രക്ഷകന്റെ കടന്നുവരവും 'വായനശാല'യിലെ മധുപാനവും!

അങ്ങനെ കണ്ടെയ്‌നര്‍ ഏജന്റിന്റെ ഉദ്യോഗസ്ഥനെയും കൂട്ടിക്കൊണ്ട് ഞങ്ങള്‍ കൊളംബോ പോര്‍ട്ടിലേക്ക് പുറപ്പെട്ടു.

ശ്രീലങ്കയുടെ സാമ്പത്തിക സ്രോതസുകളില്‍ സുപ്രധാന സ്ഥാനമാണ് കൊളംബോ പോര്‍ട്ടിനുള്ളത്. ലോകത്തിലെ തന്നെ വലിയതും തിരക്കുള്ളതുമായ തുറമുഖങ്ങളില്‍ ഒന്നാണിത്. ഏതാണ്ട് ആയിരത്തി ഇരുന്നൂറ് ഏക്കറില്‍ പരന്ന് കിടക്കുന്ന പോര്‍ട്ടില്‍ ഇരുപത്തിനാല് മണിക്കൂറും കയറ്റിറക്ക് നടക്കും. ഇന്ത്യന്‍ മഹാസമുദ്രത്തിലെ സുപ്രധാന സ്ഥാനം തന്നെയാണതിനെ പ്രമുഖ മാക്കുന്നത്. 1980കളില്‍ ആധുനികവല്‍ക്കരിച്ച ഈ തുറമുഖത്ത് എത്ര കൂടിയ ഭാരം ഉയര്‍ത്താന്‍ സാധിക്കുന്ന ഗാന്‍ട്രി
ക്രെയ്നു
കളുമുണ്ട്. പോര്‍ട്ടിന് സമാന്തരമായ റോഡില്‍ യാത്ര ചെയ്യുമ്പോള്‍ കാണുന്ന നിരനിരയായി നില്‍ക്കുന്നകൂറ്റന്‍ ക്രെയ്നുകൾ ദിനോസറുകളെ അനുസ്മരിപ്പിച്ചു. നമ്മുടെ കൊച്ചിന്‍ പോര്‍ട്ടിന്റെ ഏകദേശം പത്തിരട്ടിയില്‍ കൂടുതലാണ് ഇവിടെ കൈകാര്യം ചെയ്യുന്ന കണ്ടെയ്‌നറുകളുടെ എണ്ണമെന്ന് ഏജന്റ് പറഞ്ഞു.കൊച്ചിന്‍ പോര്‍ട്ടിലെ ട്രാഫിക് മാനേജറായ എന്റെ സുഹൃത്ത് ഉണ്ണികൃഷ്ണനോട് ചോദിച്ചാല്‍ ബന്ധപ്പെട്ട സകല വിവരവും കിട്ടുമെന്ന് മനസ് പറഞ്ഞു.

