അനിത പ്രതാപിനും അടിച്ചു മാറ്റിയ കേരളീയ രുചികൾക്കുമൊപ്പം!

നീണ്ടുപോയ ദിവസത്തിന്റെ ക്ഷീണവും മർത്തീനി കോക്ടേലും ചേർന്ന് എന്നെ സുഖമായുറക്കി. ഏതാണ്ട് പതിനെട്ട് മണിക്കൂർ തലേ ദിവസം ജോലി ചെയ്ത് കാണും. ഉറങ്ങാൻ കിടന്നത് അർധരാത്രി കഴിഞ്ഞാണ്. രാവിലെ ആറ് മണിക്ക് തന്നെ എഴുന്നേറ്റെങ്കിലും കിടക്കയിൽ ചരിഞ്ഞു കിടന്നാൽ കാണുന്ന കടൽ കണ്ട് കുറച്ചു നേരം കൂടി കിടന്നു. പിന്നെ കെറ്റിലിൽ കടുപ്പത്തിൽ ഒരു ചായയുണ്ടാക്കി. ബാൽക്കണിയിൽ ഇറങ്ങി വീശിയടിക്കുന്ന കാറ്റേറ്റ്, തടാകത്തിന്റെയും കടലിന്റെയും മനോഹര കാഴ്ച കണ്ട്, ചൂട് ചായ മൊത്തിക്കൊണ്ട് അൽപ്പസമയമിരുന്നു. കാഴ്ച ഉയരത്തിൽ നിന്നുള്ളതായത് കൊണ്ട് കൂടുതൽ ആസ്വാദ്യകരമായിരുന്നു. അവിടെയിരുന്ന് ഐലൻഡ് ഓഫ് ബ്ലഡ് എന്ന പുസ്തകം ഏതാനും താളുകൾ വായിച്ചു. ശ്രീലങ്കയിൽ വെച്ച് പ്രഭാകരനുമായി കൂടിക്കാഴ്ച നടത്തിയ ധീരയായ പത്രപ്രവർത്തക അനിത പ്രതാപ് എഴുതിയ പുസ്തകം.

