ലങ്കയിലെ കടലും കായലും ആ ഇടിവെട്ട് വാർത്തയും!

എയർപോർട്ടിൽക്കണ്ട ഒരു മണി എക്സ്ചേഞ്ച് കൗണ്ടറിൽ കയറി അയ്യായിരം ഇന്ത്യൻ രൂപ കൊടുത്തപ്പോൾ പതിനായിരം ശ്രീലങ്കൻ രൂപ കിട്ടി! കുറച്ചു രാജ്യങ്ങളേ ഇങ്ങനെ നമ്മുടെ രൂപയ്ക്ക് അവരുടെ കറൻസി കൂടുതൽ തരൂ. പക്ഷെ നമുക്ക് വലിയഗുണമൊന്നുമില്ല. സാധനങ്ങൾക്ക് വിലയും നാട്ടിലേക്കാൾ കൂടുതലായിട്ടാണ് എനിക്ക് തോന്നിയത്. കയറ്റുമതി കൂട്ടാൻ ഡോളറുമായുള്ള വിനിമയ നിരക്ക് കുറച്ചതിന്റെ(Devaluation of currency) ഫലം തന്നെയായിരിക്കണം.

ടൊയോട്ടയുടെ ഒരു വലിയ വാനുമായാണ് ഡ്രൈവർ ഡിസിൽവ തിരിച്ചെത്തിയത്. അയാളും ഞങ്ങളും ചേർന്ന് ഞങ്ങളുടെ പെട്ടികൾ എടുത്ത് വണ്ടിയിൽ കയറ്റി. ഉള്ളിൽ നിറയെ ഇടമുള്ള ഒരു വാഹനമാണ് ടൊയോട്ട ഹൈ ഏസ് വാൻ. ലഗ്ഗേജ് വെയ്ക്കാനും ഞങ്ങൾക്ക് എല്ലാവർക്കും സുഖമായിരിക്കാനും സ്ഥലമുണ്ട്. വലിയ ഡോറുകൾ വശങ്ങളിലേക്ക് തള്ളിത്തുറക്കാവുന്നവയാണ്. എത്ര വണ്ണമുള്ള ആൾക്കും സുഖമായി കയറിയിറങ്ങാം. നമ്മുടെ നാട്ടിൽ കാണാത്ത തരം ഉപയോഗയോഗ്യത(utility)യുള്ള ഒരു വണ്ടി. കയറിയതും കടുത്ത ഉഷ്ണത്തിൽ നിന്ന് രക്ഷപെടാൻ ഫാൻ ഫുൾ ബ്ലോയിൽ ഇടാൻ പറഞ്ഞു. എല്ലായിടത്തും എ. സി വെന്റുകളുളളത് കൊണ്ട് അകം പെട്ടെന്ന് തണുത്തു. ഇത്തരം വണ്ടികൾ വികസിത രാജ്യങ്ങളിൽ നിന്ന് കുറച്ചു കാലം ഉപയോഗിച്ചവ ഇറക്കുമതി ചെയ്ത് എഞ്ചിൻ റീ കണ്ടീഷൻ ചെയ്തെടുക്കുന്നതാണെന്ന് ഡിസിൽവ പറഞ്ഞു. പുതിയ വണ്ടിയുടെ വിലയുടെ നാലിലൊന്നേ വരുകയുള്ളൂ. വണ്ടിയുടെ അകവും പുറവും കണ്ടാൽ ഒരു പ്രശ്നവുമില്ല. ടൊയോട്ടയുടെ ഗുണം എത്ര ലക്ഷം കിലോമീറ്റർ ഓടിയാലും എഞ്ചിൻ ഉപയോഗയോഗ്യവും സ്മൂത്തുമായിരിക്കും എന്നതാണ്. പരിപാലന ചെലവ് സാധാരണക്കാരന് താങ്ങാവുന്നതാണ് താനും. വെറുതെയല്ല ടൊയോട്ട നൂറ്റിയെഴുപത് രാജ്യങ്ങളിൽ എഴുപത് കൊല്ലമായി ജൈത്രയാത്ര നടത്തുന്നത്.ഞാൻ ആദ്യം കൊളംബോയിൽ വന്ന തവണ റോഡിലൂടെ നടക്കുമ്പോൾ അവിടത്തെ വാഹനങ്ങളുടെ വൈവിധ്യം കണ്ടമ്പരന്ന് നിന്നിട്ടുണ്ട്. കാറുകളുടെ പുറം മോടി കണ്ട് പോരാഞ്ഞിട്ട് കിടിലൻ ഇന്റീരിയർ കാണാൻ ചില്ലിൽ കണ്ണമർത്തി നോക്കിയിട്ടുണ്ട്. ലോക പ്രശസ്തമായ കാറുകൾ നമ്മുടെ നാട്ടിൽ ഓട്ടോ റിക്ഷകൾ കിടക്കുന്നത് പോലെ മിനുത്ത ടാർ റോഡിൽ നിരന്ന് കിടന്നിരുന്നു. അത്രയൊന്നും സമ്പന്നമല്ലാത്ത ഇവിടെയെങ്ങനെയിങ്ങനെ എന്ന് അത്ഭുതം കൂറിയിട്ടുണ്ട്.മുന്തിയ ബ്രാന്റ് വണ്ടികൾ അവിടെ കണ്ടതിന്റെ രഹസ്യമൊരു പക്ഷെ റീ കണ്ടീഷന്റ് കാറുകളായിരിക്കാം.
വിമാനത്താവളമിരിക്കുന്ന കടുനായകെയിൽ നിന്ന് കൊളംബോയിലെ ഹോട്ടലിലേക്ക് ഏകദേശം നാൽപ്പത് കിലോമീറ്റർ വരും. കഷ്ടി ഒരു മണിക്കൂർ കൊണ്ടെത്താം. എയർപോർട്ടിൽ നിന്ന് ഇറങ്ങുന്ന വഴിയിൽത്തന്നെ താജ് ഗാർഡൻ ഹോട്ടൽ കണ്ടു. പേരന്വർത്ഥമാക്കുന്നത് പോലെ മതിൽ കെട്ട് നിറഞ്ഞ് നിൽക്കുന്ന വൃക്ഷങ്ങളും ചെടികളും തന്നെയാണ് മുമ്പ് രണ്ട് തവണയും അതിലേ പോകുമ്പോൾ ശ്രദ്ധിച്ചത്. വാൻ മുന്നോട്ടോടുമ്പോൾ വഴിയുടെ ഇരുവശവും മരങ്ങളും ചെടികളും നിരയിട്ട് നിൽക്കുന്ന കറുത്ത മിനുത്ത ടാർ റോഡ് നീണ്ട് നിവർന്ന് കിടക്കുന്നു. പച്ചപ്പും പരിസരത്തിന്റെ വൃത്തിയുമാണ് പ്രധാനമായും ഞാൻ ശ്രദ്ധിച്ചത്. ഞങ്ങളുടെ സാരഥി ശ്രദ്ധയോടെ വണ്ടിയോടിക്കുകയാണ്. മേൽക്കൂര ഓടിട്ട കെട്ടിടങ്ങൾ ധാരാളം കണ്ടു. അവയിൽ വാണിജ്യ സ്ഥാപനങ്ങൾ ഇരിക്കുന്നവയും ധാരാളമുണ്ട്. വളരെ ശാന്തമായ വണ്ടിയോടിക്കലാണ് ഡിസിൽവയുടേത്. ഗിയർ മാറ്റവും ബ്രേക്ക് ചവിട്ടും വളരെക്കുറവ്. ഹോൺ ഏറെ നേരം തൊട്ടത് പോലുമില്ല. എന്തായാലും കൊളംബോ നഗരത്തോടടുക്കുമ്പോൾ തിരക്കനുഭവപ്പെട്ടു തുടങ്ങി. പുറത്ത് വെയിൽ കത്തിജ്വലിക്കുന്നത് കണ്ടു. ഹോട്ടൽ ട്രാൻസ് ഏഷ്യയിലേക്ക് പോകുന്ന വഴി ഞങ്ങളുടെ കാർപ്പന്റർ രാജുവിന് ബുക്ക് ചെയ്തിരുന്ന ഹോം സ്റ്റേയിൽ ഇറങ്ങി. ഒരു നല്ല വീടിന്റെ ഭാഗമായ നല്ല വൃത്തിയുള്ള മുറി ഭക്ഷണമടക്കം താങ്ങാവുന്ന വാടകയ്ക്ക് കിട്ടിയത് ട്രാവൽ ഏജൻസി വഴിയാണ്. അയാളോട് കുറച്ചു നേരം വിശ്രമിക്കാൻ പറഞ്ഞ് ഞങ്ങൾ ഇറങ്ങി.

അവിടെ നിന്ന് പതിനഞ്ചു മിനിട്ടിൽ ഞങ്ങൾ ബുക്ക് ചെയ്ത ഹോട്ടലിലെത്തി. ഒരു പടുകൂറ്റൻ ഹോട്ടലാണ് ട്രാൻസ് ഏഷ്യ. പഴയ പേര് ലങ്ക ഒബ്റോയ് എന്നായിരുന്നു. ആഭ്യന്തര യുദ്ധം കാരണം ബിസിനസ് കുറഞ്ഞപ്പോൾ മറ്റൊരു ഗ്രൂപ്പ് ഏറ്റെടുത്തതാണ്. മൂന്നറ്റമ്പതോളം മുറികളുള്ള ഹോട്ടൽ ആഡംബര പൂർണ്ണമാണ്. എന്നാൽ അന്ന് കേരളത്തിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിന്റെ പകുതി നിരക്കിനാണ് ഞങ്ങൾ ബുക്ക് ചെയ്തത് !അതി ഗംഭീരമാണ് ഹോട്ടൽ ലോബി. മൂന്ന് നിലയെങ്കിലും ഉയരത്തിലുള്ള സീലിംഗിൽ നിന്ന് ഭീമൻ ക്രിസ്റ്റൽ തൂക്കുവിളക്കുകൾ ഞാന്നുകിടക്കുന്നു.എനിക്കും ജെ ക്കും ഏറ്റവും മുകൾ നിലയിൽ തടാകത്തിന് അഭിമുഖമായ മുറികളാണ് തന്നത്. മുറിയിൽ നിന്ന് നോക്കിയപ്പോൾ ബേര തടാകത്തിന്റെയും ഇന്ത്യൻ മഹാസമുദ്രത്തിന്റെയും സമ്പൂർണ്ണക്കാഴ്ച കണ്ട് ശ്വാസം നിന്നു പോയി! അൽപനേരം സുഖകരമായ കാറ്റേറ്റ് ബാൽക്കണിയിൽ നിന്നു. ഏതാണ്ട് ഇംഗ്ലീഷ് അക്ഷരം സി പോലെയാണ് ഹോട്ടലിന്റെ ആകൃതി. സിയുടെ തുറന്ന ഭാഗത്തുള്ള എല്ലാ മുറികളിൽ നിന്നും കായൽക്കടൽ കാഴ്ച കിട്ടും. കെട്ടിടത്തിന് ചുറ്റും ഉദ്യാനത്തിന്റെ പച്ചപ്പ്. ഒത്ത നടുവിൽ വലിയ നീന്തൽക്കുളം കാണാം. തിടുക്കത്തിൽ ഒരു കുളി കഴിഞ്ഞ് ഉടുപ്പ് മാറി ലോബിയിലെത്തി. ചെറിയ തോതിൽ ഉച്ചഭക്ഷണം കഴിച്ച് വേഗം പണി തുടങ്ങണം. പോക്കറ്റിൽ എപ്പോഴുമുള്ള ചെറിയ ഡയറിയിൽ ചെയ്യേണ്ട കാര്യങ്ങൾ എഴുതി വെച്ചു. ആദ്യം കാർപ്പെന്റർ രാജുവിനെയും ആർക്കിട്ടെക്റ്റ് ദമ്പതികളെയും പ്രദർശന ഹാളായ SLECC അഥവാ ശ്രീലങ്ക എക്സിബിഷൻ ആന്റ് കൺവൻഷൻ സെന്ററിലെത്തിക്കണം. അവർ അവിടെ സ്റ്റാളിന്റെ പ്ലാൻ വരച്ച് പണി തുടങ്ങുമ്പോൾ ഞാനും ജെയും പോർട്ടിലെത്തി കണ്ടയിനറിലെ സാധനങ്ങൾ ക്ലിയർ ചെയ്ത് ഹാളിൽ എത്തിക്കണം. പകലും രാത്രിയും കൊണ്ട് പണി തീർത്ത് പ്രദർശന യോഗ്യമാക്കണം. അതിനിടക്ക് ശ്രീലങ്കയിലെ ആർകിടെക്ടുകളുടെ സംഘടനയായ SLIA യുടെ ഓഫീസിൽ പോയി സെക്രട്ടറി വഴി അച്ചടിച്ച ക്ഷണപത്രം കൊടുക്കണം. സ്റ്റാളിൽ വയ്ക്കാൻ കുറച്ച് എണ്ണം പോസ്റ്ററോ ബാനറോ തയ്യാറാക്കണം. പണി കുറച്ചൊന്നുമല്ല ചെയ്യാനുള്ളത്. സ്ഥലവും ആർക്കും പരിചയമില്ല. ഞാൻ മാത്രമേ മുമ്പ് ഇവിടെ വന്നിട്ടുള്ളു. റേഡിയോ ടാക്സി എന്ന സേവനം അക്കാലത്ത് കൊളംബോയിൽ ഉണ്ട്. മൊബൈൽ ഫോൺ വഴി കാർ വിളിക്കാം. ഇന്നത്തെ ഊബറിന്റെ മുൻഗാമി. ഒരു ഫാൻസി നമ്പറിലേക്ക് നമ്മൾ നേരിട്ട് വിളിക്കുകയാണ്. പത്ത് മിനിട്ടിൽ കാർ വന്നു ഞങ്ങൾ നാല് പേരും കയറി രാജുവിന്റെ അടുത്ത് പോയി. വലിയ കാറായത് കൊണ്ട് അയാളെയും കൂടി കയറ്റി ഹാളിലേക്ക് വിട്ടു. അവിടെയെത്തിയപ്പോൾ കുറച്ച് സമാധാനമായി. ആദ്യ ദിവസമായത് കൊണ്ട് പകുതിയോളം സ്റ്റാളുകളുടെ പണി നടത്തിക്കൊണ്ടിരിക്കുന്നതേയുള്ളു. ഞങ്ങൾ അത്ര പുറകിലല്ല എന്ന് തോന്നി.

സ്റ്റാളിന്റെ സ്കെച്ചുണ്ടാക്കി രാജു പണിതുടങ്ങിയപ്പോൾ ഞാൻ ജെയുമായി പുറത്തിറങ്ങി. കണ്ടയിനർ ക്ലിയർ ചെയ്ത് തരേണ്ട ഏജൻസിയുടെ ഓഫീസിൽ എത്തി. സംഘാടകരുടെ പേരിൽ അവരാവശ്യപ്പെട്ട പ്രകാരം അവരുടെ പേരിലാണ് അതയച്ചിരിക്കുന്നത്. ക്ലീയറിങ് ഏജന്റിന്റെ മാനേജർ ഞങ്ങളുടെ കയ്യിലുള്ള ചരക്കയച്ച രേഖ പരിശോധിച്ചിട്ട് കമ്പ്യൂട്ടറിലെ രേഖയുമായി ഒത്തുനോക്കി ഞങ്ങളെ വിഷമത്തോടെ ഒന്ന് നോക്കി "നിങ്ങൾ ഇത് ക്ലിയർ ചെയ്തെടുക്കാൻ ബുദ്ധിമുട്ടുമല്ലോ? ഈ കമ്പനിയുടെ ടിൻ നമ്പർ തൽക്കാലത്തേക്ക് സസ്‌പെൻഡഡാണ്" ഞങ്ങൾ ഒരു മിനിട്ട് ഇടിവെട്ട് കൊണ്ട പോലെ ഇരുന്നു! പ്ലെയിനിലെ ഓഫ് ലോഡിങ്ങ് കഴിഞ്ഞ് ഒരു ദിവസം വൈകിയെത്തിയപ്പോൾ കേൾക്കുന്ന വാർത്ത കൊള്ളാം ! ഞങ്ങളുടെ വിലപ്പെട്ട സമയം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. ഇനിയെന്താണ് മുന്നിലുള്ള മാർഗം? ശ്രീലങ്കൻ കസ്റ്റംസ് ഡയറക്ടർ ജനറലിന് മാത്രമേ എന്തെങ്കിലും ചെയ്യാൻ പറ്റൂ. നമ്മുടെ കസ്റ്റംസ് കമ്മീഷണർക്ക് തുല്യം. അദ്ദേഹത്തെ പോയിക്കാണാൻ പറഞ്ഞ് അയാൾ ഞങ്ങളെ യാത്രയാക്കി.
തുടരും...

Abhay Kumar
Abhay Kumar  

ട്രയം മാര്‍ക്കറ്റിംഗ് ആന്‍ഡ് കണ്‍സള്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്ററാണ് പി കെ അഭയ് കുമാര്‍. ഇ മെയ്ല്‍: abhay@triumindia.in

Related Articles

Next Story

Videos

Share it