മലമുകളിലേക്കൊരു കാറോട്ടവും സിംഹത്തിന്റെ പാലും!

ടര്‍ക്കിയുടെ മോഹിപ്പിക്കുന്ന പ്രകൃതിയിലേക്കും ആതിഥ്യമര്യാദകളിലേക്കും വായനക്കാരെ വലിച്ചടുപ്പിച്ച് അഭയ് കുമാറിന്റെ വിവരണം
മലമുകളിലേക്കൊരു കാറോട്ടവും സിംഹത്തിന്റെ പാലും!
Published on

നിർമ്മാണ ശാലയിൽ നിന്നിറങ്ങി കാറിനടുത്തേക്ക് നടന്നപ്പോൾ സിദാൽ എന്നോട് ചോദിച്ചു. "നമുക്ക് ഈ കുന്നിൻ്റെ നെറുകയിലേക്ക് ഓടിച്ചു പോയാലോ? " "തീർച്ചയായും പോവണം" ഞാൻ മറുപടി കൊടുത്തു. "എന്നാൽ കയറൂ "എന്ന് പറഞ്ഞ് ഒമർ കാറിൻ്റെ വാതിൽ എനിക്കായി തുറന്നു പിടിച്ചു. "കാർ നല്ല വേഗത്തിലോടിച്ചാൽ താങ്കൾക്ക് പേടിയുണ്ടോ?" "ഓടിക്കൂ,പേടി തോന്നുമ്പോൾ പറയാമെന്ന്"' ഞാനും. നമ്മുടെ ഹൈവേകളിൽ അനുവദനീയമായ ഏറ്റവും വേഗത്തിൽ ഞാനോടിക്കാറുണ്ടല്ലോ.

കാറിൻ്റെ സൺ റൂഫ് ഒമർ ഒരു ബട്ടണിൽ അമർത്തി തുറന്നപ്പോൾ തണുത്ത കാറ്റ് അകത്തേക്കടിച്ചു കയറി. മുകളിലെ നീലമേഘങ്ങൾ അതിലൂടെ തെളിഞ്ഞ് കണ്ടു. കാറിൻ്റെ വേഗം പെട്ടെന്ന് കൂടാൻ തുടങ്ങി. എതിരേ വണ്ടികളൊന്നും കാര്യമായി വന്നു കണ്ടില്ല. ഒമറിന് പരിചിതമായ വഴിയാണെന്ന് സിദാൽ പറഞ്ഞു.

ഓഡി എഞ്ചിൻ്റെ അത്ര ചെറുതല്ലാത്ത മുരൾച്ച ഒഴിച്ചാൽ മറ്റൊരു ശബ്ദവുമില്ല. മലയുടെ മുകളിലേക്കുള്ള വളഞ്ഞു പുളഞ്ഞ കറുത്ത് മിനുത്ത റോഡിലൂടെ കാർ ചീറിപ്പാഞ്ഞു. വളവുകളിൽ ബ്രേക്ക് കൊടുക്കുമ്പോൾ ടയറുകൾ അസുഖകരമായ ശബ്ദമുണ്ടാക്കി.ഒമറും സിദാലും വേഗതയും വണ്ടിയോട്ടവും കാര്യമായി ആസ്വദിക്കുന്നുവരെന്ന് മനസിലായി. വേഗത്തിൻ്റെ ആഹ്ളാദത്തിൽ അവർ ഇടയ്ക്ക് ഉറക്കെ കൂവി വിളിച്ചു. ഞാനായി എന്തിന് മാറി നിൽക്കണം. ചില കൊടും വളവുകളിൽ ഞാനും അവർക്കൊപ്പം കൂക്കി വിളിച്ചു. അരഞ്ഞാണം പോലെ മലയെ ചുറ്റിക്കിടക്കുന്ന റോഡിലൂടെ കാർ മുകളിലേക്ക് പാഞ്ഞു കയറിക്കൊണ്ടിരുന്നു. ഇടയ്ക്കൊന്ന് സൺ റൂഫിൻ്റെ തുറന്ന ചതുരം വഴി എഴുന്നേറ്റ് നിന്നതിനാൽ കാറ്റിനോടും മരങ്ങളോടും പ്രകൃതിയോടും സല്ലപിക്കാൻ പറ്റി. വേഗമെടുത്താലും ഒമറിന് വണ്ടിയുടെ മേൽ പൂർണ്ണ നിയന്ത്രണമുണ്ടെന്നത് ആശ്വാസമായി.. വഴിയോരക്കാഴ്ച്ചകൾ മനോഹരമായിരുന്നെങ്കിലും വേഗത കാരണം അത്രയൊന്നും കാണാൻ പറ്റിയില്ല. പക്ഷേ മലമടക്കിലെ തണുപ്പിൽ കാറ്റിനെതിരെയും ചിലപ്പോഴൊക്കെ ഒപ്പവുമുള്ള വേഗയോട്ടം രസകരമായിരുന്നു.

