നിങ്ങളുടെ വളര്‍ച്ചയെ തടയുന്ന അദൃശ്യ ശക്തിയെ എങ്ങനെ മറികടക്കാം?

നിങ്ങളെ വളര്‍ച്ചയില്‍ നിന്ന് തടയുന്ന, ഏതെങ്കിലും കാര്യം ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്ന, ഒരു ശക്തി ഉണ്ടെങ്കിലോ? നിങ്ങളുടെ മനസിന്റെ താല്‍പ്പര്യങ്ങള്‍ക്ക് ഒപ്പം നില്‍ക്കാത്ത ഒരു ശക്തി.

പുറത്തുനിന്നല്ല, ഈ ശക്തി നിങ്ങളുടെ ഉള്ളില്‍ നിന്ന് തന്നെ ഉണ്ടാകുന്നതാണെങ്കിലോ?

നമ്മുടെ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് പല കാര്യങ്ങളും ചെയ്യാനാകുമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം, അതായത് ദിവസേനയുള്ള വ്യായാമം, നേരത്തെ എഴുന്നേല്‍ക്കുക, ധ്യാന നിഷ്ഠ പരിശീലിക്കുക തുടങ്ങിയവ. എന്നാല്‍ ഇവയൊക്കെ ചെയ്യുന്നതിന് നമുക്ക് വേണ്ട പ്രചോദനം ഉണ്ടാക്കിയെടുക്കുക എന്നതാണ്് വളരെ ബുദ്ധിമുട്ട്.

ജോലിയുടെ കാര്യത്തിലും ഏതാണ്ട് സമാനമായിരിക്കും അനുഭവം. അതായത് എന്താണ് ചെയ്യേണ്ടതെന്നതിനെ കുറിച്ച് നല്ല ധാരണയുണ്ടാകും, പക്ഷേ അത് ചെയ്യാതെ ഒഴിവാക്കുകയും നീട്ടിവെക്കുകയും ചെയ്യുന്നു.

ആ കാര്യം ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തിലോ ജോലിയിലോ പോസിറ്റീവായ ഫലം കൊണ്ടു വരുമെന്ന് നിങ്ങള്‍ക്കറിയാം, പക്ഷേ നിങ്ങളെ അതില്‍ നിന്ന് തടയുന്ന ഒരു ശക്തിയുണ്ട്, മാത്രമല്ല അത് ചെയ്യാതെ മാറ്റിവയ്ക്കുന്നതിന് നിങ്ങളുടെ മനസ് പല കാരണങ്ങള്‍ കണ്ടെത്തുകയും ചെയ്യും. ഈ ശക്തിയെയാണ് സാധാരണയായി നമ്മള്‍ പ്രതിരോധം(resistance) എന്ന് വിളിക്കുന്നത്.

ആളുകള്‍ ധ്യാനിക്കാന്‍ വലിയ ബുദ്ധിമുട്ടു കാണിക്കുന്നിതിന്റെ പ്രധാന കാരണങ്ങളിലൊന്നാണിത്. പലരും ധ്യാനനിഷ്ഠ പരിശീലിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും, അതിനായി കുറച്ച് മിനിറ്റുകള്‍ ചെലവഴിക്കണമെന്ന ചിന്ത അവരെ അസ്വസ്ഥരാക്കുന്നു. മനസാകട്ടെ ധ്യാനം അവര്‍ക്ക് പറ്റിയതല്ലെന്ന് ബോധ്യപ്പെടുത്താനുള്ള കാരണങ്ങളുമായി വരുന്നു. ഇതൊരു ഉദാഹരണം മാത്രമാണ്.

അലസതയായോ അല്ലെങ്കില്‍ ചെയ്യേണ്ട എന്തെങ്കിലുമൊരു കാര്യം ചെയ്യാനുള്ള മടിയായോ ഒക്കെ പ്രതിരോധം(resistance) പ്രത്യക്ഷപ്പെടാം.

നമ്മെ പിന്തിരിപ്പിക്കുന്ന ഈ അദൃശ്യ ശക്തി നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും കാണാനാകും.വളരെ ചെറിയ കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്നും തുടങ്ങി പുതിയ ശീലങ്ങള്‍ സ്വീകരിക്കുന്നതില്‍ നിന്നുവരെ അത് നമ്മളെ തടയുന്നു.

ഈ പ്രതിരോധത്തെ മറികടന്ന് നമുക്ക് അത്ര ആസ്വദിക്കാന്‍ പറ്റാത്തതായ കാര്യങ്ങള്‍ ചെയ്യുന്നതിനും ശീലങ്ങള്‍ നിലനിര്‍ത്തുന്നതിനുമുള്ള ചില മാര്‍ഗങ്ങളാണ് ഇവിടെ പറയുന്നത്.

മനസിന്റെ സ്വഭാവം മനസിലാക്കുക

നമ്മുടെ മനസിന്റെ സ്വഭാവം മനസിലാക്കുകയാണ് പ്രതിരോധത്തെ മറികടക്കുന്നതിനുള്ള ഒരു പ്രധാന മാര്‍ഗം.

നമുക്ക് അറിയാവുന്നതും സുഖകരവുമായ കാര്യങ്ങള്‍ ചെയ്യാനാണ് നമ്മുടെ മനസ് ഇഷ്ടപ്പെടുന്നത്. സുഖം തോന്നിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ എളുപ്പമാര്‍ഗ്ഗം തേടികൊണ്ടിരിക്കും. നമുക്ക് അത്ര രസകരമല്ലാത്ത, അല്ലെങ്കില്‍ പ്രയത്നം വേണ്ടി വരുന്ന കാര്യങ്ങള്‍ ചെയ്യുന്നതില്‍ നമ്മള്‍ മടിയന്മാരാകുകയോ വിമുഖരാകുകയോ ചെയ്യാറുണ്ട്. കാരണം രസകരമല്ലാത്ത കാര്യങ്ങള്‍ അവഗണിക്കുക എന്നതാണ് നമ്മുടെ സ്വാഭാവിക പ്രവണത.

തല്‍ക്ഷണ സംതൃപ്തിയാണ് നമ്മുടെ മനസ്സ് ഇഷ്ടപ്പെടുന്ന ഒരു കാര്യം. നിങ്ങളുടെ ജീവിതത്തിലേക്ക് നോക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് വരുന്ന മെസേജുകള്‍ പരിശോധിക്കാനും സോഷ്യല്‍ മീഡിയയില്‍ സമയം ചെലവഴിക്കാനും ഷോകളും വീഡിയോകളുമൊക്കെ കുറെ നേരം കാണാനും മധുര ഭക്ഷണങ്ങള്‍ കഴിക്കാനും ആരും നിര്‍ബന്ധിക്കേണ്ടതില്ലെന്ന് നിങ്ങള്‍ക്ക് മനസിലാകും.

തല്‍ക്ഷണ സംതൃപ്തി നല്‍കുന്ന കാര്യങ്ങള്‍ ചെയ്യുന്നതിന് സാധാരണയായി നമ്മുടെ മനസില്‍ നിന്ന് ഒട്ടും തന്നെ പ്രതിരോധം ഉണ്ടാകാറില്ല. പക്ഷേ, നമ്മുടെ ജീവിതത്തില്‍ നല്ല സ്വാധീനം ചെലുത്താനും യഥാര്‍ത്ഥ മൂല്യമുണ്ടാക്കാനും കഴിയുന്ന പല കാര്യങ്ങളും സാധാരണയായി നല്ല പ്രയത്നം വേണ്ട കാര്യങ്ങളാണ്.

ഉദാഹരണത്തിന്, വ്യായാമ ശീലം തുടരുന്നത് നിങ്ങളുടെ ജീവിതത്തിന് ധാരാളം നേട്ടങ്ങള്‍ നല്‍കും. മികച്ച മാനസികാവസ്ഥ, കൂടുതല്‍ ഊര്‍ജ്ജം, കൂടുതല്‍ പ്രചോദനം മുതലായവയൊക്കെ ഇതുവഴി ലഭിക്കും.

അസ്വസ്ഥത ഉളവാക്കുന്നതും പരിശ്രമം ആവശ്യവുമായ കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ കിട്ടുന്ന പ്രതിഫലം തല്‍ക്ഷണ സംതൃപ്തിയെ പിന്തുടരുന്നതിനേക്കാള്‍ കൂടുതല്‍ സന്തോഷം നല്‍കുന്നതും നേട്ടം നല്‍കുന്നതുമാണ്. അത് തല്‍ക്ഷണ സംതൃപ്തി പോലെയല്ല.