ഹോട്ടലിന്റെ മതിൽക്കെട്ടിനുള്ളിൽത്തന്നെ ചുറ്റും നീണ്ട നടപ്പാതയുണ്ട്. അതിൽ കൂടി അരമണിക്കൂർ നടന്ന് അന്നത്തെ കാര്യങ്ങൾ പ്ളാൻ ചെയ്തു. തിരിച്ചു വന്ന് കുളിച്ച് തയാറായപ്പോഴേക്ക് ലോബിയിൽ നിന്ന് റിസപ്ഷനിൽ നിന്ന് വിളി വന്നു. താഴെ വിനോദ് മോട്വാനി ലോബിയിൽ കാത്തിരിക്കുന്നു. ഞാൻ അദ്ദേഹത്തെ കണ്ടിട്ട് രണ്ട് വർഷമെങ്കിലും കഴിഞ്ഞിരിക്കുന്നു. എന്നത്തേയും പോലെ വിടർന്ന ചിരിയോടെ വിനോദ് എനിക്ക് കൈ തന്നു. അദ്ദേഹം പറഞ്ഞതനുസരിച്ച് ഞങ്ങളുടെ കൺസൈൻമെന്റ് ക്ലിയർ ചെയ്ത് രാവിലെ ത്തന്നെ പ്രദർശനശാലയിലെത്തും. ഞാൻ നന്ദി പറഞ്ഞ് വിനോദിനെ പ്രാതലിന് ക്ഷണിച്ചു. മിസ്റ്റർ ജെ പതിനഞ്ച് മിനിറ്റിൽ വന്ന് ചേരാമെന്ന് പറഞ്ഞിരുന്നു. ഞാൻ വിനോദിനോട് കുശലം ചോദിച്ച് കൊണ്ട് ഭോജന ശാലയിലേക്ക് നടന്നു.ദ് ഡൈനിംഗ് റൂം എന്നെഴുതിയ വിശാലമായ ഹാളിൽ നെടു നീളത്തിൽ മേശ നിറഞ്ഞ് അസംഖ്യം വിഭവങ്ങളിരിക്കുന്നു. ഷെഫ് വെളുത്ത നീളൻ തൊപ്പി വെച്ച് അവിടെ നിൽപ്പുണ്ട്. ഞാൻ ശ്രീലങ്കൻ തനത് വിഭവങ്ങൾ കാണിച്ചു തരാനാവശ്യപ്പെട്ടത് പ്രകാരം അയാൾ ടേബിളിന്റെ തുടക്കത്തിലേക്ക് കൊണ്ട് പോയി. അവിടെ ഹോപ്പേഴ്സ് എന്ന് എഴുതി വെച്ചിരിക്കുന്നത് കണ്ടു. നോക്കിയപ്പോൾ നമ്മുടെ വെള്ളയപ്പം ചൂടായിട്ട് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. പ്ലെയിൻ അല്ലെങ്കിൽ എഗ്ഗ് ഹോപ്പർ വേണോ എന്ന് ചോദ്യം. ഉരുണ്ട ചട്ടിയിൽ ഒരു നിവർത്തിയ കുട തലതിരിച്ചത് പോലെയുണ്ടാക്കുന്ന അപ്പത്തിന്റെ മാവിനുള്ളിൽ മുട്ട പൊട്ടിച്ച് ഉള്ളിൽ ഒഴിച്ച് വേവിച്ച് അതേ ആകൃതിയിൽത്തന്നെ വേവിച്ച് പുറത്തെടുക്കുന്നു. സമ്പാൽ എന്ന് വിളിക്കുന്ന എരിവുള്ള ഉള്ളിച്ചട്ട്നി ചേർത്തോ കോഴിക്കറിയിലോ മീൻ കറിയിലോ മുക്കിയോ കഴിക്കാം. തൊട്ടടുത്ത് സ്ടിംങ് ഹോപ്പർ എന്ന് കണ്ട് നേക്കുമ്പോൾ നമ്മുടെ ഇടിയപ്പം ! മുകളിൽ തേങ്ങാപ്പീര വിതറിയത് കൂടാതെ തേങ്ങാപ്പാൽ അടുത്ത് വെച്ചിട്ടുണ്ട്. പിന്നെക്കാണുന്നത് നല്ല ചെമ്പാവരി പുട്ടാണ്. കൂടെ ഇറച്ചിക്കറിയുമുണ്ട്. ഇതൊക്കെ ശ്രീലങ്കൻ തനത് വിഭവങ്ങളാണെന്നാണ് ഷെഫ് പറയുന്നത് ! ഇതെല്ലാം ഞങ്ങളുടെ കേരള വിഭവങ്ങളാണെന്ന് ഞാൻ വാദിച്ചെങ്കിലും ഇവയൊക്കെ ഇവിടെ നിന്നാണ് കേരളത്തിൽ എത്തിയതെന്നാണ് ചരിത്രം പറയുന്നത്. മറ്റ് ധാരാളം വിഭവങ്ങളുടെ കൂട്ടത്തിൽ 'ഹലപ്പ ' എന്ന് അവർ വിളിക്കുന്ന നമ്മുടെ ഇലയപ്പവും കണ്ടു! പിന്നെയിരിക്കുന്ന അനേകം വിഭവങ്ങൾ നോക്കാനുള്ള മനസ്സും സമയവുമുണ്ടായില്ല. രാത്രി നോക്കാമെന്ന് വിചാരിച്ച് അവസാനം ഒരു ഉശിരൻ ശ്രീലങ്കൻ ചായ കുടിച്ച് ഞങ്ങൾ ഇറങ്ങാൻ തുടങ്ങിയ പ്പോൾ വിനോദ് പറഞ്ഞു. " കാറുമായി ഡ്രൈവർ പുറത്ത് കാത്തിരിപ്പുണ്ട്. നിങ്ങൾക്ക് വൈകുന്നേരം വരെ ഉപയോഗിക്കാം. സ്ഥലം പരിചയമുള്ള ആളായത് കൊണ്ട് നിങ്ങൾക്ക് സൗകര്യമായിരിക്കും" വൈകുന്നേരം അദ്ദേഹത്തിന്റെ ഓഫീസിൽ കാണാമെന്നും പറഞ്ഞു കൊണ്ട് മറ്റൊരു കാറിൽ കയറിപ്പോയി.