ഗാള്‍ ഫേസ് റോഡിലെ 'ഗോളാന്തര കാഴ്ചകള്‍'

വഴി മുന്നില്‍ ബാരിക്കേഡിനാല്‍ മറച്ചത് കണ്ട് ഞങ്ങള്‍ കായല്‍ക്കരയിലെ നടപ്പാതയില്‍ നിന്നിറങ്ങി കെട്ടിടങ്ങള്‍ക്ക് മുന്നിലെ വൃത്തിയും വെടിപ്പുമുള്ള ടാര്‍ റോഡിലൂടെ പതുക്കെ നടന്നു. മിസ്റ്റര്‍ ജെ ഇവിടെ ആദ്യമായി വരികയാണ്. നടന്ന് കാണട്ടേയെന്നു ഞാന്‍ വിചാരിച്ചു.

ഗാള്‍ ഫേസ് ഹോട്ടല്‍ നിയോണ്‍ വിളക്കുകളുടെ പ്രഭാവലയത്തില്‍ കുളിച്ചു നില്‍ക്കുന്നത് ഒരു മനോഹര കാഴ്ചയാണ്. കഴിഞ്ഞ രണ്ടു തവണ വന്നപ്പോഴും ഞാന്‍ താമസിച്ചിരുന്നത് എതിര്‍വശത്തുള്ള 'സമുദ്ര'യിലായിരുന്നു. എന്നും ഈ റോഡിലൂടെ ഒരു പ്രഭാത നടത്തം പതിവായിരുന്നു. അതിനാല്‍ത്തന്നെ വഴിയും കെട്ടിടങ്ങളും സുപരിചിതമായി. എത്ര നടന്നാലും മടുപ്പില്ലാത്ത പരിസരവും അന്തരീക്ഷവുമാണ്. ഹോട്ടലില്‍ നിന്ന് കിട്ടിയ നഗരത്തിന്റെ അച്ചടിച്ച മാപ് കെട്ടിടങ്ങളെത്തിരിച്ചറിയാന്‍ സഹായകമായി. പിന്നെ മിക്കവാറും കെട്ടിടങ്ങളുടെ മുമ്പില്‍ ബോര്‍ഡുമുണ്ട്.

ഗാള്‍ ഫേസ് ഹോട്ടലിനോട് ചേര്‍ന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസാണ്. ഉയര്‍ന്ന മതില്‍ക്കെട്ടുള്ള ഒരു വലിയ രണ്ട് നിലക്കെട്ടിടം. പുറകിലെ നടവഴി സുരക്ഷയുടെ ഭാഗമായി മനപ്പൂര്‍വ്വം മുറിച്ചതാണെന്ന് മനസിലായി.



ഇന്ത്യയും ശ്രീലങ്കയുമായി വളരെ അടുത്ത വ്യാപാര ബന്ധമാണുള്ളത്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഒരു സ്വതന്ത്ര വ്യാപാരക്കരാറുള്ളതിനാല്‍ ( ISF TA)ശതകോടികളുടെ ഇറക്കുമതി ഇന്ത്യയില്‍ നിന്ന് ശ്രീലങ്ക ചെയ്യുന്നുണ്ട്. ഇന്ത്യയിലേക്ക് തിരിച്ചും കുറച്ചൊക്കെ കയറ്റുമതി നടക്കുന്നുണ്ട്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സുസ്ഥിര വ്യാപാരബന്ധം കാരണം ധാരാളം ഇന്ത്യക്കാര്‍ ശ്രീലങ്ക സന്ദര്‍ശിക്കുന്നു. അങ്ങനെ പല കാരണങ്ങള്‍ കൊണ്ട് ഇവിടുത്തെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിന് വലിയ പ്രാധാന്യമുണ്ട്. രാജീവ് ഗാന്ധിയുടെ കാലത്ത് ഇന്ത്യന്‍ സമാധാന സേനയെ ശ്രീലങ്കയിലേക്ക് അയച്ചതിലുള്ള പ്രതിഷേധമൊഴിച്ചാല്‍ പൊതുവേ ഇന്ത്യക്കാരോട് സൗഹൃദ മനോഭാവമാണ് സിംഹളനുള്ളത്.

തൊട്ടടുത്ത് കാണുന്ന വെളുത്ത കെട്ടിടം അമേരിക്കന്‍ സെന്റര്‍ എന്ന സംസ്‌കാരിക കാര്യാലയമാണ്.




രണ്ട് കെട്ടിടങ്ങളുടെയും സാമാന്യത്തിലും ഉയരമുള്ള മതില്‍ക്കെട്ടും ഗേറ്റിനകത്തെ യന്ത്രത്തോക്കേന്തിയ കാവല്‍ക്കാരും ആന്റി ക്രാഷ് ഗേറ്റുകളും ഭീകരവാദികളെ പേടിക്കുന്നത് കൊണ്ടാണ്. ലോകത്തിലെവിടെയും വിദേശ കാര്യാലയങ്ങള്‍ ഭീകരരുടെ ലക്ഷ്യമാണല്ലോ?

ഇപ്പോള്‍ ഇവിടെയാണെങ്കില്‍ തമിഴ് പുലികളെ പേടിച്ചേ പറ്റൂ!

രണ്ട് കാര്യാലയങ്ങള്‍ക്കപ്പുറമുള്ള വലിയ പുല്‍ത്തകിടി കഴിഞ്ഞാല്‍ കാണുന്ന വന്‍ പത്ത് നിലക്കെട്ടിടം ശ്രീലങ്കയിലെ ടൂറിസം ഇന്‍സ്റ്റിറ്റിയൂട്ടാണ്.

അതിനപ്പുറത്ത് കാണുന്ന പഗോഡയുള്ള മനോഹര നിര്‍മ്മിതി ജപ്പാന്റെ ഭാഷാ പഠന അസോസിയേഷന്റെതാണ്. ഒരു ശാന്തമായ ജപ്പാന്‍ വീട് പോലെ തോന്നിക്കുന്ന അതിനുള്ളില്‍ ഇരിക്കാന്‍ വേണ്ടി മാത്രം ഭാഷ പഠിക്കാന്‍ പോയാലും നഷ്ടമില്ല.

പിന്നെക്കാണുന്ന വിശാലമായ കെട്ടിട സമുച്ചയം കൊളംബോയിലെ ഒരു പ്രശസ്ത വിദ്യാലയമായ സെന്റ് തോമസ് സ്‌കൂളാണ്. അവിടുത്തെ വിദ്യാര്‍ത്ഥികള്‍ ഒരു ദിവസം പോലും ക്ലാസ്സില്‍ മുടങ്ങാന്‍ സാധ്യതയില്ലെന്ന് ഞാന്‍ മിസ്റ്റര്‍ ജെ യോട് പറഞ്ഞു. കടലിന്റെ മനോഹര കാഴ്ച കണ്ട്, കടല്‍കാറ്റേറ്റ് ക്ലാസിലിരിക്കാന്‍ ഏത് കുട്ടിയാണ് കൊതിക്കാതിരിക്കുക?

സ്‌കൂളിന് തൊട്ട് കാണുന്ന കൂറ്റന്‍ മതില്‍ക്കെട്ടിനുള്ളിലെ ഒറ്റയും ഇരട്ടയും നിലയിലുള്ള ചിതറിക്കിടക്കുന്ന ഭംഗിയുള്ള കെട്ടിടങ്ങളും നീന്തല്‍ക്കുളങ്ങളും കൊളംബോ സ്വിമ്മിംഗ് ക്ലബ്ബിന്റെ വകയാണ്. ഭംഗിയും ഗാംഭീര്യവുമുള്ള ക്രീം നിറമുള്ള ഇരുനില കൊളോണിയല്‍ കെട്ടിടം കാഴ്ചയില്‍ വേറിട്ട് നിന്നു.

തൊള്ളായിരത്തി മുപ്പതുകളുടെ ആരംഭത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് ഒത്തു ചേരാന്‍ തുടങ്ങിയതാണീ ക്ലബ്ബ്. ഇന്നത് ഒന്നില്‍ കൂടുതല്‍ നീന്തല്‍ക്കുളങ്ങള്‍, ജിംനേഷ്യം, മറ്റ് കായിക ഇനങ്ങള്‍, വായനശാല, ബാര്‍, താമസയിടങ്ങള്‍ എന്നിവയൊക്കെയുള്‍പ്പെട്ട ഒരു ഉന്നതശ്രേണിയിലുള്ള ക്ലബ്ബ് ആയിത്തീര്‍ന്നിരിക്കുന്നു. ശ്രീലങ്കന്‍ രൂപയില്‍ ലക്ഷങ്ങളാണ് അവിടുത്തെ അംഗത്വ ഫീസ്.