നിങ്ങളെ പറ്റിക്കാന്‍ മനസിനെ അനുവദിക്കരുത്


മനസ് ചിലസമയത്ത് എന്തെങ്കിലും ചെയ്യാതിരിക്കാന്‍ നിങ്ങളെ ബോധ്യപ്പെടുത്തുന്ന കാരണങ്ങളുമായി വരാം. അസ്വസ്ഥതകള്‍ നേരിടുന്നത് ഒഴിവാക്കുക എന്നതാണ് നമ്മുടെ മനസ്സിന്റെ സ്വാഭാവിക പ്രവണത.

പ്രവചിക്കാനാകുന്നതും പതിവായി ചെയ്യുന്നതുമായ കാര്യങ്ങളില്‍ അത് സുഖം കണ്ടെത്തുന്നു. കംഫര്‍ട്ട് സോണിന് പുറത്തേക്ക് പോകുമ്പോഴാണ് (നമ്മുടെ പതിവുകളില്‍ നിന്ന് അല്ലെങ്കില്‍ അറിയാവുന്ന കാര്യങ്ങളില്‍ നിന്ന് പുറത്തു കടക്കുമ്പോള്‍)നമുക്ക് അസ്വസ്ഥത അനുഭവപ്പെടുന്നത്.

എന്നാലും ഒരു പ്രത്യേക കാര്യം ചെയ്യുന്നത് അല്ലെങ്കില്‍ പുതിയ ശീലം തുടങ്ങുന്നത് തടയാന്‍ അസ്വസ്ഥതയെ അനുവദിക്കരുത്.

പ്രതിഫലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക

എന്തെങ്കിലും ഒരു കാര്യം ചെയ്താലോ പൂര്‍ത്തിയാക്കിയാലോ ലഭിക്കുന്ന പ്രതിഫലത്തിലേക്ക് നോക്കുക. വ്യായാമം ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ എത്രത്തോളം ഊര്‍ജ്ജസ്വലമാകുമെന്ന് ചിന്തിക്കുക.

എന്റെ കാര്യമെടുത്താല്‍, പുസ്തകങ്ങളും മാസികകളും വായിക്കാന്‍ ഇഷ്ടമാണെങ്കിലും അതൊന്നു തുടങ്ങാന്‍ പലപ്പോഴും പ്രയാസം നേരിടാറുണ്ട്.

അതേ സമയം യൂട്യൂബില്‍ കുറച്ചു നേരം വീഡിയോകള്‍ കണ്ടിരിക്കാനാണ് മനസിന്റെ പ്രേരണ. വായന എനിക്ക് ശാന്തതയും പ്രചോദനവും നല്‍കുന്ന ഒന്നാണ്. അതേകുറിച്ച് സ്വയം ഓര്‍മിപ്പിക്കുമ്പോള്‍ എനിക്ക് വായന തുടങ്ങാന്‍ സാധിക്കാറുണ്ട്.

വെറുതെ അങ്ങ് തുടങ്ങുക

പ്രതിരോധത്തെ മറികടക്കുമ്പോള്‍ നമ്മള്‍ പ്രവൃത്തിയിലേക്ക് നയിക്കപ്പെടുന്നു. ഒരിക്കല്‍ നിങ്ങള്‍ ആരംഭിച്ചു കഴിഞ്ഞാല്‍ കാര്യങ്ങള്‍ എളുപ്പമാകും.

ഒരു പുതിയ ശീലം തുടങ്ങുന്നതിനുമുമ്പ് പ്രചോദനം ലഭിക്കാന്‍ വേണ്ടി കാത്തിരിക്കാന്‍ തീരുമാനിച്ചാല്‍ നിങ്ങള്‍ എന്നെന്നേക്കുമായി കാത്തിരിക്കേണ്ടി വന്നേക്കാം. പ്രചോദനം നൈമിഷികമാണ്. അതിനെ വിശ്വസിക്കാനാകില്ല, കാരണം അത് പൊടുന്നനെ വരികയും പോകുകയും ചെയ്യും.

