Begin typing your search above and press return to search.
ജീവിക്കാം, ഈ നിമിഷത്തില്‍-പ്രായോഗികമായ 5 വഴികൾ
''ഈ നിമിഷം, അതു മാത്രമാണ് യാഥാര്‍ത്ഥ്യം. മറ്റെല്ലാം ഓര്‍മ്മയോ ഭാവനയോ ആണ്.'' -ഭഗവാന്‍ ശ്രീ രജനീഷ്.
''ഭാവി ഒരിക്കലും വരുന്നില്ല. ജീവിതം എപ്പോഴും ഈ നിമിഷത്തിലാണ്.'' -എക്കാര്‍ട്ട് ടോള്‍
ഇതുപോലുള്ള മഹത്വചനങ്ങള്‍ നിങ്ങള്‍ മുമ്പും കേട്ടിട്ടുണ്ടാകും. ഇവയൊന്നും വെറും കാല്‍പ്പനിക ചിന്തകളല്ല, ജീവിതത്തിലെ യാഥാര്‍ത്ഥ്യമാണ്.
ഈ നിമിഷത്തില്‍ ജീവിക്കുകയെന്നത് എളുപ്പമല്ലെന്ന് എന്റെ തന്നെ അനുഭവത്തില്‍ നിന്ന് അറിയാമെങ്കിലും ആത്യന്തികമായി ഇത് നമുക്ക് തന്നെ എടുക്കാവുന്ന ഒരു തീരുമാനമാണ്. കാരണം അതില്‍ നിന്ന് നമ്മെ തടയാന്‍ നമുക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ലെന്നതു തന്നെ.
ഈ നിമിഷത്തില്‍ ഊന്നിനിന്നുകൊണ്ട് ജീവിക്കണമെന്ന് പറയുമ്പോള്‍ എല്ലാവിധത്തിലുള്ള ആസൂത്രണങ്ങളും ചിന്തകളും ഒഴിവാക്കണമെന്ന് അര്‍ത്ഥമില്ല.
ഇത് ഒരു ജീവിതരീതിയായി സ്വീകരിക്കുന്നത് വഴി നാം ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന മിക്ക പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്താനാകും. എക്കാര്‍ട്ട് ടോള്‍ പറയുന്നത് പോലെ
''അസ്വസ്ഥത, ഉത്കണ്ഠ, ടെന്‍ഷന്‍, വിഷമം, എല്ലാതരത്തിലുമുള്ള ഭയം തുടങ്ങിയവയൊക്കെ ഉണ്ടാകുന്നത് ഭാവിയെക്കുറിച്ച് അമിതമായി ചിന്തിക്കുന്നതുകൊണ്ടും ഈ നിമിഷത്തില്‍ ആയിരിക്കാത്തതുകൊണ്ടുമാണ്. കുറ്റബോധം, പശ്ചാത്താപം, വിദ്വേഷം, വിഷമങ്ങള്‍, ആവലാതികള്‍, തിക്താനുഭവങ്ങള്‍, ക്ഷമിക്കാനാകാത്ത അവസ്ഥകള്‍ എന്നിവയൊക്കെ ഉണ്ടാകുന്നത് ഭൂതകാലത്തില്‍ ജീവിക്കുകയും ഇപ്പോഴത്തെ നിമിഷത്തില്‍ അല്ലാതിരിക്കുന്നതും കൊണ്ടാണ്.''
സ്ഥിരമായി കാത്തിരിപ്പിന്റെ അവസ്ഥയില്‍ ജീവിക്കുക എന്നതാണ് നമ്മുടെ ശീലം. ഇന്ന് നമ്മുടെ ജീവിതത്തില്‍ ഉള്ള പലതും ഒരു പക്ഷേ നാം മുന്‍കാലങ്ങളില്‍ ആഗ്രഹിക്കുകയും സ്വപ്നം കാണുകയും ചെയ്തവയാവാം. എന്നിട്ടും നമ്മുടെ കൈവശമുള്ളവ ആസ്വദിക്കുകയോ വിലമതിക്കുകയോ ചെയ്യുന്നില്ല. പകരം, ഭാവിയില്‍ ഉണ്ടാകുന്ന നേട്ടം, സംഭവം അല്ലെങ്കില്‍ സാഹചര്യം നമ്മെ സന്തോഷിപ്പിക്കുമെന്ന് എപ്പോഴും പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നു. എന്നിരുന്നാലും, സത്യത്തില്‍ ഇന്നത്തെ നിമിഷം അല്ലാതെ ഭാവി ഒരിക്കലും വരുന്നില്ല.