ക്ലബ്ബ് കഴിഞ്ഞാല്‍ കാണുന്ന കൂറ്റന്‍ മതില്‍ക്കെട്ടിലെ രണ്ട് നിലക്കെട്ടിടം അമേരിക്കന്‍ എംബസിയാണ്. ഞങ്ങള്‍ നടത്തത്തിന്റെ തുടക്കത്തില്‍ കണ്ടത് അമേരിക്കന്‍ സംസ്‌കാരിക നിലയമായിരുന്നു. അഞ്ഞൂറ് കൊല്ലം മാത്രമുള്ള കാലയളവിലെ സംസ്‌കാര പ്രദര്‍ശനത്തിന് മറ്റൊരു രാജ്യത്ത് സെന്റര്‍ സ്ഥാപിക്കുന്ന അമേരിക്കയുടെ രീതി ഇന്ത്യയെ പോലെ എത്രയോ സഹസ്രാബ്ദങ്ങളുടെ സംസ്‌കാരം പേറുന്ന രാജ്യങ്ങള്‍ കണ്ടു പഠിക്കേണ്ടതാണ്.

എംബസിക്ക് മുമ്പില്‍ വലിയ സുരക്ഷാ വലയം തീര്‍ത്തു കൊണ്ട് പട്ടാള വണ്ടികള്‍ നിരത്തിയിട്ടിരിക്കുന്നു. പല നിരകളായുള്ള ബാരിക്കേഡുകള്‍ കടന്നേ അകത്തേക്ക് പ്രവേശിക്കാന്‍ വണ്ടികള്‍ക്കോ ആളുകള്‍ക്കോ പറ്റൂ. രണ്ടായിരത്തൊന്നിലെ ഇരട്ട ഗോപുരങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണം ഇവിടെയും സുരക്ഷിത പരിശോധന കര്‍ക്കശമാക്കാന്‍ കാരണമായി.

ആ നിരയില്‍ അവസാനം കണ്ട വലിയ കെട്ടിട സമുച്ചയം മെത്തഡിസ്റ്റ് കോളജ് എന്ന പേരില്‍ പ്രശസ്തമായ പെണ്‍കുട്ടികളുടെ വിദ്യാലയമാണ്. പ്രൊട്ടസ്റ്റന്റ് മതവിശ്വാസികളുടെ ഈ പള്ളിക്കൂടത്തില്‍ രണ്ടായിരത്തോളം കുട്ടികള്‍ പഠിക്കുന്നു. ലോകരാജ്യങ്ങളിലെങ്ങും ഇക്കൂട്ടരുടെ വിദ്യാലയങ്ങള്‍ പ്രശംസനീയമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അതിനോട് ചേര്‍ന്ന് മെത്തഡിസ്റ്റ് പള്ളിയുമുണ്ട്. 'കൊള്ളുപിടിയ' എന്ന പേരില്‍ ഉന്നത ശ്രേണിയിലുള്ള ഈ നഗരഭാഗത്തില്‍ വീടുകള്‍ക്കും അപ്പാര്‍ട്ട് മെന്റുകള്‍ക്കും പൊന്നും വിലയാണ്. എറണാകുളത്തെ പനമ്പിള്ളി നഗറോ ഷണ്‍മുഖം റോഡോ പോലെ ഉയര്‍ന്ന വരുമാനക്കാര്‍ക്ക് മാത്രം പ്രാപ്യം. വാണിജ്യപരമായും വലിയ പ്രാധാന്യവുമുള്ള ഇവിടെയാണ് കൊളംബോയിലെ ഏറ്റവും മുന്തിയ ഭോജന ശാലകളുള്ളത്. ഇവിടുത്തെ പേരു കേട്ട ചന്ത ഉപ്പു തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ക്ക് ജനങ്ങള്‍ ആശ്രയിക്കുന്ന ഒന്നാണ്. കൂടാതെ യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്ത ഭക്ഷണ സാധനങ്ങള്‍ കിട്ടുന്നതിനാല്‍ വെളുത്ത വര്‍ഗക്കാര്‍ ധാരാളം തെരുവിലൂടെ നടക്കുന്നുണ്ട്. ദിവസനേയുള്ള വാങ്ങല്‍ നടത്താനായി നാട്ടുകാരും അവിടെയൊക്കെ നിറഞ്ഞു നടക്കുന്നുണ്ട്. ഭൂരിപക്ഷം കടകളും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവയാണ്.

നാഷനല്‍ മ്യൂസിയം എന്ന ശ്രീലങ്കയിലെ ഏറ്റവും വലിയ പ്രദര്‍ശനാലയം ഇവിടെയാണുള്ളത്. 1877 ല്‍ സര്‍ ഹെന്റി എന്ന ബ്രിട്ടീഷ് ഗവര്‍ണര്‍ സ്ഥാപിച്ച ഇവിടെ രണ്ടായിരത്തഞ്ഞൂറ് കൊല്ലത്തെ ശ്രീലങ്കയുടെ ചരിത്രം ആലേഖനം ചെയ്തിരിക്കുന്നു. പ്രവര്‍ത്തന സമയം കഴിഞ്ഞത് കൊണ്ട് ഞങ്ങള്‍ക്ക് ഉള്ളില്‍ക്കയറാന്‍ കഴിഞ്ഞില്ല.

