തീന്‍മേശയില്‍ ബിസിനസ് സംസാരിക്കുന്ന ചൈനക്കാര്‍!
അടുത്ത ദിവസം ഞാനും ഗുണയും ഫ്‌ളോറിംഗ് പ്രദര്‍ശനത്തിനിറങ്ങിയപ്പോള്‍ ശരദും സന്തോഷും ശരിക്കും അവര്‍ വന്ന കാര്യം പറഞ്ഞു. ശരദിന്റെ പുതിയ ഹോട്ടലിലേക്ക് ഫര്‍ണിച്ചര്‍ വാങ്ങണം. ഭാഷ അറിയാവുന്ന അലി എന്നൊരു മലയാളി, ബയര്‍ ഏജന്റായി ആ ഭാഗത്തുണ്ട്. അയാള്‍ അവരെ ഇതിനായി വേണ്ടയിടത്ത് കൊണ്ടു പോകാന്‍ തയ്യാറാണ്. അങ്ങനെ ഒരാളില്ലാതെ ഇവിടെ വല്ലതും കാര്യമായി മേടിക്കാന്‍ പോയാല്‍ പട്ടി ചന്തയ്ക്ക് പോയ പോലെയാവും സ്ഥിതി!
അലി പത്തിരുപത്തഞ്ചു വര്‍ഷങ്ങളായി ചൈനയിലാണ്. നമ്മള്‍ വാങ്ങിക്കുന്നതിന്റെ ഒരു നിശ്ചിത ശതമാനം തുക അയാള്‍ക്ക് കമ്മീഷന്‍ കിട്ടും. എന്നാല്‍ നല്ല സാധനങ്ങളേ വാങ്ങിച്ചു തരൂ, വിശ്വസിക്കാം. ശരദിനറിയാവുന്നത് വെച്ച് അയാള്‍ക്ക് ഇവിടെ ഒരു ചിന്ന ചീന വീടൊക്കെയുണ്ട്! അതു കൊണ്ട് പഹയന്‍ സംസാര ഭാഷയും കുറേയൊക്കെ പഠിച്ചു. മറ്റു രാജ്യങ്ങളില്‍ നിന്ന് ചൈനീസ് ഭാഷയറിയാത്ത കസ്റ്റമേഴ്‌സിനെ സഹായിക്കാന്‍ പറ്റുന്നു. മൂന്നു കൂട്ടര്‍ക്കും ഗുണം!
അയാള്‍ പിന്നീട് ഒരു ദിവസം എറണാകുളത്ത് വന്ന് ഞങ്ങള്‍ക്കൊപ്പം ഒരു സായാഹ്നം ചെലവഴിച്ചു. ചീനക്കഥകളൊക്കെ കുതിര മുഖത്തു നിന്ന് തന്നെ കേട്ടറിഞ്ഞു .
അലി പഠിച്ചെടുത്ത ചൈനീസ് ഭാഷയെക്കുറിച്ചല്‍പ്പം പറയാതെ മുന്നോട്ട് പോവാന്‍ പറ്റില്ല.
ഭാഷയില്‍ മന്‍ഡാരിനും കാന്റണീസും എന്ന രണ്ടു തരമുണ്ട്. ലോകത്തില്‍ത്തന്നെ പഠിക്കാന്‍ ഏറ്റവും കഠിന ഭാഷ ചൈനീസ് ആണ്. എന്നാല്‍ ലോകത്തേറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന മാതൃ ഭാഷയുമാണിത്. ഈ ഭാഷയില്‍ അമ്പതിനായിരത്തോളം ലിപികളുണ്ടെന്ന് പറഞ്ഞാല്‍ ഏകദേശം മനസിലാകുമല്ലോ കാര്യം! അതെഴുതുന്നത് സംസാരിക്കുന്നതിനെക്കാള്‍ അതിവിഷമം. സങ്കീര്‍ണ്ണമായ ചിത്രം വരക്കുന്നതിന് തുല്യം. ഓരോ ലിപിയും വസ്തുവിനെയോ ആളെയോ മൃഗങ്ങളെയോ ഒക്കെ പ്രതിനിധാനം ചെയ്യുന്നു!
അമ്പത്തൊന്നക്ഷരം വെച്ച് നമ്മള്‍ മലയാളികള്‍ കളിക്കുന്ന കളി അമ്പതിനായിരമുള്ള ചീനന്റെ അടുത്ത് നടക്കുമോ !!!
അവര്‍ യാത്ര പറഞ്ഞ് കാറില്‍ കയറി.
പോകേണ്ടയിടം നല്ല ദൂരമുള്ളതുകൊണ്ട് അവിടെത്താമസിച്ച് പണി തീര്‍ത്ത് രണ്ടു ദിവസം കഴിഞ്ഞ് ഷാങ്ഹായിലേക്ക് വരാമെന്ന് ശരദ് പറഞ്ഞു.
ഞങ്ങള്‍, ഞാനും ഗുണയും ഷാങ് ഹായില്‍ പകല്‍ പ്രദര്‍ശന മേള കണ്ടും വൈകുന്നേരം തെരുവില്‍ നടപ്പും കഴിഞ്ഞ് ആതിഥേയരുടെ വക
സവിശേഷമായ ചീന അത്താഴം കഴിച്ചും രണ്ടു ദിവസം തീര്‍ത്തു.
ഞങ്ങള്‍ താമസിച്ചിരുന്ന ചൈനീസ് ഹോട്ടലില്‍ പ്രാതല്‍ ബുഫെ ഏതാണ്ട് ഇങ്ങനെ.
