പലിശ നിരക്ക് ഇനിയും കുറയുമോ?
Read the article in English
ഈ ആഴ്ചയിലെ കോളം, നാം മുന്‍ലക്കങ്ങളില്‍ ചര്‍ച്ച ചെയ്തതിന്റെ തുടര്‍ച്ചയല്ല. വിഷയത്തില്‍ ഒരു മാറ്റമുണ്ട്. ആഗസ്ത് ആറിന് വന്ന റിസര്‍വ് ധനനയമാണ് അതിന് കാരണം. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ സംരംഭകര്‍ സ്വീകരിക്കേണ്ട മാന്ത്രിക 'C' കളെ കുറിച്ചാണ് നാം ചര്‍ച്ച ചെയ്തിരുന്നത്. അതിന്റെ തുടര്‍ച്ച അടുത്ത ലക്കത്തിലുണ്ടാകും.
ഇപ്പോഴത്തെ ഈ പ്രതിസന്ധിഘട്ടത്തില്‍ റിസര്‍വ് ബാങ്കിന്റെ ധനനയം ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നു.
എന്തുകൊണ്ട് വീണ്ടും പലിശ നിരക്കില്‍ കുറവ് വരുത്തിയില്ല?
2019 ഫെബ്രുവരി മുതല്‍ റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മൊത്തം 250 ബേസിസ് പോയ്ന്റ് കുറവ് വരുത്തിയിട്ടുണ്ട്. 100 ബേസിസ് പോയ്ന്റ് എന്നാല്‍ ഒരു ശതമാനമാണ്. അങ്ങനെയെങ്കില്‍ ഇതുവരെ നിരക്കുകളില്‍ രണ്ടര ശതമാനം കുറവുവരുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനത്തിന് കരുത്തുറ്റ പിന്തുണ നല്‍കുന്ന എന്ന നിര്‍ണായക പങ്ക് കേന്ദ്രീകൃതമാക്കിയാണ് റിസര്‍വ് ബാങ്ക് ധനനയത്തിന് അന്തിമരൂപം നല്‍കുക.
ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി ഘട്ടത്തില്‍ അതില്‍ നിന്ന് മറികടക്കാന്‍ സഹായിക്കുന്ന നയങ്ങളാണ് ആര്‍ ബി ഐ സ്വീകരിച്ചുവരുന്നത്. ഈ ഘട്ടത്തില്‍ ആവശ്യമായി വേണ്ട ഉത്തേജക നടപടികളും ആര്‍ ബി ഐയുടെ ഭാഗത്തുനിന്നുണ്ട്. റിസര്‍വ് ബാങ്ക് നിരക്ക് കുറച്ചത് ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പലിശ കുറയാന്‍ ഇടയാക്കിയിട്ടുണ്ട്.
2020 മാര്‍ച്ച് - ജൂണ്‍ കാലയളവില്‍ ബാങ്കില്‍ നിന്നുള്ള പുതിയ വായ്പകളുടെ പലിശ നിരക്ക് 91 ബേസിസ് പോയ്ന്റ് അഥവാ 0.91 ശതമാനം കുറഞ്ഞുവെന്ന് ആര്‍ ബി ഐയുടെ പ്രസ് റിലീസില്‍ തന്നെ പറയുന്നുണ്ട്.
എന്നിരുന്നാലും, കോവിഡ് മൂലം ഇപ്പോഴുണ്ടായിരിക്കുന്ന, സമാനതകളില്ലാത്ത പ്രതിസന്ധി കാലത്ത് ഇനിയും പലിശ നിരക്കില്‍ കുറവ് വരുത്തുമെന്ന് പൊതുസമൂഹം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ഇനിയും പലിശ നിരക്ക് കുറയ്ക്കാന്‍ ആര്‍ ബി ഐയ്ക്ക് കഴിയില്ലെന്ന നിഗമനമാണ് ഞങ്ങളുടേത്.
അതിന് കാരണം, നാണയപ്പെരുപ്പം, എന്ന ഭയാനക രൂപിയാണ്.
നാണയപ്പെരുപ്പം വില്ലനാകുന്നതെങ്ങനെ?
നാണയപ്പെരുപ്പമെന്നാല്‍ വിലകളിലുണ്ടാകുന്ന വര്‍ധനയാണെന്ന് നമുക്കേവര്‍ക്കും അറിയാം. നാണ്യപ്പെരുപ്പത്തിനുള്ള മറ്റൊരു നിര്‍വചനം, കുറേയേറെ പണം വളരെ കുറച്ച് ചരക്കുകള്‍ക്ക് പിന്നാലെ പായുന്നുവെന്നതാണ്. പലിശ നിരക്ക് കുറയുന്നതും പണം ഏറെ വിപണിയിലേക്ക് വരുന്നതും നാണയപ്പെരുപ്പത്തിന് കാരണമാകും. നാണപ്പെരുപ്പ നിരക്കിന്റെ ലക്ഷ്യത്തെ കുറിച്ച് ആശങ്ക നിലനില്‍ക്കുന്നതിനാല്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കാന്‍ ഇടയാകില്ലെന്ന് തന്നെയാണ് ഞങ്ങളുടെ നിഗമനം. കോവിഡ് 19 മൂലം സപ്ലെ ചെയ്‌നിലുണ്ടായ തകര്‍ച്ചയും മുറ്റും ഭക്ഷ്യോല്‍പ്പന്ന, ഭക്ഷ്യോല്‍പ്പന്നേതര മേഖലകളില്‍ വിലക്കയറ്റത്തിന് വഴിവെച്ചിട്ടുണ്ട്.
