങ്ങളെടുക്കാറില്ലേ? ആരും പൂര്‍ണ്ണരല്ലന്നേ...

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Indu Jayaram
Indu Jayaram  

Indu Jayaram is a Career Analyst and NLP practitioner. She is also the Director of CareerFit360

Related Articles

Next Story

Videos

Share it