ഞങ്ങൾ ആ ഓഫർ സ്വീകരിച്ചു. ടൊയോട്ടയുടെ ഒരു പുതിയ വെള്ള കൊറോള കാർ വന്ന് ഞങ്ങളെ കയറ്റി പ്രദർശന ഹാളിലേക്ക് പുറപ്പെട്ടു. തമിഴ് വേരുകളുള്ള ശ്രീലങ്കൻ പൗരൻ മുരുകൻ ആണ് സാരഥി. ഞങ്ങൾ കേരളത്തിൽ നിന്നാണെന്നറിഞ്ഞതോടെ അയാൾ കൊടും തമിഴ് പേച്ചു തുടങ്ങി. കുറച്ചു നാൾ ഞാൻ മദ്രാസിൽ താമസിച്ചിരുന്നത് കൊണ്ട് തിരിച്ചും കുറച്ചൊക്കെ പറയാൻ പറ്റി. വിനോദിന് വിദേശ വ്യാപാരം കൂടാതെ മരത്തിന്റെ വാതിലുകൾ ഉണ്ടാക്കുന്ന ഒരു യൂണിറ്റ് കൊളംബോയിൽ ഉണ്ടെന്ന് മുരുകൻ പറഞ്ഞു.
ഭാരതത്തിൽ വിനോദിന്റെ കുടുംബ ബിസിനസുകളിലെ ചില പ്രശ്നങ്ങൾ കൊണ്ടാണ് തൽക്കാലം ഇവിടെ നിൽക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞത് ഞാനോർത്തു. ഏതാണ്ട് ആയിരം കോടിയോളം വിറ്റുവരവുണ്ടായിരുന്ന ഒരു ബിസിനസ് ഗ്രൂപ്പായിരുന്നു വിനോദിന്റെത്. ഞാൻ എട്ട് വർഷത്തിന് മേലെ അവിടെ ജനറൽ മാനേജരായി ജോലി ചെയ്ത് ഒന്നര വർഷം മുമ്പാണ് ബിസിനസ് കൺസൾട്ടൻസിയിലേക്ക് കടന്നത്. മോട്വാനി ഗ്രൂപ്പ് കുറെ നിയമപ്രശ്നങ്ങളിലൂടെ കടന്നു പോകുന്നുവെന്നറിഞ്ഞിരുന്നു. അവിടെ അവസാന വർഷത്തിൽ എനിക്കും ഔദ്യോഗികമായ വെല്ലുവിളികളുണ്ടായി.ഓർമ്മകൾ തീരുന്നതിന് മുമ്പ് തന്നെ കാർ പ്രദർശന ഹാളെത്തി. ഞങ്ങളുടെ മെറ്റീരിയൽസ് എത്തി സ്റ്റാളിൽ അവ സ്ഥാപിച്ചു തുടങ്ങിയിരുന്നു. ആർക്കിടെക്റ്റിന്റെയും രാജുവിന്റെയും മുഖത്ത് ഉറക്കച്ചടവുണ്ട്. രാത്രി വൈകി നിന്ന് രാവിലെ നേരത്തേ എത്തിയതിന്റെതാണെന്ന് മനസിലായി. എന്നാലും രണ്ട് പേരും ഉൽസാഹത്തിലായിരുന്നു. ഞങ്ങളും അവരുടെ കൂടെച്ചേർന്ന് ബക്കിയുള്ള പണി പൂർത്തിയാക്കി പത്ത് മണിക്ക് പ്രദർശനം തുടങ്ങി.
പ്രതീക്ഷിക്കാതെ വിനോദിന്റെ ജനറൽ മാനേജർ ഒരു ഭാട്യയും സഹായിയും ഞങ്ങൾക്കൊപ്പം സ്റ്റാളിൽ വന്നു നിന്നു. അയാൾ കൊളംബോയിൽ വന്ന് ചാർജെടുത്തിട്ട് ഒരു മാസം കഴിഞ്ഞിട്ടേയുള്ളൂ. പറ്റിയ വീട് കിട്ടാത്തത് കൊണ്ട് ക്രൗൺ പ്ലാസ ഹോട്ടലിലാണ് താമസം. ഞങ്ങളുടെ താമസ സ്ഥലത്ത് നിന്ന് വലിയ ദൂരമില്ല.ഞാൻ നാല് വർഷം മുമ്പ് മോട്വാനി ഗ്രൂപ്പിൽ ജോലിയെടുക്കുമ്പോൾ മദ്രാസിലേക്ക് മാറ്റമായതും, വീട് കിട്ടുന്നത് വരെ അവിടെ ഹോട്ടൽ പാം ഗ്‌രോവിൽ ഒന്നര മാസത്തിലേറെ ഒറ്റയ്ക്ക് താമസിച്ച കാര്യമോർത്തു. Literally, living out of a സുഇടക്കേസ്‌ തന്നെയായിരുന്നു ആ നാളുകൾ. Occupational hazard അഥവാ ജോലിയിലെ വിഷമത എന്ന് പറയാം.
പ്രദർശന ഹാളിലേക്ക് കുറെശ്ശേയായി ആളുകൾ വന്നു തുടങ്ങി. ഉച്ചവരെ ബിസിനസ് സന്ദർശകരും ശേഷം പൊതുജനങ്ങളുമാണവിടത്തെ രീതി. ആദ്യ സന്ദർശകരിൽ പലരും തദ്ദേശീയരായ ഡീലർമാർ ആയിരുന്നു. ഞങ്ങളുടെ ഉൽപ്പന്നം വിവിധ നിറങ്ങളിലും ആകൃതിയിലുമുള്ള പുറംവാതിൽ ടൈലുകളാണ്. കേരളത്തിലെ ആ ഉൽപന്നത്തിന്റെ ആദ്യ ഫാക്റ്ററിയിരുന്നു അത്. ശ്രീലങ്കയിലേക്കുള്ള ചരക്ക് കൂലിയടക്കം നോക്കിയാൽ അവിടെയത് അൽപ്പം വില കൂടിയ ഉൽപന്നമായിരിക്കാം. എന്നാൽ പല ഡീലർമാരും താൽപര്യം കാണിച്ചു. അപ്പോഴാണ് ഭാട്യ പറയുന്നത് അവർക്കതിന്റെ ശ്രീലങ്കയിലെ മൊത്തവ്യാപാരത്തിന് താൽപര്യം ഉണ്ടെന്നത്. അവർ അതിന് പലയിടത്തായി ഡീലർമാരെ നിയമിച്ചു കൊള്ളാമെന്നും പറഞ്ഞു. അങ്ങനെയെങ്കിൽ മറ്റ് ടേംസുകൾ വിനോദുമായി എനിക്ക് സംസാരിക്കണമെന്ന് പറഞ്ഞു. പിന്നെ വന്ന സന്ദർശകരോട്പ്ര ദർശനത്തിന് ശേഷം ഭാട്യയുടെ ലോക്കൽ നമ്പറിൽ വിളിക്കാൻ ഞാൻ പറഞ്ഞു. ഞങ്ങളെ സംബന്ധിച്ച് മറ്റൊരു രാജ്യത്ത് നേരത്തേ അറിയാവുന്ന ഒരു കമ്പനിയുമായി അല്ലെങ്കിൽ വ്യക്തിയുമായി ഡീൽ ചെയ്യുകയാണെളുപ്പം. Known devil is better than Unknown Angel എന്നാണല്ലോ പഴമൊഴി!
ഉച്ച ഭക്ഷണം പ്രദർശന ഹാളിലെ കാന്റീനിൽ ത്തന്നെ കഴിക്കാമെന്ന് വെച്ചു. ബുഫേ രീതിയിലെ ലഞ്ചിലും ചോറ് തന്നെയായിരുന്നു താരം. എരിവുള്ള വിവിധ കറികളും മീനും കോഴിയിറച്ചി വറുത്തതും അകമ്പടിയായുണ്ട്. ഒരു മേശയിലിരുന്ന് ചെറുതായി കഴിച്ചു തുടങ്ങുമ്പോഴുണ്ട്, തൊട്ടു മുന്നിലെ മേശയ്ക്ക് പുറകിൽ നിന്ന് ശിവാനന്ദം എന്ന മുൻ മദ്രാസ് ഫാക്റ്ററി മാനേജർ എന്നെക്കണ്ട് അത്ഭുതപ്പെട്ട് കൈയുയർത്തിക്കാണിക്കുന്നു.
അദ്ദേഹം കഴിഞ്ഞ വർഷം രാംകോ ഗ്രൂപ്പിന്റെ ശ്രീലങ്ക ഫാക്ടറിയിൽ ചേർന്നുവെന്നറിഞ്ഞിരുന്നു. എന്റ മുൻ കമ്പനിയിൽ ഞാനുണ്ടായിരുന്ന മുഴുവൻ വർഷങ്ങളും അദ്ദേഹവും സർവീസിലുണ്ടായിരുന്നു. എനിക്ക് വേണ്ടപ്പെട്ട ഒരാൾ കൂടിയുണ്ട് ശ്രീലങ്കയിൽ എന്നത് സന്തോഷത്തിന് വകയായി. അദ്ദേഹത്തിന്റെ ശ്രീലങ്കൻ വിശേഷങ്ങൾ ഭക്ഷണം കഴിഞ്ഞിട്ട് ചോദിച്ചറിയണം.
തുടരും....


Abhay Kumar
Abhay Kumar  

ട്രയം മാര്‍ക്കറ്റിംഗ് ആന്‍ഡ് കണ്‍സള്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്ററാണ് പി കെ അഭയ് കുമാര്‍. ഇ മെയ്ല്‍: abhay@triumindia.in

Related Articles

Next Story

Videos

Share it