ഇനി തിരിച്ച് നടക്കാന്‍ തീരുമാനിച്ചപ്പോള്‍ ജെ എതിര്‍ത്തു. നടന്ന് മതിയായി ഒരു കാര്‍ വിളിയ്ക്കാം എന്നു പറഞ്ഞു. 'അമ്പത് വയസില്‍ കിളവനായോ' എന്ന് ചോദിച്ച് ഞാന്‍ അയാളെ പ്രകോപിപ്പിച്ചു. തര്‍ക്കത്തിനൊടുവില്‍ ഗാള്‍ ഫേസിലെ 'വരാന്ത' ബാറില്‍ നിന്ന് സ്‌കോച്ച് മേടിച്ചു കൊടുക്കാമെന്ന ഓഫറില്‍ ആള്‍ മെരുങ്ങി. ഞാന്‍ റോഡ് ക്രോസ് ചെയ്ത് മടക്ക നടത്തം തുടങ്ങി.ആദ്യം ശ്രദ്ധിച്ചത് ഒരു പടകൂറ്റന്‍ മതില്‍ക്കെട്ടിനകത്ത് നിറയെ മരങ്ങളും അതിനിടയില്‍ ഓടിട്ട കൂറ്റന്‍ വീടുമാണ്. ഗേറ്റില്‍ രണ്ട് ഗണ്‍മെന്‍ നില്‍ക്കുന്നു. ടെമ്പിള്‍ ട്രീസ് എന്ന ബോര്‍ഡിന് കീഴെ പ്രധാനമന്ത്രിയുടെ വാസസ്ഥലം എഴുതിയിട്ടുണ്ട്. ഞാന്‍ ഒന്ന് പകച്ചു.
നാല് കൊല്ലം മുമ്പ് പ്രസിഡന്റിന്റെ വീടിന് സമീപത്ത് കൂടി രാത്രി നടന്ന് പോയ എന്നെയും സഹപ്രവര്‍ത്തകന്‍ പ്രസാദ് പാട്ടീലിനെയും പട്ടാളം തോക്കുമായി വളഞ്ഞ കാര്യം മനസില്‍ വന്നു! ഭീതിയുടെ നിഴലിലായ ഞാന്‍ അതിവേഗത്തില്‍ നടന്നു അവിടം കടന്നത് ജെ യ്ക്ക് ഇഷ്ടമായില്ല. നടക്കാനല്‍പ്പം പുറകിലായ അയാള്‍ ഒരു വിധത്തില്‍ എന്റെ ഒപ്പമെത്തി കാര്യമാരാഞ്ഞു. ഞാന്‍ ഉണ്ടായ അനുഭവം പറഞ്ഞു കൊടുത്തു. വേഗം നടക്കാന്‍ മടിച്ച അയാള്‍ ചെറുതായി ഓടാന്‍ തുടങ്ങിയെന്ന് പറഞ്ഞാല്‍ മതിയല്ലോ!

വഴിയോരത്തെ അംബരചുംബികളും വാസസ്ഥലങ്ങളും കടന്ന് ഞങ്ങള്‍ നടന്നു കൊണ്ടിരുന്നു.

അന്ന് സെന്റ് ആന്‍ഡ്രൂ പള്ളി കഴിഞ്ഞ് തുറസ്സായിക്കിടന്ന ഒരു വലിയ മൈതാനം കൊളംബോ അവസാനം സന്ദര്‍ശിച്ച സമയം മനോഹരമായ ഗാള്‍ഫേസ് ഫോറസ്റ്റ് പാര്‍ക്കായി മാറിയിരുന്നു. ഏതൊരു വികസിത രാജ്യത്തിലെയും ഉദ്യാനങ്ങളോട് കിടപിടിക്കുന്ന ഒരു മനോഹര നിര്‍മ്മിതി.

അവിടെ നിന്ന് കാണുന്ന കൂറ്റന്‍ കെട്ടിടങ്ങള്‍ ആര്‍മിയുടെ ഹെഡ്ക്വാര്‍ട്ടറും ആഭ്യന്തര മന്ത്രാലയവും ചേര്‍ന്ന സമുച്ചയമാണ്. ഒരു വശം കടലും മറ്റു രണ്ട് വശവും ബേര തടാകവും.
കരമാര്‍ഗം ഈ മുന്നില്‍ കാണുന്ന വഴി മാത്രമേയുള്ളൂ. ആര്‍മി അതീവ സുരക്ഷയുള്ള ഇടം തിരഞ്ഞെടുത്തിരിക്കുകയാണ്.