ഈ നിമിഷത്തില്‍ നമുക്ക് എങ്ങനെ ജീവിക്കാന്‍ കഴിയും? നിങ്ങള്‍ക്ക് അതെങ്ങനെ ചെയ്യാനാകുമെന്ന് നോക്കാം.
1. വേഗത കുറയ്ക്കാം
നാം ചെയ്യുന്ന കാര്യങ്ങള്‍ക്ക് വേഗത കുറയ്ക്കുന്നതിലൂടെ ഇപ്പോഴത്തെ നിമിഷത്തില്‍ ആയിരിക്കാന്‍ സാധിക്കുന്നു. ഇതിന് ബോധപൂര്‍വമായ ശ്രമം വേണം. നാം തിടുക്കത്തില്‍ ജോലികള്‍ ചെയ്യുമ്പോള്‍ യാന്ത്രികമായി പ്രവര്‍ത്തിക്കാനുള്ള പ്രവണതയാണുള്ളത്.
നാം ഭക്ഷണം കഴിക്കുന്ന രീതി ഇതിന് ഒരു ഉദാഹരണമാണ്. നാം ബോധപൂര്‍വം ഈ നിമിഷത്തിലല്ലെങ്കില്‍ വേഗത്തില്‍ ഭക്ഷണം കഴിക്കാനുള്ള പ്രവണതയാണുള്ളത്. ഭക്ഷണം കഴിക്കുന്ന സമയങ്ങളില്‍ ചിലപ്പോള്‍ നമ്മള്‍ പല ചിന്തകളിലായിരിക്കും. അല്ലെങ്കില്‍ ശ്രദ്ധ ഫോണിലോ മറ്റ് ഉപകരണങ്ങളിലോ ആയിരിക്കും. അപ്പോഴൊക്കെയും ഭക്ഷണം ചവയ്ക്കുന്ന വേഗത ബോധപൂര്‍വം കുറയ്ക്കുന്നതിലൂടെ ഈ നിമിഷത്തിലേക്ക് നമ്മെ സ്വയം കൊണ്ടുവരാന്‍ സാധിക്കും.
ഇതുവഴി ഭക്ഷണത്തിന് കൂടുതല്‍ രുചി തോന്നുകയും ചെയ്യും. ഞാന്‍ നിരീക്ഷിച്ച മറ്റൊരു കാര്യം, ഭക്ഷണം കഴിക്കുന്ന വേഗത കുറച്ച്, ചവച്ച് അതിന്റെ രുചി അറിഞ്ഞ് കഴിക്കുമ്പോള്‍ സാധാരണയിലും കുറഞ്ഞ അളവിലാണ് കഴിക്കുന്നത് എന്നതാണ്.
2. സംവേദനങ്ങളെ (Sensations) കുറിച്ച് അവബോധമുണ്ടായിരിക്കുക
നമ്മുടെ മനസ് പല കാലങ്ങളിലൂടെ അലഞ്ഞുതിരിയുന്നുണ്ടെങ്കിലും നമ്മുടെ ശരീരം എപ്പോഴും ഈ നിമിഷത്തില്‍ തന്നെയാണ്. നാം അനുഭവിക്കുന്ന എല്ലാ സംവേദനങ്ങളും വര്‍ത്തമാന കാലത്തിന്റേതാണ്. അതിനെക്കുറിച്ച് അവബോധമുണ്ടാകുന്നത് നമ്മെ വര്‍ത്തമാന നിമിഷത്തിലേക്ക് കൂട്ടിക്കൊണ്ടുവരും.
നാം കുളിക്കുമ്പോള്‍ വെള്ളം ശരീരത്തില്‍ സ്പര്‍ശിക്കുമ്പോള്‍, നടക്കുമ്പോള്‍ പാദം തറയില്‍ സ്പര്‍ശിക്കുമ്പോള്‍... അനുഭവപ്പെടുന്നതെന്താണ്? ഇങ്ങനെ പല മാര്‍ഗങ്ങളിലൂടെ ഇത് നിങ്ങളുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാം.
