മാവോയെ ഇന്നും ആരാധിക്കുന്ന ‘ബൂര്‍ഷ്വ’കള്‍

ചൈനയില്‍ പി കെ അഭയ് കുമാര്‍ നടത്തിയ ബിസിനസ് യാത്രയുടെ അനുഭവങ്ങള്‍ തുടരുന്നു

Wedneday Wanderings - Abhay Kumar
-Ad-

നേരത്തെ സൂചിപ്പിച്ചിരുന്നതു പോലെ കെട്ടിടത്തിന്റെ തറയില്‍ വിരിക്കാവുന്ന, ലോകത്തിലുള്ള ഒരു വിധം സാമഗ്രികളെല്ലാം അണി നിരക്കുന്ന ഒരു മേളയാണ്  ഡൊമോടെക്‌സ്.
കണ്ണഞ്ചിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ നടന്നു നടന്ന്, കണ്ടു കണ്ട് തലക്ക് ഒരടി കിട്ടിയ പോലെയായി. അത്രയ്ക്കധികമുണ്ട് കാണാനും മനസിലാക്കാനും പഠിക്കാനും. ഏതാണ്ടെല്ലാ ബൂത്തുകളിലും നില്‍ക്കുന്നത് പ്രായം  ഇരുപതുകളിലുള്ള പെണ്‍കുട്ടികളാണ്. ഒരു വിധം നന്നായി ഇംഗ്ലീഷ് പറയുന്നു. അവരുടെ ഫാക്റ്ററി കാണാന്‍ ക്ഷണിക്കുന്നു. കോളജ് പഠിത്തം കഴിഞ്ഞാല്‍ ഉടനെ ഇതാണ് പരിപാടി. വീട്ടിലിരുന്നു സമയം കളയില്ല. ശരിയായ  ഉടമസ്ഥന്‍മാര്‍ക്ക് യെസ്സും നോയും പറയാന്‍  പോലുമറിയില്ല. ചൈനീസ് ഭാഷ മാത്രം. ഈ കുട്ടികള്‍ തന്നെയാണ് എല്ലാം തീരുമാനിക്കുന്നത് എന്ന് തോന്നി. സര്‍ക്കാര്‍ നല്ല പിന്തുണയാണ് കുട്ടികള്‍ക്ക് ഇംഗ്ലീഷ് പഠിക്കാന്‍ കൊടുക്കുന്നത്.
യുവത്വത്തിന്റെ സംരംഭക വീര്യം അവിടെ കണ്ടറിഞ്ഞു. അബാക്കസിന്റെ ശക്തി കണ്ടു. അവര്‍ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കാതെ തന്നെ വലിയ കണക്കുകള്‍ കൂട്ടി പറയുന്നു. കൈപ്പടയോ കാലിഗ്രാഫി പോലെ കാണാനെന്തഴക്!

ഞങ്ങളെ പലരും നിര്‍മ്മാണ ശാലകള്‍ കാണാന്‍ ക്ഷണിച്ചതിന്റെ ഭാഗമായി മൂന്നാം ദിവസം ഞാനും ഗുണയും ഒരു കാറില്‍ രണ്ടു മണിക്കൂര്‍ യാത്ര ചെയ്ത് ഒരു ഫാക്റ്ററി കാണാന്‍ പോയി. ഹൈവെയില്‍ ഞങ്ങളുടെ കാറിനെ മറികടന്ന് ലംബോദരനും പേരറിവാളനും (Lamborgini and Ferrari) വായുവേഗത്തില്‍ പാഞ്ഞു പോവുന്നതു കണ്ടു.

പോയി കണ്ടത് പടുകൂറ്റന്‍ ഫാക്റ്ററിയാണ്. മുഴുവന്‍ കാര്യങ്ങളും  സംസാരിക്കുന്നത് ഒരു പുതു ബിരുദധാരി പെണ്‍കുട്ടിയാണ്. കയറ്റുമതി മാനേജര്‍ എന്ന കാര്‍ഡ് തന്നു. ഉടമസ്ഥനാണെന്ന് പറഞ്ഞ് കാണിച്ച ആള്‍ ഞങ്ങളെ നോക്കി പുഞ്ചിരിച്ചു, തല ചെറുതായി  കുനിച്ചു. ഞങ്ങളോട് ഒന്നും പറയാന്‍ ഭാഷയില്ല. ആ കുട്ടി പരിഭാഷകയും കൂടിയായി. അയാള്‍ ഇരിക്കുന്നതിന് പുറകില്‍  ചൈനീസ് ലിപികള്‍ എഴുതിയ ഫലകം നിറഞ്ഞു നില്‍ക്കുന്നു. ചോദിച്ചു മനസ്സിലാക്കിയപ്പോള്‍ മാവോയുടെ നൂറ് പൂക്കള്‍  വിരിയട്ടെ, നൂറ് ചിന്താസരണികള്‍ പുലരട്ടെ എന്ന പ്രശസ്ത വാക്യമാണ്. ഒരു ‘ബൂര്‍ഷ്വ’ ആയ ആള്‍ മാവോയെ ഇന്നും ബഹുമാനിക്കുന്നു. അതിനു ടിപ്പണി എഴുതാന്‍ ഞാനാളല്ല.

-Ad-

ഞങ്ങള്‍ തിരിച്ച് വൈകുന്നേരം ഹോട്ടലിലെത്തി നോക്കുമ്പോള്‍ ‘വന്‍ ശിഖ’യിലെ കൂട്ടുകാരന്‍ ശരദും സന്തോഷും ലോബിയില്‍ നില്‍ക്കുന്നു! ഹോട്ടല്‍ ജീവനക്കാര്‍ മൂന്നാല് പേര്‍ ചുറ്റുമുണ്ട്.
നമ്മുടെ കൂട്ടുകാര്‍ പാമ്പിന്റെ പടമൊക്കെ വരച്ചുകാണിക്കുന്നു. ഇതിനെ കഴിക്കാന്‍ എവിടെ കിട്ടും എന്ന് ചോദിക്കുന്ന രീതിയാണ്! ഭാഷ സ്വാഹയാണല്ലോ.ജീവനക്കാര്‍ കണ്‍മിഴിച്ച് നില്‍ക്കുന്നു.
ഞങ്ങളെ കണ്ടപ്പോള്‍ പഹയന്‍മാര്‍  പറയുകയാണ്.  ‘നിങ്ങളിവിടെയുണ്ടല്ലോ ഞങ്ങളും പോന്നു.’ ഞങ്ങള്‍ ചെറുതായി ഞെട്ടി.
അവര്‍ ചുമ്മാതെ ഞങ്ങളെ പിന്തുടര്‍ന്ന് ഷാങ്ഹായ് വരെ എത്തിയിരിക്കുന്നു. താമസസ്ഥലമൊക്കെ ഇമെയിലില്‍ ചോദിച്ചപ്പോള്‍ ഇത്ര പ്രതീക്ഷിച്ചില്ല. പാപി ചെന്നോടം പാതാളം എന്ന ചൊല്ലോര്‍ത്തു പറഞ്ഞു എല്ലാവരും ചിരിച്ചു.