നീണ്ട നടത്തം മതിയാക്കി ടാര്‍ റോഡ് കുറുകെ മുറിച്ചു കടന്ന് ഞങ്ങള്‍ ഗാള്‍ ഫേസ് ഹോട്ടലിലേക്ക് നടന്നു. ഹോട്ടലിന്റെ വിശാലമായ മുറ്റത്ത് സ്‌പോര്‍ട്ട്‌സ് കാറുകളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. അക്കൂട്ടത്തില്‍ ഫെറാരിയുടെ ഏറ്റവും പുതിയ എ 430 പിന്നെ പോഷെ 911 കൂടാതെ ഒരു മസറട്ടി MC 12 !!! കൊളംബോയിലെ സമ്പന്നര്‍ ശരിക്കും ജീവിതം ആസ്വദിക്കുന്നവരാണെന്ന് മനസ്സിലായി.



കിടിലന്‍ കാറുകള്‍ അവയ്ക്കടുത്തു പോയി നിന്ന് മനം കുളിര്‍ക്കേ കണ്ടു. കേരളത്തില്‍ അന്നൊന്നും ഇത്തരം കാറുകള്‍ അടുത്ത് കാണാന്‍ വഴിയില്ലായിരുന്നു. ഇതൊക്കെ നമ്മള്‍ ഏത് വഴിയിലൂടെയോടിക്കും? മണിക്കൂറില്‍ എഴുപത് കിലോമീറ്ററാണ് അന്ന് കേരള ഹൈവേയിലെ കൂടിയ അനുവദനീയ വേഗത!

ഹോട്ടലിന്റെ പ്രൗഢമായ പടിക്കെട്ടുകള്‍ കയറിച്ചെല്ലുമ്പോള്‍ വലിയ വാതിലിനരികില്‍ നമ്മുടെ കെ.സി. കുട്ടന്‍ കൈ കൂപ്പി നില്‍പ്പുണ്ട്. ഇരു നിറത്തില്‍ ഒരു കൃശഗാത്രന്‍. വെളുത്ത നീണ്ട കൈയുള്ള ബട്‌ലര്‍ കോട്ടും വെളുത്ത പാന്റും തിളങ്ങുന്ന കറുത്ത ഷൂസും ധരിച്ചിരിക്കുന്നു. വീതിയേറിയ നെറ്റിയും പുറകിലേക്ക് ചീകി വെച്ച വെഞ്ചാമരം പോലെയുള്ള മുടിയും നരച്ച വലിയ കൊമ്പന്‍ മീശയും മുഖത്തിന് ഗൗരവം നല്‍കുന്നു. കോട്ടില്‍ നെഞ്ചിന്റെ ഭാഗം നിറഞ്ഞിരിക്കുന്നത് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള ബാഡ്ജുകളാലാണ്.

ഞങ്ങളെയും അദ്ദേഹം കൈകൂപ്പി സ്വീകരിച്ചു.കേരളത്തില്‍ നിന്നാണ് അഞ്ച് മിനിട്ട് സംസാരിക്കാമോ എന്ന് മലയാളത്തില്‍ ചോദിച്ചതിന് സ്‌നേഹവും അത്ഭുതവും കലര്‍ന്ന ഒരു മന്ദഹാസമായിരുന്നു മറുപടി. ഡ്യൂട്ടി കഴിഞ്ഞിട്ട് മതിയെന്നു ഞാന്‍ പറഞ്ഞു. രാത്രി പത്ത് മണി വരെയാണ് ഇന്ന് ജോലിയെന്ന് പറയുമ്പോഴും അദ്ദേഹം സന്ദര്‍ശകരെ നോക്കി കൈകൂപ്പി ആയു ബൊവന്‍ പറഞ്ഞു കൊണ്ടിരുന്നു. വരുന്നവരില്‍ മിക്കവരും അദ്ദേഹത്തെ കാര്യമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

അല്‍പ്പസമയം ചിലവഴിക്കാന്‍ ഞങ്ങള്‍ കടലിന് അഭിമുഖമായുള്ള 'വരാന്ത' യിലേക്ക് നടന്നു.

തുടരും...


Abhay Kumar
Abhay Kumar  

ട്രയം മാര്‍ക്കറ്റിംഗ് ആന്‍ഡ് കണ്‍സള്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്ററാണ് പി കെ അഭയ് കുമാര്‍. ഇ മെയ്ല്‍: abhay@triumindia.in

Related Articles
Next Story
Videos
Share it