ജര്‍മ്മനി എന്ന ഡോയിച്ച് ലാന്‍ഡ്

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനോ, അഡോള്‍ഫ് ഹിറ്റ്‌ലറോ കാള്‍ മാര്‍ക്‌സോ ബിഥോവനോ ബിസ്മാര്‍ക്കോ നീഷെയോ ഹെര്‍സോഗോ ഒക്കെ ആണ്, ജര്‍മ്മനി എന്ന് പറയുമ്പോള്‍ എനിക്ക് ഓര്‍മ്മ വരുന്ന വ്യക്തികള്‍.

ബുദ്ധിയിലും ഇച്ഛാശക്തിയിലും കലയിലും സംഗീതത്തിലും ചിന്തയിലും സിനിമയിലും ഒക്കെ മികവുറ്റവര്‍.

പൊതുവേ ആലോചിച്ചാല്‍ എന്നും പൂര്‍ണ്ണതയ്ക്ക് വേണ്ടി ശ്രമിച്ചു കൊണ്ടേയിരിക്കുന്ന ഒരു ജനതയാണ് ജര്‍മ്മനിയിലുള്ളത് എന്നാണെനിക്ക് തോന്നിയിട്ടുള്ളത്.

കമ്പനികളൊ ബ്രാന്‍ഡുകളോ ആണെങ്കില്‍ ബെന്‍സ്, ബിഎംഡബ്ലൂ, അഡിഡാസ്, സീമെന്‍സ്, ബോഷ്, ഡിഎച്ച്എല്‍, സാപ്, ലുഫ്താന്‍സ തുടങ്ങിയവ അസംഖ്യമുണ്ട്. എല്ലാം ലോകപ്രശസ്ത സേവന, ഉല്‍പ്പന്ന നാമങ്ങള്‍. ഉല്‍പ്പന്നം ജര്‍മ്മനാണെങ്കില്‍ ജീവിത കാല വാറന്റിയെന്നാണ് ചൊല്ല്.

വിവിധ മേഖലകളില്‍ അറിയപ്പെടുന്ന സവിശേഷ വ്യക്തിത്വങ്ങളും ഉയര്‍ന്ന യന്ത്ര, ഉല്‍പ്പന്ന ഗുണനിലവാരവുമാണ് ജര്‍മ്മനിയുടെ മുഖമുദ്ര!

എന്റെ ആദ്യ യൂറോപ്പ് യാത്ര രണ്ടായിരത്തിന്റെ തുടക്ക വര്‍ഷങ്ങളിലായിരുന്നു. ജര്‍മ്മനിയിലാണ് ആദ്യം പോയത്.

ട്രയം എന്ന ഞാന്‍ സാരഥി ആയ സ്ഥാപനം ആദ്യം ഏറ്റെടുത്ത കണ്‍സല്‍ട്ടന്‍സിയുടെ ഭാഗമായി ക്ലയന്റിന്റെ കൂടുതലും മനുഷ്യശേഷിയുപയോഗിക്കുന്ന ഫാക്റ്ററിയില്‍ കുറെയൊക്കെ യന്ത്രവല്‍ക്കരണം നടപ്പാക്കണമായിരുന്നു. അതിനായി ജര്‍മ്മനിയിലെ ലോക പ്രശസ്തമായ ഹാനോവര്‍ ഫെയറിന് ഒരുമിച്ച് പോകാന്‍ തീരുമാനിച്ചു. യൂസ്ഡ് മെഷീനുകളുടെ മറ്റൊരു പ്രദര്‍ശനവും കാണണമായിരുന്നു. കൂടാതെ ഉല്‍പ്പാദനത്തിനാവശ്യമുള്ള വളരെ പ്രധാനമായ ഒരു അസംസ്‌കൃത വസ്തു ഉണ്ടാക്കുന്ന ഫാക്റ്ററിയും റൈന്‍ ലാന്‍ഡില്‍ സന്ദര്‍ശിക്കണം. അവരുമായി ചര്‍ച്ച നടത്തണം.

ഏപ്രില്‍ മാസമായിരുന്നു ഒരാഴ്ച നീണ്ടു നിന്ന യാത്ര. ഓണവും വിഷുവും അന്നുവരെ മുടക്കമില്ലാതെ സ്വന്തം വീട്ടിലാണ് ചെലവഴിച്ചിട്ടുള്ളത്. എന്നാല്‍ ഇത്തവണ പ്രദര്‍ശനത്തിന്റെ തിയതി അതിനിടയില്‍ വന്ന് പെട്ടു. വിഷുവിന് തിരിച്ച് വീട്ടിലെത്താന്‍ പറ്റില്ല.

മനസ്സില്‍ ആ വിഷമത്തോടെയായിരുന്നു യാത്ര.

ബോംബെയില്‍ നിന്ന് വെളുപ്പിന് മൂന്ന് മണിക്കായിരുന്നു ലുഫ്ത്താന്‍സയുടെ വിമാനം.ഏകദേശം ഒമ്പതര മണിക്കൂര്‍ പറക്കണം. ഫ്രാങ്ക്ഫര്‍ട്ടില്‍ രാവിലെ അവിടുത്തെ എട്ടു മണിക്ക് എത്തും. അതായത് നമ്മുടെ ഉച്ചകഴിഞ്ഞ് പന്ത്രണ്ടര മണി.

വിമാനത്തിനുള്ളിലെ സര്‍വീസ് അതിഗംഭീരമായിരുന്നു. നല്ല നിലവാരമുള്ള ഭക്ഷണ പാനീയങ്ങളും ഹൃദ്യമായ സേവനവും മനം നിറച്ചു.

മുന്നിലെ സ്‌ക്രീനില്‍ ജര്‍മ്മന്‍ സംവിധായകന്‍ വെര്‍ണര്‍ ഹെര്‍സോഗിന്റെ ഫിറ്റ്‌സ്‌കരാള്‍ഡോ കണ്ടു. ക്ലോസ് കിന്‍സ്‌കി എന്ന അഭിനേതാവ് അവതരിപ്പിക്കുന്ന കഥാനായകന്‍ തന്റെ റബ്ബര്‍ ബിസിനസ് വിപുലപ്പെടുത്താന്‍ ഒരു അവിശ്വസനീയ കാര്യം ചെയ്യാന്‍ തീരുമാനിക്കുന്നു. ആമസോണ്‍ നദീതടത്തിലെ റബ്ബര്‍ സമ്പന്ന പ്രദേശത്തെത്താനായി ഒരു ആവിക്കപ്പലിനെ മല കയറ്റി കൊണ്ട് വരിക! സഹായിക്കാന്‍ ഒരു കൂട്ടം ആദിവാസികള്‍ കൂടെയുണ്ട്. അതില്‍ നേരിട്ട വെല്ലുവിളികള്‍ അതിജീവിക്കുന്നത് ഇതിവൃത്തം.

സീറ്റിന്റെ തുമ്പത്തിരുന്ന് മാത്രമേ ഈ ത്രസിപ്പിക്കുന്ന സിനിമ കാണാനാകൂ. ജീവിതത്തിന്റെ വിവിധ തലങ്ങള്‍ തൊട്ടു പോകുന്ന മഹത്തായ സിനിമ.

ഇടയ്ക്ക് വെള്ളവും പഴച്ചാറുകളും ലഘുഭക്ഷണങ്ങളും വന്ന് കൊണ്ടിരുന്നു. ചിലരൊക്കെ അത്താഴം കഴിഞ്ഞ പാടെ ഉറങ്ങിക്കഴിഞ്ഞു. യാത്ര അത്രയൊന്നും ആസ്വദിക്കാത്തവരാവാം. ഞാന്‍ കഴിയുന്നതും യാത്രയില്‍ ഉണര്‍ന്നിരിക്കുകയും വിമാനത്തിനുള്ളില്‍ എഴുന്നേറ്റ് നടക്കുകയും സിനിമയും സംഗീതവും വായനയും ആസ്വദിക്കുകയും ചെയ്യും.

പകലും രാത്രിയും നമ്മുടെ സുഖ സൗകര്യങ്ങള്‍ അന്വേഷിച്ച് വരുന്ന ലുഫ്താന്‍സയിലെ വിമാന ജോലിക്കാര്‍ ആശ്ചര്യപ്പെടുത്തി. നമ്മുടെ ചില വിമാനങ്ങളിലെ സര്‍വീസുകളോര്‍ത്ത് പോയി.

ഞങ്ങള്‍ എകദേശം ഉച്ചകഴിഞ്ഞ് ഒരു മണിയോടെ എയര്‍ പോര്‍ട്ട് ടാര്‍മാക്കില്‍തൊട്ടു.

ജര്‍മനിയിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ വിമാനത്താവളമാണ് ഫ്രാങ്ക്ഫര്‍ട്ട്. രാജ്യത്തിന്റെ മറ്റു ഭാഗത്തേക്ക് യാത്ര ചെയ്യാന്‍ ആകാശ, കര, റെയില്‍ മാര്‍ഗങ്ങള്‍ ഇവിടെ ഇണക്കിച്ചേര്‍ത്തിരിക്കുന്നു.

യൂറോപ്പില്‍ വെച്ച് ലണ്ടനും പാരിസുമാണ് തിരക്കിന്റെ കാര്യത്തില്‍ ഇതിനു മുന്നിലുള്ള എയര്‍പോര്‍ട്ടുകള്‍.

ഞങ്ങള്‍ ബാഗുകളെടുത്ത് പുറത്തിറങ്ങി നഗരമധ്യത്തിലേക്ക് യൂറോ ലൈന്‍സിന്റെ ഒരു ബസില്‍ കയറി പോകാമെന്ന് കരുതി. ബസ് നമ്പര്‍ നേരത്തെ മനസ്സിലാക്കി വെച്ചിരുന്നു. ഭാരരഹിതയാത്രയുടെ ഗുണം. ഒരാള്‍ക്ക് ഒരു പെട്ടിയും പിന്നെ ബാക്ക് പായ്ക്കും മാത്രം. കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാം. നഗരജീവിത ചലനങ്ങള്‍ നേരിട്ട് അനുഭവിക്കാന്‍ നല്ല മാര്‍ഗ്ഗവും.

അന്ന് രാത്രി താമസിക്കാന്‍ ബുക്ക് ചെയ്തിരുന്നത് ബ്രിസ്‌റ്റോള്‍ ഹോട്ടലിലാണ്.

ട്രെയിന്‍ സ്‌റ്റേഷന്റെ തൊട്ടടുത്തു നില്‍ക്കുന്ന ഒരു ഹോട്ടല്‍ ആണ് ബ്രിസ്‌റ്റോള്‍. വിനോദ സഞ്ചാരിയായി പുറത്ത് നിന്ന് എത്തി നോക്കാതെ നഗരത്തെ ഉളളില്‍ നിന്ന് കാണാനാണ് ഹോട്ടല്‍ നമ്മോട് പറയുന്നത്. അവരുടെ ഹോട്ടല്‍ നഗരത്തിന്റെ ഹൃദയഭാഗത്താണെന്നത് വരയിട്ടുറപ്പിക്കുന്ന പരസ്യം.

ഹോട്ടലില്‍ റൂം റെഡിയായിരുന്നു. ട്രാവല്‍ ഏജന്റു വഴി ബുക്ക് ചെയ്തിരുന്നതാണ്. ഞങ്ങള്‍ക്ക് വളരെപ്പെട്ടെന്ന് തന്നെ രണ്ട് റൂമും അവര്‍ ഏര്‍ളി ചെക്ക് ഇന്‍ തന്നു.

അല്ലെങ്കില്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ പുറത്തിരിക്കേണ്ടി വന്നേനെ.

മിക്കവാറും വലിയ ഹോട്ടലുകളില്‍ ചെക്ക് ഇന്‍ സാധാരണ ഉച്ചക്ക് 2 മണിക്കു ശേഷവും ചെക്ക് ഔട്ട് ഉച്ചക്ക് 12 മണിയുമാണല്ലോ. ഞാന്‍ പോയിട്ടുള്ള ഒട്ടുമിക്കയിടങ്ങളിലും അങ്ങനെ തന്നെ.

അല്‍പ്പം വിശ്രമം കഴിഞ്ഞ് ഉച്ചഭക്ഷണത്തിനു ശേഷം ഞങ്ങള്‍ ഫ്രാങ്ക്ഫര്‍ട്ടിന്റെ തെരുവിലേക്കിറങ്ങി.

Abhay Kumar
Abhay Kumar  

ട്രയം മാര്‍ക്കറ്റിംഗ് ആന്‍ഡ് കണ്‍സള്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്ററാണ് പി കെ അഭയ് കുമാര്‍. ഇ മെയ്ല്‍: abhay@triumindia.in

Next Story
Share it