കുമരകവും കല്‍വിളക്കും വ്യാജ സിനിമാ ഡിവിഡികളും!

ലൂവ്‌റിലെ കലാശേഖരം പലതായി തിരിക്കാം. ആകെ 3,80,000 കലാസൃഷ്ടികളുണ്ട്. അതില്‍ 35,000 എണ്ണമേ പ്രദര്‍ശനത്തിന് വെച്ചിട്ടുള്ളൂ എന്നും ഓര്‍ക്കണം. അപ്പോള്‍ മുഴുവന്‍ നിരത്തിയിരുന്നെങ്കിലുള്ള സ്ഥിതിയോ?
കണ്ടു തീരാന്‍ വര്‍ഷങ്ങളെടുത്തേനെ!

പ്രധാനമായി പെയിന്റിംഗ്‌സ്, ശില്‍പ്പങ്ങള്‍, പിന്നെ ഗ്രീക്ക്, റോമന്‍, ഈജിപ്ഷ്യന്‍, ഇസ്ലാമിക്, പൗരസ്ത്യം എന്നിങ്ങനെ തീം അടിസ്ഥാനമാക്കിയുള്ളവയാണ് പ്രദര്‍ശന വസ്തുക്കള്‍.
പെയിന്റിംഗ്‌സ് മാത്രം 7500ത്തില്‍പ്പരം വരും. റാഫേല്‍, മൈക്കലാഞ്ചലോ, ഡാവിഞ്ചി തുടങ്ങിയ വിശ്വപ്രസിദ്ധരോടൊപ്പം നമുക്കത്രയൊന്നും അറിയാത്ത റിഗോഡ്, ജാക്ക് ലൂയി ഡേവിഡ്, ഗെരിക്കള്‍ട്ട്, യൂജിന്‍, ലാ നെയിന്‍, ഫ്രഗോനാര്‍ഡ് എന്നിങ്ങനെ പോവും.
ദ റാഫ്റ്റ് ഓഫ് ദ മെഡൂസ, തകരുന്ന പായ്ക്കപ്പലില്‍ സഹായത്തിനായി കേഴുന്ന യാത്രികരെ ചിത്രീകരിച്ചിരിക്കുന്ന ഒരു ഗംഭീര വര്‍ണ്ണചിത്രമാണ്. കാനായിലെ കല്യാണം ബൈബിളിലെ ഒരു കഥയെ ആസ്പദമാക്കി ചിത്രകാരന്‍ വെറോണിസ് വരച്ചതാണ്. ഇതൊക്കെ 25 - 30 അടിയൊക്കെ നീളവും വീതിയുമുള്ള, നമ്മുടെ പലയിരട്ടി വലിപ്പമുള്ളവയാണ്. ചിത്രങ്ങളില്‍ ആലേഖനം ചെയ്തിരിക്കുന്ന മനുഷ്യരുടെ മുഖഭാവങ്ങള്‍ ഗംഭീരം. നൂറുകണക്കിന് മനുഷ്യരുടെ മുഖഭാവമോരോന്നും വ്യത്യസ്ഥം!

മറ്റൊരു നല്ല ചിത്രമാണ് ജാക് ലൂയി ഡേവിഡിന്റെ 'നെപ്പോളിയന്റെ കിരീടധാരണം'
അതുപോലെ പ്രശസ്തമായ ഒന്നാണ് 'സ്വാതന്ത്ര്യം ജനങ്ങളെ നയിക്കുന്നു' എന്ന യൂജിന്റെ ചിത്രം. നഗ്‌നമായ മാറിടത്തോടെ കൊടി പിടിച്ചു ജനങ്ങളെ മുമ്പ നടന്ന് നയിക്കുന്ന സ്ത്രീയാണ് ഇതിലെ സ്വാതന്ത്ര്യത്തിന്റെ അടയാളം.

അതു പോലെ തന്നെ വൈവിധ്യമാര്‍ന്ന ശില്‍പ്പങ്ങളുടെ ഒരു സംഭ്രമിപ്പിക്കുന്ന നിരയുമുണ്ട്.
വീനസ് ദെ മൈലോ, വിംഗ്ഡ് വിക്ടറി ഓഫ് സമോത്രേസ്, സൈക്കി റിവൈവ്ഡ് ബൈ ക്യൂപ്പിഡ്‌സ് കിസ്, സീറ്റഡ് സ്‌െ്രെകബ്, ഡൈയിങ് സ്ലേവ്
തുടങ്ങിയ ഉദാത്ത ശില്‍പ്പങ്ങള്‍ കണ്ണിനെയും മനസ്സിനെയും ആനന്ദിപ്പിക്കും. ഹൃദയത്തെ തരളമാക്കും. പ്രദര്‍ശന വസ്തുക്കളുടെ വൈവിധ്യമാണ് ലൂവ്‌റിന്റെ സവിശേഷത. എഴുതാന്‍ തുടങ്ങിയാല്‍ നിര്‍ത്താന്‍ പറ്റില്ല. കാഴ്ച്ചകള്‍ കണ്ടു കണ്ട്
മത്ത് പിടിച്ച പോലെയായി. ഞാന്‍ ആരാണ്, എന്താണ്, എവിടെയാണ് എന്നൊക്കെ വിട്ടു പോയി.
സ്വപ്നത്തിലെന്ന പോലെ നടന്നു കണ്ടു തുടങ്ങിയപ്പോള്‍ പ്രശാന്ത് കൂടെയുള്ളതും മറന്നു പോയി!
ചരിത്രാതീത ലോകത്ത് കൂടിയുള്ള സഞ്ചാരം വിശപ്പ് പോലും അറിയാതാക്കി. എനിക്ക് ലൂവ്‌റിനു പുറത്തിറങ്ങാന്‍ തോന്നിയില്ല.
പ്രാതല്‍ കഴിഞ്ഞ് കാര്യമായി ഒന്നും കഴിച്ചിട്ടില്ല. ഒരു കാപ്പിയോ മറ്റോ കുടിച്ചു കാണും.

ഒടുവില്‍ വൈകുന്നേരമായി. ലൂവ്‌റി്ല്‍ നിന്ന് ഉടന്‍ ഇറങ്ങാതെ പറ്റില്ല.
എന്നാലെ വൈകുന്നേരം ക്രൂയ്സ് പോവാന്‍ പറ്റു. അത് ഒഴിവാക്കാന്‍ പറ്റില്ല. അതാണ് കമ്പനിയുടെ പ്രധാന പരിപാടി. പുറത്തിറങ്ങിയ ഞങ്ങള്‍ തണുപ്പടിച്ച് ചുരുണ്ടു. വേഗം ഒരു ടാക്‌സി കാര്‍ എടുത്തു വന്ന് ഓപ്പറ ഹോട്ടലിന്റെ മുന്നിലെത്തി കഫെയില്‍ കയറി ചിക്കന്‍ പിറ്റ്‌സയും കാപ്പിയും പറഞ്ഞു.
കാത്തിരുന്നു വന്നപ്പോള്‍ നല്ല ആവി പറക്കുന്ന പിറ്റ്‌സ! യാങ്കിയുടെ കട്ടികൂടിയ വട്ടയപ്പം പോലത്തെയല്ല, നല്ല തിന്‍ ക്രസ്റ്റ് സാധനം. ഒരു ദോശ പോലെ നേര്‍ത്ത ബേസിനു മുകളില്‍ നേര്‍ത്ത ചിക്കന്‍ കഷണങ്ങളും ഒലിവും ചീസും കാപ്‌സിക്കവും കെട്ടിമറിയുന്നു. ഒലിവ് ഓയ്്‌ലിന്റെ മനം മയക്കും ഗന്ധം. ഒരു കഷണം പൊട്ടിച്ച് വായില്‍ വെച്ചപ്പോഴേ അത് അലിഞ്ഞു പോയി. വി.കെ.എന്‍ പറഞ്ഞ പോലെ ജീവിതകാലം മുഴുവന്‍ വെണ്ണ തിന്നു വളര്‍ന്ന കോഴിയായിരിക്കും!
ഫ്രാന്‍സിലായതു കൊണ്ട് വെണ്ണയ്ക്ക് പകരം ചീസ് ആയിരിക്കാം കുക്കുടം ഭക്ഷിച്ചത്. എന്തായാലും
അസാധ്യ രുചിയായിരുന്നു. പുറകെ നല്ല കടുപ്പവും സുഗന്ധവുമുള്ള ഉശിരന്‍ കാപ്പിയും. വിശപ്പ് എവിടെയോ പറന്ന് പോയി. പിന്നെ ഒരര മണിക്കൂര്‍, സായിപ്പിന്റെ ഭാഷയിലെ പൂച്ചയുറക്കം.

ഉണര്‍ന്ന് എഴുന്നേറ്റ ഞാന്‍ ചൂടുവെള്ളത്തില്‍ കുളിച്ച് അടുത്ത പരിപാടിക്ക് റെഡിയായി. സൂട്ടൊക്കെയണിഞ്ഞു. ഇഷ്ടമില്ലാത്ത വേഷമാണെങ്കിലും തണുപ്പ് കുറഞ്ഞു എന്ന ആശ്വാസമുണ്ട്.
പ്രശാന്ത് ഇവിടെ വന്നപ്പോള്‍ മുതല്‍ ഫുള്‍ സൂട്ടിലാണ്. കമ്പനിയുടെ ആളായതു കൊണ്ടുള്ള ഗമയായിരിക്കും! പിന്നെയാണ് ഈ വേഷം പ്രശാന്തിനും തണുപ്പില്‍ നിന്ന് രക്ഷ മാത്രമാണെന്ന് പറഞ്ഞത്. സന്ധ്യയായപ്പോള്‍ ഞങ്ങള്‍ കപ്പലില്‍ കയറാന്‍ പുറപ്പെട്ടു. നാലു പേര്‍ ഒരു കാറിലുണ്ട്. ചെറിയ കപ്പലടുക്കുന്നിടത്ത് എത്തിയപ്പോള്‍ പ്രശാന്തിന്റെ ഏഷ്യ പസഫിക് മേധാവി നിധിന്‍ ഗോവിലയെ കണ്ടു. അയാള്‍ സിംഗപ്പൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നു. ഫ്രാന്‍സിലുള്ള ഗ്ലോബല്‍ സി.ഇ.ഒ ആയ ജീന്‍ നോയല്‍ ഓടി വന്നു കൈ തന്നു. പുറകെ മറ്റു ചില വിദേശികളും വന്ന് പരിചയം പുതുക്കി. എനിക്ക് ഇവര്‍ കുറെയധികം പേരെ നല്ല പോലെ അറിയാം.
ഏതാനും മാസം മുമ്പ് പ്രശാന്ത് കമ്പനിയുടെ ഏഷ്യ പസിഫിക് റിവ്യു മീറ്റിംഗ് നടത്താന്‍ പ്രകൃതി സുന്ദരിയായ കുമരകത്തെ നിര്‍ദ്ദേശിച്ചു. ഞങ്ങള്‍ രണ്ടു പേരും ചേര്‍ന്നാണ് കുമരകം ലേക്ക് റിസോര്‍ട്ട് സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തി ബുക്ക് ചെയ്തത്. ഭക്ഷണ മെനു അടക്കം ഞങ്ങള്‍ അന്ന് പറഞ്ഞു കൊടുത്തു.
ലോകത്തിന്റെ പല ഭാഗത്തു നിന്ന് ഇരുപത്തഞ്ചോളം കണ്‍ട്രി മാനേജര്‍മാര്‍ വന്ന് സമ്മേളനം നടത്തി. വേമ്പനാട് കായലില്‍ കളിച്ചുല്ലസിച്ചു. കരിമീനും കൊഞ്ചും യഥേഷ്ടം ശാപ്പിട്ടു.