ഞങ്ങള്‍ക്ക് പോകേണ്ടിയിരുന്ന ശ്രീലങ്ക കസ്റ്റംസ് ഓഫീസ് കൊളംബോ പോര്‍ട്ടിനോട് ചേര്‍ന്ന ഒരു വലിയ കെട്ടിടമാണ്. അവിടെ ഏതാനും ആളുകള്‍ സന്ദര്‍ശകര്‍ക്ക് കാത്തിരിക്കാനുള്ള മുറിയിലുണ്ടായിരുന്നു. ഞങ്ങളുടെ ഊഴം വരണമെങ്കില്‍ മണിക്കൂറുകള്‍ കഴിയുമോയെന്ന് ഞാന്‍ ഉല്‍കണ്ഠപ്പെട്ടു. എന്നാല്‍ എന്റെ ബിസിനസ് കാര്‍ഡ് കൊടുത്ത് അഞ്ച് മിനിട്ടില്‍ ഞങ്ങള്‍ മൂന്ന് പേരും അകത്തേക്ക് വിളിക്കപ്പെട്ടു. ആജാനുബാഹുവായ, സൂട്ടുധാരിയായ ഒരു മുതിര്‍ന്ന പൗരനാണ് ഡി.ജി കസ്റ്റംസ്. പുഞ്ചിരിയോടെ എന്റെ സന്ദര്‍ശക കാര്‍ഡ് നോക്കി പേര് പറഞ്ഞ് സ്വാഗതം ചെയ്തു. ഞങ്ങളുടെ ആഗമനോദ്യേശം ആരാഞ്ഞു. ഞാന്‍ രണ്ടു മിനിട്ടില്‍ കാര്യം പറഞ്ഞു. അദ്ദേഹം കസേരയിലേക്ക് ചാഞ്ഞ് ആലോചനയിലാണ്ടു. ''എനിക്ക് നിങ്ങളെ സഹായിക്കണമെന്നുണ്ട്. പക്ഷെ ടിന്‍ നമ്പര്‍ ഇപ്പോള്‍ നിലവിലില്ലാത്ത ഒരു കമ്പനിയുടെ ഇറക്കുമതി എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് പ്രശ്‌നം'' എന്നദ്ദേഹം പറഞ്ഞു. പ്രത്യേക നടപടിക്രമങ്ങള്‍ വഴി ചെയ്യാമെന്ന് വിചാരിച്ചാലും രണ്ട് ദിവസമെങ്കിലും വേണ്ടിവരും. അപ്പോഴേക്കും നിങ്ങളുടെ ആവശ്യവും കഴിയുമല്ലോ എന്നദ്ദേഹം നിരാശപ്പെട്ടു. എന്റെ പരിമിതമായ അറിവു വെച്ച് ''ടിന്‍ നമ്പറുള്ള ഒരു കമ്പനിക്ക് ഇവിടെ വന്നിരിക്കുന്ന ചരക്ക് ട്രാന്‍സ്ഫര്‍ ചെയ്താല്‍ ഞങ്ങള്‍ക്ക് എടുക്കാമല്ലോ'' എന്ന് ഞാന്‍ ചോദിച്ചു. അത് സാധ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
അപ്പോഴെനിക്ക് മോട്വാനി സഹോദരങ്ങളിലൊരാളായ വിനോദിന്റെ കാര്യം മനസില്‍ വന്നു. വിനോദ് കുറച്ചു മാസങ്ങളായി കൊളംബോ കേന്ദ്രമായാണ് പ്രവര്‍ത്തനം. ഇവിടെ ഒരു കമ്പനി സ്ഥാപിച്ചിട്ടുണ്ടെന്നും അറിയാം. അദ്ദേഹത്തിനെ പ്രദര്‍ശനത്തിന്റെ തിരക്കൊഴിഞ്ഞ് വിളിക്കാം എന്നായിരുന്നു മനസില്‍ വിചാരിച്ചത്. ഇപ്പോഴിതാ പെട്ടെന്ന് ഒരാവശ്യം വന്നിരിക്കുന്നു ! ഞാന്‍ ഡി.ജി യോട് അനുവാദം വാങ്ങി വിനോദിനെ വിളിച്ചു ചുരുക്കത്തില്‍ കാര്യം പറഞ്ഞു. ഡി.ജിക്ക് ഫോണ്‍ കൈമാറി അവര്‍ തമ്മില്‍ സംസാരിച്ചത് എന്തെന്നറിയില്ല, പക്ഷെ കാര്യം നടക്കുമെന്ന് മുഖഭാവത്തില്‍ നിന്ന് മനസിലായി. ശ്രീലങ്ക ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡിന്റെ അംഗീകാരമുള്ള കമ്പനിയാണ് വിനോദിന്റെതെന്നും അദ്ദേഹം പറഞ്ഞത് ആശ്വാസമായി. മുന്നില്‍ കൊണ്ടു വന്ന് വെച്ച സിലോണ്‍ ചായ ചൂടോടെ ഞാന്‍ ഒറ്റവലിക്ക് കുടിച്ചു. നല്ല കടുപ്പവും രുചിയുമുള്ള നന്നായി തയ്യാറാക്കിയ ചായ കുടിച്ചപ്പോള്‍ How to make a good cup of tea എന്ന സ്റ്റീഫന്‍ ലീ കോക്കിന്റെ ലേഖനം ഓര്‍മ്മ വന്നു. ഞാനത് ഡി.ജി യോട് പറഞ്ഞപ്പോള്‍ ചിരിച്ചു കൊണ്ട് കൊളംബോയില്‍ നിന്ന് നല്ല ചായപ്പൊടി വാങ്ങിക്കൊണ്ട് പോകണമെന്ന് അദ്ദേഹം ശുപാര്‍ശ ചെയ്തു. ശ്രീലങ്കന്‍ ചായ ലോക പ്രസിദ്ധമാണ്. ഗാള്‍ ഫേസ് റോഡില്‍ അത് മാത്രം വില്‍ക്കുന്ന നിരവധി കടകള്‍ ഞാന്‍ കണ്ടിട്ടുണ്ട്.

ഞങ്ങളുടെ ചരക്ക് വിട്ട് കിട്ടാനുള്ള നടപടി ക്രമങ്ങള്‍ പറഞ്ഞ് തന്ന് ആ മാന്യന്‍ എഴുന്നേറ്റ് നിന്ന് ഞങ്ങളെ യാത്രയാക്കി. ഏതാണ്ട് അരമണിക്കൂറില്‍ ഞങ്ങളുടെ കാര്യം നടന്നുവെന്ന് പറയാം.

ഭാരതത്തില്‍ ഇത്തരത്തിലുള്ള നല്ല അനുഭവം ഉയര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥനില്‍ നിന്ന് ഉണ്ടാകുമോയെന്ന് എനിക്ക് സംശയമായിരുന്നു. പില്‍ക്കാലത്ത് ഇതിന് സമാനമായ ഒരനുഭവം കൊച്ചിയിലെ കസ്റ്റംസ് കമ്മീഷണറായിരുന്ന ശ്രീ കെ.എന്‍. രാഘവനില്‍ നിന്ന് എനിക്കുണ്ടായി. ഒരു സംരംഭകന്‍ എന്ന നിലയില്‍ അഭിമാനം തോന്നിയ സന്ദര്‍ഭങ്ങളായിരുന്നു രണ്ടും.വിനോദ് മോട്വാനിയുടെ ഓഫീസിലേക്ക് ബന്ധപ്പെട്ട കടലാസുകള്‍ ഏജന്റിന്റെയടുത്ത് കൊടുത്ത് ഞങ്ങള്‍ ശ്രീലങ്കന്‍ ആര്‍ക്കിട്ടെക്ട്‌സ് അസോസിയേഷന്‍ ഓഫീസിലേക്ക് പുറപ്പെട്ടു. അവിടെ ഓഫീസ് സെക്രട്ടറിയായ സ്ത്രീ ഞങ്ങളെ ഹാര്‍ദ്ദവമായി സ്വീകരിച്ചു. ഇന്ത്യയെ അവര്‍ വളരെ ബഹുമാനത്തോടെയാണ് കാണുന്നതെന്നത് സന്തോഷകരമായിരുന്നു. ഞങ്ങളുടെ കയ്യിലുണ്ടായിരുന്ന ക്ഷണക്കത്തുകള്‍ അവരെ ഏല്‍പ്പിച്ച് ഞങ്ങള്‍ തിരിച്ച് ഹാളിലേക്ക് തിരിച്ചു. ഞങ്ങള്‍ തിരിച്ചു ചെന്നപ്പോഴേക്കും സ്റ്റാളിന്റെ പണി പകുതിയായിരുന്നു. രാത്രി വൈകി നിന്നാലും പണി തീര്‍ക്കുമെന്ന് രാജു പറഞ്ഞു. അയാള്‍ വലിയ സന്തോഷത്തിലായിരുന്നു. ഒരു വിദേശരാജ്യത്ത് അയാളുടെ ആദ്യ സന്ദര്‍ശനമായിരുന്നത്. അയാളുടെ ജോലിയിലുള്ള കഴിവിന് അംഗീകാരവും. നാളെ രാവിലെ പണി തീര്‍ത്ത് കണ്ടെയ്‌നര്‍ ക്ലിയര്‍ ചെയ്ത് വരുന്ന ഉല്‍പന്നങ്ങള്‍ അവിടെ പ്രദര്‍ശിപ്പിക്കണം.സന്ധ്യയായതോടെ ജെ അസ്വസ്ഥനാകാന്‍ തുടങ്ങി. അയാളുടെ പതിവ് ക്വാട്ടയുടെ സമയവുമായി. എങ്കിലും ഏതാണ്ട് രാത്രി ഒമ്പത് വരെ ഞങ്ങള്‍ അവിടെ നിന്ന് കാര്യങ്ങളൊക്കെ നീക്കി. ജെ യുടെ നിര്‍ബന്ധത്തിന് വഴങ്ങി ഞങ്ങള്‍ ഹോട്ടലിലേക്ക് തിരിച്ചു. വൈകി സ്റ്റാളില്‍ നില്‍ക്കുന്നവര്‍ക്ക് ഭക്ഷണവും കുടിവെള്ളവും ഞാന്‍ നേരത്തേ തന്നെ ഏര്‍പ്പാട് ചെയ്തിരുന്നു. ഹോട്ടലില്‍ എത്തി ഒരു കുളിയും കഴിഞ്ഞ് വന്നപ്പോള്‍ സമയം പത്ത് മണിയായി. ബാല്‍ക്കണിയില്‍ കായല്‍ക്കാറ്റ് വീശിയടിക്കുന്നത് രസകരമായിരുന്നു. അത്താഴം വൈകിയതില്‍ ജെ ഖിന്നനായിരുന്നെങ്കിലും ലൈബ്രറിയെന്ന പേരുള്ള മദ്യശാലയിലെ ഒരു റൗണ്ട് സ്‌കോച്ച് കഴിഞ്ഞപ്പോള്‍ ജെ യുടെ പിരിമുറുക്കം അല്‍പ്പം കുറഞ്ഞു. ലോകത്തിലെ ഏത് തരം മദ്യവും കിട്ടുന്നയിടമാണ് കൊളംബോ. അതില്‍ത്തന്നെ സ്‌പെഷ്യലൈസ് ചെയ്തയിടമാണ് ഞങ്ങളിരിക്കുന്ന 'വായനശാല' യെന്ന് പറയാം. പുസ്തകങ്ങള്‍ക്ക് പകരം ഷെല്‍ഫ് നിറയെ പലവര്‍ണ്ണങ്ങളിലും സവിശേഷ ആകൃതിയുമുള്ള മദ്യക്കുപ്പികള്‍ ആണെന്ന് മാത്രം. ദോഷം പറയരുതല്ലോ, ഒരു വലിയ ഷെല്‍ഫില്‍ പുസ്തകങ്ങളുമുണ്ട്! ഞങ്ങള്‍ ബാര്‍ കൗണ്ടറിന് മുന്നില്‍ ഇടം പിടിച്ചു. ബാര്‍മാന്‍ ഒരു കോക് ടെയ്ല്‍ ഉണ്ടാക്കുന്നത് കണ്ട് ഞങ്ങള്‍ നോക്കി നിന്ന് പോയി. വേണ്ട അനുസാരികളെല്ലാം കലര്‍ത്തി ഒരു സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ ഷേക്കറിലാക്കി ആദ്യം ഒന്ന് കുലുക്കി വലം കൈ കൊണ്ട് മുകളിലേക്ക് എറിഞ്ഞ് അത് രണ്ട് മൂന്ന് തവണ കറങ്ങി താഴെ വരുമ്പോഴേയ്ക്ക് ഇടം കൈ പുറകിലേക്കാക്കി അതിലേക്ക് നോക്കാതെ തന്നെ പിടിക്കുന്നു. ഇത് ഇരു കൈകളിലും മാറി മാറി മൂന്ന് തവണ ചെയ്യുമ്പോഴേക്കും പാനീയം ശരിക്ക് മിക്‌സ് ആകും. ഗ്ലാസ് അത് പോലെ ടേബിളിന് മുകളിലേക്ക് അലസമായി എറിയുമ്പോള്‍ അത് കറക്ടായി മേശയ്ക്ക് മുകളിലിരിക്കും. എറിഞ്ഞ് പിടിച്ച ഷേക്കറില്‍ നിന്നുള്ള പാനീയമൊഴിക്കുമ്പോള്‍ അത് ഗ്ലാസില്‍ പതഞ്ഞുയരും. ഗ്ലാസ് വക്കിലൊരു നാരങ്ങ മുറിച്ചത് കുത്തിവച്ച് സെര്‍വ് ചെയ്യുന്നത് കൗതുകകരമായിത്തോന്നി. നല്ല താളബോധമുള്ള അയാളുടെ പ്രകടനം ടോം ക്രൂസിന്റെ 'കോക്ടെയ്ല്‍ ' എന്ന സിനിമയെ ഓര്‍മ്മിപ്പിച്ചു.

