ഹഗിയ സോഫിയയുടെ ചരിത്രവും നനവുള്ള തൂണും

ബ്ലൂ മോസ്കിൻ്റെ മായിക പ്രഭയിൽ നിന്നിറങ്ങിയ ഞങ്ങൾ, ഒമറും സിദാലും ഞാനും കുറച്ചു സമയത്തേക്കൊന്നും മിണ്ടിയില്ല. ഞങ്ങൾ അതിൽക്കയറിയിറങ്ങി നൂറ്റാണ്ടുകളുടെ ചരിത്രത്തിലാഴ്ന്ന് പോയിരുന്നു. അവർ രണ്ട് പേരും ഏറെക്കാലത്തിന് ശേഷമാണ് ഇവിടെ വരുന്നത്. ഞാൻ ആദ്യമായിട്ടും. ഓരോ തവണ കാണുമ്പോഴും അത്ഭുതത്തിന് കുറവൊന്നുമില്ലെന്നാണ് അവരുടെ പക്ഷം. അവിടെ നിന്നിറങ്ങി നടക്കുന്ന വഴി ഒരു കഹ് വേ ദുക്കാനി അഥവാ ടർക്കിഷ് കാപ്പിക്കടയിൽ കയറി ഓരോ കാപ്പി ഓർഡർ ചെയ്തു. എൻ്റെ കാപ്പി മാത്രം കടുപ്പം കുറച്ച് പാലൊഴിക്കാൻ പറഞ്ഞു. മറ്റു രണ്ട് പേർക്കും ടർക്കിഷ് കാപ്പി ക്കഷായവും. ലഘുഭക്ഷണം കഴിക്കാൻ അവർ നിർബന്ധിച്ചപ്പോൾ ഇത് വരെ കഴിക്കാത്ത ഇ ക് ലി കോഫ്തേ എന്ന മീറ്റ് ബോൾസാണ് കാപ്പിയുടെ കൂടെ കിട്ടിയത്. കാഴ്ചയിൽ നമ്മുടെ ബോണ്ട പോലെയുള്ള ഒന്ന്. ഒരു പ്ലേറ്റിൽ ആറെണ്ണം അതിൻ്റെ കൂർത്ത ഭാഗം പുറത്തേക്കാക്കി അടുക്കി വെച്ച് നടുവിൽ കാരറ്റ് ചീവിയത് ഇട്ട് അതിന് മുകളിൽ തക്കാളി കൊണ്ടൊരു പൂവും! പ്ലേറ്റ് കാണാൻ തന്നെ രസമുണ്ട്. ഒരെണ്ണമെടുത്ത് കടിച്ചപ്പോൾ രുചിയുടെ മേളപ്പെരുക്കം കേട്ടു. നന്നായി വേവിച്ചുടച്ച ആട്ടിറച്ചിയിൽ സവാളയും സുഗന്ധവ്യഞ്ജനങ്ങളും പിന്നെ ബദാമും ചേർത്തരച്ച് നിറച്ചിരിക്കുന്ന വെണ്ണയ്ക്ക് സമം മൃദുവായ ഉൾഭാഗം. മൂവരും രണ്ടെണ്ണം വീതം കഴിച്ചു. കൂടെ പാലൊഴിച്ച നല്ല കടുപ്പമുള്ള കാപ്പിയും. ഇനിയും നീണ്ട നടത്തത്തിനുള്ള ഊർജ്ജമായി.

അടുത്ത ലക്ഷ്യം ഹഗിയ സോഫിയയാണ്. കേൾക്കാൻ ഇമ്പമുള്ള പേര്. പക്ഷെ കുറച്ച് പ്രായമുള്ള കക്ഷിയാണ്. ചുരുക്കിപ്പണിത കെട്ടിടം അഞ്ചാം നൂറ്റാണ്ടിലെ സൃഷ്ടിയാണ്! എപ്പോൾ കേൾക്കുമ്പോഴും ക്രിസ്ത്യൻ പള്ളിയാണോ മോസ്കാണോ അഥവാ മ്യൂസിയമാണോ എന്ന് എനിക്ക് സംശയം തോന്നിയിട്ടുണ്ട്.