ഒരു മണിക്കൂര്‍ എന്റെ വക 'എങ്ങനെ ഓന്‍ഡുലീന്‍ കേരള മാര്‍ക്കറ്റില്‍ പണിതുയര്‍ത്തി' എന്ന വിഷയത്തില്‍ അവതരണവും ഉണ്ടായിരുന്നു. അങ്ങോട്ടുള്ള റോഡ് പൊളിഞ്ഞു തകര്‍ന്നു കിടന്ന സമയം.
ഞാന്‍ വാചകം തുടങ്ങിയതു തന്നെ Welcome to God's own country but our Roads are built by Devils... എന്നു പറഞ്ഞു കൊണ്ടാണ്.
അവര്‍ പിന്നെ അടുത്ത അര മണിക്കൂര്‍ എന്റെ അവതരണം സഹിച്ചു. പിന്നത്തെ അര മണിക്കൂര്‍ തിരിച്ച് എന്നോട് ചോദ്യങ്ങള്‍ തൊടുത്തു.
എല്ലാവര്‍ക്കും ഞങ്ങള്‍ ആറന്മുളക്കണ്ണാടിയും പാക്കറ്റ് കശുവണ്ടിയും സര്‍െ്രെപസ് ഗിഫ്റ്റ് കൊടുത്തു.
അവര്‍ കുമരകത്തിന്റെ സൗന്ദര്യത്തിലും മത്സ്യ വിഭവങ്ങളിലും മുഗ്ദരായി.
അടുത്ത ദിവസം കുമരകത്തു നിന്ന് കൊച്ചിയില്‍ വന്ന നോയലിനെയും നിഥിനെയും ഞങ്ങള്‍ ഫോര്‍ട്ടുകൊച്ചിയിലും മട്ടാഞ്ചേരിയിലും
കൊണ്ടുപോയി.
അവിടെ മജ്‌നുവിന്റെ പുരാവസ്തു ഗുദാമില്‍ കയറിയ നോയല്‍ ചുമ്മാ രണ്ടു ലക്ഷത്തിന്റെ 'ഇംപള്‍സ് പര്‍ച്ചേസ്' ചെയ്തു! ഒരു ഉയരമുള്ള കല്‍വിളക്കും ഒരു മാര്‍ബിള്‍ ഊണു മേശയും! ഞങ്ങള്‍ കണ്ണ് തള്ളി നിന്നു.
നൂറ് യൂറോ ഷിപ്പിംഗ് ചാര്‍ജിന് അവര്‍ ഡോര്‍ ഡെലിവറിയും ഓഫര്‍ ചെയ്തു.

ഫ്രാന്‍സിലെ നോയലിന്റെ ഗ്രാമ സൗധത്തില്‍ അവ പ്രൗഢിയോടെ വിരാജിക്കുന്നുണ്ട് എന്ന് പ്രശാന്ത് എന്നോട് പാരിസില്‍ വെച്ച് പറഞ്ഞു.
ഞങ്ങളോടൊപ്പം എറണാകുളം ബ്രോഡ് വേയില്‍ കറങ്ങി നടന്ന സി.ഇ.ഒ. ജീന്‍ നോയല്‍ മടക്കാവുന്ന ക്രിസ്മസ് നക്ഷത്രങ്ങളും അലങ്കാരങ്ങളും വാങ്ങി ബാഗ് നിറച്ചു.
ഞങ്ങളുടെ ഞെട്ടല്‍ അവിടെയും തീര്‍ന്നില്ല. ഷാരൂഖ് ഖാന്‍ മുതലുള്ള സകല ഖാനുകളുടെയും ആരാധകരാണത്രേ നോയലും ഭാര്യയും മക്കളും! 'ഓം ശാന്തി ഓം' ഒക്കെക്കണ്ട് അവര്‍ ഒപ്പം നൃത്തം ചെയ്യുമത്രേ! പെന്റാ മേനകയിലെ സിനിമാ പാരഡൈസോയില്‍ നിന്ന് അങ്ങേര്‍ കുറെ ബോളിവുഡ് മസാല സിനിമകളുടെ വ്യാജ ഡിവിഡികള്‍ വാങ്ങിക്കൂട്ടി. ഒറിജിനല്‍ അല്ലാത്ത എന്ത് കൊണ്ടു പോയാലും നമ്മുടെ എയര്‍ പോര്‍ട്ടില്‍ ഫൈനടിക്കും എന്ന് പറഞ്ഞ് ഞാന്‍ അയാളെ പേടിപ്പിച്ചു.
അതൊക്കെ ഓര്‍ത്ത് ഊറിച്ചിരിച്ചു കൊണ്ട് ഞാന്‍ കപ്പലില്‍ നടന്നു കയറി... മറ്റുള്ളവരും...
അവിടെയും അത്ഭുതങ്ങള്‍ കാത്തിരുന്നു...

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Abhay Kumar
Abhay Kumar  

ട്രയം മാര്‍ക്കറ്റിംഗ് ആന്‍ഡ് കണ്‍സള്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്ററാണ് പി കെ അഭയ് കുമാര്‍. ഇ മെയ്ല്‍: abhay@triumindia.in

Related Articles

Next Story

Videos

Share it