Konji എന്ന് അവര്‍ വിളിക്കുന്ന മാംസക്കഷണങ്ങള്‍ വേവിച്ച് ചേര്‍ത്ത നമ്മുടെ സ്വന്തം
കഞ്ഞി, എരിവുള്ള നൂഡില്‍ സൂപ്പ്, ആവിയില്‍ വേവിച്ച കൊഴുക്കട്ട പോലുള്ള മോമോസ്. ഫില്ലിംഗ് പുഴുങ്ങിയ കോഴിയോ, ചെമ്മീനോ, പോര്‍ക്കോ, പയറോ ആകാം. പുഴുങ്ങിയ മധുരക്കിഴങ്ങും ഇലവര്‍ഗ്ഗങ്ങളും കിട്ടി.
നല്ല രുചിയാണ് എല്ലാറ്റിനും.
പിന്നെ നിലയ്ക്കാത്ത ഒഴുക്കായി ഗ്രീന്‍ ടീ യും. ഉച്ചക്ക് പ്രദര്‍ശന സ്ഥലത്ത് നിന്ന് കാപ്പിയും ചെറുകടിയും മതിയാകും.
പിന്നെ ആതിഥേയരുടെ വക ഹോട്ടലിന് പുറത്തെ അത്താഴം കെങ്കേമം.
ഡൈനിംഗ് ഹൗസ് എന്ന് വിളിക്കപ്പെടുന്ന വലിയ കെട്ടിടങ്ങളാണ് അവിടത്തെ വിരുന്ന ശാലകള്‍. മിക്കവാറും താഴത്തെ നില വളരെ വലിയ ഹാള്‍ ആവും. ആയിരക്കണക്കിന് പേര്‍ക്ക് ഒരുമിച്ചിരിന്ന് ഭക്ഷിക്കാവുന്നത്ര തുറസ്സായ വലിയ ഹാള്‍.
മുകളിലത്തെ നിലയില്‍ സ്വകാര്യ തീറ്റ മുറികള്‍. ഒരു ഗ്രൂപ്പ് വന്നാല്‍ ഒരു മുറി.
രണ്ടു തട്ടുള്ള വലിയ വട്ടമേശ.
മുകളിലത്തെ തട്ട് കറക്കാം. നമ്മളെ മാത്രം സേവിക്കാന്‍ മൂന്ന് നാല് വിളമ്പുകാര്‍ കാണും. എല്ലാം ചൂടോടെയേ തരുകയുള്ളു. ആഹാര സാധനങ്ങള്‍ കറങ്ങുന്ന തട്ടില്‍ നിരത്തി വെക്കും. ചുറ്റുമുള്ള കസേരകളില്‍ ഇരിക്കുന്നവര്‍ കറക്കി അവര്‍ക്കിഷ്ടമുള്ള വിഭവങ്ങളെടുക്കുന്നു.
ചൈനക്കാര്‍ ശരിക്കും കച്ചവടം സംസാരിക്കുന്നത് ഓഫീസിലിരുന്നല്ല തീന്‍ മേശയിലാണ്. മണിക്കൂറുകള്‍ നീളും ഈ തീറ്റ ആചാരം.
ഞങ്ങള്‍ക്ക് തന്ന വിശേഷ വിരുന്നില്‍ ഓരോ ഐറ്റവും എന്താണെന്ന് ചോദിച്ചു മാത്രം ഞങ്ങള്‍ കഴിച്ചു.
പറ്റാത്തതൊക്കെ ഒഴിവാക്കി.
കൂട്ടത്തിലുണ്ടായിരുന്ന ആറടി പൊക്കമുള്ള ചീനന്‍, അമേരിക്കയില്‍ ഈ കമ്പനിക്ക് വേണ്ടി ജോലി ചെയ്യുന്നു. അയാള്‍ അവകാശപ്പെടുന്ന പ്രകാരം ആകാശത്തിനു കീഴില്‍ നാലുകാലുള്ള എന്തിനെയും, അത് വച്ചിരിക്കുന്ന മേശ ഒഴിച്ച് ചീനക്കാര്‍ കഴിക്കും. പല മൃഗങ്ങളുടെയും നാക്ക് ,മൂക്ക്, ചെവി, കണ്ണ് ഇതൊക്കെ മേശപ്പുറത്തുണ്ട്. ചെവി കഴിക്കുന്ന ആളുടെ കേള്‍വി ശക്തി കൂടും, നാക്ക് കഴിച്ചാല്‍ രുചി മുകുളങ്ങള്‍ വളരും എന്നൊക്കെയാണവരുടെ വിശ്വാസം. മണിക്കൂറുകള്‍ നീളുന്ന ബിസിനസ് ഡിന്നറില്‍ വിഭവങ്ങളും ഗ്രീന്‍ ടീ യും ബീയറും വന്നു കൊണ്ടേയിരുന്നു.
ഞങ്ങള്‍ക്ക് വിരുന്ന് തന്ന യുവ ദമ്പതികളുടെ ഫാക്റ്ററി പിറ്റേ ദിവസം സന്ദര്‍ശിച്ചു,
കുറെ സമയം ചിലവഴിച്ചു ആവശ്യമുളള വിവരങ്ങള്‍ മനസ്സിലാക്കി.
ശരദും സന്തോഷും ഹ്രസ്വയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ദിവസം ഞങ്ങള്‍ പ്രശസ്തമായ നാഞ്ചിംഗ് റോഡില്‍ നടക്കാന്‍ തീരുമാനിച്ചു.
അതൊരു വ്യത്യസ്ത അനുഭവം തന്നെയായിരുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine