ടര്‍ക്കിയിലെത്തിയ വിദൂര ഗ്രഹ ജീവി!
കാറിലിരുന്ന് സിദാല്‍ ശുദ്ധമായ ഇംഗ്ലീഷില്‍ സംസാരിച്ചു കൊണ്ടിരുന്നു. അയാളുടെ കൂട്ടുകാരന്‍ ഒമറിന് പ്രാദേശിക ഭാഷയല്ലാതെ മറ്റൊന്നുമറിയില്ല. അതിനാല്‍ ഞങ്ങള്‍ തമ്മില്‍ കാര്യമായി സംവദിക്കാന്‍ കഴിഞ്ഞില്ല. അവര്‍ തമ്മില്‍ എന്തൊക്കെയോ ടര്‍ക്കിഷില്‍ പറഞ്ഞു. എന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട കാര്യമാണെന്ന് തോന്നി. എന്റെ അടുത്ത കുറച്ചു ദിവസങ്ങള്‍ അവരുടെ കയ്യിലാണല്ലോ?
സിദാല്‍ എന്നോട് ആദ്യം പറഞ്ഞത് റിപ്പബ്ലിക്ക് ഓഫ് ടര്‍ക്കി പണ്ട് കാലത്ത് ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു എന്നും ഒന്നാം ലോകമഹായുദ്ധത്തിന്റെ പരിണിത ഫലമായി 1923 ല്‍ സ്വതന്ത്ര രാജ്യമായതുമാണ്. മുസ്തഫ കെമാല്‍ അത്താത്തുര്‍ക്ക് ആദ്യ പ്രസിഡന്റുമായി. ഇസ്താംബുള്‍ വിമാനത്താവളത്തിന് അദ്ദേഹത്തിന്റെ പേരാണല്ലോ കൊടുത്തിരിക്കുന്നത്.
സിദാലിന് തുര്‍ക്കിയുടെ ചരിത്രം നന്നായറിയാമെന്ന് അയാളുടെ വര്‍ത്തമാനത്തില്‍ നിന്ന് മനസ്സിലായി.
മാത്രമല്ല, തുര്‍ക്കിയുടെ സമ്പന്നവും പ്രാചീനവുമായ ചരിത്രത്തിലയാള്‍ ഊറ്റം കൊള്ളുന്നുവെന്നെനിക്ക് തോന്നി. ചരിത്രം കേള്‍ക്കാന്‍ എനിക്ക് ഇഷ്ടമാണ് താനും. 'Fellow citizens,we cannot escape history' എന്ന് എബ്രഹാം ലിങ്കണ്‍ പറഞ്ഞതോര്‍മ്മ വന്നു.
കുട്ടിയായിരിക്കുമ്പോള്‍ കൗതുകത്തോടെ വായിച്ച ആയിരത്തൊന്ന് രാവുകളില്‍ പറയുന്ന കോണ്‍സ്റ്റാന്റിനോപ്ള്‍ തന്നെയാണ് ഇപ്പോഴത്തെ ഇസ്താംബുള്‍ എന്നത് എനിക്കറിയാമായിരുന്നു. ഓരോ രാവിലും തന്റെ ജീവന്‍ നീട്ടിക്കിട്ടാന്‍ അവസാനമില്ലാതെ കഥ പറയുന്ന ഷെഹ്‌റസാദിനെ ഞാന്‍ ഗൃഹാതുരത്വത്തോടെ സ്മരിച്ചു.
ജീവനിലുള്ള കൊതി എത്രയെത്ര മനോഹര കഥകള്‍ ലോകത്തിന് തന്നുവെന്ന വൈരുദ്ധ്യം!
സിദാല്‍ ചരിത്രം പറഞ്ഞു കൊണ്ടേയിരുന്നു. സാന്റാ ക്ലോസ് എന്ന് പുകഴ് പെറ്റ സെയ്ന്റ് നിക്കോളാസ് ടര്‍ക്കിയിലെ പട്ടാരയിലാണത്രേ ജനിച്ചത്!
ലോകത്തിലെ ആദ്യ ക്രിസ്റ്റ്യന്‍ പള്ളി ടര്‍ക്കിയിലെ അന്ത്യോക്യയിലാണെന്നും.
പ്രശസ്ത ഗ്രീക്ക് ചരിത്രകാരനായ ഹെറഡോട്ടസും പ്രസിദ്ധ കഥ പറച്ചിലുകാരന്‍ ഈസോപ്പും ടര്‍ക്കിയില്‍ വളര്‍ന്നവരാണെന്നും അയാള്‍ പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ഒര്‍ഫാന്‍ പാമുക്ക് എന്ന നോബല്‍ സമ്മാനിതനായ തുര്‍ക്കിയുടെ എഴുത്തുകാരനെ ഓര്‍ത്തു.
'എന്റെ പേരാണ് ചുവപ്പ്' ആദ്യം വായിച്ചതും ശേഷം മറ്റു പുസ്തകങ്ങള്‍ തേടിപ്പിടിച്ചതും മനസില്‍ വന്നു.
തന്റെ അനേകം പുസ്തകങ്ങളിലൂടെ ഇസ്താംബൂളിനെ പാമുക്ക് എന്നേ എന്റെ പരിചിത നഗരമാക്കിയിരുന്നു.
അദ്ദേഹത്തിന്റെ ഇസ്താംബുള്‍ ഓര്‍മ്മകളും നഗരവും വായിച്ചാല്‍ നമ്മള്‍ക്കവിടം സ്വന്തമാണെന്ന് തോന്നും. തന്റെ തുറന്ന അഭിപ്രായ പ്രകടനത്തിന് അദ്ദേഹത്തിന് വിലകൊടുക്കേണ്ടി വന്നിട്ടുണ്ട്.
''ഞാന്‍ പറയുന്നു, ഉച്ചത്തിലും തെളിച്ചത്തിലും, ഒരു ദശലക്ഷം അര്‍മീനിയക്കാര്‍ ടര്‍ക്കിയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്'' എന്ന് പറഞ്ഞതിന് പാമുക് വിചാരണ ചെയ്യപ്പെട്ടെങ്കിലും കോടതി ശിക്ഷ വിധിച്ചില്ല! പക്ഷെ കുറേയേറെ തുര്‍ക്കികള്‍ക്ക് ഈ പച്ച മനുഷ്യന്‍ ഒരു വില്ലനായിത്തീര്‍ന്നു!
പാമുക്കിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം തുര്‍ക്കി ഭരണകൂടത്തിന് അത്രയൊന്നും അഭിമതനല്ല എന്ന് സിദാല്‍ പറഞ്ഞു. കാരണം മിക്ക രാജ്യങ്ങളിലെയും ഭരണകൂടത്തിനിഷ്ടമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളവര്‍ക്ക് സംഭവിക്കുന്നത് പോലെ തന്നെ.
പറഞ്ഞ് തീരുമ്പോഴേക്ക് ഞങ്ങള്‍ ഷോറൂമിനടുത്തെത്തിയിരുന്നു. കാര്‍ നിര്‍ത്തി മൂന്ന് പേരും അകത്തേക്ക് കയറി. നന്നായി അകത്തള സംവിധാനം ചെയ്തിരിക്കുന്ന വലിയ ഷോറൂമില്‍ എല്ലാ ഉല്‍പ്പന്നങ്ങളും ഭംഗിയായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. തറയും ചുമരുകളും കെട്ടിടത്തിന്റെ പുറം ഭാഗവുമെല്ലാം പതിച്ചിരിക്കുന്നത് അവര്‍ നിര്‍മ്മിക്കുന്ന ടെറാകോട്ട ടൈലുകള്‍ കൊണ്ടാണ്.
അല്‍പ്പനേരം അവിടെ ചെലവഴിച്ച ശേഷം സിദാല്‍ എന്നെ വശത്തുള്ള മര ഗോവണി വഴി മുകളിലെ നിലയിലേക്ക് കൂട്ടിക്കൊണ്ട് പോയി. അവിടെ വിശാലമായ കാബിനില്‍ പ്രൗഢയായ ആധുനിക വസ്ത്രങ്ങള്‍ ധരിച്ച ഒരു സ്ത്രീയിരിക്കുന്നു. അടുത്ത് തന്നെ മുടി അല്‍പ്പം നീട്ടിയ സുന്ദരനായ ചെറുപ്പക്കാരന്‍ ഇരിപ്പുണ്ട്.
എന്നെക്കണ്ടതും സ്ത്രീ ഹൃദ്യമായി ചിരിച്ചു കൊണ്ട് എഴുന്നേറ്റ് ഊഷ്മളമായി ഹസ്തദാനം ചെയ്തു. പുറകെ ചെറുപ്പക്കാരനും. തന്റെ അമ്മയും സഹോദരനുമാണെന്ന് സിദാല്‍ പരിചയപ്പെടുത്തി. രണ്ട് പേരും ഇംഗ്ലീഷ് സംസാരിക്കുന്നുണ്ട്. സംസാര വേഗം കുറവാണെന്ന് മാത്രം.
താന്‍ ആദ്യമായാണ് ഹിന്ദുസ്ഥാനില്‍ നിന്ന് വന്ന ഒരാളെ കാണുന്നതെന്ന് അവര്‍ വലിയ സന്തോഷത്തോടെ പറഞ്ഞു. ഓഫീസില്‍ ജോലി ചെയ്യുന്നവരെയൊക്കെ വിളിച്ച് എന്നെ പരിചയപ്പെടുത്തി. ഏതോ വിദൂര ഗ്രഹത്തില്‍ നിന്ന് വന്നയാളെക്കാണുന്നത് പോലെ എല്ലാവരും തെല്ലല്‍ഭുതത്തോടെ എന്റെ ചുറ്റും വന്ന് നിന്നു. ഇന്ത്യക്കാരനെ ആദ്യമായി ഓഫീസില്‍ക്കണ്ട സന്തോഷത്തിലാണവരെല്ലാമെന്ന് സിദാല്‍ പറഞ്ഞു.