അര മണിക്കൂർ കാർ റേസ് കഴിഞ്ഞ് മല മടക്കിലെ ഭംഗിയാർന്ന കെട്ടിടത്തിൻ്റെ മതിൽക്കെട്ടിലേക്ക് ഒമർ കാർ ഓടിച്ചു കയറ്റി. അതൊരു റിസോർട്ട് പോലെ തോന്നിച്ചു. മലയുടെ ഓരത്ത് പുറത്തേക്ക് തള്ളി നിൽക്കുന്ന കൊച്ചു കെട്ടിടം കണ്ടു.

രണ്ട് ജോലിക്കാർ ഇറങ്ങി വന്ന് ഞങ്ങളെ അഭിവാദനം ചെയ്തു. രണ്ട് നിലയുള്ള ഒരു പ്രധാന കെട്ടിടം കൂടാതെ അവിടവിടെയായി കോട്ടേജുകൾ പോലെ ചെറു കെട്ടിടങ്ങൾ കണ്ടു. അതിലൊന്നിലേക്കാണ് ഞങ്ങളെ കൊണ്ട് പോയത്. കെട്ടിടത്തിന് ചില്ല് ജാലകങ്ങളും ചില്ല് ചുമരുകളുമാണ്. ചുറ്റുമുള്ള മനോഹര കാഴ്ചകൾ അവ മറയ്ക്കുന്നതേയില്ല. മുകളിൽ തടികൊണ്ടുള്ള മച്ചു കാണാം. മേൽക്കൂരയിൽ കറുത്ത സ്ലേറ്റ് പാകിയിരിക്കുന്നത് കോട്ടേജിലേക്ക് നടക്കുമ്പോൾ കണ്ടിരുന്നു. നേരം വൈകുന്തോറും തണുപ്പ് കൂടി വരുന്നുണ്ടായിരുന്നു. പക്ഷെ അടഞ്ഞ ചില്ലുജാലകങ്ങളും മരത്തിൻ്റെ മച്ചും തണുപ്പിനെ ഒരു പരിധി വരെ തടഞ്ഞു. പുറത്തെ കാഴ്ചകൾ മനസിനെ കുളിർപ്പിച്ചു.

പുറത്ത് പൂത്തു നിൽക്കുന്ന മരങ്ങൾക്കിടയിലേക്ക്, തണുപ്പിലേക്ക് ഞാനിറങ്ങിച്ചെന്നു. കയ്യിൽ ഒരു ചൂടൻ ടർക്കിഷ് ടീ ആരോ എടുത്ത് തന്നു. എത്ര വൈവിധ്യമാർന്ന മരങ്ങളും പൂക്കളുമായിരുന്നവിടെയെന്നോ.

കുറച്ചൊക്കെ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു റിസോർട്ട് ജീവനക്കാരൻ എനിക്ക് മരങ്ങളെക്കുറിച്ച് പറഞ്ഞു തരാൻ തയ്യാറായി. ആദ്യം പരിചയപ്പെട്ടത് ജുദാസ് മരത്തെയാണ്. അതിലെ പൂക്കളും ഇലകളും തിരിച്ചറിയാനാവാത്ത പോലെ ശാഖകളിൽ തിങ്ങി നിറഞ്ഞു നിന്നു. വിവിധ ആകൃതിയിലും നിറങ്ങളിലും അവ കൺകുളിർപ്പിച്ചു. ക്രിസ്തുവിനെ ഒറ്റുകൊടുത്തിട്ട് പശ്ചാത്താപം മൂലം ജുദാസ് വന്ന് തൂങ്ങി മരിച്ച മരമായത് കൊണ്ടാണീ പേരെന്നത് മാത്രം വിശ്വസനീയമായി തോന്നിയില്ല.