ഞാന്‍ ഒരു വൊഡ്ക മാര്‍ട്ടിനി പറഞ്ഞു. Shaken but not stirred! 007 ന്റെ ഇഷ്ട പാനീയം ! അത് തയ്യാര്‍ ചെയ്യുന്നത് കാണാനും രസമുണ്ട്. മനോഹരമായ ബീക്കറുകളും സ്പൂണുകളും കാണാന്‍ സവിശേഷമാണ്. സെര്‍വ് ചെയ്യുന്നത് പ്രത്യേക ആകൃതിയുള്ള ഗ്ലാസിലാണ്. വോഡ്കയുടെയും ഡ്രൈ വെര്‍മോത്തിന്റെയും ലൈം പീലിന്റെയും സവിശേഷ രുചി നാവില്‍ പൊട്ടിത്തരിച്ചു.ശ്രീലങ്കന്‍ ഭക്ഷണം കഴിക്കാനെന്തുണ്ട് എന്ന് ചോദിച്ചതിന് ചോറും മീനും എന്ന് മറുപടി. അമ്പുള്‍ തിയല്‍ എന്ന ഒരു മീന്‍ വിഭവമാണ് വന്നത്. ചൂര മീന്‍ കഷണങ്ങള്‍ കുരുമുളകും കറുവാപ്പട്ടയും മഞ്ഞളും വെളുത്തുള്ളിയും പാണ്ടന്‍ ഇലയും ചേര്‍ത്തരച്ച മസാലയില്‍ വരട്ടിയെടുത്തതാണിത്. കൂടെ ചോറും പരിപ്പുകറിയും പച്ചക്കറി
ഉലര്‍ത്തുമുണ്ട്.എരിവ് അല്‍പ്പം കൂടുതലായിരുന്നെങ്കിലും നല്ല രുചിയുണ്ടായിരുന്നു. മറ്റൊരു പ്ലേറ്റില്‍ ചിക്കന്‍ കൊത്ത് പൊറോട്ട ചൂടോടെ വന്നു. നല്ല മസാലയില്‍ വെന്ത കോഴിക്കഷണങ്ങള്‍ മൊരിഞ്ഞ പൊറോട്ടയുമായി ചേര്‍ന്ന ഒരു ജൂഗല്‍ബന്ദിയാണ് കൊത്ത് എന്ന് ഇവിടത്തുകാര്‍ വിളിക്കുന്ന വിഭവം. കോഴിയിറച്ചിക്ക് പകരം കോഴിമുട്ടയും ചേര്‍ക്കാറുണ്ട്. ശ്രീലങ്കന്‍ ഭക്ഷണത്തില്‍ നല്ല തമിഴ് സ്വാധീനമുണ്ടെന്ന് മനസിലായി. മധുരപലഹാരം ചോദിച്ചപ്പോള്‍ അതിരസ എന്ന് പറഞ്ഞ് കൊണ്ട് വച്ചത് നമ്മുടെ നെയ്യപ്പം ചെറുതായാലുള്ളത് തന്നെ! അപ്പോഴുണ്ടാക്കിയത് ചൂടോടെ. നേരം വൈകിയത് കൊണ്ട് ഭക്ഷണം ഇത്രയൊക്കെ മതിയെന്ന് പറഞ്ഞു. ഇനിയുള്ളതിനോട് നാളെ പ്രാതലിന് ഏറ്റ് മുട്ടാം എന്ന് കരുതി ഞങ്ങള്‍ തീന്‍ മേശ വിട്ടു. സമയം ഏതാണ്ട് അര്‍ധരാത്രിയായിരുന്നു....

തുടരും..


Abhay Kumar
Abhay Kumar  

ട്രയം മാര്‍ക്കറ്റിംഗ് ആന്‍ഡ് കണ്‍സള്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്ററാണ് പി കെ അഭയ് കുമാര്‍. ഇ മെയ്ല്‍: abhay@triumindia.in

Related Articles

Next Story

Videos

Share it