മുന്നോട്ട് നടക്കുമ്പോൾ നിർമ്മിതിയെക്കുറിച്ച് പറഞ്ഞ് കേട്ടതും വായിച്ചതും മനസ്സിലേക്കെത്തി.




ഈ കെട്ടിടം ഒരു കാലത്ത് ലോകത്തിലെ തന്നെ എറ്റവും വലിയ ഭദ്രാസനപ്പള്ളിയായിരുന്നു. ആദ്യം പണിതത് മൂന്നാം നൂറ്റാണ്ടിൽ കോൺസ്റ്റാൻ്റിനോപ്പ്ൾ സ്ഥാപകൻ്റെ മകൻ. പൂർണ്ണമായും മരം കൊണ്ട് നിർമ്മിച്ചത് 404 ലെ കലാപത്തിൽ കത്തി നശിച്ചു. പത്ത് കൊല്ലം കഴിഞ്ഞ് തിയോഡോഷ്യസ് രണ്ടാമൻ വീണ്ടും പണിതുയർത്തി. എന്നാൽ ഒരു നൂറ്റാണ്ടിന് ശേഷം നടന്ന മറ്റൊരു കലാപത്തിൽ നഗരത്തിലെ മറ്റ് കെട്ടിടങ്ങൾക്കുമൊപ്പം പള്ളിയും നാമാവശേഷമായി. പിന്നെ അഞ്ച് വർഷത്തിന് ശേഷം ജസ്റ്റിനിയൻ ചക്രവർത്തി പുതിയ ഹഗിയ സോഫിയ പണിതുയർത്തി. ആയിരത്തഞ്ഞൂറോളം വർഷമായി ബോസ്ഫറസ് കടലിടുക്കിൻ്റെ തീരത്ത് അത് തലയുയർത്തി നിൽക്കുന്നു. ഇപ്പോൾ ഞാനത് നേരിൽ കാണാൻ പോകുന്നതോർത്ത് ഹൃദയം തുടി കൊട്ടി.

ആദ്യ കാലത്ത് വലിപ്പത്തിനെ ആധാരമാക്കി ''മഹത്തായ പള്ളി" എന്ന് വിളിച്ചിരുന്നു. രണ്ടാം അവതാരത്തിലത് ഹഗിയ സോഫിയ എന്നറിയപ്പെട്ടു.

'പുണ്യ ജ്ഞാനം" എന്നാണ് ഹഗിയ സോഫിയ എന്ന ഗ്രീക്ക് വാക്കിൻ്റെ അർത്ഥം. എ.ഡി ആയിരത്തി നാനൂറുകൾ വരെ വിവിധ ക്രിസ്ത്യൻ മത ശാഖകളുടെ നിയന്ത്രണത്തിലായിരുന്നു ഈ കെട്ടിടം. കോൺസ്റ്റാൻറിനോപ്പിൾ കീഴടക്കിയ സുൽത്താൻ മെഹ് മദ് അതിനെ ഒരു മോസ്ക് ആക്കി മാറ്റി. ക്രിസ്ത്യൻ ദൈവ രൂപങ്ങളൊക്കെ എടുത്ത് മാറ്റി, മത അടയാളങ്ങളെയും എഴുത്തുകളെയും മറച്ചു.

