ടര്‍ക്കിയിലെ ഫാക്ടറി സന്ദര്‍ശനവും അസാമാന്യ വിരുന്നും

ഞാന്‍ മയക്കമുണര്‍ന്നപ്പോഴേയ്ക്കും കാര്‍ ഫാക്ടറിയിലെത്തിയിരുന്നു.

ഗേറ്റിലെ കാവല്‍ക്കാരന്‍ കാറിനകത്തേക്ക് നോക്കി 'ഹിന്ദുസ്ഥാനി'യെക്കണ്ട് ഡബ്ള്‍ സല്യൂട്ടടിച്ചു. വാര്‍ത്ത അവിടെ നേരത്തെയെത്തിയെന്ന് അയാളുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ നിന്നും മനസിലായി!

പത്തേക്കറോളം വരുന്ന കോംപൗണ്ടിലാണ് ഫാക്ടറിയിരിക്കുന്നത് എന്ന് സിദാല്‍ പറഞ്ഞു. കൂടാതെ നിബന്ധനകളോടെ മണ്ണെടുക്കുന്ന സ്ഥലം ഏകദേശം അമ്പതേക്കര്‍ വരും. ഒമര്‍ , ഫാക്ടറി കെട്ടിടത്തിനടുത്തേക്ക് കാര്‍ കൊണ്ടുപോയി നിര്‍ത്തി. സിദാലിന്റെ അമ്മയും സഹോദരനും ഫാക്ടറി ജനറല്‍ മാനേജര്‍ എന്ന് പരിചയപ്പെടുത്തിയയാളും വന്ന് എന്നെ അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി.

വളരെ വലിയ ഒരു ഷെഡ്ഡില്‍ നിര്‍മാണത്തിന്റെ അസംസ്‌കൃത വസ്തുവായ ചുവന്ന ചെളിമണ്ണ് മല പോലെ കൂട്ടിയിട്ടിരിക്കുന്നു. ഫാക്ടറി മതില്‍ക്കെട്ടിനകത്ത് കയറിയപ്പോള്‍ത്തന്നെ തുറസായ സ്ഥലത്തും ഇതിനെക്കാളേറെ വലിയ മണ്ണ് മല കണ്ടതോര്‍ത്തു.
അവിടെ പുറത്ത് മഴയും മഞ്ഞും വെയിലും കൊണ്ട് കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും പാകപ്പെട്ട ശേഷമേ ചെളിമണ്ണ് അകത്തേക്കെടുക്കൂ എന്ന് ഫാക്ടറി മാനേജര്‍ പറഞ്ഞു. അങ്ങനെ പാകമായ മണ്ണ് ഉല്‍പാദനത്തിന് വേണ്ടി ജെ സി ബി കൊണ്ട് എടുത്തകത്തിട്ടതാണ് ഞാന്‍ ഇപ്പോള്‍ കണ്ട കുഞ്ഞുമല!

നമ്മുടെ നാട്ടിലേത് പോലെ ആര്‍ക്കും എവിടെ നിന്നും മണ്ണ് കുഴിച്ചെടുക്കാന്‍ ഇവിടെ പറ്റില്ല.കൃഷിയോഗ്യമല്ലാത്ത ഇടങ്ങള്‍ പ്രാദേശിക ഭരണ കൂടം വിജ്ഞാപനം ചെയ്ത് പല നിബന്ധനകളും പാലിച്ചേ മണ്ണെടുപ്പ് നടക്കൂ.കുഴിക്കാവുന്ന ആഴത്തിനും വിസ്തീര്‍ണ്ണത്തിനും നിയതമായ പരിധിയുണ്ട്. മണ്ണെടുത്ത വലിയ കുഴികളില്‍ മഴവെള്ളം നിറച്ച് ശുദ്ധീകരിച്ച് ഗ്രാമവാസികള്‍ക്ക് കുടി വെള്ളം ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം കൂടി കമ്പനിക്കുണ്ട്.
ഇതില്‍ നിന്ന് വ്യതിചലിച്ചാല്‍ കഠിന ശിക്ഷകള്‍ കാത്തിരിക്കുന്നത് കൊണ്ട് ആരുമതിന് മുതിരാറില്ല. അങ്ങനെ വ്യവസായങ്ങളെ പിന്തുണയ്ക്കുന്നതിനോടൊപ്പം സമീപ വാസികളുടെ കാര്യങ്ങളും പ്രാദേശിക ഭരണകൂടം നോക്കുന്നുവെന്നത് ആശ്വാസകരമായിരുന്നു.