കോവിഡ് മഹാമാരിയുടെ വ്യാപനത്തിന്റെ വ്യാപ്തിയും സാമ്പത്തിക രംഗത്തെ തളര്‍ച്ച എത്രകാലം നിലനില്‍ക്കുമെന്നതും സംബന്ധിച്ചുള്ള അവ്യക്തതകള്‍ തീര്‍ച്ചയായും സങ്കീര്‍ണതകള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ ആര്‍ ബി ഐ, ഒരു നാണയപ്പെരുപ്പ സൂചികയായ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡെകസിന് (CPI) യുക്തമായ ഒരു ലക്ഷ്യം വെച്ചു. കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡെക്‌സിന്റെ ഇന്റേണല്‍ ഇന്‍ഫ്‌ളേഷന്‍ ടാര്‍ഗറ്റ് നാല് ശതമാനം ( ഇതില്‍ നിന്ന് രണ്ടു ശതമാനം കൂടുകയോ കുറയുകയോ ആകാം) എന്ന തലത്തിലായിരുന്നു.
എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് ഈ നിരക്ക് മറികടന്നുപോകാമെന്ന അവസ്ഥയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായിക്കൊണ്ടിരിക്കുന്ന വെള്ളപ്പൊക്കം മൂലം ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില വര്‍ധന സംഭവിക്കാം. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധന, ടെലിക്കോം രംഗത്തെ നിരക്ക് വര്‍ധന, അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യം തുടങ്ങിയവയും സ്വാധീനം ചെലുത്താവുന്ന ഘടകങ്ങളാണ്.
ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ നിലനില്‍ക്കുന്ന അസ്ഥിരതയും ആസ്തി വിലകളിലുണ്ടാകുന്ന വര്‍ധനയും നാണയപ്പെരുപ്പ തോത് ഉയര്‍ത്തുമെന്ന റിസ്‌കും നിലനില്‍ക്കുന്നുണ്ട്. എന്നിരുന്നാലും ബംബര്‍ റാഗി വിളവും കുറഞ്ഞ താങ്ങുവിലയില്‍ വരുത്തിയിരിക്കുന്ന നാമമാത്രമായ വര്‍ധനയും നാണയപ്പെരുപ്പത്തിന്റെ കാര്യത്തില്‍ ആര്‍ ബി ഐ വെച്ചിരിക്കുന്ന ലക്ഷ്യത്തെ പിന്തുണയ്ക്കുന്ന കാര്യങ്ങളുമാണ്.
ഈ ഘടകങ്ങളെല്ലാം പരിഗണിക്കുമ്പോള്‍ ഞങ്ങള്‍ അനുമാനിക്കുന്നത് 2020 - 21 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തിലും മൂന്നാം പാദത്തിലും നാണപ്പെരുപ്പം ഉയര്‍ന്നു തന്നെ നില്‍ക്കുമെന്നാണ്. റിസര്‍വ് ബാങ്ക് വരുന്ന ഡാറ്റ സശ്രദ്ധം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
നമ്മള്‍ സ്റ്റാഗ്ഫ്‌ളേഷന്‍ (STAGFLATION) എന്നതിന് സമാനമായ സാഹചര്യത്തെയാണ് അഭിമുഖീകരിക്കുന്നത്. അതായത്, സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ സ്തംഭനാവസ്ഥയുണ്ടാകുകയും നാണയപ്പെരുപ്പം കുത്തനെ ഉയരുകയും ചെയ്യുന്ന സാഹചര്യം. അതുകൊണ്ട് റിസര്‍വ് ബാങ്കിന്റെ വരുന്ന ധനനയങ്ങള്‍ അപ്പോഴത്തെ സാഹചര്യങ്ങളും അവസ്ഥകളും പരിഗണിച്ചുള്ളതാകും.
ചുരുക്കിപ്പറഞ്ഞാല്‍, സമ്പദ് വ്യവസ്ഥ നിലവിലെ തലത്തില്‍ നിന്ന് കൂടുതല്‍ ദൗര്‍ബല്യം പ്രകടമാക്കി തുടങ്ങിയാല്‍ മാത്രമേ ഇനി പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യതയുള്ളൂവെന്നാണ് ഞങ്ങളുടെ നിഗമനം. വെല്ലുവിളികള്‍ നിറഞ്ഞ ഇക്കാലത്തിലെ വസ്തുതകള്‍ തെളിഞ്ഞ് വരുന്നത് നമുക്ക് കാത്തിരുന്ന് കാണാം.
Read the article in English
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline