ഇസ്താബുളിലെ എൻ്റെ അവസാന പ്രഭാതം ഉറക്കമുണർന്നത് കനത്ത മഴയിലേക്കാണ്. അന്ന് നഗരപ്രദക്ഷിണമായിരുന്നു പ്രധാന പരിപാടി. ഇതുവരെ കഴിക്കാത്ത തനത് ഭക്ഷണവിഭവമെന്തെങ്കിലുമുണ്ടെങ്കിൽ അതും ആതിഥേയൻ വാഗ്ദാനം ചെയ്തിരുന്നു. എൻ്റെ യാത്രകളിൽ മലേഷ്യ കഴിഞ്ഞാൽ ഭക്ഷണത്തിൻ്റെ വൈവിധ്യവും സ്വാദും ഏറെ അനുഭവിച്ചത് ടർക്കിയിലാണ്. മഴ എല്ലാം തകർക്കുന്ന ലക്ഷണമുണ്ട്. എന്നാലും ശുഭാപ്തി വിശ്വാസം കൈവിട്ടില്ല. 'സംഭവിക്കുന്നതെല്ലാം നല്ലതിന് ' എന്ന ആപ്ത വാക്യം മനസിലുരുവിട്ട് ഒരു ടർക്കിഷ് ചായ മൊത്തിക്കൊണ്ട് അര മണിക്കൂർ ഹോട്ടൽ മുറിയുടെ ബാൽക്കണിയിലിരുന്നു. എന്തൽഭുതം എന്നറിയില്ല മഴ നന്നെ കുറഞ്ഞു! ഞാൻ മേശമേൽ കിടന്ന സിറ്റി മാപ് വെറുതെയെടുത്ത് മറിച്ചപ്പോൾ 'ഇസ്താംബുളിൽ കാണാതെ പോകരുത് 'എന്ന ശീർഷകത്തിൽ ഞാൻ കഴിഞ്ഞ ദിവസങ്ങളിൽക്കണ്ട സുൽത്താൻ അഹമെറ്റ് ചത്വരവും,ബ്ലൂ മോസ്ക്കും ഹഗിയ സോഫിയയും ഗ്രാൻഡ് ബസാറുമുണ്ട്. അക്കൂട്ടത്തിലുള്ള 'ബോസ്ഫറസ് തീര നടത്തം' ചെയ്യാമെന്ന് ആലോചിച്ചു. പറ്റിയാൽ ബസലിക്ക സിസ് റ്റേൺ, ടോപ് കാപി കൊട്ടാര സന്ദർശനവും..
നഗരവുമായി സംവദിക്കാൻ തെരുവുകളിലൂടെ അലഞ്ഞുനടത്തവും വഴിയോരക്കാപ്പിക്കടകളിലെ സന്ദർശനവും എനിക്ക് നിർബന്ധമെന്നത് ആതിഥേയനറിയാം.
ഒന്നരക്കിലോമീറ്റർ നീളമുള്ള ബോസ്ഫറസ് പാലത്തിലൂടെ ഞാൻ താമസിച്ചിരുന്ന യൂറോപ്യൻ ഭാഗത്ത് നിന്ന് ഏഷ്യൻ ഭാഗത്തേക്ക് കയറുന്നതോർത്തപ്പോൾ ദേഹം കുളിരു കോരി! ലോകത്ത് മറ്റെവിടെയെങ്കിലും ഇത് പറ്റുമോ എന്നറിയില്ല.
എന്നിരുന്നാലും വാഹനത്തിലേ ഇപ്പോൾ പാലത്തിൽ പോവാൻ പറ്റൂ. പാലത്തിൽ നിന്ന് ജലാശയത്തിലേക്ക് ചാടി മരിക്കുന്നവരുടെ എണ്ണം കൂടിയതോടെ പാലത്തിൽ കാൽനട ഇപ്പോൾ നിരോധിച്ചിരിക്കുകയാണ്.