അഞ്ചു നൂറ്റാണ്ട് മുമ്പ് ഒട്ടോമന്‍ ഭരണകാലത്ത് ടര്‍ക്കിയില്‍ ആയിരത്തഞ്ഞൂറോളം പൊതു ശുചി മുറികള്‍ ഉണ്ടായിരുന്നു എന്നത് ഇതിനോട് ചേര്‍ത്ത് വായിക്കണം!
എ.ഡി. ആയിരത്തഞ്ഞൂറുകളില്‍ ആണെന്നോര്‍ക്കണം ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ പോലും നമുക്ക് സ്വപ്നം മാത്രമായ കാര്യം ഇവര്‍ ജനങ്ങള്‍ക്കായി ചെയ്തത്. യാഥാസ്ഥിതികമെന്ന് നാം കരുതുന്ന ഒരു സാമൂഹ്യ വ്യവസ്ഥയില്‍ പോലും ആ രാജ്യത്തെ ജനതയെ ഭരണാധികാരികള്‍ ബഹുമാനിക്കുന്നതിങ്ങനെയൊക്കെയാണ്.

ഇതൊക്കെ കേട്ട് നമ്മുടെ നാട്ടിലെ പ്രാദേശിക ഭരണകൂടങ്ങളുടെ നിസ്സംഗതയെക്കുറിച്ചോര്‍ത്ത് ഞാന്‍ നിശബ്ദനായി. കൊച്ചിയുടെ പ്രാന്ത പ്രദേശങ്ങളിലെ ഇഷ്ടികക്കളങ്ങള്‍ വരുത്തി വെച്ച പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഓര്‍മ്മ വന്നു. ഭാരതമൊട്ടാകെ നടക്കുന്നത് ഇതൊക്കെത്തന്നെ വലിയ രൂപത്തിലാണല്ലോ? സഹസ്ര കോടികളുടെ മൈനിങ് വ്യവസായം ഭരണകൂടങ്ങളെ പാവകളാക്കുന്ന അവസ്ഥ!

ഫാക്ടറിക്കുള്ളില്‍ വളരെയേറെ നീളത്തിലുള്ള നിര്‍മ്മാണ യന്ത്ര സാമഗ്രികളാണുള്ളത്. പശയുള്ള ചെളിമണ്ണ് യന്ത്രസഹായത്താല്‍ ഉണക്കിപ്പൊടിച്ച് ടാല്‍ക്കം പൗഡര്‍ പോലെ മൃദുവാക്കിയെടുക്കുന്നു. പിന്നീട് ആവശ്യത്തിനുള്ള വെള്ളവും മറ്റു ചില കൂട്ടുകളും ചേര്‍ത്ത് പ്രത്യേക സാന്ദ്രതയുള്ള കട്ടകളാക്കി മാറ്റുന്നു. അതിനെ എക്‌സ്ട്രൂഡ് ചെയ്ത് ആവശ്യമുള്ള കനത്തില്‍ പാളികളാക്കി മുറിച്ചെടുക്കുന്നു. ശേഷം കിലനില്‍ വെച്ച് ആയിരത്തി ഇരുന്നൂറ് ഡിഗ്രിയില്‍ ചുട്ടെടുക്കുന്നു.

വളരെ ലളിതമായി പറഞ്ഞെങ്കിലും ഏറെ ശ്രദ്ധ ആവശ്യമുള്ള ഒരു നിര്‍മ്മാണമാണെന്ന് അവിടെ ചിലവഴിച്ച രണ്ട് മൂന്ന് മണിക്കൂറില്‍ മനസിലായി. ഈ ഉല്‍പ്പന്നം എത്രയോ ശതവര്‍ഷങ്ങള്‍ ചൂടും മഴയും മഞ്ഞും ചെറുത്ത് നില്‍ക്കേണ്ടതാണ്. ഹാരപ്പയിലും മോഹന്‍ജൊ ദാരോയിലും നിന്ന് അയ്യായിരത്തില്‍പ്പരം വര്‍ഷം പഴക്കമുള്ള ടെറാകോട്ട പ്രതിമകളും പാത്രങ്ങളും ഖനനം ചെയ്‌തെടുത്ത വാര്‍ത്ത നമ്മള്‍ വായിച്ചിട്ടുണ്ടല്ലോ?