അടുത്ത് തന്നെ മേബറ്റ് മരം നിൽക്കുന്നു.ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഈ വൃക്ഷ ഇനത്തിന് മറ്റ് മരങ്ങളുമായി ഒരു ജനിതക ബന്ധവുമില്ലത്രേ! ഭംഗിയേറിയ പൂക്കളും ഇലകളുമായി നിൽക്കുന്ന മരത്തിൻ്റെ കായകൾക്ക് അസുഖകരമായ ഒരു ഗന്ധമുണ്ട്. പ്രകൃതിയുടെ ഒരു വികൃതി എന്ന് പറയാം.

മനോഹരമായ വെളുത്തതും പിങ്കും പുഷ്പങ്ങളോടെ മഗ്നോലിയ നിറയെ പൂത്ത് ചിരിച്ചു നിന്നു. കൂടാതെ സ്റ്റോൺ പൈനും ഓക്കും മലഞ്ചെരിവിൽ തിങ്ങി നിറഞ്ഞ് നിൽക്കുന്ന കാഴ്ച മനം നിറച്ചു.

മരങ്ങളുടെയും പൂക്കളുടെയും ചങ്ങാത്തം എനിക്ക് പണ്ടേ ഇഷ്ടം! തരം കിട്ടിയാൽ കാട് കയറാനെ പ്പോഴുമിഷ്ടം.

ഞങ്ങൾ ചെന്ന് അര മണിക്കൂറിനുള്ളിൽ മറ്റൊരു വലിയ കാറിൽ അസ്റയും ഇളയ മകനും വന്നിറങ്ങി. രണ്ട് പേരും വലിയ സന്തോഷത്തിൽ വന്ന് കൈ തന്നു. അസ്തമയ സൂര്യൻ മലഞ്ചെരുവിൽ താഴ്ന്ന് വരുന്ന കാഴ്ച ഹൃദ്യമായിരുന്നു. ചൂടുള്ള ടർക്കിഷ് ചായ കാഴ്ചയുടെ മാറ്റ് കൂട്ടി. പിന്നെ തണുപ്പേറി വന്നത് കൊണ്ട് എല്ലാവരും കോട്ടേജിൻ്റെ വരാന്തയിലേക്ക് കയറി.

ഒരു മേശപ്പുറത്ത് യെനി റാക്കി എന്ന ടർക്കിഷ് മദ്യം അനുസാരികളൊക്കെയൊത്ത് നിരത്തി വെച്ചിരുന്നു. ബദാം, പിസ്ത, ഹേസൽ, വാൽനട്ട് തുടങ്ങിയ നട്ടുകളും ഒട്ടേറെ ഉണക്കപ്പഴങ്ങളുമായിരുന്നു പ്രധാനമായും കണ്ടത്. ഗ്ലാസുകൾ നിറഞ്ഞു, ടോസ്റ്റ് പറയാൻ എല്ലാവരും കൂടി. ഞാനും സിദാലു മൊഴിച്ച് മറ്റു മൂന്ന് പേരും സിഗരറ്റ് വലിക്കാൻ തുടങ്ങി.തണുപ്പിൽ നിന്ന് രക്ഷപ്പെടാൻ അവരുടെ ഒരു മാർഗ്ഗം അതാണ്. യഥാസ്ഥിതികരാണെന്ന് ഞാൻ ആദ്യം വിചാരിച്ച അസ്റയും മക്കളും ചിലപ്പോ ഴെങ്കിലും ആഘോഷമായാണ് ജീവിതത്തെ കാണുന്നതെന്ന് തോന്നി. പല യാഥാസ്ഥിതിക രാജ്യങ്ങളിലും ജീവിതം ഭരണകൂടങ്ങളുടെ ഇഷ്ടമനുസരിച്ച് ജീവിച്ച് തീർക്കാൻ നിർബന്ധിതരായ ജനങ്ങളുടെ കാര്യമോർത്തു.

ടർക്കികളുടെ ദേശീയ മദ്യത്തിൻ്റെ നിറം സുതാര്യമാണ്. എന്നാൽ വെള്ളം ചേർത്താൽ മാജിക് പോലെ ഉടൻ പാൽ നിറമായി മാറും! ഓസോ (ouzo effect) കാരണമാണിങ്ങനെ സംഭവിക്കുന്നത്. മുന്തിരിയിൽ നിന്നുൽപാദിപ്പിക്കുന്ന റാക്കിയിൽ തക്കോല (Anise) ത്തിൻ്റെ സത്ത് ചേർത്താണ് വാറ്റുന്നത്. വെള്ളമൊഴിച്ചാലുള്ള അതിൻ്റെ നിറവും വീര്യവും മൂലം റാക്കിയെ "സിംഹത്തിൻ്റെ പാൽ' എന്നും ടർക്കികൾ വിളിക്കും.