ബ്ലോഗറും എഴുത്തുകാരനുമായ ജെയിംസ് ക്ലിയര്‍ പറയുന്നത് ഇങ്ങനെയാണ്-''ചെയ്യുന്നതല്ല പ്രശ്നം, തുടങ്ങുന്നതിലാണ്. നിങ്ങള്‍ എന്തെങ്കിലും ചെയ്യാന്‍ തുടങ്ങി കഴിഞ്ഞാല്‍, അത് തുടര്‍ന്നു പോകുക എളുപ്പമാണ്.''

എന്റെ കാര്യത്തില്‍ ഈ പ്രസ്താവന വളരെ ശരിയാണ്. ലേഖനങ്ങള്‍ എഴുതുക, വ്യായാമം ചെയ്യുക, ധ്യാന നിഷ്ഠ തുടങ്ങിയ കാര്യങ്ങളില്‍ പ്രത്യേകിച്ചും.

പുതിയ ശീലങ്ങള്‍ ആരംഭിക്കുന്നതിന് 2-മിനിറ്റ് റൂള്‍ എന്ന് അറിയപ്പെടുന്ന ഒരു എളുപ്പമാര്‍ഗ്ഗം അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.

2- മിനിറ്റ് നിയമം പറയുന്നത്- ''നിങ്ങള്‍ ഒരു പുതിയ ശീലം ആരംഭിക്കുമ്പോള്‍, അതിനായി രണ്ട് മിനിറ്റില്‍ താഴെ സമയമെടുക്കുക.'എന്നതാണ്.

അതെങ്ങനെയാണെന്നു വച്ചാല്‍, എല്ലാ ദിവസവും 10 മിനിറ്റ് ധ്യാനിക്കുന്ന(മെഡിറ്റേഷന്‍) ഒരു ശീലമുണ്ടാക്കാനാണ് നിങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് കരുതുക,.

ആദ്യത്തെ രണ്ടാഴ്ചത്തേക്ക് ദിവസത്തില്‍ രണ്ട് മിനിറ്റ് ധ്യാനിച്ച് തുടങ്ങുക. ക്രമേണ സൗകര്യപ്രദമായ രീതിയില്‍ ഇത് വര്‍ധിപ്പിച്ച് പത്ത് മിനിറ്റിലേക്ക് കൊണ്ടു വരിക. ഇനി വായനയ്ക്കായാണ് നിങ്ങള്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് കരുതുക. ആദ്യത്തെ ഒരു മാസം വായനയ്ക്കായി ദിവസത്തില്‍ 10 മിനിറ്റ് നീക്കിവയ്ക്കുക, പിന്നീട് ക്രമാനുഗതമായി സമയം വര്‍ദ്ധിപ്പിച്ചു കൊണ്ടുവരിക.

അസ്വസ്ഥതകളില്‍ നിന്ന് ഒളിച്ചോടുന്ന ശീലം നമ്മുടെ കഴിവുകള്‍ പരമാവധി ഉപയോഗിച്ച് നല്ലൊരു ജീവിതം നയിക്കാനുള്ള അവസരം ഇല്ലാതാക്കും. നമ്മുടെ കംഫര്‍ട്ട് സോണില്‍ പരിമിതമായ വളര്‍ച്ച മാത്രമേ ഉണ്ടാകൂ.

പ്രതിരോധം നേരിടുമ്പോള്‍, ഈ അസുഖകരമായ തോന്നലുകളേക്കാള്‍ ശക്തനാണ് നിങ്ങള്‍ എന്ന് സ്വയം പറയുക, നിങ്ങളുടെ ജീവിതം നിര്‍ണ്ണയിക്കാന്‍ നിങ്ങള്‍ അതിനെ അനുവദിക്കുകയില്ലെന്ന് തീരുമാനിക്കുക.

അപ്പോള്‍ എന്ത് പുതിയ ശീലമാണ് ഇന്ന് തുടങ്ങാന്‍ പോകുന്നത്?


Read the original article in English


Anoop Abraham
Anoop Abraham  

He is the founder of the blog www.thesouljam.com. The blog is about simple and practical tips to live better and be happier. He writes about personal growth, spirituality and productivity. Email: anooptabraham@yahoo.co.in

Next Story
Share it