ഉച്ചഭക്ഷണ സമയത്ത് ഏകദേശം ഇരുപത് പേര്‍, അതില്‍ സൂപ്പര്‍വൈസര്‍മാരും മാനേജര്‍മാരും ഉടമസ്ഥരും ഉണ്ട്. മോഡുലര്‍ ആയ നീളന്‍ മേശകള്‍ ചേര്‍ത്തിട്ട് ഏകദേശം ചതുരത്തിലുള്ള ഒരു തീന്‍മേശയുണ്ടാക്കി എന്നെ അതിന്റെ നടുവില്‍ വിശിഷ്ടാതിഥി എന്ന നിലയിലിരുത്തി.
വിശേഷ സന്ദര്‍ഭങ്ങളില്‍ മാത്രമാണത്രെ ഫാക്ടറിയില്‍ ഇങ്ങനെ ഒരേ പന്തിയില്‍ ഒരേ സമയം ഉത്തരവാദിത്തപ്പെട്ടവര്‍ ഒരുമിച്ചിരിക്കുക. ഉല്‍പ്പന്ന നിര്‍മ്മാണത്തിന്റെ ഒരു ഘട്ടം പൂര്‍ണ്ണമായും കമ്പ്യൂട്ടറില്‍ പ്രോഗ്രാം ചെയ്ത് കൊടുത്താല്‍ പിന്നെ യന്ത്രമനുഷ്യര്‍ ഏറ്റെടുക്കും.. അതാണ് ഉച്ചഭക്ഷണ സമയമായി അന്ന് ക്രമീകരിച്ചതെന്ന് മനസിലായി. അപ്പോള്‍ എല്ലാവരും സ്വതന്ത്രരാണ്. എന്തെങ്കിലും തകരാറ് കണ്ടാല്‍ മാത്രമേ ഇടപെടണ്ടതുള്ളൂ. എല്ലാവരും ഇരുന്നതോടെ ഗംഭീരമായ ഉച്ചവിരുന്ന് തുടങ്ങി. ഓരോ ഭക്ഷണ വിഭവത്തെയും കുറിച്ച് സിദാലിന്റെ അമ്മ അസ്‌റയാണ് വിശദീകരിച്ച് തന്നത്.

ആദ്യം വന്നത് കോര്‍ബ എന്ന സൂപ്പ് തന്നെ. നല്ല ചൂടുള്ള ,എരിവുള്ള ഒന്ന്. അത് ഇറങ്ങിപ്പോയ വഴിയൊക്കെ വ്യക്തമായിരുന്നു. രുചിയനുഭവിപ്പിക്കാന്‍ പറ്റിയ സാധനം തന്നെ.നാവിലെ രസമുകുളങ്ങളൊക്കെ പൊട്ടിത്തരിച്ചു....

'കോഫ്‌തേ 'എന്നു വിളിക്കുന്ന കൊഴുത്ത ചാറില്‍ മുങ്ങിക്കിടക്കുന്ന മീറ്റ് ബോള്‍സ് പുറകെ വന്നു. കൂടെ ഫ്രഷ് പീറ്റ (വട്ടത്തിലുള്ള പരന്ന ഗോതമ്പ് റൊട്ടി )യും സാലഡുമുണ്ട്. നല്ല വെന്ത ആട്ടിറച്ചിയാണ്. ഒന്ന് കടിക്കുമ്പോഴേക്ക് വായില്‍ അലിഞ്ഞ് പോയി!മൃദുവായ പീറ്റ റൊട്ടി ചാറില്‍ മുക്കി ക്കഴിക്കാന്‍ നല്ല സ്വാദാണ്. നമ്മുടെ പൊറോട്ടയെക്കാളും കേമന്‍.