എന്തായാലും രണ്ട് റൗണ്ട് റാക്കി കഴിഞ്ഞപ്പോൾ ഞങ്ങൾ പ്രധാന കെട്ടിടത്തിനകത്തേക്ക് ക്ഷണിക്കപ്പെട്ടു. ഒരു സംഘം പ്രാദേശിക നർത്തകർ കയറി വന്ന് ഞങ്ങളുടെ മുന്നിൽ നൃത്തമാരംഭിച്ചു. വെളുത്ത ഷർട്ടും കറുത്ത പാൻ്റും ബൂട്ടും ധരിച്ച ആറ് പുരുഷന്മാരും സ്വർണ്ണ നിറത്തിലുള്ള പരമ്പരാഗത വസ്ത്രം ധരിച്ച ആറ് സ്ത്രീകളും ചേർന്നുള്ള സംഘനൃത്തമാണ്. എല്ലാവരുടെ തലയിലും പ്രത്യേകതരം തൊപ്പികൾ വെച്ചിട്ടുണ്ട്. വേഗതയേറിയ വാദ്യമേളങ്ങൾക്കൊപ്പം ദേഹം മുഴുവൻ ഇളക്കിയുള്ള ചുവട് വെപ്പുകളാണ്. കൂടുതൽ സമയവും മനുഷ്യച്ചങ്ങല പോലെ കൈകൾ ചേർത്ത് പിടിച്ചാണ് നൃത്തം.റിസോർട്ടിലുള്ള വിരലിലെണ്ണാവുന്ന അതിഥികളും ചേർത്ത് ഏതാണ് പത്ത് പേരേ കാണികളുള്ളുവെങ്കിലും അവർ തകർത്ത് നൃത്തമാടി.

കുറച്ച് കഴിഞ്ഞ് കാണികളും അവർക്കൊപ്പം ചേർന്ന് നൃത്തം തുടങ്ങി. ഒടുവിൽ അര മണിക്കൂറിൽ ആതിഥേയരും ഞാനും ഹാളിൽ നിന്ന്പു റത്തിറങ്ങി. ഇന്ന് അത്താഴം വേണ്ട എന്ന് ഞാൻ പറഞ്ഞു. ഇവരുടെ രണ്ട് നേരം ഭക്ഷണം തന്നെ ധാരാളമാണെന്നാണെൻ്റെ പക്ഷം. പക്ഷെ അവർ വിടാൻ ഭാവമില്ല. എനിക്കായി പ്രത്യേകം തയ്യാർ ചെയ്ത മാൻ ഇറച്ചിയെങ്കിലും അൽപ്പം കഴിക്കാതെ പറ്റില്ലെന്നവർ കടും പിടുത്തം തന്നെ. അങ്ങനെ വീണ്ടും കോട്ടേജ് വരാന്തയിലെത്തി. സമയം രാത്രി ഒമ്പത് മണിയായിക്കാണും. അവരുടെ നിർബന്ധം മൂലം ഒരു ഒഴിഞ്ഞ പ്ലേറ്റ് മുന്നിൽ വെച്ചു. ഒരു വലിയ പാത്രത്തിൽ മസാല പുരട്ടി ചുട്ട മാനിറച്ചി മുന്നിൽ വന്നു. നിവർത്തി വച്ച ടർക്കിഷ് റൊട്ടിയുടെ മേൽ നാലോ അഞ്ചോ കബാബ് നീണ്ടു നിവർന്നു കിടന്നു. വിരൽ കൊണ്ടെടുക്കുമ്പോഴേക്ക് പ്ലേറ്റിലേക്ക് തിരിച്ചു വീഴുന്നത്ര മൃദുവായ മാംസം. കുറച്ചേ കഴിച്ചുള്ളുവെങ്കിലും അത്രയും സ്വാദുള്ളതും മൃദുവായതുമായ കബാബ് എനിക്ക് അതിന് മുമ്പും പിമ്പും കിട്ടിയിട്ടില്ല.

തുടരും....

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com