വന്നതല്ലേ നടക്കാം എന്ന് പറഞ്ഞ് നാലുപേരും പുറത്തിറങ്ങി. മുടിഞ്ഞ തണുത്ത കാറ്റ് വീശുന്നു.
ജാക്കറ്റൊന്നും ഏല്‍ക്കുന്നില്ല. നല്ല വിശപ്പുണ്ട്, കാരണം  കാറില്‍ നിന്ന് ഉച്ചഭക്ഷണം കഴിക്കാനിറങ്ങിയില്ല.
കടുനീല  ഉടുപ്പിട്ട ഒരു പോലീസുകാരന്‍ കോട്ടിന്റെ കൈ ബട്ടണ്‍ ഒരു വിളക്കു കാലില്‍ ഉരയ്ക്കുന്നു. ഞങ്ങള്‍ ചെന്നെങ്കിലും ഇയാള്‍ പതിവ് പോലെ ഓടി പ്പോയില്ല. നീരീക്ഷണത്തില്‍ മനസിലായ കാര്യം അയാള്‍ ഹാജര്‍ വെക്കുകയാണ്. ബട്ടണ്‍ ഒരു ചിപ്പും  വിളക്കു കാലില്‍  അതിന്റെ റിസീവറും! അയാളുടെ ഹാജര്‍  നില്‍ക്കുന്ന സ്ഥലത്ത്  നിന്ന് അടയാളപ്പെടുത്തുന്നു.
സാങ്കേതിക വിദ്യയുടെ ശക്തി അവിടെ അന്നേ ഉണ്ട്. തണുത്ത കാറ്റിനൊപ്പം മഴ ചാറാന്‍ തുടങ്ങി. തണുപ്പ് സഹിക്കാന്‍ പറ്റാതെ ഞങ്ങള്‍ ഒരിടത്ത് ഓടിക്കയറി. ഒരു  കുഞ്ഞ് ഭോജന ശാലയായിരുന്നത്.
നാലു മേശകള്‍, ചുറ്റും കസേരകള്‍, രണ്ടു പെണ്‍കുട്ടികള്‍.  ഇതാണ്  കട.
മെനു ചൈനീസിലാണ്. ഞങ്ങള്‍ വയര്‍ കാളി നിസഹായരായി ഇരുന്നു. അടുത്ത മേശയില്‍ വിളമ്പി വെച്ചിരിക്കുന്ന െ്രെഫഡ്  റൈസ് കണ്ട്  ചൂണ്ടിക്കാട്ടി. കറിക്കെന്തു ചെയ്യും  എന്നത് ഞങ്ങളെ കുഴക്കി.ഗുണ അറിയാവുന്ന ചൈനീസില്‍ പറഞ്ഞു നോക്കിയിട്ട് കാര്യമുണ്ടായില്ല. ഞങ്ങള്‍ മീനിനെ ആംഗ്യത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ച് പരാജയം ഏറ്റു വാങ്ങി. അവരുടെ ചിരി
മാത്രം  ബാക്കി കിട്ടി. അടുക്കളയില്‍ കേറിച്ചെന്ന് നോക്കിയപ്പോള്‍ ഒരു പാത്രത്തില്‍ പച്ച മീന്‍ കണ്ട് ചാടി വീണു കാണിച്ചു കൊടുത്തു.
ആശ്വാസത്തോടെ കസേരയില്‍ വന്നിരുന്നപ്പോള്‍ ശരദും  സന്തോഷും അലമാരയില്‍ നാലഞ്ച് അരക്കുപ്പികള്‍
കണ്ട് സന്തോഷം സഹിക്കാതെ ചിരിച്ചു.
കണ്ടാല്‍ റം തന്നെ. സന്തോഷ് ഓടിപ്പോയി ഒരു കുപ്പി തുറന്ന് കുറെശ്ശെ ഗ്ലാസുകളില്‍ ഒഴിച്ചു വെള്ളം നിറച്ചു. ചിയേഴ്‌സ്  പറഞ്ഞ് മൊത്തിയപ്പോള്‍ എല്ലാവരുടെയും ചിരി നിന്നു.
വൈനില്‍ വെള്ളമൊഴിച്ചപോലെയിരുന്നു  പാനീയത്തിന്റെ രുചി….. ബ്ലിംഗസ്യ…..
ഭക്ഷണം വന്നു. കൂടെ ചോപ് സ്റ്റിക്‌സ്
ഉണ്ട്. സ്പൂണ്‍ ഇല്ല. ഞങ്ങള്‍ അടുത്തിരുന്നു കഴിക്കുന്ന ആളുകള്‍ ചെയ്യുന്നത് നോക്കി ചോപ്സ്റ്റിക് അനുകരിക്കാന്‍ നോക്കി പരാജയപ്പെട്ടു. അവിടെയിരിക്കുന്ന എല്ലാവരുടെയും മുഖത്ത് പുഞ്ചിരി.
ഒടുവില്‍ പെണ്‍കുട്ടികള്‍ നാലു സെറാമിക് സൂപ്പ്
സ്പൂണ്‍ കൊണ്ടുവന്നു. അതില്‍ റൈസ് നിറച്ച് ഞങ്ങളുടെ ചുണ്ടോടടുപ്പിച്ചു തന്നു. പുഞ്ചിരികള്‍ പൊട്ടിച്ചിരിയായി മാറി!

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

LEAVE A REPLY

Please enter your comment!
Please enter your name here