ശിഷ് കെബാപ് എന്ന് വിളിക്കുന്ന ഷീക് കബാബ് ആട്ടിറച്ചി വിവിധ സുഗന്ധ വ്യഞ്ജനങ്ങള്‍ ചേര്‍ത്ത് അരച്ചെടുത്തതിനെ തിളങ്ങുന്ന സ്റ്റീലിന്റെ വാളില്‍ കോര്‍ത്തെടുത്ത് കല്‍ക്കരിക്കനലിന് മീതേ ഏറെ നേരം വെച്ച് ചുട്ടെടുക്കുന്ന ഒരു വിഭവമാണ്. ഇത് കണ്ട് പിടിച്ചത് ടര്‍ക്കിക്കാരാണെന്ന് അവര്‍ അവകാശപ്പെടുന്നു. എന്തായാലും അത് കനലിന് മുകളില്‍ ഇരുന്ന് വേകുമ്പോഴുള്ള സുഗന്ധം ഒന്ന് ആസ്വദിക്കേണ്ടതാണ്. തൊട്ടു മുന്നില്‍ത്തന്നെയാണ് അത് തയ്യാറാക്കിയത്. എരിവുള്ള മസാലകള്‍ കുറവാണ് ശരിക്കുള്ള രുചിയറിയാന്‍ നല്ലത് എന്ന് മനസ്സിലായി.

പിലാഫ് എന്നത് ടര്‍ക്കിയിലെ പുലാവ് തന്നെയെന്ന് തോന്നി.. വെണ്ണയില്‍ വഴറ്റിയെടുത്ത തവിട്ട് നിറമാര്‍ന്ന ചോറിനെ ഒരു ചിരട്ടപ്പുട്ടിന്റെ ആകൃതിയില്‍ ഒരു പ്ലേറ്റില്‍ വെച്ചിട്ട്, വഴുതിനയും കടലയും ഇറച്ചിയും മസാലക്കൂട്ട് ചേര്‍ത്ത് വേവിച്ചത് അതിന് മുകളില്‍ കിരീടം പോലെ വയ്ക്കുന്നു. നുറുക്കിയ ബദാം മുകളില്‍ വിതറിയിട്ടുണ്ട്. ഒരു സ്പൂണ്‍ കൊണ്ട് എല്ലാം കുറേശ്ശേ കൂട്ടിക്കലര്‍ത്തിക്കഴിച്ചപ്പോള്‍ ചോറിന്റെ ഒരു വ്യത്യസ്ത രുചിയും കിട്ടി. പിന്നെയും എഴുതിയാല്‍ തീരാത്തത്ര വിഭവങ്ങള്‍! അവസാനം കനാഫേ എന്ന മധുര പലഹാരം.

നേര്‍ത്ത റവസേമിയ പഞ്ചസാര ലായനിയില്‍ കുതിര്‍ത്തിയ, ഒന്നാന്തരം ചീസും പല തരം ഉണക്കപ്പഴങ്ങളും പിസ്തയുമൊക്കെ കലര്‍ന്ന ഒരു സൊയമ്പന്‍ സാധനം. മൊരിഞ്ഞ മുകള്‍ഭാഗവും അല്‍പ്പം കുഴഞ്ഞ ഉള്‍ഭാഗവും. കഴിക്കുമ്പോഴുള്ള അനുഭൂതി ഒന്ന് വേറെ തന്നെ!

ഇതിനിടെ ടര്‍ക്കിഷ് കാപ്പിയും ചായയും ഒഴുകിക്കൊണ്ടിരുന്നു. ഫാക്റ്ററിയില്‍ ആയതു കൊണ്ടാണ് ബിയറോ വൈനോ വിളമ്പാത്തത് എന്ന് സിദാല്‍ പറഞ്ഞു.

എന്തായാലും വിരുന്ന് കഴിഞ്ഞതോടെ ക്ഷീണം തോന്നി. യാത്രയുടെ ഇടയില്‍ ഭക്ഷണം കൂടിയാലുള്ള പ്രശ്‌നമാണ്. എന്തായാലും സിദാലിനോട് പറഞ്ഞ് സന്ദര്‍ശക മുറിയില്‍ അര മണിക്കൂര്‍ 'സിയസ്റ്റ ' എടുത്ത് ശരീരത്തെ റീച്ചാര്‍ജ് ചെയ്തു. ഇനി എന്തിനും തയ്യാര്‍ എന്ന് പറഞ്ഞു. അടുത്ത പരിപാടി ഒമറും സിദാലും തയ്യാറാക്കിയിരുന്നു. ഞാന്‍ അവരുടെ 'വിശിഷ്ട' അതിഥിയാണല്ലോ!

തുടരും...


Abhay Kumar
Abhay Kumar  

ട്രയം മാര്‍ക്കറ്റിംഗ് ആന്‍ഡ് കണ്‍സള്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്ററാണ് പി കെ അഭയ് കുമാര്‍. ഇ മെയ്ല്‍: abhay@triumindia.in

Related Articles

Next Story

Videos

Share it