രണ്ട് ലക്ഷം ചതുരശ്ര അടിയിൽ പരന്ന് കിടക്കുന്ന കെട്ടിടം പുറമെ നിന്ന് കാണുമ്പോൾ ഒരു കൂറ്റൻ താഴികക്കുടവും കെട്ടിടത്തിന് ചുറ്റുമായുള്ള നാല് മിനാരങ്ങളുമാണ് ആദ്യം ശ്രദ്ധയിൽപ്പെടുക. നൂറ്റിയറുപതടി ഉയരവും നൂറ്റിമുപ്പതടി വ്യാസവുമുള്ള താഴികക്കുടമാണ് കെട്ടിടത്തിൻ്റെ കേന്ദ്ര ബിന്ദുവെന്ന് പറയാം. അഞ്ചാം നൂറ്റാണ്ടിലെ ഒരു ഭൂമികുലുക്കത്തിൽ തകർന്നു പോയ അതിനെ നാല് വർഷത്തിന് ശേഷം പുനർനിർമ്മിച്ചു. ഭീമാകാരമായ ഡോമിനെ താങ്ങി നിർത്തുന്നത് പരസ്പരം ബന്ധിക്കപ്പെട്ട ചെറു താഴികക്കുടങ്ങളും തൂണുകളാൽ താങ്ങപ്പെട്ട വളച്ചു വാതിൽ നിരകളും കമാനങ്ങളുമാണ്. ചുവരുകളും പല തവണ ബലപ്പെടുത്തി.ബലത്തിനും ഭംഗിയ്ക്കും വേണ്ടി പുരാതനവും ഉപേക്ഷിക്കപ്പെട്ടതുമായ എഫീസസിലെ ആർട്ടെമി ടെമ്പിളിൽ നിന്ന് സ്തൂപങ്ങളും ബാൽബെക്കിൽ നിന്നും പെർഗാമമിൽ നിന്നും മറ്റ് പുരാതന നിർമ്മാണ വസ്തുക്കളും ഉപയോഗിച്ചിട്ടുണ്ട്. അകത്തളങ്ങളിലെ മനോഹരമായ മൊസൈക്കുകളും ഭംഗിയേറിയ മാർബിളിൽ കൊത്തിയ തൂണുകളും, വെങ്കലത്തിൻ്റെ വാതിലുകളും എന്നെ എത്രയോ നൂറ്റാണ്ടുകൾക്ക് മുമ്പുള്ള കാലഘട്ടത്തിലേക്ക് ഒരു സ്വപ്നം പോലെ കൊണ്ട് പോയി. ഏഴാം നൂറ്റാണ്ടിൽ അരങ്ങേറിയ "വിഗ്രഹഭഞ്ജന "കാലത്ത് സ്ഫടികത്തിലും മാർബിളിലും ചെയ്ത കലാവസ്തുക്കൾ നശിപ്പിക്കുകയോ എടുത്ത് മാറ്റുകയോ ചെയ്തു.

എന്ത് കാരണം പറഞ്ഞായാലും സംസ്കാരത്തോടും കലയോടും കലാ നിർമ്മിതികളോടും നൃശംസത കാട്ടുന്ന മനുഷ്യരെയോർത്ത് ഉള്ളം വിങ്ങി.