കുഞ്ഞ് കപ്പുകളില്‍ ടര്‍ക്കിഷ് കാപ്പിയും ചുരുട്ടിന്റെ ആകൃതിയിലുള്ള ഒരു പലഹാരവും പിന്നെ എനിക്കറിയാവുന്ന മധുര പലഹാരം ബക്ലാവയും മേശയില്‍ നിരന്നു. കാപ്പി കുടിച്ചു കൊണ്ട് സംസാരിക്കാമെന്ന് സിദാല്‍ പറഞ്ഞു. ടര്‍ക്കിഷ് കാപ്പിയെന്നത് മധുരമിടാത്ത കുറുകിയ ഒരു കാപ്പിക്കഷായം എന്ന് പറയുകയാകും ശരി. ഞാനിത് ദുബായില്‍ ടര്‍ക്കിയുടെ പ്രദര്‍ശന ശാലകളില്‍ നേരത്തെ തന്നെ രുചിച്ചിട്ടുള്ളതിനാല്‍ കാര്യമറിയാം.
കയ്പ് കുറയ്ക്കാന്‍ ഞാന്‍ മധുരമുള്ള ബക്ലാവ എടുത്ത് കടിച്ചു. പണ്ട് നമ്മുടെ പഴമക്കാര്‍ അച്ചു വെല്ലം കടിച്ച് കൊണ്ട് കട്ടന്‍ കാപ്പി കുടിക്കുന്ന പോലെയെന്ന് പറയാം. ഇടക്ക് ചുരുട്ട് പലഹാരം കഴിച്ചു നോക്കി. ഉള്ളില്‍ രുചികരമായ ചീസ് പാസ്ലി മിശ്രിതം നിറച്ചിരിക്കുന്നുവെന്ന് സിദാല്‍ പറഞ്ഞു. സിഗാര എന്ന് പലഹാരത്തിന് പേര്. ബക്ലാവയുടെയും സിഗാരയുടെയും രുചിയില്‍ കാപ്പിയുടെ കയ്പ് അലിഞ്ഞു പോയി. ആതിഥേയത്വവും ആഹാരവും ആസ്വാദ്യകരമായിരുന്നു.
ടര്‍ക്കിഷ് രുചികള്‍ അവിടെ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ എന്ന് അടുത്ത ദിവസങ്ങളില്‍ മനസിലായി. കാപ്പികുടിയുടെയിടയില്‍ കുറച്ച് കച്ചവടക്കാര്യങ്ങളും അവര്‍ സംസാരിച്ചു. അടുത്ത ദിവസം ഫാക്ടറിയില്‍ പോകണമെന്നതിനാല്‍ ഇന്ന് കുറച്ചു സമയം എന്നെ നഗരം കാണിക്കാമെന്ന് സിദാല്‍ പറഞ്ഞു.
എനിക്ക് ഗ്രാന്റ് ബസാര്‍ കണ്ടാല്‍ക്കൊള്ളാമെന്ന് ഞാനും. ബാക്കിയൊക്കെ സമയമുണ്ടെങ്കില്‍ മാത്രം. ട്രാവല്‍ ആന്റ് ലിവിങ് ചാനലില്‍ ബോബി ചിന്‍ എന്ന ഷെഫ് ബസാറില്‍ കൂടിയുള്ള നീണ്ട നടത്തം കാണിച്ചത് മുതല്‍ കാണണമെന്നാഗ്രഹിച്ച സ്ഥലം.
ലോകത്തില്‍ വെച്ച് തന്നെ ഏറ്റവും വലിയ ചന്തകളിലൊന്നാണിത്. മൂന്നര ലക്ഷം ചതുരശ്ര അടിയില്‍ നാലായിരത്തോളം കടകളുണ്ടെന്നാണ് കണക്ക്. ദിവസവും മൂന്നോ നാലോ ലക്ഷം പേര്‍ സന്ദര്‍ശിക്കുന്നയിടം. ലോകമൊട്ടാകെയെടുത്താല്‍ ആ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിച്ച ടൂറിസ്റ്റ് കേന്ദ്രമാണ് ഈ 'മഹത്തായ ചന്ത' എന്ന വാര്‍ത്ത അടുത്ത ദിവസം വായിച്ചെന്ന് സിദാല്‍ പറഞ്ഞു. ഒറ്റ വര്‍ഷം ഒമ്പത് കോടിയില്‍പ്പരം ജനങ്ങള്‍ ഒരു ചന്ത സന്ദര്‍ശിച്ചുവെന്ന്!
ഇസ്താംബൂള്‍ എന്ന അത്ഭുത നഗരി എന്നെ കാത്തിരിക്കുകയായിരുന്നു.
തുടരും ...