മുപ്പത്തിരണ്ട് കിലോമീറ്റർ നീളത്തിലുള്ള ബോസ്ഫറസ് കടലിടുക്ക് യൂറോപ്പിനെയും ഏഷ്യയെയും രണ്ടാക്കി നിർത്തുന്നു. മർമറെക്കടലിൻ്റെയും കരിങ്കടലിൻ്റെയും സംഗമ സ്ഥാനവുമാണത്. ഇസ്താംബുൾ വാസികളുടെ അഭിമാനവും യാത്രികരുടെ ആവേശവും.
രാവിലെ ഒമ്പതര മണിയായപ്പോൾ സിദാൽ ലോബിയിലെ ഫോണിൽ നിന്ന് മുറിയിലേക്ക് വിളിച്ച് താൻ വന്നുവെന്നറിയിച്ചു. അയാളുടെ സമർപ്പണ മനോഭാവമോർത്ത് ഞാൻ വിനീതനായി. അയാളെൻ്റെ ഗൈഡിനെപ്പോലെയോ സംരക്ഷകനായോ ഞാൻ വന്ന ദിവസം മുതൽ കൂടെയുണ്ട്. ഇത്രയൊന്നും ചെയ്തില്ലെങ്കിലും ഞങ്ങളുടെ വ്യാപാര ബന്ധത്തിന് കോട്ടമൊന്നുണ്ടാവാനിടയില്ല. എന്നിട്ടും അയാൾ എനിക്ക് വേണ്ടി ഏറെ സമയവും പണവും ചിലവഴിക്കുന്നു. താഴെയെത്തിയപ്പോൾ സിദാൽ താഴെ ലോബിയിലും ഒമർ വണ്ടിയുമായി പോർച്ചിലും തയ്യാർ. കാർ നേരെ പോയ ബോസ്ഫറസിനോട് ചേർന്ന നാല് നിരയുള്ള റോഡിൽ വാഹന ഗതാഗതം രാവിലെ കുറവാണ്. അതിനോട് ചേർന്ന് കമ്പിവേലി കെട്ടിത്തിരിച്ചിരിക്കുന്ന ഭാഗത്ത് നല്ല വീതിയുള്ള നടപ്പാതയിൽ ജനം ഇരുവശത്തേക്കും നടക്കുന്നുണ്ട്. നല്ല വീതിയുള്ള ഒരു സൈക്കിൾ പാത നീല നിറത്തിൽ അതിനോട് ചേർന്നുണ്ട്. ഒരു ഗംഭീര പ്രൊമനേഡ് (ജലശയത്തോട് ചേർന്ന പാത )എന്ന് പറയാം.
ഞങ്ങൾ ആദ്യം കണ്ട ഒരു സൈക്കിൾ ഡോക്കിംഗ് സ്റ്റേഷൻ പിന്നിട്ട് മുന്നോട്ട് നടന്നു. കാണാൻ വ്യത്യസ്തയുള്ള പത്തോളം സൈക്കിളുകൾ സ്ലോട്ടിൽ കയറ്റി ലോക്ക് ചെയ്തിരിക്കുന്നു. ചിലരൊക്കെ വന്നെടുത്ത് ചവിട്ടി പോകുന്നുണ്ട്. സൈക്കിൾ ട്രാക്കിൻ്റെ ആരംഭത്തിൽ നിന്നെടുത്തുപയോഗിച്ച് മറ്റേ അറ്റത്ത് വെച്ചിട്ട് പോകാൻ ഇത് പോലെ തന്നെ സംവിധാനമുണ്ടെന്ന് സിദാൽ പറഞ്ഞു.
റോഡരികിലെ കാണാനഴകുള്ള ചില ബൂത്തുകൾ അടഞ്ഞുകിടക്കുന്നു. ടർക്കിഷിലായത് കൊണ്ട് എഴുതി വച്ച ത് എന്താണെന്ന് മനസ്സിലായില്ല. ഭക്ഷണശാലകളാകാനാണ് വഴി. തുറക്കുന്നത് ഉച്ചഭക്ഷണ സമയത്താ കാം. നടപ്പാതയോട് ചേർന്ന് വെള്ളത്തിൽ ചെറുബോട്ടുകൾ കെട്ടിയിട്ടിട്ടുണ്ട്. വഴിയരികിലെ ബഞ്ചിൽ ഒരാളിരുന്ന് ചൂണ്ടയിടുന്നത് കണ്ടു. പാതയുടെ ഇടത് വശത്തെ വെളുത്ത ഭംഗിയുള്ള മൂന്ന് നില കെട്ടിടത്തിന് താഴെ 'സുർ ബാലിക് 'എന്ന് ഇംഗ്ലീഷ് ലിപികളിൽ എഴുതിയിരിക്കുന്നത് കണ്ടു. നഗരത്തിലെപ്രശസ്തമായ ഒരു ഭോജന ശാലയാണെന്ന് സിദാൽ പറഞ്ഞു.