3. നിങ്ങള്‍ക്ക് ചുറ്റുമുള്ളവ ശ്രദ്ധിക്കുക
നമുക്ക് ചുറ്റുമുള്ള കാഴ്ച, ശബ്ദം, ഗന്ധം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇപ്പോഴത്തെ നിമിഷത്തിലായിരിക്കാന്‍ സഹായിക്കും.
പുറത്ത് നടക്കുമ്പോള്‍ ചുറ്റുമുള്ള കാഴ്ചകളില്‍ ശ്രദ്ധിക്കുന്നത് കൂടുതലായി ഈ നിമിഷത്തിലായിരിക്കാന്‍ എന്നെ സഹായിക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നതിലൂടെ ഭൂതകാലത്തെക്കുറിച്ചോ ഭാവികാലത്തെക്കുറിച്ചോ ഉള്ള ചിന്തകള്‍ എന്റെ തലയില്‍ വരാറില്ല.
4. ശ്വസനത്തെ നങ്കൂരമാക്കാം
വര്‍ത്തമാനകാലത്തില്‍ നമ്മെ കെട്ടിയിടാനുള്ള നങ്കൂരമായി ശ്വസനത്തെ ഉപയോഗിക്കാം. ശ്വാസോച്ഛ്വാസം ചെയ്യുമ്പോള്‍ നമ്മുടെ വയര്‍ പൊങ്ങുന്നതിലും താഴുന്നതിലും ശ്രദ്ധിക്കുന്നതുവഴി ഈ നിമിഷത്തിലായിരിക്കാന്‍ നമുക്ക് സാധിക്കും.
ഇത് വായിക്കുമ്പോള്‍ തന്നെ നിങ്ങളുടെ ശ്വസനത്തിന്റെ സ്വാഭാവികതാളത്തില്‍ ശ്രദ്ധിച്ചുകൊണ്ട് ഈ നിമിഷത്തിലേക്ക് മനസിനെ കൊണ്ടുവരാന്‍ നിങ്ങള്‍ക്ക് സാധിക്കും. മനസ് ചിന്തകളില്‍ അലയുമ്പോഴെല്ലാം ശ്വസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഈ നിമിഷത്തിലേക്ക് മനസിനെ തിരികെകൊണ്ടുവരാന്‍ കഴിയും.
5. ധ്യാനിക്കുക (Meditation)
ഈ നിമിഷത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതു തന്നെയാണ് ധ്യാനം (Meditation) കൊണ്ട് ഉദ്ദേശിക്കുന്നത്.
ദിവസേന ധ്യാനിക്കുന്നതുവഴി നമ്മുടെ തലച്ചോറിനെ ഉദ്ദീപിക്കാനും അവബോധം, ഏകാഗ്രത എന്നിവയുമായി ബന്ധപ്പെട്ട പ്രിഫ്രണ്ടല്‍ കോര്‍ട്ടെക്സിനെ ദൃഢമാക്കാനും സാധിക്കുന്നു. ഇത് നമ്മുടെ ദൈനംദിനജീവിതത്തില്‍ കൂടുതലായി വര്‍ത്തമാനകാലത്തായിരിക്കാന്‍ സഹായിക്കുന്നു.
എത്ര കൂടുതല്‍ നാം ധ്യാനിക്കുന്നുവോ അത്രത്തോളം നമ്മുടെ മനസില്‍ ആന്തരികമായി നടക്കുന്ന അനാവശ്യസംസാരങ്ങള്‍ കുറയുന്നു.
വര്‍ത്തമാനകാലത്തില്‍ ജീവിക്കുകയെന്നത് ഒറ്റ ദിവസംകൊണ്ട് പരിശീലിച്ചെടുക്കാവുന്ന ഒരു കാര്യമല്ല. അത് എളുപ്പമാക്കാന്‍ ചെറിയ ലക്ഷ്യങ്ങള്‍ വെക്കുക. നിങ്ങളുടെ മനസ് അലഞ്ഞുതിരിയുന്നതായി തോന്നിയാല്‍ വിഷമിക്കേണ്ട! എല്ലാ നിമിഷവും നിങ്ങളുടെ മനസിനെ തിരിച്ച് ഈ നിമിഷത്തിലേക്ക് കൊണ്ടുവരാനുള്ള പുതിയ അവസരമാണ് ഒരുക്കുന്നത്.
To read more articles from the author
Next Story
Videos