നൂറ്റാണ്ടുകൾ നീണ്ട് നിന്ന കൊള്ളിവെപ്പുകൾക്കും ആക്രമണങ്ങൾക്കും കീഴടക്കലുകൾക്കും പിടിച്ചെടുക്കലുകൾക്കും കുരിശു യുദ്ധങ്ങൾക്കും ശേഷം കോൺസ്റ്റാൻ്റിനോപ്പിൾ വീണു. അധികാരം ഓട്ടോമൻ സാമ്രാജ്യത്വം പിടിച്ചെടുത്തു. നഗരം ഇസ്താംബുൾ ആയി പുനർനാമകരണം ചെയ്യപ്പെട്ടു. ഹഗിയ സോഫിയയിലെ നിധി പേടകങ്ങൾ കൊള്ള ചെയ്യപ്പെട്ടു. സുൽത്താൻ മെഹ് മദ് തൊള്ളായിരം വർഷം പഴക്കമുള്ള കെട്ടിടം പുനരുദ്ധരിക്കാനും അതിനെ മോസ്ക് ആയി മാറ്റാനും തീരുമാനിച്ചു. അതിനായി ചുറ്റുമായി നാല് മിനാരങ്ങൾ സ്ഥാപിക്കുകയും അംഗശുദ്ധിവരുത്താൻ ജലധാരകൾ നിർമ്മിക്കുകയും ചെയ്തു. അകത്തളത്തിൽ മിറാബ് എന്ന മെക്കയ്ക്ക് അഭിമുഖമായ പ്രാർത്ഥനാ മുറിയും പ്രസംഗ പീഠവും ഒരുക്കി. സ്കൂളും അടുക്കളയും വായനശാലയും സ്മാരക സൗധങ്ങളും കൂട്ടിച്ചേർത്തു. ക്രിസ്ത്യൻ പള്ളിയിൽ ഉണ്ടായിരുന്ന മത സംബന്ധിയായ ചുമർചിത്രങ്ങളും കൊത്തു പണികളും നശിപ്പിച്ചില്ല. പകരം അതിന് മുകളിൽ പ്ളാസ്റ്റർ ചെയ്ത് മറച്ചു. മുകളിൽ ഇസ്ളാമിക ചിഹ്നങ്ങളും കൈയ്യെഴുത്തുകളും നിറച്ചു. അത് കൊണ്ട് തന്നെ അഞ്ച് നൂറ്റാണ്ടുകൾക്ക് ശേഷം അതിനൊയൊക്കെ വീണ്ടെടുക്കാൻ പറ്റി. ഒരു ആർമി ഓഫീസറായിരുന്ന ടർക്കിയുടെ ആദ്യ പ്രസിഡണ്ട് കമാൽ അത്താത്തുർക്ക് ആധുനിക ടർക്കിയുടെ സ്ഥാപകനാണ്. തൊള്ളായിരത്തി ഇരുപത്തിമൂന്ന് മുതൽ മുപ്പത്തിയെട്ട് വരെ ഈ സ്ഥാനത്തിരുന്നയാൾ കാലഹരണപ്പെട്ട പല ഇസ്ലാമിക ആചാരങ്ങളേയും നിരോധിച്ചു. മതേതരത്വത്തിൽ വിശ്വസിച്ച അദ്ദേഹം അതിനെ ക്രിസ്ത്യൻ മുസ്ലീം കരകൗശല വസ്തുക്കളുടെ ഒരു മ്യൂസിയമാക്കി മാറ്റി. രണ്ട് മത വിഭാഗങ്ങളും അന്നതിനെ എതിർത്തതായി അറിവില്ല. ഇതെഴുതുന്ന സമയം ഹഗിയ സോഫിയയെ വീണ്ടും മോസ്ക് ആക്കി പ്രസിഡണ്ട് എർദോഗൻ പ്രഖ്യാപിച്ചിരിക്കുകയാണ്‌. "ചരിത്രം ആദ്യം ദുരന്ത നാടകമായും പിന്നെ പ്രഹസനമായും ആവർത്തിക്കും" എന്ന് പറഞ്ഞത് കാൾ മാർക്സ്.



കെട്ടിടത്തിനുള്ളിൽ വടക്ക് പടിഞ്ഞാറായി നിൽക്കുന്ന തുണിനടുത്ത് തിരക്ക് കണ്ടപ്പോൾ ഞങ്ങൾ അടുത്ത് ചെന്നു. അത് ഭാഗികമായി വെങ്കലത്താൽ പൊതിഞ്ഞിരിക്കുന്നു. തൂണിന് നടുവിൽ ഒരു ദ്വാരവുമുണ്ട്. എപ്പോഴും നനവുള്ള ഈ തൂണിൽ ശരീരം തൊട്ടാൽ വിശുദ്ധ രോഗശാന്തിയുണ്ടാകുമെന്നാണ് അവിടുത്തെ വിശ്വാസം. ഞാൻ എന്തായാലും അതിന് മുതിർന്നില്ല. ഒമർ അൽപ്പ നേരം ആ തൂണിൽ ചാരി നിൽക്കുന്നത് കണ്ടു..

അന്ന് പകൽ മുഴുവൻ ചരിത്ര കാഴ്ചകൾ കണ്ട് നടന്ന ഞാൻ സ്വപ്നത്തിൽ സുൽത്താൻമാരെയും യുദ്ധരംഗങ്ങളും കണ്ടുറങ്ങി....

തുടരും..

Abhay Kumar
Abhay Kumar  

ട്രയം മാര്‍ക്കറ്റിംഗ് ആന്‍ഡ് കണ്‍സള്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്ററാണ് പി കെ അഭയ് കുമാര്‍. ഇ മെയ്ല്‍: abhay@triumindia.in

Related Articles

Next Story

Videos

Share it