എതിരെ വരുന്നവരിൽ ചിലർ ജോഗ് ചെയ്യുന്നു. പട്ടിയെയും കൊണ്ട് നടക്കാനിറങ്ങിയവരും ചൂണ്ടയിടുന്നവരും നടപ്പാത നിറയെയുണ്ട്. മറുഭാഗത്തെ ഏഷ്യൻ കര അങ്ങ് ദൂരെയായിക്കാണാം. വെള്ളത്തിൽ ഉയർന്നു നിൽക്കുന്ന ചിറകോടെ നീന്തുന്ന ഒരു സ്റാവിനെ അൽപ ദൂരത്ത് കണ്ട് ചിലരൊക്കെ നോക്കുന്നുണ്ട്. ഞങ്ങളും അത് മറയുന്നത് വരെ നോക്കി നിന്നു.
മുന്നോട്ട് നടക്കുന്തോറും ചൂണ്ടക്കാരുടെ എണ്ണം കൂടി വന്നു.എല്ലാ പ്രായക്കാരുമുണ്ട്. മീനെക്കിട്ടിയാൽ ഇട്ടു കൊണ്ട് പോകാവുന്ന ബക്കറ്റ് നടപ്പാതയുടെ വശങ്ങളിലുണ്ട്. ചൂണ്ടക്കാരുടെതാവണം.രണ്ട് മൂന്ന് സ്കൂട്ടർ സീറ്റുകൾ തുറന്നു വച്ച് കിട്ടിയ മീനുകൾ അതിലിട്ട് വെക്കുന്നവരുമുണ്ട്. നടക്കുമ്പോൾ ശക്തമായ കാറ്റുണ്ട്.. വെള്ളത്തിൻ്റെ ഒഴുക്ക് കൂടി വരുന്നത് പോലെ തോന്നി. ഒരു ചൂണ്ടക്കാരൻ ആഞ്ഞെറിഞ്ഞ ചൂണ്ടിക്കൊളുത്ത് അബദ്ധത്തിൽ കാറ്റിൻ്റെ ശക്തിയിൽ സിദാലിൻ്റെ വസ്ത്രത്തിൽ വന്ന് കുരുങ്ങി. അയാൾ ക്ഷമ പറഞ്ഞ് ഓടി വന്ന് ഊരിക്കൊണ്ടു പോയി.കണ്ണിൽ ക്കൊള്ളാതിരുന്നത് ഭാഗ്യമായെന്ന് സിദാൽ പറഞ്ഞാശ്വസിച്ചു. നടക്കുന്നതിൻ്റെ തൊട്ടടുത്ത് വെള്ളത്തിൽ ഒരു യാട്ട്(Yacht) കണ്ടു. ടർക്കിയിലെ കോടീശ്വരന്മാരുടെ പുതിയ ആവേശമതാണെന്ന് സിദാൽ പറഞ്ഞു. ഉള്ളിൽ ആഡംബരത്തിൻ്റെ അങ്ങേയറ്റമായ ഇവയ്ക്ക് ദശലക്ഷക്കണക്കിന് ഡോളർ വില വരും ജലാശയത്തിൽ അൽപം ദൂരെയായി വേറെ യാട്ടുകൾ ഓടുന്നുണ്ട്. ചിലതൊക്കെ എത്ര ദൂരം കടലിൽ യാത്ര ചെയ്യാനും സാധ്യമായ ആധുനിക നൗകകളാണ്.ഇരിപ്പു മുറിയും കിടപ്പുമുറിയും ശുചി മുറിയും ഉള്ളവ. അൽപ്പ ദൂരം നടന്നതോടെ യാട്ടുകളുടെയും ബോട്ടുകളുടെയും എണ്ണം കൂടി വന്നു. ജലാശയത്തിനഭിമുഖമായിട്ടിരിക്കുന്ന ഇട വിട്ട് ഇട്ടിരിക്കുന്ന നൂറ് കണക്കിന് പാർക്ക് ബെഞ്ചുകൾ പിന്നിട്ട് ഞങ്ങൾ വീണ്ടും നടന്നു. റോഡിൻ്റെ മറുഭാഗത്ത് മനോഹരമായ കെട്ടിടങ്ങളും മരങ്ങളും കാണാൻ തുടങ്ങി. അനേകം യുവാക്കളും യുവതികളും കുട്ടികളും വൃദ്ധരും കമിതാക്കളും ഞങ്ങൾക്ക് എതിരെ നടന്നു വന്ന് കടന്ന് പോയി. വളരെ നീളമുള്ള ഒരു ആധുനിക ബസ് വന്ന് സ്റ്റോപ്പിൽ നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നു. പതിയെ ഇരു വശത്തും വലിയ കെട്ടിടങ്ങളും മതിൽക്കെട്ടും മരങ്ങളും കാണാൻ തുടങ്ങി. ജലാശയം മിഴികൾക്ക് ഗോചരമല്ലാതായി. തെരുവിൽ വാഹനങ്ങളുടെ എണ്ണം കൂടി വന്നു. നടപ്പാതയുടെ വീതി ഇരട്ടിയായി. ഇല കൊഴിച്ച് നിൽക്കുന്ന കോണിഫറസ് വൃക്ഷങ്ങൾ നീലാകാശത്തിൻ്റെ പശ്ചാത്തലത്തിൽ ഒരു പെയിൻ്റിംഗ് പോലെ കാണപ്പെട്ടു.
അതിനോട് ചേർന്ന് ഒരു വലിയ മതിൽക്കെട്ടും ഗ്രില്ലും ചേർന്നുണ്ടാക്കിയ കോട്ട പോലെയൊരു നിർമ്മിതി കണ്ടു.അത് ഈജിപ്റ്റിൻ്റെ നയതന്ത്രാലയമാണെന്ന് പുറത്ത് കണ്ട ബോർഡിൽ നിന്ന് ഞങ്ങൾക്ക് മനസിലായി. തണുപ്പുണ്ടെങ്കിലും നേരിയ വെയിലുള്ള കാലാവസ്ഥ ആസ്വദിക്കാൻ വരുന്നവർ നടത്തവും ഓട്ടവും സൈക്ലിങ്ങും ചൂണ്ട യിടലും ഒക്കെയായി സന്തോഷിക്കുന്ന കാഴ്ച കണ്ടു. കുറേപ്പേർ കഫേകളിലും സമുദ്ര വിഭവങ്ങൾ വിളമ്പുന്ന ഭോജന ശാലകളിലും നിറഞ്ഞിരിക്കുന്നു. ഞങ്ങൾ ഒരു മണിക്കൂറോളം നടന്നെത്തിയ ഇടത്തിൻ്റെ പേര് ബെ ബെക്ക് പാർക്ക് എന്നാണ്. നഗരത്തിലെ ഒരു ആഡംബര പാർപ്പിട കേന്ദ്രവുമാണത്. ഏറ്റവും ആധുനികമായ കാറുകളുടെ നിര റോഡരികിൽ നിരന്നു കിടക്കുന്നു. വലിയ മതിൽക്കെട്ടുകളുടെ ഉള്ളിൽ വൃക്ഷങ്ങൾ നിറഞ്ഞ വീടുകൾ നഗര ഭാഗത്തിൻ്റെ പ്രൗഢി വിളിച്ചറിയിക്കുന്നതായിരുന്നു. സമയം പകൽ പതിനൊന്നായായിക്കാണും. പ്രാതൽ കഴിക്കാത്തത് കൊണ്ട് വിശപ്പ് തോന്നിയ ഞങ്ങൾ ബ്രഞ്ച് (Brunch) കഴിക്കാമെന്ന് തീരുമാനിച്ചു.
തുടരും..